ഇരുപത്തിയെട്ട് വര്‍ഷത്തോളം നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വം വഹിച്ചുകൊണ്ട് ആ സമുദായത്തിന് മാത്രമല്ല പൊതുസമൂഹത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും നേതൃത്വം കൊടുക്കാന്‍ പി.കെ. നാരായണപ്പണിക്കര്‍ക്ക് കഴിഞ്ഞു. മഹാത്മാഗാന്ധിജിയും മന്നത്ത് പദ്മനാഭനുമായിരുന്നു അദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ചത്. ഗാന്ധിജിയുടെ വിശാലമായ ദേശീയബോധവും മന്നത്ത് പദ്മനാഭന്റെ സമുദായത്തെ ഉദ്ധരിക്കുന്നതിനുള്ള ത്യാഗപൂര്‍ണ്ണമായ സംഘടനാ പ്രവര്‍ത്തനമികവും അദ്ദേഹത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു.ഇതു രണ്ടും ചേര്‍ന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത് ഏതെങ്കിലും സങ്കുചിത ചിന്താഗതിയല്ല അദ്ദേഹത്തെ നയിച്ചത്. സ്വസമുദായത്തിനുവേണ്ടി വാദിക്കുമ്പോഴും എതിരാളികളെ നോവിക്കാതെ അവരുടെ ആദരവ് പിടിച്ചുപറ്റുന്ന പ്രവര്‍ത്തനശൈലിയാണ് അദ്ദേഹത്തിന്റെ മഹത്വത്തിന് പിന്നിലെ കാരണം. അടിസ്ഥാനപരമായി ഗാന്ധിയനായിരുന്നു അദ്ദേഹം.
ഏതെങ്കിലും പ്രത്യേക രാഷ്ട്രീയകക്ഷിയുമായോ മുന്നണിയുമായോ തന്റെ പ്രസ്ഥാനത്തെ ബന്ധപ്പെടുത്താന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചില്ല. ഒരുപാര്‍ട്ടിയുമായും സ്ഥായിയായി ബന്ധം വച്ചുപുലര്‍ത്താതെ സമുദായതാത്പര്യത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് അദ്ദേഹം സംഘടനയെ മുന്നോട്ടു നയിച്ചു.
നല്ല അഭിഭാഷകനായിരുന്നു അദ്ദേഹം. അതു കൊണ്ട് തന്നെ കാര്യങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്യാനും യുക്തിഭദ്രമായി അവതരിപ്പിക്കാനും അതുവഴി സമൂഹത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും നിയമത്തിന്റെ മാര്‍ഗ്ഗം അദ്ദേഹം ഉപയോഗിച്ചു. തികഞ്ഞ കുലീനത്വവും ഉറച്ച ഈശ്വരവിശ്വാസവും ചേര്‍ന്ന സാത്വിക വ്യക്തിശുദ്ധിയാണ് അദ്ദേഹത്തിന് കൈമുതലായി ഉണ്ടായിരുന്നത്.
വ്യക്തിപരമായി എനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അസുഖം മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതറിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഇക്കഴിഞ്ഞ അഞ്ചിന് അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. അപ്പോഴൊന്നും ഇത്ര അടുത്ത്തന്നെ ഈ വിയോഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
നിസ്വജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. തനിക്കുവേണ്ടി ഒന്നും സമ്പാദിക്കാന്‍ അദ്ദേഹം മിനക്കെട്ടില്ല. തനിക്കുള്ളതെല്ലാം സമുദായത്തിന് സമര്‍പ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. എന്‍.എസ്.എസിനോട് വിരോധമുള്ളവര്‍ക്ക് പോലും പണിക്കര്‍ ചേട്ടനെ വെറുക്കാന്‍ കഴിയുമായിരുന്നില്ല. തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും എല്ലാവരോടും സൗഹൃദം പുലര്‍ത്താന്‍ കഴിഞ്ഞ സന്മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. ഈ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത നികത്താനവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഒ.രാജഗോപാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: