കൊച്ചി: ലളിതമായ ജീവിതശൈലിയിലൂടെ ഉന്നതമായ ആശയാദര്‍ശങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തിയ വ്യക്തിത്വത്തിനുടമയായിരുന്നു പി.കെ.നാരായണപ്പണിക്കരെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.
കര്‍മനിരതവും നിസ്വാര്‍ത്ഥവുമായ തന്റെ പൊതുജീവിതം രാഷ്ട്രനന്മയ്ക്കും ജനങ്ങളുടെ ഉയര്‍ച്ചയ്ക്കുംവേണ്ടി അദ്ദേഹം സമര്‍പ്പിച്ചു. തന്മൂലം ഏവരുടേയും സൗഹൃദവും ആദരവും പിടിച്ചുപറ്റി. അഭിപ്രായ വ്യത്യാസമുള്ളവരോടും ബന്ധുജനങ്ങളോടും സ്നേഹം പങ്കുവെയ്ക്കുന്നതില്‍ പക്ഷപാതം കാട്ടിയില്ല. എന്നും തുറന്ന മനസ്സും നിഷ്ക്കളങ്ക സമീപനവുമായിരുന്നു ജനകീയ പ്രശ്നങ്ങളോട് ഉണ്ടായിരുന്നത്. പൊതുരംഗത്തെ അദ്ദേഹത്തിന്റെ നിറഞ്ഞ സാന്നിദ്ധ്യം സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തെ സമ്പന്നമാക്കി, കുമ്മനം ചൂണ്ടിക്കാട്ടി.
ഹിന്ദു ഐക്യം ഉണ്ടാകണമെന്ന ആഗ്രഹം അദ്ദേഹം എല്ലാ സന്ദര്‍ഭങ്ങളിലും ഊന്നിപ്പറഞ്ഞിരുന്നു. മന്നത്ത് പത്മനാഭനില്നിന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ സംഘടനാ പാടവവും മികവുറ്റ പ്രവര്‍ത്തനശൈലിയും നാരായണപ്പണിക്കരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: