കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന ഇറ്റാലിയന്‍ നാവികരെ രക്ഷിക്കുവാനും കോടതിയ്‌ക്ക് പുറത്ത് വെച്ച് കേസ് ഒത്തുതീര്‍പ്പാക്കുവാനും നീക്കം ശക്തമായി. കേന്ദ്രസര്‍ക്കാര്‍ തലത്തിലുള്ള ഉന്നതകേന്ദ്രങ്ങളാണ് ഇത്തരമൊരു രഹസ്യനീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്.
കേസ് പരമാവധി വൈകിക്കുക, നീട്ടിക്കൊണ്ട് പോവുക, ഇതിനിടയില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കുക, പ്രശ്നം നയതന്ത്രവിഷയമാക്കി കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിക്കുക. ഇതാണ് മുഖ്യമായും ലക്ഷ്യമിടുന്നത്. കേന്ദ്ര-ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളാണ് ഇതിന് ഒത്താശ ചെയ്യുന്നതത്രേ. മത്സ്യത്തൊഴിലാളികളെ വധിച്ച നാവികരെ വ്യാഴാഴ്ച വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതിന് പിന്നിലും ഇത്തരമൊരു കളിയാണത്രേ. നാവികരുടെ ജയില്‍വാസം ഒഴിവാക്കുവാനുള്ള ഉന്നതതല ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായതായി സൂചനയുണ്ട്.
നാവികരായ ലെസ്റ്റോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നിവരെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ കസ്റ്റഡിതീരുന്ന മുറയ്‌ക്ക് കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേയ്‌ക്ക് അയക്കുമെന്നാണ് ബുധനാഴ്ച കൊച്ചിയിലെത്തിയ ജേക്കബ് പൂന്നൂസ് വ്യക്തമാക്കിയിരുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക സെല്‍ ഇവര്‍ക്കായി ഒരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാഴാഴ്ച കാര്യങ്ങള്‍ തകിടം മറിഞ്ഞു. കോടതിയില്‍ പ്രതികള്‍ക്കനുകൂലമായ നിലപാടാണ് പോലീസ് സ്വീകരിച്ചത്. ജയിലിലടക്കേണ്ടതിന് പകരം പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയാണ് ചെയ്തത്.
മാനുഷിക പരിഗണനയുടെ പേരില്‍ കൊലക്കേസ് പ്രതികള്‍ക്ക് ഒരു പരിധിവിട്ട് ആനുകൂല്യം നല്‍കാറില്ല. ഇവിടെയാകട്ടെ പഞ്ചനക്ഷത്ര സൗകര്യമാണ് പോലീസ് പ്രതികള്‍ക്ക് നല്‍കിയിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ഇറ്റാലിയന്‍ ഭക്ഷണം എത്തിച്ച് നല്‍കുന്നു. ഗസ്റ്റ് ഹൗസിലും പോലീസ് ക്ലബിലും സര്‍വ്വ സ്വാതന്ത്ര്യവും നല്‍കി ടെലിവിഷന്‍ കണ്ടും സിഗരറ്റ് പുകച്ചും സൊറപറഞ്ഞും ഇവര്‍ സമയം തെള്ളിനീക്കുന്നു. കൊല്ലം മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം പിടിച്ചെടുത്ത ആയുധങ്ങള്‍ പരിശോധിക്കുന്നത് അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യത്തിലും ഇറ്റലിയുടെ സമ്മര്‍ദ്ദം ശക്തമായി. പിടിച്ചെടുത്ത ആയുധങ്ങളുടെ ഫോറന്‍സിക്- കാര്‍ബണ്‍ പരിശോധന നീണ്ട് പോകുന്നതിന് പിന്നിലും ഇടപെടല്‍ ശക്തമാണ്. ഫോറന്‍സിക് പരിശോധനയില്‍ തങ്ങളെയും പങ്കാളികളാക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ സംഘം കോടതിയെ സമീപിച്ചതും നടപടി വൈകിക്കുകയെന്ന ലക്ഷ്യത്തോടെയാണത്രേ.
പല കാരണങ്ങള്‍ പറഞ്ഞ് കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടും ഇറ്റാലിയന്‍ അധികൃതര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയതുമെല്ലാം ഇതേലക്ഷ്യം വെച്ചു തന്നെയാണ്. പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രശ്നം അപ്രസക്തമാവുമെന്ന പ്രതികളുടെ അഭിഭാഷകരുടെ വാദവും വരാന്‍ പോകുന്ന കാര്യങ്ങളിലേയ്‌ക്കുള്ള വില്‍ചൂണ്ടലാണ്.
ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയുടെയും കോണ്‍സല്‍ ജനറല്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും സന്ദര്‍ശനത്തിന് ശേഷം നടന്ന ഇടപെടലുകളാണ് പ്രതികള്‍ക്ക് വിഐപി പരിഗണനയും സുഖവാസവും നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇറ്റലിക്കനുകൂലമായ നിലപാടുകളാണ് കൈക്കൊണ്ടിരിക്കുന്നത്. പിറവം തെരഞ്ഞെടുപ്പിനെ ഭയന്നാണ് മുഖ്യമന്ത്രിയും മറ്റും കുറ്റാവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അടിക്കടി പ്രഖ്യാപിക്കുന്നത്. പ്രതികളെ ജയിലിലയക്കാതെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയാലും അത്ഭുതപ്പെടാനില്ല. നാവികരെ കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ഇവരെ ജയിലിലടയ്‌ക്കില്ലായെന്ന ഒരുധാരണ ഉണ്ടാക്കിയിരുന്നതായി അന്നേ ശ്രുതിയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: