കൊല്ലത്തെ നീണ്ടകരയില്‍ വീണ്ടും മത്സ്യത്തൊഴിലാളി ദുരന്തം. ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റ് നീണ്ടകരയില്‍നിന്ന് മീന്‍പിടിക്കാന്‍ പോയ സെന്റ് ആന്റണീസ് ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചതിന്റെ തൊട്ടുപിന്നാലെ നീണ്ടകരയില്നിന്നുതന്നെ മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലിടിച്ച് തകര്‍ന്ന് രണ്ടുപേര്‍ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തിരിക്കുന്നു. തീരക്കടല്‍ മത്സ്യത്തൊഴിലാളികളുടെ മരണക്കെണിയായി മാറുന്നു എന്നാണ് രണ്ടാഴ്ചക്കിടയില്‍ ഉണ്ടായ ഈ രണ്ട് സംഭവങ്ങള്‍ തെളിയിക്കുന്നത്. ലൈറ്റുകള്‍ തെളിച്ച് നങ്കൂരമിട്ട് കിടന്നിരുന്ന ബോട്ടിലാണ് കപ്പല്‍ ഇടിച്ചശേഷം കടന്നുപോയത്. ഏത് കപ്പലാണ് ഇടിച്ചതെന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു വിവരവും ലഭ്യമായിട്ടില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെ ചേര്‍ത്തല മനക്കോടം ഭാഗത്താണ് അപകടം ഉണ്ടായത്. ഏഴുപേര്‍ ഉണ്ടായിരുന്ന ബോട്ട് പൂര്‍ണമായി തകര്‍ന്ന് മുങ്ങിയപ്പോള്‍ അടുത്ത് മത്സ്യബന്ധനം നടത്തിയിരുന്ന മത്സ്യത്തൊഴിലാളികളാണ് രണ്ടുപേരെ രക്ഷിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ഈ ബോട്ടപകടത്തില്‍ മരിച്ച ജസ്റ്റിന് എന്ന മത്സ്യത്തൊഴിലാളിയായിരുന്നു ഇറ്റാലിയന്‍ നാവികര്‍ വെടിവെപ്പ് നടത്തിയ വിവരം ആദ്യം പോലീസിനെ അറിയിച്ചത്. വിദേശ എണ്ണടാങ്കറാണെന്നും അതല്ല വലിയ ചരക്കുകപ്പലാണ് ഇടിച്ചതെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു. രാത്രിയില്‍ അവര്‍ക്ക് കപ്പല്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്നില്ല. കപ്പല്‍ ‘ഹിറ്റ് ആന്റ് റണ്‍’ നടത്തുകയായിരുന്നുവെന്ന് ജി.കെ. വാസന് വിശേഷിപ്പിച്ചു.
എന്റിക്കാ ലെക്സിയും ഇപ്പോള്‍ ബോട്ടിടിച്ച് തകര്‍ത്ത കപ്പലും സഞ്ചരിച്ചിരുന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണ്. ഇത് അന്താരാഷ്ട്ര നിയമലംഘനമാണെന്നിരിക്കെ ഇറ്റാലിയന്‍ കപ്പലായ എന്റിക്കാ ലെക്സിയുടെ ക്യാപ്റ്റനും ഇറ്റാലിയന്‍ സര്‍ക്കാരും അവകാശപ്പെടുന്നത് അവര്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് വെളിയിലായിരുന്നുവെന്നാണ്. ബോട്ടില്‍ കപ്പല്‍ ഇടിച്ചത് ആലപ്പുഴ തീരത്തിന് 15 നോട്ടിക്കല്‍ മെയില്‍ അകലെയാണെന്ന് കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പല്‍ നിയമലംഘനം നടത്തിയോ എന്ന് പരിശോധിക്കുമെന്നും ഉറപ്പുനല്‍കുന്നു. കപ്പല്‍ ഇടിച്ച സംഭവം അന്വേഷിക്കാന്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവും ഉത്തരവിട്ടു. പുറംകടലില്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുന്നത് അസാധാരണ സംഭവങ്ങളല്ല. 2000 മുതല്‍ ഇടയ്ക്കിടക്ക് ഇവര്‍ കൊല്ലപ്പെടുമ്പോഴും ഇവരുടെ രക്ഷക്കെത്തുന്നത് കടലില്‍ മത്സ്യം പിടിക്കുന്ന മറ്റ് തൊഴിലാളികളാണ്. 2005 ല്‍ അഞ്ചുപേരും 2007 ല്‍ രണ്ടുപേരും ഇങ്ങനെ മരണമടഞ്ഞിരുന്നു. അപകടത്തെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബര്‍ ഉപരോധിച്ചു. രക്ഷാപ്രവര്‍ത്തനം വൈകിയെന്നാരോപിച്ച് കളക്ടറുടെ വാഹനം തടയുകയും ചെയ്തു. ഇന്നലെ തീരദേശ മേഖലയില്‍ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. തീരസുരക്ഷ ഉറപ്പുവരുത്തുമെന്നും മത്സ്യത്തൊഴിലാളികളുടെ ജീവിതഭദ്രത ഉറപ്പുവരുത്തുമെന്നുമുള്ള വാഗ്ദാനങ്ങള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുകയാണ്. കേരള തീരത്ത് സഞ്ചരിക്കുന്ന കപ്പലുകളുടെ എണ്ണം വര്‍ധിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് വല്ലാര്‍പാടം ടെര്‍മിനല്‍ പ്രാവര്‍ത്തികമായ ശേഷമാണെന്ന് പറയുമ്പോഴും ഇത് യാഥാര്‍ത്ഥ്യമാണെങ്കില്‍ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ എടുക്കേണ്ടതാണ്.
കപ്പലുകള്‍ എന്തുകൊണ്ട് തീരത്തിനോട് ചേര്‍ന്ന് സഞ്ചരിക്കുന്നുവെന്നും ഇത് മാരിടൈം ആക്ടിന്റെ ലംഘനമല്ലേ എന്നും പരിശോധിക്കേണ്ടതാണ്. തീരക്കടലില്‍ മത്സ്യം പിടിക്കുന്നത് 29000 ബോട്ടുകളാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേരളവും കേന്ദ്രവും ബാധ്യസ്ഥരാണ്. ബോട്ടില്‍ ഇടിച്ച കപ്പല്‍ കണ്ടെത്താന്‍ വ്യാപക തെരച്ചില്‍ തുടങ്ങിയതായും നേവിയും കോസ്റ്റ് ഗാര്‍ഡും പോര്‍ട്ട് ട്രസ്റ്റും ഇതില്‍ ഉള്‍പ്പെട്ടതായും വാര്‍ത്തയുണ്ട്. തീരസുരക്ഷ ഉറപ്പുവരുത്തേണ്ടത് കോസ്റ്റ് ഗാര്‍ഡും നേവിയും മറ്റുമാണ്. നയപ്രഖ്യാപനത്തിലും തീരസുരക്ഷ വിഷയമായിട്ടുണ്ട്. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്സിയുടെ മൃഗയാവിനോദനത്തിനിരയായി രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവം കര്‍ദ്ദിനാള്‍വരെ ന്യായീകരിച്ച്, കപ്പല്‍ സുരക്ഷിതത്വത്തിനേര്പ്പെടുത്തിയ ഇറ്റാലിയന്‍ സേനാംഗങ്ങളാണെന്ന് വാദിച്ച് ഇവരെ ഇന്ത്യന്‍ നിയമത്തിനതീതമാക്കാന് ശ്രമം നടക്കുകയാണ്. ഇപ്പോള്‍ ഇവരുടെ മേല്‍ ഇറ്റലിയും കൊലപാതകക്കുറ്റം ചുമത്തിയെന്നും ശിക്ഷ ലഭിച്ചാല്‍ 21 വര്‍ഷം തടവാണെന്നുമുള്ള രേഖ ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പില്ല എന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുന്നു.
മെഡി. വിദ്യാര്‍ത്ഥികളും
സമരത്തിലേക്ക്
ആരോഗ്യരംഗം പ്രക്ഷുബ്ധമായി തുടരുന്നതിന്റെ മറ്റൊരു ദൃശ്യമായി പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഗ്രാമീണ സേവനത്തിനെതിരെ സമരപാതയിലേക്ക് തിരിയുകയാണ്. ഇതിന് മുന്നോടിയായി ബുധനാഴ്ച മെഡിക്കല്‍ ഡയറക്ടറേറ്റിന് മുന്നില്‍ അവര്‍ ധര്‍ണയും നടത്തി. പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പിജി സൂപ്പര്‍ സ്പെഷ്യാലിറ്റി പഠനം പൂര്‍ത്തിയാക്കിയശേഷം ഒരു കൊല്ലം ഗ്രാമീണ സേവനം നിര്‍ബന്ധിതമാക്കിയതാണ് ഇവരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഗ്രാമീണ സേവനത്തിന് ഡോക്ടര്‍മാര്‍ വൈമുഖ്യം കാണിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ എംബിബിഎസിന് ശേഷം ഒരു കൊല്ലം നിര്‍ബന്ധിത ഗ്രാമീണ സേവനം പ്രഖ്യാപിച്ചത്. ഇത് അടിമത്തമാണെന്നാണ് കേരള മെഡിക്കല്‍ പിജി അസോസിയേഷന് പറയുന്നത്. തങ്ങള്‍ ഗ്രാമീണ സേവനത്തിനെതിരല്ലെന്നും പക്ഷെ താല്‍ക്കാലിക സേവനമല്ല, പിഎസ്സി നിയമനത്തില്ക്കൂടിയാണ് ഇത് ലബ്ധമാക്കേണ്ടതെന്നുമാണ് അവരുടെ വാദം.
സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത് പ്രതിവര്‍ഷം 35 മുതല്‍ 40 ലക്ഷം രൂപ വരെ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കുവേണ്ടി സര്‍ക്കാര്‍ ചെലവിടുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ്. പിജിക്ക് അഡ്മിഷന് ലഭിക്കണമെങ്കില്‍ ഗ്രാമീണ സേവനം നിര്‍ബന്ധമാണ്. എംബിബിഎസ് കഴിഞ്ഞ് ഗ്രാമീണ സേവനം നടത്തിയശേഷം പിജി കഴിഞ്ഞും ഒരുവര്‍ഷം എന്നത് അനീതിയാണെന്നും ഇത് ആറ് മാസമായി കുറക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ആരോഗ്യരംഗത്ത് ഡോക്ടര്‍മാര്‍ പ്രതിബദ്ധത കാണിക്കുന്നില്ലെന്നും പിജി കഴിഞ്ഞാല്‍ അവര്‍ തെരഞ്ഞെടുക്കുന്നത് സ്വകാര്യ ആശുപത്രികളോ വിദേശ ജോലിയോ ആണെന്നുമുള്ളത് വസ്തുതയാണ്. സര്‍ക്കാര്‍ സര്‍വീസില്‍നിന്നും അവധിയെടുത്തും ഡോക്ടര്‍മാര്‍ വിദേശത്ത് ജോലിക്ക് പോകുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാതാകുന്നു. ആരോഗ്യരംഗം കച്ചവടവല്ക്കരിക്കപ്പെട്ടപ്പോള് സേവനം എന്ന മഹത്തായ ലക്ഷ്യം അപ്രത്യക്ഷമായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: