മത്സ്യത്തൊഴിലാളിമേഖലയും തീരദേശമേഖലയും പ്രക്ഷുബ്ധമാണ്. മത്സ്യത്തൊഴിലാളി മേഖലയോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കൊല്ലത്തും ഇടത് സംഘടനാ നേതൃത്വത്തില്‍ തിരുവനന്തപുരത്തും ധര്‍ണ നടത്തുകയുണ്ടായി. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ കടലില്‍ ഉറപ്പാക്കാന്‍ സംവിധാനങ്ങളില്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാനം സജ്ജമല്ലാത്തതിലും പ്രതിഷേധിച്ചായിരുന്നു ധര്‍ണ. ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചശേഷം പ്രതികളോട് സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നതിനോട് കടുത്ത പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം ആരോപിക്കുന്നത് ഇറ്റലി എന്ന് കേട്ടാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മുട്ടുവിറയ്ക്കുമെന്നാണ്. കസ്റ്റഡിയിലെടുത്ത കൊലയാളികളായ സൈനികര്‍ക്ക് ഇറ്റലിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി വിഐപി പരിഗണന നല്‍കുന്നതും കപ്പലില്‍നിന്നും പിടിച്ചെടുത്ത ആയുധങ്ങളുടെ പരിശോധന സംയുക്തമാക്കാന്‍ അനുമതി നല്കിയതും എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരിക്കുന്നു.
കടല്‍ക്കൊള്ളക്കാരുടെ അക്രമം ശക്തമായതിന്ശേഷം ഇന്ത്യന്‍ സമുദ്രത്തിലെ കപ്പല്‍ തീരദേശത്തോട് ചേര്‍ന്ന് സഞ്ചരിക്കുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണ്. പതിനായിരക്കണക്കിന് മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും മത്സ്യബന്ധനം നടത്തുന്ന ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്നുള്ള കപ്പല്‍ സഞ്ചാരം നിരോധിച്ച് മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ടുകള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. കടലിലകപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനെന്ന പേരില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് തീരദേശത്ത് നിക്ഷേപിച്ചിരിക്കുന്ന സ്പീഡ് ബോട്ടുകള്‍ വര്‍ഷങ്ങളായി കടല്‍വെള്ളം തൊട്ടിട്ടില്ല. മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളുടെ രക്ഷക്കെത്തുന്നത് മറ്റ് മത്സ്യബന്ധന ബോട്ടുകളാണ്. ഞായറാഴ്ച കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലെ തൊഴിലാളിയായ സന്തോഷിന്റെ മൃതദേഹം കരയിലെത്തിക്കാന്‍ അഞ്ച് മണിക്കൂര്‍ എടുത്തത് ജാക്സണ് എന്ന മത്സ്യബന്ധന ബോട്ടാണ്. ഫിഷറീസോ പോലീസോ നിഷ്ക്രിയരായിരുന്നു. സ്പീഡ്ബോട്ട് പ്രവര്‍ത്തനക്ഷമമായിരുന്നെങ്കില്‍ ഒരുമണിക്കൂറില്‍ മൃതദേഹം തീരത്തെത്തുമായിരുന്നു. ആലപ്പുഴയില്‍ തീരസംരക്ഷണത്തിനെന്ന പേരില്‍ പണിപൂര്‍ത്തിയാക്കിയ പോലീസ്സ്റ്റേഷന് ഇനിയും ഉദ്ഘാടനം ചെയ്തിട്ടുപോലുമില്ല.
ഇപ്പോള്‍ ഇറ്റാലിയന്‍ തടവുകാരുടെ രക്ഷയ്ക്കും ഇറ്റാലിയന്‍ കപ്പല്‍ തിരികെ കൊണ്ടുപോകുന്നതിനുമായുള്ള ചര്‍ച്ചകള്‍ സജീവമാണ്. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിനില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആണയിടുമ്പോഴും ഇറ്റാലിയന്‍ ഉപവിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ദെ മിസ്തുറയുടെ രഹസ്യസന്ദര്‍ശനത്തിന് പിന്നില്‍ ദുരൂഹത നിലനില്‍ക്കുന്നതായി ആരോപണമുയരുന്നു. അനൗദ്യോഗികവും അതീവ രഹസ്യവുമായിട്ടാണ് സ്റ്റെഫാന്‍ ദെ മിസ്തുറ കൊല്ലത്തെത്തിയതും ഒത്തുതീര്‍പ്പ് ലക്ഷ്യമിട്ട് കൊല്ലപ്പെട്ട ജലസ്റ്റിന്റെ കുടുംബത്തെ കാണുവാന്‍ ശ്രമിച്ചതും. സര്‍ക്കാരോ പോലീസോ ഈ വിവരമറിയാതെ മിസ്തുറയുടെ സന്ദര്‍ശനത്തിന് കരുനീക്കിയത് ഈ ദുരന്തത്തിനുശേഷം ഇറ്റലിയ്ക്ക് അനുകൂലമായി പ്രസ്താവനയിറക്കിയ കര്‍ദ്ദിനാള്‍ ആലഞ്ചേരിയും കേന്ദ്രമന്ത്രി കെ.വി.തോമസുമാണ് എന്നാണ് അറിയുന്നത്. ഇന്‍ഫന്റ് ജീസസ് സ്കൂളിലെ ഹോസ്റ്റല്‍ വാര്ഡന് ഫാ. റജിസണെ മിസ്തുറ സന്ദര്‍ശിച്ചതും ഈ സംശയം ബലപ്പെടുത്തുന്നു. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി തങ്കശ്ശേരിയിലെ ഫാ. റജിസണുമായി എന്തിന് കൂടിക്കാഴ്ച നടത്തി എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു. കേന്ദ്രമന്ത്രി കെ.വി.തോമസും പ്രദേശം സന്ദര്‍ശിച്ചിരുന്നതായാണ് വിവരം.
മരിച്ച ജലസ്റ്റിന്റെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാനാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നവകാശപ്പെട്ട് എത്തിയ മിസ്തുറയെ പക്ഷേ ജലസ്റ്റിന്റെ ബന്ധുക്കള്‍ കാണാന്‍ വിസമ്മതിക്കുകയും ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. പ്രതികളായ സൈനികരെ ഇറ്റലിക്ക് വിട്ടുകിട്ടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായിരിക്കണം പാളിപ്പോയ ഈ രഹസ്യ കരുനീക്കങ്ങള്‍. അതേസമയം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയേയും അതിന്റെ സുതാര്യതയെയും പൂര്‍ണമായി അംഗീകരിക്കുന്നുവെന്ന് മിസ്തുറെ സമ്മതിച്ചു. കപ്പല്‍ ഇടിച്ചുതകര്‍ത്ത ഡോണ്‍ എന്ന ബോട്ടിന്റെ കൊലയാളിക്കപ്പല്‍ പ്രഭുദയ കൊച്ചിയില്‍ അടുപ്പിക്കാതെ ചെന്നൈയില്‍ അടുപ്പിച്ചതും സംശയാസ്പദമായി കാണുന്നു. ഇതെല്ലാം പ്രതിഫലിപ്പിക്കുന്നത് മത്സ്യത്തൊഴിലാളികളോടുള്ള അവഗണനയാണെന്നും കടലില്‍ ഇവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതാണെന്നും ലാറ്റിന്‍ കത്തോലിക്കാ ബിഷപ്പ് സുസെപാക്യവും പ്രസ്താവിച്ചുകഴിഞ്ഞു. സൗത്ത് ഏഷ്യന്‍ ഫെഡറേഷനും കപ്പല്‍ കൊലയുടെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചു. വോയേജ് ഡാറ്റ റെക്കോര്‍ഡറിലെ വിവരങ്ങള്‍ അപ്രത്യക്ഷമായതുകൊണ്ട് കപ്പലിലെ ക്യാപ്റ്റനെയും കുറ്റക്കാരനാക്കണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുന്നു.
പിറവം കടന്നാല്‍ ഇരുട്ടടി
കേരളത്തിലെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക് നീങ്ങുമ്പോഴും സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടാന്‍ പോകുകയാണ്. കടുത്ത ചൂടും പരീക്ഷകളും ഉത്സവക്കാലവും ഒത്തുചേര്‍ന്ന് വൈദ്യുതി ഉപഭോഗം കുതിക്കുമ്പോള്‍ സംസ്ഥാനത്ത് ജലവൈദ്യുതി ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. കായംകുളം എന്ടിപിസിയില്നിന്ന് അധികമായി വാങ്ങിയ വൈദ്യുതിയാണ് കേരളത്തെ ഇരുട്ടിലാക്കാതിരുന്നത്. ഫെബ്രുവരി അവസാനവാരത്തില്‍ ശരാശരി ഉപയോഗം 58.5 ദശലക്ഷം യൂണിറ്റായി വര്‍ധിച്ചിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പ് തീരുംവരെനിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ധൈര്യപ്പെടുകയില്ല. പക്ഷേ കായംകുളം വൈദ്യുതി വില യൂണിറ്റിന് 11 രൂപ നല്കേണ്ടിവരുമ്പോള് യൂണിറ്റിന് 6.50 രൂപ നഷ്ടം സഹിക്കേണ്ടിവരുന്നു. ബോര്‍ഡ് നഷ്ടം നികത്താന്‍ സര്‍ക്കാര്‍ സഹായം തേടുകയാണ്. വരും മാസങ്ങളില്‍ രൂക്ഷമായ വൈദ്യുതിക്ഷാമമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പക്ഷേ കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ പറയുന്നത് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം വൈദ്യുതി കോറിഡര്‍ കിട്ടാത്ത കാരണമാണെന്നും ഇപ്പോള്‍ കോറിഡര്‍ ഉപയോഗിക്കുന്ന ആന്ധ്രയുടെ ഉപയോഗം കഴിഞ്ഞാല്‍ കേന്ദ്ര ഊര്‍ജം കേരളത്തിന് ലഭ്യമാകുമെന്നുമാണ്. കേന്ദ്ര പൂളില്‍നിന്ന് 1300 എം.ഡബ്ല്യു ലഭിക്കേണ്ട സ്ഥാനത്ത് ഇപ്പോള്‍ 1000 എംഡബ്ല്യു മാത്രമാണ് ലഭിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ 2000 എംഡബ്ല്യു വീതം കേന്ദ്രപൂളില്‍നിന്നും ലഭിക്കുമെന്നും പാലക്കാട് ഫാക്ടറി പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ കൂടുതല്‍ വൈദ്യുതി ലഭ്യമാകുമെന്നുമാണ് ഊര്‍ജ സഹമന്ത്രി വേണുഗോപാല്‍ പറയുന്നത്. ഏപ്രില്‍ ഒന്നോടെ കേന്ദ്രവിഹിതം വര്‍ധിപ്പിച്ച് ലഭ്യമായാല്‍ വൈദ്യുതിക്ഷാമം കുറച്ചെല്ലാം പരിഹരിക്കപ്പെടുമെങ്കിലും കേരളത്തിലെ ജലസംഭരണികളില്‍ മിനിമം ഉല്പ്പാദനത്തിനുപോലും വെള്ളമില്ലാത്തത് ആശങ്കക്കിട നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: