കേരള സമൂഹം ക്രൂരതയുടെ പര്യായമായി മാറുകയാണ്. അത് പ്രതിഫലിക്കുന്നത് കോളേജുകളിലും സ്കൂളുകളിലും നടക്കുന്ന റാഗിംഗ് എന്ന ഭീകരതയില്‍ മാത്രമല്ല, സാമാന്യജനങ്ങളിലും ഈ ക്രൂരതയുടെ അംശം വളരുന്നതിന്റെ പ്രതിഫലനമാണ് സദാചാര പോലീസ് ചമഞ്ഞ് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സഹജീവിയെ തല്ലിക്കൊല്ലുന്നത്. അവിഹിതബന്ധം ആരോപിച്ചാണ് മലബാറില്‍ ഒരാളെ നാട്ടുകാര്‍ വളഞ്ഞുപിടിച്ച് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് കൂട്ടത്തല്ലില്‍ അഭിരമിച്ചത്. ഈയാഴ്ച ടാക്സിഡ്രൈവറായ ഒരു ദളിത് യുവാവിനെ മോഷണക്കുറ്റം ചുമത്തിയാണ് കൊയിലാണ്ടിയില്‍ വളഞ്ഞ് ആക്രമിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. ആത്മാഭിമാനത്തിന് ക്ഷതമേറ്റ, കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന യുവാവ് തൂങ്ങിമരിക്കുകയാണ് ചെയ്തത്. പെരുമ്പാവൂരിലും ബസ്സില്‍ പോക്കറ്റടിച്ചു എന്ന് ആരോപിച്ചാണ് നാട്ടുകാരും ബസ് യാത്രക്കാരും ചേര്‍ന്ന് ഒരാളെ തല്ലിക്കൊന്നത്.
ജനങ്ങള്‍ പ്രതികരിക്കേണ്ടത് അന്യായത്തിനും അനീതിക്കും അഴിമതിക്കും എതിരെയാണ്. അണ്ണാ ഹസാരെയുടെ സമരം ഒട്ടും അക്രമാസക്തമായില്ല. പക്ഷെ കേരളത്തില്‍ ജനങ്ങളുടെ പ്രതികരണം സ്ത്രീകളെ പൊതുസ്ഥലത്ത് ആക്രമിക്കുന്നവര്ക്കെതിരെയോ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതിനെതിരെയോ കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെയോ അല്ല, മറിച്ച് തങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ആരോപണം ഉയര്‍ത്തിയാണ്. ഒരാളെ ഒറ്റക്ക്- ആണായാലും പെണ്ണായാലും- രാത്രിയില്‍ കണ്ടാല്‍ അവര്‍ അവിഹിതത്തിനോ അല്ലെങ്കില്‍ മോഷണത്തിനോ പോകുന്നു എന്ന് ഒരാള്‍ സംശയിച്ച് ആ സംശയം വിളിച്ചുകൂവി സംഘടിതമായി, വ്യക്തികള്‍ ആക്രമിക്കപ്പെടുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുന്നത്. സമൂഹത്തിന് ജാഗ്രത ആവശ്യംതന്നെയാണ്. പ്രത്യേകിച്ച് മോഷണങ്ങളും മാല കവര്‍ന്ന് കൊലപാതകവും മറ്റും വര്‍ധിക്കുന്ന സാഹചര്യത്തില്‍. പക്ഷെ അത് അനീതിയിലേക്കും അക്രമത്തിലേക്കും വളരാതെ, സംശയിക്കുന്ന ആളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയാണ് വേണ്ടത്. നിയമം കയ്യിലെടുക്കുന്നത് ഇന്ന് കേരളത്തില്‍ പലയിടത്തും അരങ്ങേറുന്ന ഒരു പ്രവണതയാണ്. കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടെന്ന് സ്വയം കരുതുന്ന മാടമ്പികള്‍ ഇപ്പോഴും നിയമം കയ്യിലെടുക്കുകയും ആജ്ഞാനുവര്ത്തികളാകാത്തവരെ ആക്രമിക്കുകയും ചെയ്യുന്നു.
മുതിര്‍ന്ന തലമുറ ഇങ്ങനെ ആക്രമണോത്സുകരായി മാറുന്നത് കാണുന്ന യുവതലമുറ, അതനുകരിക്കുന്നെങ്കില് അവരെ എങ്ങനെ കുറ്റം പറയും. ഇന്ന് ഗുണ്ടായിസം ഒരു യോഗ്യതയാണ്- രാഷ്ട്രീയ പ്രവേശനത്തിനുള്ള പാസ് മാത്രമല്ല, രാഷ്ട്രീയ പിന്തുണ നേടാനുള്ള മാര്‍ഗവും കൂടിയാണ്. നേതാവാകാനുള്ള ത്വര ഇന്ന് കൗമാര തലമുറയിലും വളരുമ്പോള്‍ റാഗിംഗ് കോളേജ് തലത്തില്‍നിന്ന് ഹൈസ്കൂള്‍ തലത്തിലേക്ക് എത്തുന്നു. അങ്ങനെ ഇന്ന് റാഗിംഗ് എന്നത് ഒരു അവകാശമായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.
കേരളം ഇങ്ങനെയായിത്തീരുന്നതിന് പല കാരണങ്ങളും സാമൂഹിക, മാനസിക ശാസ്ത്രജ്ഞര്‍ നിരത്തുന്നു. ഇന്ന് കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന നാടാണ് കേരളം എന്ന് കുടുംബ കോടതികളും മനഃശാസ്ത്രജ്ഞരും സ്ഥിരീകരിക്കുന്നു. ഇന്ന് കുടുംബം എന്ന വ്യവസ്ഥിതിയില്‍ ഓരോരുത്തരും ഓരോ ദ്വീപായി മാറുമ്പോള്‍, പരസ്പര ആശയവിനിമയം അപ്രത്യക്ഷമാകുമ്പോള്‍ കുട്ടികളുടെ സ്വഭാവം രൂപീകരിക്കുന്നത് ചുറ്റുപാടുകളാണ്.
കളിക്കുന്ന കുട്ടികളുടെ ആക്രമണ സ്വഭാവം കളിയില്‍ക്കൂടി സഫലമാകുന്ന കാലം ഇന്ന് അപ്രത്യക്ഷമാണ്. ഇന്ന് കുട്ടികള്‍ക്ക് അവരുടെ ഊര്‍ജമോ ഉത്സാഹമോ പ്രകടിപ്പിക്കാന്‍ വേദിയില്ലാതെ, നെറ്റിലും ടിവിയിലും മൊബെയിലിലും സമയം ചെലവാക്കുമ്പോള്‍ അവര്‍ കാണുന്നതും ഉള്‍ക്കൊള്ളുന്നതും മുതിര്‍ന്നവരുടെ സ്വഭാവരീതികളാണ്, പൊതുനിരത്തിലെ അക്രമങ്ങളും രാഷ്ട്രീയ അക്രമങ്ങളും എല്ലാം അവര്‍ക്ക് മോഡല്‍ ആകുകയാണ്. ഇന്ന് സ്വാര്‍ത്ഥത, അവനവനിസം, അസഹിഷ്ണുത എന്നീ മൂല്യച്യുതികള്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുകയാണ് എന്ന് സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോണ്‍ പറയുന്നു. അവര്‍ മുതിര്‍ന്നവരെ അനുകരിക്കുമ്പോള്‍ അവരും മദ്യോപയോഗത്തിലും ലൈംഗികാതിക്രമത്തിലും എത്തിച്ചേരുന്നു. അരാജകത്വത്തിന് അംഗീകാരം നേടിക്കൊടുക്കുന്നത് രാഷ്ട്രീയ നേതാക്കള്‍തന്നെയാണ്.
ഇന്ന് മാധ്യമങ്ങള്‍ പ്രതിരോധത്തിലാണ്. മാധ്യമദൃശ്യങ്ങളാണ് സമൂഹത്തിലെ മൂല്യച്യുതിക്കും സാംസ്കാരിക അപചയത്തിനും കാരണമെന്ന് പറഞ്ഞ ഒരു വീട്ടമ്മ റിയാലിറ്റി ഷോകളില്‍ പിഞ്ചുകുട്ടികളെക്കൊണ്ട് ശൃംഗാരം അഭിനയിപ്പിക്കുന്നത് അക്ഷന്തവ്യമല്ലേ എന്നെന്നോട് ചോദിക്കുകയുണ്ടായി. ടിവിയില്‍ മുഖം കാണിക്കുന്നതില്‍ സായുജ്യം അടയുന്ന അമ്മമാര്‍ തന്നെയാണ് സ്വന്തം കുട്ടികളെ ഈവിധം ശൃംഗാരാഭിനയത്തിലേക്കും കമിതാക്കളുടെ നൃത്തത്തിലേക്കും നയിക്കുന്നത്. അതില്‍ അവര്‍ അഭിമാനം കൊള്ളുമ്പോള്‍ ആ കുട്ടികളുടെ സ്വഭാവത്തില്‍ എന്ത് മാറ്റം വരും എന്നവര്‍ ചിന്തിക്കുന്നില്ല. ഉപഭോഗ സംസ്കാരം കൊടികുത്തി വാഴുന്ന ഇക്കാലത്ത് ഗ്ലാമറിന് വേണ്ടി എന്തു ചെയ്യാനും സമൂഹം തയ്യാറാകുമ്പോള്‍ അത് ആക്രമണത്തില്ക്കൂടിയാണെങ്കിലും ലൈംലൈറ്റ് എന്ന മഞ്ഞ വെളിച്ചത്തോടുള്ള അഭിലാഷം പൂര്‍ത്തീകരിക്കപ്പെടുന്നു. ടിവി സീരിയല്‍-എന്റര്ടെയ്ന്മെന്റുകള്ക്ക് സെന്‍സര്‍ ബോര്‍ഡ് വരേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
ടിവി സീരിയലുകളും റിയാലിറ്റി ഷോകളും തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. കാമ്പസ് അക്രമങ്ങള്‍ തന്നെ കാണിക്കുന്ന ഒരു സീരിയല്‍ അനന്തമായി കാണുന്ന കുട്ടികള്‍ക്ക് അതൊരു പ്രചോദനമായി മാറുന്നു. കുട്ടികളിലെ ദരിദ്ര-സമ്പന്ന രേഖയും കൂടുതല്‍ വലുതാകുമ്പോള്‍, ഒരു വിഭാഗം ബൈക്കും ഐ പാഡും മറ്റുമായി വിലസുമ്പോള്‍ അതിനായി അക്രമത്തിലൂടെ സാമ്പത്തിക ചൂഷണത്തിനും ഇവര്‍ മുതിരുന്നു. കുട്ടികളില്‍ വളര്‍ന്നുവരുന്ന മയക്കുമരുന്നുപഭോഗം പ്രോത്സാഹിപ്പിക്കുന്ന ക്രിമിനലുകളും ഇവരെ മയക്കുമരുന്നിനടിമകളാക്കി മോഷണശ്രമത്തിലും മറ്റും കൂടെക്കൂട്ടുന്ന പ്രവണതയും ഏറുകയാണ്.
കാമ്പസ് രാഷ്ട്രീയവും ആക്രമണോത്സുകത വളര്‍ത്തുന്നു. സംഘടിതശക്തിക്ക് മുന്നില്‍ അസംഘടിതര്‍ ആക്രമിക്കപ്പെടുന്ന കാഴ്ച ധാരാളമാണ്. ഇന്ന് അധ്യാപകര്‍ കുട്ടികള്‍ക്ക് റോള്‍ മോഡലല്ല, അവര്‍ക്ക് നിയന്ത്രണാധികാരവും ഇല്ല. കുട്ടികളുടെ സംഘടിതശക്തിക്ക് മുന്നില്‍ അവരും നിസ്സഹായരാണ്.
ഇന്ന് കേരള സമൂഹത്തില്‍, പുതിയ തലമുറയിലുള്‍പ്പെടെ കോപം ഒരു സ്വാഭാവിക പ്രതികരണമായി മാറിയിരിക്കുകയാണ്. കോപം, മാത്സര്യം, അസഹിഷ്ണുത മുതലായവ വര്‍ധിക്കുമ്പോള്‍ യുവതലമുറ കൊതിക്കുന്നത് നേതൃസ്ഥാനമാണ്, ആജ്ഞാശക്തിയാണ്. അത് ലഭിക്കുന്നത് അക്രമത്തില്ക്കൂടിയാണെന്ന ധാരണ പ്രബലമാണ്. നേതൃസ്ഥാനം ഇന്ന് ഔന്നത്യത്തിന്റെ മാനദണ്ഡമാണ്, മേഖല ഏതായാലും. പരസ്യങ്ങള്‍ പോലും നല്‍കുന്നത് ഈ സന്ദേശമാണ്. ഇതോടൊപ്പമാണ് നീലച്ചിത്രങ്ങളുടെയും സിനിമകളുടെയും സ്വാധീനത്തില്‍ പുരുഷസമൂഹം ലൈംഗികാതിക്രമങ്ങളിലേക്കും ലൈംഗിക വൈകൃതങ്ങളിലേക്കും വഴിമാറുന്നത്. ഉപഭോഗ സംസ്കാരം കൊടികുത്തി വാഴുന്ന കേരളത്തില്‍ ഏറ്റവുമധികം പ്രാധാന്യം നേടിയിരിക്കുന്നത് വ്യാജ ലൈംഗിക ഉത്തേജക മരുന്നുകളും വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുമാണ് എന്നതില്‍നിന്നുതന്നെ ഇവിടത്തെ സാംസ്കാരിക അപച്യുതി വ്യക്തമാണ്.
കേരളം പണ്ട് ആഗോളമാതൃകയായിരുന്നു. ഇന്ന് കേരളം മുന്നിലാകുന്നത് ആഥത്യാപ്രവണതയിലും സ്ത്രീപീഡനങ്ങളിലും ആളോഹരി മദ്യോപയോഗത്തിലും റോഡ് അപകട മരണങ്ങളിലും ഗാര്‍ഹിക പീഡനത്തിലും മറ്റുമാണ് എന്നത് ഖേദകരമായ ഒരവസ്ഥയാണ്. കുട്ടികളെ നേര്‍വഴിക്ക് നയിക്കാനുള്ള ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡ് ഇന്ന് തെരുവുകുട്ടികള്‍ക്ക് വേണ്ടിയാണെന്നാണ് സാമാന്യ ധാരണ.
ഈ പ്രവണതകള്‍ മാറ്റുന്നതിനുള്ള അവബോധം തുടങ്ങേണ്ടത് സ്കൂള്തലത്തില്നിന്നാണ്. അത് കുട്ടികളില്‍ മാത്രം ഒതുങ്ങാതെ അധ്യാപകരിലും വളരേണ്ടതുണ്ട്. ആക്രമണവും വധവും മറ്റും സ്വയം ചെയ്യാമെന്ന സദാചാര പോലീസ് സങ്കല്‍പ്പം നീതിന്യായ വ്യവസ്ഥയെപ്പോലും അട്ടിമറിച്ച് പോലീസ് സംവിധാനത്തെ അപ്രസക്തമാക്കുന്നു.
കേരളം തെളിയിക്കുന്നത് സാക്ഷരത എന്നാല്‍ അറിവോ അവബോധമോ മൂല്യാധിഷ്ഠിത പെരുമാറ്റമോ അല്ല- അക്ഷരം കൂട്ടിവായിക്കാനുള്ള കഴിവ് മാത്രമാണ് എന്നാണ്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: