കൊച്ചി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെതിരെ സംയുക്തട്രേഡ്യൂണിയനുകള് പ്രഖ്യാപിച്ച പണിമുടക്ക് ജില്ലയില്‍ ഏതാണ്ട് പൂര്‍ണമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയങ്ങള്‍ക്കെതിരേയും, തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരേയുമാണ് ഇന്നലെ അഖിലേന്ത്യാ തലത്തില്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ് ഉള്‍പ്പെടെ ചെറുതും വലുതുമായ മുഴുവന്‍ ട്രേഡ്യൂണിയനുകളും സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്കില്‍ കോണ്‍ഗ്രസിന്റെ തൊഴിലാളി വിഭാഗമായ ഐഎന്‍ടിയുസിയും പങ്കെടുത്തു. ഇന്നലെ രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ നടന്ന പണിമുടക്ക് തൊഴില്‍ മേഖലയെ പൂര്‍ണമായും സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധമായി മാറി.
പണിമുടക്ക് ആഹ്വാനത്തെതുടര്‍ന്ന് ജില്ലാ ആസ്ഥാനമായ കളക്ടറേറ്റില്‍ ഹാജര്‍നില 20 ശതമാനത്തില്‍ താഴെയായിരുന്നു. ജീവനക്കാര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മിക്ക സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഓഫീസുകളും, സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. കൊച്ചി ഷിപ്പ്യാര്ഡ്, പോര്‍ട്ട് എന്നി ഭാഗികമായാണ് പ്രവര്‍ത്തിച്ചത്. ഹൈക്കോടതിയുടേയും മറ്റുകോടതികളുടേയും പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചില്ലെങ്കിലും എണ്ണത്തില്‍കുറവ് കേസുകള്‍ മാത്രമാണ് പരിഗണനക്കെടുക്കുവാന് കഴിഞ്ഞത്. പണിമുടക്കിന് സര്‍ക്കാര്‍ ഡയസ് നോണ്‍ ബാധകമാക്കിയിരുന്നെങ്കിലും ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ കൂട്ടത്തോടെ പണിമുടക്കില്‍ പങ്കെടുത്തു.
ബാങ്ക് , പോസ്റ്റ് ഓഫീസുകള്‍, എന്നിവയുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചു. എന്നാല്‍ തീവണ്ടി ഗതാഗതത്തേയും, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തേയും പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ബിഎംഎസിന്റെ നേതൃത്വത്തില്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നും റെയില്‍വേ ജീവനക്കാര്‍ പ്രകടനം നടത്തി.
കെഎസ്ആര്‍ടിസി, സ്വകാര്യബസ്സുകള്‍, ടാക്സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവ നിരത്തിലിറങ്ങിയില്ല. എന്നാല്‍ ചുരുക്കം ചില സ്വകാര്യവാഹനങ്ങള്‍ ഓടി. വാഹനങ്ങള്‍ തടയുകയോ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. ബസ്സ്റ്റാന്റുകളിലും, നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലും ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
ബിഎംഎസ്, എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, യുടിയുസി തുടങ്ങിയ ഒമ്പത് ട്രേഡ്യൂണിയനുകള്‍ കൊച്ചി നഗത്തില്‍ പ്രകടനം നടത്തി. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കീയുഡബ്ല്യുജെ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പത്രപ്രവര്‍ത്തകരും നഗരത്തില്‍ പ്രകടനം നടത്തി.
സംയുക്ത ട്രേഡ്യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനെതുടര്‍ന്ന് പശ്ചിമകൊച്ചിയിലേക്കും, വൈപ്പിനിലേക്കുമുള്ള ബോട്ടുകള്‍ സര്‍വീസ് നടത്തിയില്ല. ബ്രോഡ്വേ ഉള്‍പ്പെടെയുള്ള പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ അടഞ്ഞുകിടന്നു. കൊച്ചിന് കോര്‍പ്പറേഷന്റെ പ്രധാന ഓഫീസും, വിവിധ മേഖലാ ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. പണിമുടക്ക് വിജയകരമാക്കുവാന്‍ സഹകരിച്ച മുഴുവന്‍ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും സംയുക്ത സമരസമിതി എറണാകുളം ജില്ലാ കമ്മറ്റി നന്ദി രേഖപ്പെടുത്തി.
തൃപ്പൂണിത്തുറ: വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന 24 മണിക്കൂര്‍ പൊതുപണിമുടക്ക് തൃപ്പൂണിത്തുറ മേഖലയില്‍ പൂര്‍ണം. വിവിധ തൊഴില്‍ മേഖലകളില്‍ തൊഴിലാളികള്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ദേശീയ പണിമുടക്ക്.
കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്നോണ്‍ പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ പണിമുടക്കിയിട്ടുള്ളത്.
ചില പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ ഏതാനും അദ്ധ്യാപകര്‍ ജോലിക്കെത്തിയതൊഴിച്ചാല് സര്‍ക്കാര്‍ ഓഫീസുകള്‍ മിക്കതും അടഞ്ഞു കിടന്നു.
തിങ്കാളാഴ്ച അര്‍ദ്ധരാത്രിയോടെ വൈക്കം റോഡുവഴിയുള്ള ബസ് ഗതാഗതം നാമമാത്രമായി. ചൊവ്വാഴ്ച രാവിലെ മുതല്‍ കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങിയില്ല. വളരെ ചുരുക്കം ബൈക്കുകളും സ്വകാര്യ കാറുകളും മാത്രം ഇടക്കിടെ കാണാമായിരുന്നു. റോഡുകളും ഏറെ വിജയനമായിരുന്നു.
തൊഴിലാളികള്‍ എത്താതിരുന്നതിനാല്‍ കട കമ്പോളങ്ങള്‍ തുറന്നില്ല. സ്വകാര്യ വ്യവസായസ്ഥാപനങ്ങളും, നിര്‍മാണ മേഖലയും ഏറെകുറെനിശ്ചലമായി.
തൃപ്പൂണിത്തുറ ടൗണ്‍, എരൂര്‍, തിരുവാങ്കുളം, ചോറ്റാനിക്കര, മുളന്തുരുത്തി, പൂത്തോട്ട എന്നിവിടങ്ങളിലെല്ലാം പൊതുപണിമുടക്ക് പൂര്‍ണമായിരുന്നു. ജനങ്ങള്‍ പണിമുടക്കുമായി സഹകരിക്കുന്ന പ്രവണതയാണ് കൂടുതലും കാണാന്‍ കഴിഞ്ഞത്. ഓട്ടോറിക്ഷകള്‍ പോലും നിരത്തിലിറങ്ങാതിരുന്നത് അത്യവശ്യക്കാരായവര്ക്കു ചെറിയ ബുദ്ധിമുട്ടുണ്ടാക്കി. മെഡിക്കല്‍ ഷോപ്പുകളില്‍ ചിലത് തുറന്ന് പ്രവര്‍ത്തിച്ചത് മരുന്നുവാങ്ങാനെത്തിയവര്ക്കും ആശ്വാസമായി.
പൊതു പണിമുടക്കു ദിവസമായിട്ടും കുംഭഭരണി ദിവസമായ ചൊവ്വാഴ്ച ക്ഷേത്രദര്‍ശനത്തിനും തിരക്കേറെയുണ്ടായി.
മൂവാറ്റുപുഴ: സംയുക്ത ട്രേഡ് യൂണിയന് അഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് മൂവാറ്റുപുഴയില്‍ പൂര്‍ണമായിരുന്നു. വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ കമ്പനി സ്ഥാപനങ്ങള്‍ എന്നിവവ പ്രവര്‍ത്തിച്ചില്ല. കെഎസ്ആര്‍ടിസിയും സ്വകാര്യബസ്സുകളും നിരത്തിലിറങ്ങിയില്ല. ഇരു ചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളുമാണ് നിരത്തിലിറങ്ങിയത്. രാവിലെ 11ന് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: