അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പുഫലം ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ക്ക് ഇടവെക്കുന്നതാണ്. രാഷ്ട്രീയ കണക്കുകൂട്ടലുകളും വിശകലനങ്ങളുമായി ഒന്നൊന്നര മാസം കാത്തിരുന്നവരുടെ മുമ്പിലേക്ക് യാഥാര്‍ഥ്യത്തിന്റെ മുഖം എത്തിയപ്പോള്‍ പല രാഷ്ട്രീയകക്ഷികള്‍ക്കും അത്ര നല്ല മുന്നേറ്റത്തിന്റെ ഫലം കിട്ടിയിട്ടില്ല. വിചാരിച്ചരീതിയില്‍ മുന്നോട്ടു പോകാനാവാത്തതിന് കാരണങ്ങള്‍ പലതാവാം. ഇനിയുള്ള ദിവസങ്ങളില്‍ ന്യായീകരണത്തിന്റെയും അവകാശവാദത്തിന്റെയും മലവെള്ളപ്പാച്ചില്‍ തന്നെയാവും ഉണ്ടാവുക എന്ന കാര്യത്തില്‍ സംശയമൊട്ടില്ലതാനും. കേന്ദ്രത്തിലെ ഭരണകക്ഷിക്ക് നെഞ്ചിടിപ്പുണ്ടാക്കുന്ന ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും നിഷ്പ്പക്ഷമതികളും ചൂണ്ടിക്കാട്ടുന്നത്. നാല് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണകക്ഷിയാവുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍.ഉത്തര്‍പ്രദേശില്‍ രണ്ടാംസ്ഥാനത്തു വരുമെന്നും അവകാശപ്പെട്ടു. ഉത്തര്‍പ്രദേശ് പിടിക്കാന്‍ കോണ്‍ഗ്രസ് ഒന്നൊന്നരവര്‍ഷം മുമ്പുതന്നെ പ്രത്യേകപദ്ധതിയും പരിപാടിയുമായി മുന്നോട്ടു വന്നതാണ്. കൃത്യമായ കണക്കും കരുതലുമായി മുമ്പോട്ടുപോയ കോണ്‍ഗ്രസ്സിനെ ആവേശഭരിതമാക്കുന്നതരത്തിലായിരുന്നു കാര്യങ്ങള്‍.
കോണ്‍ഗ്രസ്സിന്റെ തറവാട്ട്സ്വത്തെന്ന നിലയിലാണ് യുപിയെ അവര്‍ കണ്ടത്. ഒരു കുടുംബം മൊത്തം തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങുകയെന്ന അപൂര്‍വ ചരിത്രവും അവിടെ ഉണ്ടായി. രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോയും നാടിളക്കിയുള്ള യാത്രയും പാവങ്ങളുടെ സ്ഥിതിയറിയാന്‍ അവര്‍ക്കൊപ്പം ഉണ്ടുറങ്ങുകയെന്ന ചെപ്പടിവിദ്യയും നടത്തി. വല്ലാത്തൊരു ആത്മവിശ്വാസം പടര്‍ന്നുകേറിയതിന്റെ ബലത്തില്‍ ഒരു വേള യുപി തങ്ങള്‍തന്നെ ഭരിക്കുമെന്ന വീരവാദവുംമുഴക്കി.അത് അത്രയ്ക്കങ്ങ് ഏശില്ലെന്ന വസ്തുത ബോധ്യമായപ്പോള്‍ കോണ്‍ഗ്രസ്സില്ലാതെ ആര്‍ക്കും ആ സംസ്ഥാനം ഭരിക്കാനാവില്ല എന്ന നിലപാടെടുത്തു. ഏതായാലും രാജ്യം ഭരിക്കുന്ന കക്ഷിക്ക് യുപിയില്‍ നാലംസ്ഥാനത്തു നില്‍ക്കാനുളള അവകാശമേയുള്ളൂവെന്ന് ജനങ്ങള്‍ വിധിയെഴുതി. ഇനി വീണത് വിദ്യയാക്കുന്ന തരത്തിലേക്ക് പോവുകയേ അവര്‍ക്ക് ഗതിയുള്ളൂ.അതുകൊണ്ടാണ് പല കോണ്‍ഗ്രസ് നേതാക്കന്മാരും തങ്ങള്‍ക്ക് 2007 ലേതിനേക്കാള്‍ സീറ്റുകള്‍ കൂടിയിട്ടുണ്ടെന്ന് പറയുന്നത്. ഇനി ശതമാനക്കണക്കിലുള്ള ഉയര്‍ച്ചയും സീറ്റ് വര്‍ധനയും മറ്റുമൊക്കെയേ കോണ്‍ഗ്രസ്സിന് കച്ചിത്തുരുമ്പുള്ളൂ. ഭാവിപ്രധാനമന്ത്രിയായി ഉയര്‍ത്തിക്കൊണ്ടുവന്ന രാഹുല്‍ ഗാന്ധിക്ക് പറ്റിയ കളിത്തൊട്ടില്‍ ഉത്തര്‍പ്രദേശ് ആണെന്ന് കണക്കുകൂട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് വഴിവിട്ടുപോലും പല കാര്യങ്ങളും ചെയ്തത്.
അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് ആശ്വസിക്കാനാവുന്നത് മണിപ്പൂര്‍ മാത്രമാണ്. അസ്വസ്ഥതയും അരാജകത്വവും വിഘടനവാദവും തുടങ്ങി എല്ലാവിധ അക്രമസ്വഭാവങ്ങളും ആര്‍ത്തിരമ്പുന്ന സംസ്ഥാനമാണ് ഉത്തരകിഴക്കന്‍ പ്രദേശമായ മണിപ്പൂര്‍. പ്രാദേശികകക്ഷികളുടെ ഏകോപനം നടക്കാത്തതു കൊണ്ടും ജനദ്രോഹനയങ്ങളും നിലപാടുകളും ജനങ്ങളിലെത്തിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് കഴിയാത്തതുകൊണ്ടുമാണ് മണിപ്പൂര്‍ കോണ്‍ഗ്രസ്സിന് കിട്ടാന്‍ കാരണം.എന്തുതന്നെയായാലും തെരഞ്ഞെടുപ്പു ഫലം ഭരണകക്ഷിയുടെ നെഞ്ചിടിപ്പു വര്‍ധിപ്പിക്കുന്നതാണ്.എല്ലാ കണക്കുകൂട്ടലും പാളിപ്പോവുന്നു എന്നതുമാത്രമല്ല, ഒരു ദേശീയ കക്ഷി എത്രമാത്രം ജനങ്ങളില്‍ നിന്ന് അകന്നുപോവുന്നു എന്നതുകൂടി അറിയാന്‍ ഈ ഫലം വഴിവെക്കുന്നു.അതേസമയം ദേശീയ പ്രതിപക്ഷകക്ഷിയായ ബിജെപിക്ക് അത്മവിശ്വാസമുണ്ടാക്കുന്ന ഫലം തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും അവിടെ പാര്‍ട്ടിക്ക് വലിയ ബുദ്ധിമുട്ടില്ലാതെ ഭരണം നടത്താന്‍ കഴിയുന്ന സ്ഥിതിവിശേഷമാണ്. പഞ്ചാബ് ബിജെപി സംഖ്യം നിലനിര്‍ത്തിയിരിക്കുന്നു.യുപിയിലും അത്രവലിയ ക്ഷതമില്ല. ഗോവയില്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ ജനദ്രോഹ നടപടികളെ ജനങ്ങള്‍ക്ക് തൊഴിച്ചെറിയാന്‍ സാധിച്ചത് ബിജെപിയുടെ നിതാന്തജാഗ്രതാപൂര്‍ണമായ രാഷ്ട്രീയ പ്രവര്ത്തനംകൊണ്ടാണെന്നത് നിസ്തര്‍ക്കമാണ്. അവകാശവാദങ്ങളെക്കാള്‍ അടിസ്ഥാനവസ്തുതകളുടെ പ്രചാരണത്തിലാണ് ബിജെപി മുഴുകിയത്; അത് ഫലം കാണുകയും ചെയ്തു.
ഉത്തര്‍പ്രദേശില്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ അതിപ്രസരം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്ന സത്യം കാണാതിരുന്നുകൂടാ. മായാവതിയില്‍ നിന്ന് മുലായത്തിലേക്കുള്ള ചാഞ്ചാട്ടം മൊത്തം യുപിയുടെ ഗുണമായി കരുതുന്നത് മൗഢ്യമാണ്. അഴിമതിയും സ്വജനപക്ഷപാതവും ഇരുനേതാക്കളുടെയും കൂടപ്പിറപ്പാണ്. അതില്‍നിന്ന് വിട്ടുമാറിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടുണ്ട്. യുപിയിലെ വിജയത്തിലൂടെ ഇരു നേതാക്കളും നോട്ടമിടുന്നത് ഇന്ദ്രപ്രസ്ഥമാണ്. പ്രധാനമന്ത്രിപദത്തിന് താനും യോഗ്യനാണ് എന്ന് മുലായംസിംഗ് കുറച്ചു മുമ്പ് പറഞ്ഞത് വെറുതെയല്ല. കോണ്‍ഗ്രസ്സിനും ബിജെപിക്കും ബദലായി ഒരു ശക്തിയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം മുലായത്തിന് പൊതുവെയുണ്ട്. മായാവതിയും ഇക്കാര്യത്തില്‍ ഒട്ടും മോശക്കാരിയല്ല. അധികാരഗര്വ്കൊണ്ട് എന്തും കാണിക്കാമെന്ന രാഷ്ട്രീയമാണ് ബിഎസ്പിയുടേത്. അതിന് ജനങ്ങളില്‍ നിന്ന് കണക്കിന് കിട്ടിയെങ്കിലും അതില്‍ നിന്ന് മാറാന്‍ അവര്‍ തയാറാകില്ല.
2014 ലെ ലോകസഭാതെരഞ്ഞെടുപ്പിന്റെ സാമ്പിള്‍ വെടിക്കെട്ടായാണ് അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിനെ പൊതുവെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ ജനദ്രോഹനയങ്ങളെ ജനങ്ങള്‍ പൂര്‍ണമായി നിരാകരിച്ചുവെന്ന് ഫലങ്ങളില്‍ നിന്ന് വ്യക്തമാണ്. അതോടൊപ്പം പ്രദേശികരാഷ്ട്രീയം കരുത്താര്‍ജിക്കുന്നു എന്ന യാഥാര്‍ത്ഥ്യവുമുണ്ട്. ദേശീയകക്ഷികള്‍ ഏറെ ശ്രദ്ധിക്കേണ്ട ഒരു വശമാണിത്. ഇന്ദ്രപ്രസ്ഥത്തിലെ അധികാര കേന്ദ്രത്തിന്റെ പരിധിയില്‍ എല്ലാവരും വരണമെന്ന ധാര്‍ഷ്ട്യം തങ്ങള്‍ക്കുതന്നെ ദോഷംചെയ്യുമെന്ന ബോധ്യത്തിലേക്ക് നേതൃത്വം ഉണരണം. ജനങ്ങളെ അവരുടെ ഇഷ്ടാനിഷ്ടങ്ങളും വികാരങ്ങളും നോക്കി മനസ്സിലാക്കാനുള്ള തിരിച്ചറിവ് ദേശീയരാഷ്ട്രീയത്തിനുണ്ടാവണം. പ്രാദേശിക രാഷ്ട്രീയത്തിന്റെ സങ്കുചിതതാല്പര്യങ്ങളില് ഒളിഞ്ഞുകിടക്കുന്ന അജണ്ട മനസ്സിലാക്കണം.അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള ആര്‍ജവം കാണിക്കുകയും വേണം. തങ്ങളെ നേതൃത്വം മനസ്സിലാക്കുന്ന അവസ്ഥയുണ്ടായാല്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ ജനങ്ങള്‍ തയാറാവും. ഇല്ലെങ്കില്‍ പ്രാദേശിക ക്ഷുദ്രതാല്പര്യങ്ങളുടെ കയറില്‍ സ്വയം കെട്ടിയിടപ്പെടുന്ന സ്ഥിതിവരും. അതില്ലാതാക്കാനുള്ള തിരിച്ചറിവായിതീരട്ടെ ഈ തെരഞ്ഞെടുപ്പു ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: