മൂവാറ്റുപുഴ: നൂറോളം ഹരിജന്‍ കുടുംബങ്ങള്‍ താമസിക്കുന്ന പായിപ്ര പഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡ് പാറ്റായി ഹരിജന്‍ കോളനിക്ക് വെള്ളം നിഷിദ്ധമായിട്ട് മാസങ്ങളായി. മൂന്ന് കുടിവെള്ള പദ്ധതികള്‍ നിലവിലുള്ളപ്പോഴാണ് കോളനി നിവാസികള്‍ക്ക് ഈ ദുര്‍ഗതി. പക്ഷെ വെള്ളം കിട്ടിയാലും ഇല്ലെങ്കിലും മാസംതോറും പി എച്ച് ഡിക്ക് കെട്ടേണ്ട മിനിമം വെള്ളക്കരം ഇവര്‍ കെട്ടുകയും വേണം.
തേരാപ്പാറ ശുദ്ധജല പദ്ധതിയും, ബ്ലോക്ക് പഞ്ചായത്തിന്റെ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ കുഴല്‍ കിണറും, മുഖ്യമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച മുളവൂര്‍ ശുദ്ധജല പദ്ധതിയില്‍ നിലനില്‍ക്കെയാണ് ഹരിജന്കോളനിക്കാര് വെള്ളത്തിനായി നെട്ടോട്ടമോടുന്നത്.
തേരാപ്പാറമലയില് ഒരു ലക്ഷം ലിറ്റര്‍ വെള്ളം പ്രതിദിനം ശേഖരിക്കാവുന്ന സംഭരണിയില്‍നിന്നും ജലം എത്തിയിരുന്ന ഹരിജന്‍ കോളനിയിലേക്കാണ് 2008ല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ കുഴല്‍ കിണര്‍ സ്ഥാപിച്ച് പമ്പ് ഹൗസ് നിര്‍മിച്ച് പൈപ്പ് കണക്ഷനുകള്‍ നല്കി പുതിയ പദ്ധതി നടപ്പിലാക്കിയത്. ഗുണഭോക്തൃ സമിതിയുടെ കീഴില്‍ നടപ്പിലാക്കിയിരുന്ന ഈ പദ്ധതി വൈദ്യുതി കുടിശ്ശിക കൂടിയതോടെ നിര്‍ത്തലാക്കിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി. ഇതിന് വേണ്ടി സ്ഥാപിച്ച പമ്പ് ഹൗസും, ടാങ്കും, കോളനി നീളെ സ്ഥാപിച്ച പൈപ്പുകളും നോക്കുകുത്തികളുമായി.
തൃക്കളത്തൂര്‍ കുളത്തില്‍നിന്നും പമ്പിങ് നടത്തി വെള്ളം സംഭരിച്ച് വിതരണം ചെയ്യുന്ന തേരാപ്പാറ പദ്ധതിയില്‍നിന്നും വാല്‍വ് തുറക്കാത്തതിനാലും പൈപ്പുകള്‍ തകരാറായതിനാലുമാണ് വെള്ളം ലഭിക്കാത്തതെന്ന് പ്രദേശവാസികളെ പറഞ്ഞ് പറ്റിക്കുകയാണ് കഴിഞ്ഞ ഒരു വര്‍ഷമായി വാര്‍ഡ് മെമ്പര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ എന്ന് കോളനി നിവാസികള്‍ പരാതി പറയുന്നു. യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പത്തൊമ്പതാം വാര്‍ഡും കോണ്‍ഗ്രസിന്റേതാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് മൂന്ന് മാസത്തിനകം പരിഹാരം കണ്ടെത്തുമെന്ന് പറഞ്ഞ് വോട്ട് നേടിയ മെമ്പര്‍ ഇപ്പോള്‍ പറയുന്നത് കഴിഞ്ഞ ഡിസംബറില്‍ കമ്മീഷന് ചെയ്ത മുളവൂര്‍ ശുദ്ധജല പദ്ധതിയില്‍നിന്നും പൈപ്പ് കണക്ഷന് നല്‍കാനാണ് തീരുമാനമെന്നാണ്. എന്നാല്‍ മുളവൂര്‍ അശമുന്നൂര് പദ്ധതിയുടെ പമ്പിങ്ങോ വിതരണമൊ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് മാത്രമല്ല ഇവിടെനിന്ന് പാറ്റായി മലവരെ പൈപ്പ് കണക്ഷനിലൂടെ വെള്ളം എത്തിക്കുന്നത് നടപ്പിലാവാന്‍ സാധ്യതയില്ലെന്നും അറിയുന്നു.
പായിപ്ര പഞ്ചായത്തില്‍ നിരവധി കുടിവെള്ള പദ്ധതികള്‍ മാറി മാറി വരുന്ന ഭരണ നേതൃത്വങ്ങള്‍ കൊണ്ടുവരുമെങ്കിലും ഒന്നും കാര്യക്ഷമമല്ലെന്നാണ് പരാതി.
അതിനാല്‍ത്തന്നെയാണ് മൂന്നോളം കുടിവെള്ള പദ്ധതിയുള്ള പാറ്റായി കോളനിക്കാരും വേനല്‍ രൂക്ഷമാവുന്നതിന് മുമ്പ് തന്നെ കുടിവെള്ള വെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടേണ്ടിവരുന്നത്. കുടിവെള്ളത്തിനായി പ്രദേശവാസികളുടെ നിരന്തര പരാതിക്കും അടിയന്തര പരിഹാരം കാണാന്‍ അധികൃതരൊ ജനപ്രതിനിധികളൊ ശ്രമിക്കുന്നില്ലെന്നും പുതിയ പദ്ധതികള്‍ കൊണ്ടുവരാനാണ് ഇവര്‍ക്ക് താല്പര്യമെന്നും ഇവിടുത്തുകാര്‍ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: