മൂന്നുവര്‍ഷത്തിനകം കോഴിക്കോട്ട് മോണോറെയില്‍ സംവിധാനം വരികയാണ്. ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ആഹ്ലാദകരമായ ഒരു സംഗതിയാണിത്. തിരക്കേറിയ നഗരജീവിതത്തിന്റെ വിഹ്വലതകളില്പെട്ട് നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് മോണോറെയില്‍ സംവിധാനം നല്കുന്ന ആശ്വാസം ചില്ലറയല്ല. ഇന്ന് അതിവേഗം വളരുന്നനഗരവും പ്രാന്തപ്രദേശങ്ങളും എപ്പോഴും ഗതാഗതത്തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ്. സമയനഷ്ടവും അതിലൂടെ ഉണ്ടാവുന്ന സാമ്പത്തിക നഷ്ടവും ഒരു ഭാഗത്ത്. അസ്വസ്ഥമാകുന്ന മാനസികാവസ്ഥ മറുഭാഗത്ത്. ഇതാണ് ഇപ്പോള്‍ കോഴിക്കോട് മാത്രമല്ല മൊത്തം നഗരങ്ങളുടെയും അവസ്ഥ. വാഹനപ്പെരുപ്പം ക്രമാതീതമായി വര്‍ധിക്കുകയും അതിനൊപ്പം പണ്ടത്തെ റോഡുകള്‍ക്ക് ഒരു മാറ്റവും വരാതിരിക്കുകയും ചെയ്യുമ്പോള്‍ ഗതാഗതക്കുരുക്കില്പെടുകയേ നിവൃത്തിയുള്ളൂ എന്നായിരിക്കുന്നു. അതില്‍ നിന്ന് മോചനം നേടാനുള്ള പല മാര്‍ഗങ്ങള്‍ മുന്നിലുണ്ടെങ്കിലും അതിനൊക്കെ വിഘ്നം വരുത്തുന്ന നൂറുകൂട്ടം കാര്യങ്ങളുമുണ്ട്. ഇത്തരം ഏടാകൂടങ്ങള് അധികമൊന്നും ഇല്ലാത്ത സംവിധാനമാണ് മോണോറെയില്‍ എന്നാണ് അറിയാന്‍ കഴിയുന്നത്. മോണോറെയില്‍ പദ്ധതിയെക്കുറിച്ചുള്ള വിശദമായ രൂപരേഖ ദല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേഷനാണ് തയ്യാറാക്കുന്നത് എന്നത് ഏറെ ആശ്വാസമുള്ള വാര്‍ത്തയാണ്. അസാധ്യമായിട്ടൊന്നുമില്ല എന്ന കാര്യം മനസ്സില്‍ രൂഢമൂലമാക്കി പ്രവൃത്തിപഥത്തില്‍ എത്തിക്കുകയും അതൊക്കെ വിജയപ്രദമാക്കുകയും ചെയ്ത ഇ. ശ്രീധരനാണ് പദ്ധതിയുടെ നെടുംതൂണാവുന്നത്. ഇതുതന്നെയാണ് ജനങ്ങള്‍ക്കുള്ള ഏറ്റവും വലിയ ആശ്വാസവും. കഴിഞ്ഞ ദിവസം കോഴിക്കോട്ടു ചേര്‍ന്ന യോഗത്തിലാണ് മോണോറെയില്‍ പദ്ധതിയെക്കുറിച്ചുള്ള കാര്യങ്ങള്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ഏല്പിക്കാന് തീരുമാനിച്ചത്. പൊതുമരാമത്തുവകുപ്പു മന്ത്രി ഇബ്രാഹിം കുഞ്ഞും കോഴിക്കോട് കളക്ടര്‍ പി.ബി. സലിമും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
ഏതു നല്ല പ്രവൃത്തിയും ഒടുവില്‍ ജനങ്ങള്‍ക്ക് കുരുക്കാവുന്ന സ്ഥിതിവിശേഷമാണിന്നത്തേത്. ഇത് അനുഭവമുള്ളതുകൊണ്ടുതന്നെ ജനങ്ങള്‍ സംശയത്തോടെയാണ് ഏത് പദ്ധതിയേയും കാണുന്നത്. അത് അവരുടെ കുഴപ്പമല്ല. ഏറ്റവും പ്രയോജനപ്രദമായ ഒരു പാലം പണിതിട്ട് ഒരു വ്യാഴവട്ടത്തില്‍ കൂടുതല്‍ കാലമായെങ്കിലും ജനങ്ങള്‍ക്ക് അതുപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. തീരദേശപാതക്ക് അതീവ ഗുണകരമായ കോഴിക്കോട്ടെ കോതിപ്പാലത്തിന് അപ്രോച്ച് റോഡില്ലാത്തതിനാല്‍ നാട്ടുകാര്‍ മുന്‍കൈയെടുത്ത് കോണിവെച്ചിരിക്കുകയാണ്. കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് കോണികയറിമറിഞ്ഞ് പാലത്തിലൂടെ പോകുന്നത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന ഏതു പദ്ധതിയും സംവിധാനവും ഒടുവില്‍ അവര്‍ക്കുതന്നെ വിനയാവുന്നതിന് ഉദാഹരണങ്ങള്‍ ഏറെയാണ്. ഈ പശ്ചാത്തലത്തിലാണ് മോണോറെയില്‍ സംവിധാനത്തിലേക്കും കോഴിക്കോട് പോകുന്നത്. കൊട്ടിഘോഷിക്കപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയശേഷം മറ്റുപദ്ധതികളെപോലെ ഇതും ആവുമോ എന്ന സംശയം സ്വാഭാവികമാണ്. പക്ഷേ, മെട്രോറെയില്‍ കോര്‍പറേഷന്റെ നട്ടെല്ലായിനിന്ന് പദ്ധതി പ്രവൃത്തിപഥത്തിലെത്തിച്ച ഇ. ശ്രീധരനാണ് മോണോ റെയിലിനും ചുക്കാന്‍ പിടിക്കാന്‍ പോകുന്നതെന്ന വാര്‍ത്ത ആവേശത്തോടെയാണ് ജനങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുന്നത്. ശ്രീധരന്റെ മുന്നില്‍ തടസ്സങ്ങളില്ല; സാധ്യതകളേയുള്ളൂ. ഇച്ഛാശക്തിയുടെ ഹിമാലയമാണ് അദ്ദേഹം. അതിനെതിരു നില്ക്കാന് ആര്‍ക്കുമാവില്ല എന്ന തിരിച്ചറിവ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയനേതൃത്വത്തിനും വേണ്ടുവോളമുണ്ട്. അതുകൊണ്ടുതന്നെ ഇടങ്കോലിടാന്‍ ക്ഷുദ്രരാഷ്ട്രീയതാല്പര്യങ്ങളുമായി ആരും മുന്നോട്ടുവരികയുമില്ല.
മൂന്നു മാസത്തിനുള്ളില്‍ ഡിഎംആര്‍സി (ദല്‍ഹി മെട്രോറെയില്‍ കോര്പറേഷന്) മോണോറെയില്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. അക്കാര്യത്തില്‍ യാതൊരു ഉപേക്ഷയും അവരുടെ ഭാഗത്തുനിന്നുണ്ടാവില്ല. റിപ്പോര്‍ട്ട് ലഭിച്ചാലുടനെ പ്രാരംഭപ്രവര്ത്തനങ്ങളാവും. 2015 ജൂണോടെ മോണോറെയിലിന്റെ ആദ്യ ഘട്ടം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പറയുന്നത്. മന്ത്രി ഇബ്രാഹിംകുഞ്ഞാണ് ഇ. ശ്രീധരന്റെ സാന്നിധ്യത്തില്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചെയര്‍മാനായ കമ്പനി ഈ ആവശ്യത്തിനായി ഉടനെ തന്നെ രൂപവത്കരിക്കും. പൂര്‍ണമായും പൊതുമേഖലയിലായിരിക്കും ഇതെന്നാണ് ശ്രീധരന് അറിയിച്ചിരിക്കുന്നത്. പദ്ധതി കാലവിളംബരം കൂടാതെയും തടസ്സങ്ങളില്ലാതെയും നടപ്പാക്കാനാണ് പൊതുമേഖലയില്‍ നിര്‍മിക്കുന്നത്. ശ്രീധരന് തന്നെയാവും ഇതിന് നേതൃത്വം നല്‍കുക. ഉപദേശകനാവാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് മുതല്‍ വിമാനത്താവളംവരെയാണ് മോണോറെയില്‍ പദ്ധതിയെങ്കിലും അദ്യഘട്ടം മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്തവരെയായിരിക്കും. കോളേജില്‍ നിന്ന് തുടങ്ങി മാനാഞ്ചിറ, കല്ലായ്റോഡ് വഴിപോകുന്ന തരത്തിലാണ് പദ്ധതി. മാനാഞ്ചിറനിന്ന് മറ്റൊരു കൈവഴിയായി സിവില്‍ സ്റ്റേഷനിലേക്കും പദ്ധതിയുണ്ട്. ഇത് പ്രാബല്യത്തിലാവുന്നതോടെ നഗരത്തിലെ ഗതാഗതരംഗത്തെ വീര്‍പ്പുമുട്ടലിന് സമാശ്വാസമാവും. ആദ്യഘട്ടത്തിന് ഏതാണ്ട് 1500 കോടി രൂപ വേണ്ടിവരും. ആറ് കിലോമീറ്ററിന് 800 കോടി രൂപയുടെ ചെലവുവരുമെന്നാണ് കരുതുന്നത്. ഗുണമേന്മയേറിയതും കോഴിക്കോടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യവുമായ തരത്തിലാവും പദ്ധതിയെന്ന് ശ്രീധരന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശവും നിശ്ചയദാര്‍ഢ്യവും ഒന്നിച്ചുചേരുന്നതോടെ മലബാറിന്റെ വികസനച്ചിറകുകള്‍ ശക്തമാകും. മാറുന്ന കാലത്തിന്റെ ചാലകശക്തിയായി മോണോറെയില്‍ മാറുകയും ചെയ്യും. ഈ പദ്ധതിയെ എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാനാണ് ഇനി ശ്രമിക്കേണ്ടത്. രാഷ്ട്രീയ – ഉദ്യോഗസ്ഥ കൂട്ടുകെട്ട് സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കേണ്ടിവരും. ജനങ്ങളെ ഒപ്പം കൂട്ടുകയും വേണം. കോഴിക്കോട് കലക്ടറുടെ ഇച്ഛാശക്തിയും ജനങ്ങളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനവും മൂലം മാസങ്ങള്‍ക്കകം ഒരു റോഡ് നിര്‍മിച്ചതിന്റെ അനുഭവം കോഴിക്കോട്ടുകാര്‍ക്കുണ്ട്. അതേ വികാരവും പ്രവര്‍ത്തനവും മോണോറെയില്‍ പദ്ധതിക്കും ഉണ്ടായാല്‍ നിഷ്പ്രയാസം അതും സാധിക്കും.അത്തരമൊരു ശുഭാപ്തി വിശ്വാസം എല്ലാവരുടെ ഉള്ളിലും ഉണ്ടായിട്ടുണ്ട് എന്നത് തര്‍ക്കമറ്റ സംഗതിയത്രേ
കാരുണ്യത്തിന്റെ കൈത്താങ്ങ്
ചൂതാട്ടത്തിന്റെ ചെറിയൊരു രൂപമാണെങ്കില്‍ പോലും ലോട്ടറിക്ക് കാരുണ്യത്തിന്റെ ഒരു കരസ്പര്‍ശം വന്നത് നല്ലൊരു കാര്യമാണ്. കേരള ലോട്ടറിയുടെ ‘കാരുണ്യ’ ടിക്കറ്റിലൂടെ കിട്ടുന്ന ലാഭം ദുര്‍ബലജനതയുടെ ചികിത്സാചെലവുകള്‍ക്കായി നീക്കിവെക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി എ.കെ. ആന്റണി നിര്‍വഹിച്ചു.
അനുദിനം ചികിത്സാചെലവുകള്‍ റോക്കറ്റ് കണക്കെകുതിച്ചുയരുമ്പോള് രോഗം ബാധിച്ച പാവങ്ങള്‍ക്ക് മരണത്തിന് കീഴടങ്ങുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അതിനൊരു മാറ്റം വരുന്നത് നല്ലതായേ കണ്ടുകൂടൂ. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്നു പറയുന്നതു പോലെ ലോട്ടറിയാണെങ്കിലും നല്ലാരു കാര്യത്തിനാണെന്ന് സമാധാനിക്കാം. ഏതായാലും ബിവറേജസ് കോര്‍പറേഷന്റെ അവസ്ഥയല്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: