ചില കഥാപാത്രങ്ങള്‍ അവയുടെ സ്രഷ്ടാക്കളായ എഴുത്തുകാരേക്കാള്‍ പ്രശസ്തരാകാറുണ്ട്. അത്തരം നിരവധി ഉദാഹരണങ്ങള്‍ നമുക്കുമുന്നിലുണ്ട്. ടാര്‍സനും ഷെര്‍ലക് ഹോംസും സൂപ്പര്മാനുമെല്ലാം അവരെ സൃഷ്ടിച്ച എഴുത്തുകാരേക്കാള്‍ വളര്‍ന്ന് ലോകമെങ്ങുമുള്ള ആരാധകരുടെ ഇഷ്ടക്കാരായി. അവരുടെ നിരയില്‍ തന്നെയാണ് ജയിംസ്ബോണ്ടെന്ന കഥാപാത്രത്തിന്റെയും സ്ഥാനം. ഇയാന്‍ഫ്ലെമിംഗ് എന്ന എഴുത്തുകാരന്റെ സൃഷ്ടിയാണ് ജയിംസ്ബോണ്ടെന്ന കഥാപാത്രം. എന്നാല്‍ ഇയാന്ഫ്ലെമിംഗിനെക്കാള് ആരാധകര്‍ ബോണ്ടിനുണ്ട്. ഒരെഴുത്തുകാരന്റെ തൂലികയില്‍ വിരിഞ്ഞ ജയിംസ്ബോണ്ട് വെറും കഥയിലെ കഥാപാത്രമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാത്ത ആരാധകരാണ് ലോകമെങ്ങും ബോണ്ടിനുള്ളത്. ബോണ്ട് ജീവിച്ചിരിക്കുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു.
കരീബിയന്‍ കടലിന്റെ തീരത്തിരുന്ന് ഇയാന്‍ഫ്ലെമിംഗ് എഴുതിപ്പിടിപ്പിച്ച നോവലുകളിലെ നായകകഥാപാത്രമാണ് ജയിംസ്ബോണ്ട്. 1952 മുതല്‍ അദ്ദേഹം ജയിംസ്ബോണ്ട് എന്ന കഥാപാത്രത്തെ നായകനാക്കി കഥകളുണ്ടാക്കി. ഫ്ലെമിംഗിന്റെ കഥകള്‍ക്ക് വായനക്കാരുണ്ടായപ്പോള് ജയിംസ്ബോണ്ട് സിനിമയിലും പരീക്ഷിക്കപ്പെട്ടു. വെള്ളിത്തിരയെ വിസ്മയത്തിലാക്കിയ സിനിമാ പരമ്പരയുടെ തുടക്കമായിരുന്നു അത്. 1962ലാണ് ആദ്യമായി ബോണ്ട് സിനിമ ഉണ്ടാകുന്നത്. 62ല്‍ ആദ്യമിറങ്ങിയ ബോണ്ട് സിനിമയായ ‘ഡോ.നോ’ മുതല്‍ 2012 ഒക്ടോബറില്‍ ലണ്ടനില്‍ പുറത്തിറങ്ങാന്‍ പോകുന്ന ‘സ്കൈഫാള്‍’ എന്ന ചലച്ചിത്രം വരെ ജയിംസ്ബോണ്ട് സിനിമകള്‍ വെള്ളിത്തിരയില്‍ ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത വിസ്മയ സിനിമകളുടെ പരമ്പരയായിരുന്നു. ഇയാന്‍ഫ്ലെമിംഗ് മരിച്ച ശേഷവും ജയിംസ്ബോണ്ട് സിനിമകള്‍ ഉണ്ടാകുന്നു. ബോണ്ടിനെ കഥാപാത്രമാക്കി, ഫ്ലെമിംഗ് ബോണ്ടിനു നല്കിയ സ്വഭാവ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് സനിമയുണ്ടാക്കുന്നു. ബോണ്ട് സിനിമകള്‍ അരനൂറ്റാണ്ട് തികയ്ക്കുന്ന വര്‍ഷത്തിലാണ് പുതിയ ബോണ്ട് സിനിമയായ ‘സ്കൈഫാള്‍’ പുറത്തിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.
ബോണ്ട് സിനിമകള്‍ വെള്ളിത്തിരയിലും പിന്നീട് ടെലിവിഷനിലും കണ്ട് ആവേശംകൊള്ളുകയും മനസ്സുനിറയ്ക്കുകയും ചെയ്ത വലിയൊരു സമൂഹമിവിടെയുണ്ട്. ഓരോബോണ്ടു സിനിമയുടെയും പ്രസക്തി വിലയിരുത്തുകയും അതിന്റെ രാഷ്ട്രീയ വശങ്ങള് വിശകലനം നടത്തുകയും ചെയ്യുന്ന സിനിമാപ്രേമികളുടെ വികാരത്തോടു ചേര്‍ത്തുവയ്ക്കാനാണ് ബോണ്ടുസിനിമ അരനൂറ്റാണ്ടാഘോഷിക്കുന്ന വേളയില്‍ ഈ കുറിപ്പ് സമര്‍പ്പിക്കുന്നത്.
ജയിംസ്ബോണ്ട്, ഇയാന്‍ഫ്ലെമിംഗ് തന്റെ നോവലുകളിലൂടെ സൃഷ്ടിച്ച ബ്രിട്ടിഷ് ചാരനാണ്. 007 എന്ന മൂന്ന് അക്കങ്ങള്‍ മതി ആ കഥാപാത്രം ആരാണെന്നറിയാന്‍. ‘കാസിനോ റോയലേ’ എന്ന നോവലിലൂടെയാണ് ജയിംസ്ബോണ്ടിന്റെ ജൈത്രയാത്ര തുടങ്ങുന്നത്. ജയിംസ്ബോണ്ട് നോവലുകള്‍ ലോകമെങ്ങും ചൂടപ്പം പോലെ വിറ്റഴിഞ്ഞപ്പോള്‍ ജയിംസ്ബോണ്ട് സിനിമകള്‍ ബോക്സോഫീസ് റിക്കോര്‍ഡുകള്‍ തിരുത്തി പണം വാരി. ഓരോ ബോണ്ട് ചിത്രവും ഓരോ ഇതിഹാസമായിരുന്നു. 1962 മുതല്‍ 2008 വരെ 22 ബോണ്ട് സിനിമകളാണ് വെള്ളിത്തിരയിലെ വിസ്മയങ്ങളായത്.
ചീറിപ്പായുന്ന വെടിയുണ്ടകളും കാറുകളുടെ മത്സര ഓട്ടവും. അതിനിടയില്‍ ചാരന്മാരും അധോലോകവും വിലസുന്ന ഭീകരതയോട് ഒറ്റയ്ക്ക് എതിരിട്ട് വിജയംവരിക്കുന്ന അതിമാനുഷ കഥാപാത്രമാണ് ബോണ്ട്. ചടുലത, കാര്യക്ഷമത, ധീരത, സാഹസികത, കാറോട്ടങ്ങള്‍, തോക്കുകൊണ്ടുള്ള തീക്കളികള്‍….എല്ലാം ബോണ്ടിന് ആരാധകരെ നേടിക്കൊടുത്തു. ലോകം ഇന്നോളം കണ്ടിട്ടുള്ള ഡിറ്റക്ടീവ് കഥാപാത്രങ്ങളില്‍ ബുദ്ധിയിലും സൂക്ഷമതയിലും മുന്നില്‍ നില്‍ക്കുന്നത് ഷെര്‍ലക് ഹോംസ് മാത്രമാണ്. ഷെര്ലഖോംസിനൊപ്പം നില്ക്കും ജയിംസ്ബോണ്ടും. വായനക്കാരെ ഹോംസ് അദ്ഭുതപ്പെടുത്തിയപ്പോള്‍ വെള്ളിത്തിരക്കാഴ്ചകളിലൂടെ ലോകമെങ്ങുമുള്ള പ്രേക്ഷകരെ ബോണ്ട് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.
ബോണ്ട് സിനിമകളിലെ ആദ്യ നായകന് ഷീന്കോണറിയായിരുന്നു. 1962 മുതല്‍ 67 വരെ അഞ്ചു ബോണ്ട് സിനിമകളില്‍ അദ്ദേഹം നായകനായി. ആദ്യ ബോണ്ട് സിനിമയായ ‘ഡോ.നോ’യുടെ സംവിധായകന് ടെറല്‍സ് യങ്ങ് ആയിരുന്നു. പത്തു ലക്ഷം ഡോളര്‍ മുതല്‍മുടക്കി നിര്‍മ്മിച്ച സിനിമ 59 കോടി ഡോളറാണ് നേട്ടമുണ്ടാക്കിയത്. 1963 ല്‍ പുറത്തുവന്ന ‘ഫ്രം റഷ്യ വിത്ത് ലൗ’ എന്ന ചിത്രവും നേട്ടമുണ്ടാക്കി. 25 ലക്ഷം ഡോളര്‍ മുടക്കി തീയറ്ററിലെത്തിയ ചിത്രം 7.89 കോടി ഡോളര്‍ നേടി. പിന്നീടു വന്ന ‘ഗോള്‍ഡ് ഫിംഗറി’ന് മുടക്കിയത് 35 ലക്ഷം ഡോളറും വരവ് 12.4 കോടി ഡോളറും. 1965ല്‍ വന്ന ‘തണ്ടര്‍ബോള്‍’ 14 കോടി ഡോളര്‍ തീയറ്ററില്‍ നിന്ന് നേട്ടമുണ്ടാക്കി. സിനിമ നിര്‍മ്മിക്കാന്‍ ചെലവിട്ടത് ഒരു കോടി ഡോളറും.
1969ല്‍ പുറത്തിറങ്ങിയ ‘ഓണ്‍ അവര്‍ മെസ്റ്റിസ് സര്‍വ്വീസ്’ എന്ന ചിത്രത്തില്‍ ഷീന്കോണറിക്കു പകരം ജോര്‍ജ്ജ് ലെസന്ബൈ നായകനായി. എന്നാല്‍ ഷീന്കോണറിയെ ബോണ്ടായിക്കണ്ട ആരാധകര്‍ക്ക് ജോര്‍ജ്ജ് ലെസന്ബൈയെ അംഗീകരിക്കാനായില്ല. സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് അടുത്ത ചിത്രം മുതല്‍ നായകനെ മാറ്റിചിന്തിക്കേണ്ടി വന്നു. 1971ല്‍ പുറത്തിറങ്ങിയ ‘ഡയമെണ്ട്സ് ആര് ഫോര്‍ എവര്‍’ എന്ന ചിത്രത്തില്‍ ഷീന്കോണറി തിരികെ എത്തി.
1973 മുതല്‍ 85 വരെ ജയിംസ്ബോണ്ട് ചിത്രത്തില്‍ റോജര്‍മൂര്‍ തരംഗമായിരുന്നു. ഏറ്റവും കൂടുതല്‍ ആരാധകരെ സൃഷ്ടിച്ച ബോണ്ട് നായകനായിരുന്നു റോജര്‍മൂര്‍. ‘ലൈവ് ആന്റ് ലെറ്റ് ഡൈ’ മുതല്‍ ‘എ വ്യൂ റ്റു കില്‍’ വരെ റോജര്‍മൂര്‍ ഏഴു ബോണ്ട് ചിത്രങ്ങളിലെ നായകനായി. 87ലും 89ലും ഇറങ്ങിയ ചിത്രങ്ങളില്‍ തിമോത്തിഡാല്ട്ടനും 1995 ല്‍ പുറത്തിറങ്ങിയ ‘ഗോള്‍ഡണ്‍ ഐ’ മുതല്‍ 2002 ല്‍ വെള്ളിത്തിരയിലെത്തിയ ‘ഡൈ അനദര്‍ ഡേ’ വരെ പിയേഴ്സ് ബ്രോസ്നനും ജയിംസ്ബോണ്ട് നായകനായി.
2006 മുതല്‍ ഡാനിയല്‍ ക്രേയ്ജാണ് ജയിംസ്ബോണ്ട്. 2006ല്‍ പുറത്തുവന്ന ‘കാസിനോ റോയലേ’യിലും 2008ലെ ‘ക്വാണ്ടം ഓഫ് സോളസും’ ഡാനിയല്‍ ക്രേയ്ജിന്റെ പണം വാരി ചിത്രങ്ങളായി. 2012ല്‍ ജയിംസ്ബോണ്ട് സിനിമകളുടെ അമ്പതാംവര്‍ഷം ആഘോഷിക്കുമ്പോള്‍ ‘സ്കൈഫാള്‍’ എന്ന സിനിമ പുറത്തിറങ്ങാനൊരുങ്ങുകയാണ്. ഡാനിയല്‍ ക്രേയ്ജ് തന്നെ നായകന്. 150 മില്ല്യന്‍ ഡോളര്‍ ചെലവിട്ടു നിര്‍മ്മിക്കുന്ന സിനിമ 500 മില്ല്യന്‍ ഡോളറെങ്കിലും നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയാണ് നിര്‍മ്മാതാക്കള്‍ക്കുള്ളത്.
ഇത്രത്തോളം പ്രേക്ഷകരെ സൃഷ്ടിച്ചിട്ടുള്ള മറ്റൊരു സിനിമാ പരമ്പര ലോകത്തുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. അന്‍പതു വര്‍ഷത്തിലെത്തിയിട്ടും ആരാധകര്‍ക്ക് കുറവു വന്നിട്ടില്ല. പഴയ ആരാധകര്‍ നിലനില്‍ക്കുന്നതോടൊപ്പം പുതിയ ആരാധകര്‍ ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. സീക്രട്ട് ഏജന്റ് 007 എന്ന രഹസ്യക്കോഡിലാണ് ജയിംസ്ബോണ്ട് അറിയപ്പെടുന്നത്. എല്ലാ ചിത്രങ്ങളിലും ബോണ്ടിനെ അവതരിപ്പിക്കുന്നത് ‘ബോണ്ട്, ജയിംസ്ബോണ്ട്’ എന്ന സംബോധനയിലാണ്. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സര്‍വ്വെയില്‍ തെളിഞ്ഞത്, ലോകത്തേറ്റവും കൂടുതല്‍ ആളുകള്‍ ആവര്‍ത്തിച്ച് ഉദ്ധരിച്ചിട്ടുള്ളത് ഈ വാക്യമാണെന്നാണ്. ‘ബോണ്ട്, ജയിംസ്ബോണ്ട്’ എന്ന്.
ഇയാന്‍ ലാന്‍കാസ്റ്റര്‍ ഫ്ലെമിംഗ് എന്ന എഴുത്തുകാരന് സ്വന്തം അനുഭവങ്ങളിലൂടെ സഞ്ചരിച്ചാണ് ജയിംസ്ബോണ്ട് കഥകളൊരുക്കിയത്. പട്ടാളത്തിലും മറ്റും ജോലിചെയ്ത അദ്ദേഹത്തിന് യുദ്ധത്തില്‍ പങ്കെടുത്ത അനുഭവവുമുണ്ടായിരുന്നു. ചാരപ്രവൃത്തിയിലും അദ്ദേഹം അഗ്രഗണ്യനായിരുന്നു. അതിനേക്കാള്‍ ഉപരി അന്വേഷണത്വരയുള്ള മനസ്സും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ഡിറ്റക്ടീവ് നോവലുകള്‍ക്ക് പുതിയ ഭാവവും രൂപവും നല്കാന് അദ്ദേഹത്തിന്റെ എഴുത്തു ഭാഷയ്ക്കായി. 1964ല്‍ അന്പത്തിയാറാമത്തെ വയസ്സില്‍ അദ്ദേഹം മരിച്ചു. 1953 മുതല്‍ 64 വരെയാണ് അദ്ദേഹത്തിന്റെ എഴുത്തുകാലം. എന്നാല്‍ മരണശേഷം അദ്ദേഹം സൃഷ്ടിച്ച കഥാപാത്രത്തെ സ്വീകരിച്ച് അദ്ദേഹത്തിന്റെ ശൈലിയില്‍ പലരും കഥകള്‍ രചിച്ചു. അക്കഥകളാണ് ഫ്ലെമിംഗിന്റെ കാലശേഷം ബോണ്ട് സിനിമകള്ക്കാധാരമായത്.
എഴുതിയാലും എഴുതിയാലും തീരാത്ത വിശേഷങ്ങളാണ് ബോണ്ട് സിനിമകള്‍ക്കുള്ളത്. ലോകം ഇപ്പോള്‍ കാത്തിരിക്കുന്നത് പുതിയ ബോണ്ട് സിനിമയ്ക്കു വേണ്ടിയാണ്. സാം മെണ്ടസ് സംവിധാനം ചെയ്യുന്ന ‘സ്കൈഫാള്‍’ ബോണ്ട് സിനിമകളുടെ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നാണ് അതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ഇതുവരെയുള്ള ചരിത്രം നോക്കുമ്പോള്‍ അതു തെറ്റാനുമിടയില്ല. അന്‍പതാം വര്‍ഷത്തില്‍ പുറത്തിറങ്ങുന്നത് നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ്. വെള്ളിത്തിരയില്‍ ഡാനിയല്‍ ക്രേയ്ജും കൂട്ടുകാരും വിസ്മയം തീര്ക്കുന്നതുകാണാനുള്ള ആകാംക്ഷയ്ക്കൊപ്പമാണ് ഞാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: