മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തനത്തേയും വിമര്‍ശിക്കുന്നത് അടുത്തകാലത്തായി അല്‍പ്പം അധികമായിട്ടില്ലേ എന്ന് തോന്നിപ്പോവുന്നു പൊതുവേദികളിലെ ചില അഭിപ്രായപ്രകടനങ്ങള്‍ കേള്‍ക്കുമ്പോള്‍. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സംബന്ധിക്കാനിടയായ മൂന്ന് പൊതു പരിപാടികളിലും നിശിതമായ വിമര്‍ശനത്തിനും വിചാരണയ്ക്കും മാധ്യമങ്ങള്‍ വിധേയമായി. കോഴിക്കോട്ട് ഒരു സാംസ്ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവേളയില്‍, പ്രശസ്ത നോവലിസ്റ്റ് പി.വത്സല പറഞ്ഞത് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അസഹനീയമായതിനാല്‍ രാവിലെ പത്രം വായിക്കുന്ന പതിവ് അവര്‍ മതിയാക്കിയെന്നാണ്. അതിരാവിലെ അനുഭവപ്പെടുന്ന അസ്വസ്ഥത ഒഴിവാക്കാന്‍ അവര്‍ ഈയിടെയായി പത്രം വായിക്കുന്നത് വൈകുന്നേരങ്ങളില്‍ മാത്രമാണത്രെ. അന്നവിടെ വേദിയിലുണ്ടായിരുന്ന ഏക മാധ്യമപ്രവര്ത്തകന് എന്ന നിലയ്ക്ക് എനിക്ക് പ്രതികരിക്കേണ്ടിവന്നു. കൊച്ചിയില്‍ അടുത്തിടെ, ഒരു മാധ്യമ സെമിനാറില്‍ തന്നെയാണ് പ്രസിദ്ധ പംക്തികാരന് കൂടിയായ എസ്.ഗുരുമൂര്‍ത്തി തന്റെ പ്രസംഗത്തിലുടനീളം പത്രങ്ങളേയും പത്രപ്രവര്‍ത്തനത്തേയും വിമര്‍ശിച്ചത്. അസ്വസ്ഥത സൃഷ്ടിക്കുന്നതില്‍ മാത്രമാണ് ഇന്ത്യയിലെ പത്രങ്ങള്‍ക്ക് താല്‍പ്പര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അവിടെയും വേദി പങ്കിട്ട വ്യക്തിയെന്ന നിലയില്‍ ഗുരുമൂര്‍ത്തിയുടെ വീക്ഷണത്തോട് എനിക്ക് വിയോജിക്കേണ്ടി വന്നു. കൊച്ചിയില്‍ തന്നെ, വീണ്ടും കഴിഞ്ഞയാഴ്ച ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ പത്രങ്ങള്‍ തലങ്ങും വിലങ്ങും വിമര്‍ശിക്കപ്പെടുന്നത് സദസിലിരുന്ന് സഹിക്കേണ്ടി വന്നു. രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ നിരന്തരം മാധ്യമങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ചില സാംസ്ക്കാരിക നായകരുടെ ഈ മാധ്യമ വിരുദ്ധസമരം. മാധ്യമങ്ങളെ പ്രതിക്കൂട്ടില്‍ കയറ്റിനിര്ത്തിക്കൊണ്ടുള്ള നിരീക്ഷണങ്ങള്‍ നീതിപീഠങ്ങളില്‍നിന്നും സമീപകാലത്ത് സാധാരണയാണ്. പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍പോലും മാധ്യമപ്രവര്‍ത്തനത്തിലെ ചില പ്രവണതകള്‍ക്കെതിരെ ഈയിടെ പരസ്യമായി പ്രതികരിച്ചിരുന്നു. വ്യാപകമായ ഈ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍, മാധ്യമങ്ങള്‍ ഒരു ‘വിപ്പിംഗ്ബോയി’ (തല്ലുകൊളളി) ആയിത്തീരാന്‍ അറിഞ്ഞോ അറിയാതെയോ വിധിക്കപ്പെടുകയല്ലേ എന്ന് തോന്നിപ്പോവുന്നു.
വര്‍ധിച്ചുവരുന്ന വിമര്‍ശനത്തിലുള്ള അസഹിഷ്ണുത അല്ല ഈ തോന്നലിന് പിന്നില്‍. വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുമ്പോഴും, വിയോജിക്കാനും വിമര്‍ശിക്കുവാനുമുള്ള എതിര്‍ക്കപ്പെടുന്നവന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അന്ത്യശ്വാസം വരെ പൊരുതുകയെന്നതാണല്ലൊ മാധ്യമത്തിന്റേയും മാധ്യമപ്രവര്ത്തകന്റേയും ധര്‍മം. പക്ഷെ, ആ മൗലികധര്‍മം ഉയര്‍ത്തിപ്പിടിക്കുമ്പോഴും മാധ്യമങ്ങളെ വിമര്‍ശിക്കുന്നവര്‍ പലരും പലതും മറക്കുന്നതും മറച്ചുവയ്ക്കുന്നതും അവഗണിക്കാനാവില്ല. മുഖം വികൃതമാണെന്ന് അറിയുമ്പോള്‍ കണ്ണാടിയോട് കയര്‍ക്കുന്നത് പോലെയാണ് മാധ്യമങ്ങളെ അടച്ചാക്ഷേപിക്കുന്നത്. അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന കാരണത്താല്‍ മാധ്യമങ്ങളില്‍നിന്ന് മുഖംതിരിക്കുന്നത് ആശങ്കാജനകവും അപകടകരവുമാണ്. ഒരുതരം സുഖകരമായ അജ്ഞത (ബ്ലീസ്ഫുള് ഇഗ്നറന്‍സ്) ആണ് അതുമൂലം വ്യക്തിയിലും സമൂഹത്തിലും സംജാതമാവുക. തമസ്സ് ഒരിക്കലും ഒരുകാലത്തും സുഖകരമല്ലല്ലൊ. അസ്വസ്ഥത സൃഷ്ടിക്കുകയെന്നത് മാധ്യമധര്‍മമാണ്.
അനീതിക്കും അഴിമതിക്കും അക്രമത്തിനും എതിരെ പ്രതികരിക്കാനും പ്രക്ഷോഭം കൂട്ടാനും പ്രേരകമാവുന്നത് ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന അസ്വസ്ഥത തന്നെയാണ്. അസ്വസ്ഥതയുളവാക്കുന്നവ മറച്ചുവയ്ക്കുന്നതാണ് അപകടം. അവയുടെ മറ പൊളിച്ചു നീക്കി തുറന്ന് കാട്ടുകയെന്നത് മാധ്യമധര്‍മവും. അപ്പോള്‍ മാത്രമേ മാധ്യമപ്രവര്‍ത്തനം അര്‍ത്ഥവത്തായ ജനാധിപത്യപ്രവര്ത്തനമാവൂ. ആരോഗ്യകരമായ അസ്വസ്ഥതയിലൂടെയേ ആരോഗ്യകരമായ സമൂഹമുണ്ടാവൂ.
അസ്വസ്ഥതയുളവാക്കുന്ന തരത്തില്‍ അപകടമരണങ്ങളും ആത്മഹത്യകളും മറ്റും ഒന്നാം പേജില്‍ ആഘോഷിക്കുന്നതിനെയല്ല ഇവിടെ ന്യായീകരിക്കുന്നത്. അത്തരം പ്രവണതകള്‍ മാധ്യമങ്ങള്‍ സ്വയം നിരുത്സാഹപ്പെടുത്തേണ്ടത് തന്നെ. വിപണിയില്‍ മാധ്യമങ്ങള്‍ പരസ്പ്പരം മത്സരിക്കുമ്പോള്‍, ഒരു പൊതുസമവായത്തിന്റെ അഭാവത്തില്‍ അത് അപ്രായോഗികമാവുന്നുവെന്നതാണ് വാസ്തവം. വിപണിവല്‍ക്കരണത്തിന്റെ വിപത്തുകള്‍ വളരെയേറെയാണ് മാധ്യമരംഗത്ത്. അപചയങ്ങള്‍ മിക്കവയും അക്കാരണത്താലുമാണ്. അതുകൊണ്ട് അവ അനുവദനീയമെന്നോ അവഗണിക്കാമെന്നോ അര്‍ത്ഥമില്ല. ഈ പംക്തിയില്‍ ഇടയ്ക്കിടെ അത്തരം പ്രവണതകള്‍ക്കെതിരെ എഴുതാറുള്ളതുമാണ്.
ഇതിനിടെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന “അത്യന്തം ദൗര്‍ഭാഗ്യകരമായ ഒരു സംഭവ”ത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഒരു കത്ത് കണ്ണില്‍പ്പെട്ടത്. ‘മീറ്റ് ദ പ്രസി’ല്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ത്ഥന അവഗണിച്ച് ചില ചാനല്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ ക്യാമറകള്‍ ‘ഓഫ്’ ചെയ്യാതെ ചിത്രീകരണം തുടരാന്‍ ശ്രമിച്ചതാണ് സംഭവം. സജീവമായ ചോദ്യോത്തരങ്ങള്ക്കുശേഷം ‘മീറ്റ് ദ പ്രസി’ന്റെ സമാപനവേളയില്‍ ഇനി താന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ‘ഓഫ് ദ റെക്കാര്‍ഡ്’ ആണെന്നും അതിനാല്‍ ക്യാമറകള്‍ ദയവായി ‘സ്വിച്ച് ഓഫ്’ ചെയ്യണമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. തുടര്‍ച്ചയായി മൂന്ന് തവണ മുഖ്യമന്ത്രി നടത്തിയ അഭ്യര്‍ത്ഥന മാനിക്കാതെ വന്നപ്പോള്‍, പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പറയാതെ അദ്ദേഹം വേദി വിടുകയാണുണ്ടായതത്രെ. ചില സഹപ്രവര്‍ത്തകരുടെ ഈ പ്രവൃത്തിയെ അപലപിച്ചുകൊണ്ടും അത് പൊതു ചര്‍ച്ചയ്ക്ക് സമര്‍പ്പിച്ചുകൊണ്ടും ഉള്ളതാണ് പ്രസ് ക്ലബ് പ്രസിഡന്റിന്റേയും സെക്രട്ടറിയുടെയും സംയുക്ത കത്ത്. “ഈ പോക്ക് എങ്ങോട്ട്?” എന്നും “എന്തും ആവാമെന്ന ധാരണ നമ്മെ വലിയ തിരിച്ചടികളിലേക്ക് എത്തിക്കുമെന്ന് തിരിച്ചറിയണ്ടേ” എന്നും കത്തില്‍ പ്രസ് ക്ലബ് ഭാരവാഹികള്‍ ചോദിക്കുന്നു. തികച്ചും പ്രസക്തമായ ചോദ്യങ്ങള്‍.
കത്തില്‍ ആരോപിക്കുന്ന “എന്തും ആവാമെന്ന ധാരണ” ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് തീര്‍ച്ചയായും തിരുത്തപ്പെടേണ്ടത് തന്നെ. മാധ്യമസമൂഹത്തിന്റെ പൊതുചുമതലയാണത്. മാധ്യമപ്രവര്‍ത്തനത്തോളം പഴക്കമുള്ളതാണ് ‘ഓഫ് ദ റെക്കോര്‍ഡ്’ രീതി. റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ പാടില്ലാത്തതെന്ന് മാധ്യമ പ്രവര്‍ത്തകനുമായി സംസാരിക്കുന്ന വ്യക്തി കരുതുന്ന കാര്യങ്ങളാണ് ഇങ്ങനെ വെളിപ്പെടുത്തുന്നത്. മാധ്യമപ്രവര്ത്തകനിലുള്ള വിശ്വാസത്തിന്റെ ബലത്തിലാണ് അത്തരം സംഗതികള്‍ പങ്കുവയ്ക്കുന്നത്. ആ വിശ്വാസം നഷ്ടപ്പെടുത്താതെ സൂക്ഷിക്കുകയെന്നത് മാധ്യമപ്രവര്‍ത്തകന്റെ തൊഴില്‍പരമായ താല്‍പ്പര്യത്തിന് അത്യന്താപേക്ഷിതവുമാണ്. തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ലെങ്കിലും തന്റെ തൊഴില്‍ ഫലപ്രദമായി നിര്‍വഹിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹായകമാവുന്നതാണ് ഈ വിശ്വാസ്യത. പില്ക്കാലത്ത്, സ്രോതസ്സ് വെളിപ്പെടുത്താതെ വായനക്കാരനിലെത്തിക്കാവുന്ന വിലപിടിപ്പുള്ള വിവരങ്ങളാവും പലപ്പോഴും ഇങ്ങനെ ‘ഓഫ് ദ റെക്കോര്‍ഡ്’ ആയി മാധ്യമപ്രവര്ത്തകന് ലഭിക്കുന്നത്. പല ‘കഥ’കള്‍ക്കും ഭാവിയില്‍ പശ്ചാത്തലമാവുന്നതും ഇങ്ങനെ പങ്ക് വയ്ക്കുന്ന വിവരങ്ങളാണ്. വാര്‍ത്തപോലെ പ്രധാനമാണ് വാര്‍ത്താസ്രോതസ്സ്. വാര്ത്താസ്രോതസ്സുകളില്ലെങ്കില് വാര്‍ത്തകളില്ല. പരസ്പ്പര വിശ്വാസത്തിന്റെ പുറത്ത് പങ്കുവെയ്ക്കുന്ന ചില വിവരങ്ങള്‍ നൈമിഷികമായ നേട്ടത്തിനായി വാര്‍ത്തയാക്കുന്നതിലൂടെ ഭാവിയിലെ വളരെ വലിയ വാര്‍ത്തകളാണ് നഷ്ടപ്പെടുന്നത്. ഇവിടെ ലക്ഷ്യം മാര്‍ഗത്തെ ധാര്‍മികമായി മാത്രമല്ല യുക്തിപരമായും തൊഴില്‍പരമായും സാധൂകരിക്കുന്നില്ല. പൊന്മുട്ടയിടുന്ന താറാവിനെ കൊന്നുകളയുന്ന പ്രവണതയാണത്. വാര്‍ത്താസ്രോതസിനെ അകറ്റാതെയും അന്യവല്‍ക്കരിക്കാതെയും നോക്കേണ്ടത് മാധ്യമപ്രവര്‍ത്തകന്റെ മൗലിക കടമയാണ്. ഒരു വാര്‍ത്തകൊണ്ട് മാത്രം വാര്‍ത്താ പ്രവര്‍ത്തനം അവസാനിക്കുന്നില്ലല്ലൊ.
എന്നാല്‍ ചിലയവസരങ്ങളിലെങ്കിലും ഇങ്ങനെ ‘ഓഫ് ദ റെക്കാര്‍ഡ്’ ആയി വീണുകിട്ടുന്ന വിവരങ്ങള്‍ വായനക്കാരനുമായി പങ്ക് വയ്ക്കാനാവാതെ വരുന്നത് പത്രപ്രവര്‍ത്തകന്റെ ധര്മവ്യഥ ആവാറുണ്ടെന്നതും വസ്തുതയാണ്. വ്യക്തിപരമായ ഒരനുഭവമാണ് ഇവിടെ ഓര്മ വരുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുകുലുക്കിയ ഹര്‍ഷദ്മേത്തയുടെ തിരിമറികള്‍ അന്വേഷിക്കാനും വിപണി പരിഷ്ക്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും നിയുക്തനായ എം.ജെ.ഫെര്‍വാനി ഒരവസരത്തില്‍ ആ കുംഭകോണത്തെപ്പറ്റി ഞെട്ടിപ്പിക്കുന്ന ചില വസ്തുതകള്‍ എന്നോട് ‘ഓഫ് ദ റെക്കാര്‍ഡ്’ ആയി വെളിപ്പെടുത്തുകയുണ്ടായി. ആര്‍ക്കും ലഭിക്കാത്ത ആ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എന്റെ കൈ തരിച്ചു, തൂലിക തുടിച്ചു. പക്ഷെ ഫെര്‍വാനി എന്നെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെടാനാവാത്ത ഒരു വന്‍ വാര്‍ത്താസ്രോതസ് ആയിരുന്നു. അതുകൊണ്ടുതന്നെ ആ വിവരങ്ങള്‍ ഞാന്‍ രഹസ്യമായി സൂക്ഷിച്ചു.
അന്നത്തെ എന്റെ മഹാനായ പത്രാധിപരും എന്നെ അതിന് പ്രേരിപ്പിച്ചു. പക്ഷെ അധികസമയം എനിക്ക് അനുഭവിക്കേണ്ടിവന്നില്ല ആ ധര്മവ്യഥ. അഭിമുഖം കഴിഞ്ഞ് മുംബൈയില്‍ മടങ്ങിയെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഫെര്‍വാനി അന്ത്യശ്വാസം വലിച്ചു. ആ വസ്തുതകള്‍ വാര്‍ത്തയായി.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: