നിരായുധരും നിരപരാധികളുമായ രണ്ട് മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ നിയമങ്ങള്‍ ബാധകമായ സമുദ്രമേഖലയില്‍വെച്ച് എന്റികലെക്സി എന്ന കപ്പലില്‍നിന്ന് ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്നതിനെതിരെ ശക്തമായ നിയമനടപടികളെടുക്കേണ്ടവര് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ജനങ്ങളുടെ മനസ്സില്‍ തെളിഞ്ഞത് സുപരിചിതമായ രണ്ട് മുഖങ്ങളാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും ഇറ്റലിക്കാരനും സോണിയാ ഗാന്ധിയുടെ കുടുംബസുഹൃത്തുമായ ഒട്ടാവിയോ ക്വത്റോച്ചിയുടേയും. ബോഫോഴ്സ് കേസില്‍ മുഖ്യ പ്രതിയായ ക്വത്റോച്ചിയെ പി.വി.നരസിംഹറാവുവിന്റെ ഭരണകാലത്ത് കോണ്‍ഗ്രസ് മന്ത്രിയായിരുന്ന മാര്‍ഗരറ്റ് ആല്‍വയുടെ സഹായത്തോടെ ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി മലേഷ്യയിലേക്ക് രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവത്തെക്കാള്‍ അര്‍ജന്റീനയില്‍ ക്വത്റോച്ചി ഇന്റര്‍പോളിന്റെ പിടിയിലായ സംഭവത്തോടാണ് ഇപ്പോള്‍ ഇറ്റാലിയന്‍ നാവികര്‍ പിടിയിലായതിനെ താരതമ്യപ്പെടുത്താവുന്നത്.
ഫെബ്രുവരി 15 നാണ് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. എന്നിട്ടും നാല് ദിവസം കഴിഞ്ഞാണ് കൊലയാളികളെ അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ തയ്യാറായത്. കൊലക്കുപയോഗിച്ച ആയുധം കണ്ടെടുക്കാനും കപ്പല്‍ പരിശോധിക്കാനും സംഭവം നടന്ന പത്താമത്തെ ദിവസമാണ് കേരളാ പോലീസിനെ അനുവദിച്ചത്. ഇതിനും കോടതിയുടെ ഇടപെടല്‍ വേണ്ടിവന്നു. അപ്പോഴും അറസ്റ്റിലായ പ്രതികളെ നിയമാനുസൃതം പോലീസ് ചോദ്യം ചെയ്തില്ല. പകരം വിലകൂടിയ മദ്യവും പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്നുള്ള വിഭവസമൃദ്ധമായ ഭക്ഷണവും വിളമ്പി ഗസ്റ്റ് ഹൗസില്‍ അവര്‍ക്ക് സുഖവാസം അനുവദിക്കുകയായിരുന്നു. ഇന്ത്യന്‍ നിയമവ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ പിടിവാശിക്കുമുന്നില്‍ ഈ രാജ്യത്തെ ഭരണകൂടം കുറ്റകരമായ നിഷ്ക്രിയത്വം പാലിച്ചതാണ് ഇതിനുകാരണം.
സംഭവത്തില്‍ കേസെടുക്കുന്ന കാര്യത്തിലും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിലും അറസ്റ്റ് രേഖപ്പെടുത്തുന്നതിലും കപ്പല്‍ കരയ്ക്കടുപ്പിക്കുന്നതിലും പരിശോധിക്കുന്നതിലും കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുന്നതിലുമൊക്കെ ഗുരുതരമായ അനാസ്ഥയും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാലതാമസവുമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. മരിച്ചവരുടെ ബന്ധുക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികള്‍ പരിഗണനക്കെടുത്തപ്പോഴും കപ്പലില്‍ സംയുക്ത പരിശോധന അനുവദിക്കണമെന്ന് ഇറ്റലി നിര്‍ബന്ധം പിടിച്ചപ്പോഴും സര്‍ക്കാര്‍ അധികൃതരും പോലീസും കോടതിയില്‍ സ്വീകരിച്ച നിലപാടുകള്‍ സോണിയയുടേയും ക്വത്റോച്ചിയുടേയും നാടിനോട് ചായ്വ് പ്രകടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. പിന്നീട് ജനരോഷം ഭയന്ന് പ്രതികള്‍ക്കും കപ്പല്‍ അധികൃതര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായ ഓരോ ഘട്ടത്തിലും മനസ്സില്ലാമനസ്സോടെയാണ് പോലീസ് അത് ചെയ്തത്. ആരുടെയോ വ്യക്തമായ നിര്‍ദ്ദേശാനുസരണമുള്ള അദൃശ്യമായ ഒരു വിലക്ക് ഇക്കാര്യത്തില്‍ പോലീസ് നേരിടുന്നതായാണ് ജനങ്ങള്‍ക്ക് അനുഭവപ്പെട്ടത്.
ബോഫോഴ്സ് കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്നിട്ടും അര്‍ജന്റീനയില്‍ പിടിയിലായ ക്വത്റോച്ചിയെ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യാതെ രക്ഷപ്പെടാന്‍ അനുവദിച്ച ഒന്നാം യുപിഎ സര്‍ക്കാരിന്റെ തന്ത്രമാണ് കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ കാര്യത്തിലും അവര്‍ സഞ്ചരിച്ച കപ്പലിന്റെ കാര്യത്തിലും ഇതുവരെ സ്വീകരിച്ചു കാണുന്നത്. കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന ചില കേന്ദ്രമന്ത്രിമാരുടെയും എഫ്ഐആര്‍ കുറ്റമറ്റതാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും അവകാശവാദങ്ങള്‍ വെറും പുകമറ സൃഷ്ടിക്കലാണ്. സിബിഐയുടെ നിര്‍ദ്ദേശപ്രകാരം അര്‍ജന്റീനയില്‍ ഇന്റര്‍പോളിന്റെ പിടിയിലായ ക്വത്റോച്ചിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനെന്ന വ്യാജേന ഇത്തരം അവകാശവാദങ്ങള്‍ കേന്ദ്രസര്‍ക്കാരും സിബിഐ അധികൃതരും മുഴക്കിയിരുന്നു. അവസാനം വെറും കയ്യോടെ അതീവ സന്തോഷവാന്മാരായാണ് അര്‍ജന്റീനയില്‍നിന്ന് സിബിഐ ഉദ്യോഗസ്ഥര്‍ മടങ്ങി വന്നത്.
ഇന്റര്‍പോള്‍ 1997 ല്‍ പുറപ്പെടുവിച്ച റെഡ്കോര്‍ണര്‍ നോട്ടീസ് പ്രകാരം 2007 ഫെബ്രുവരി ആറിനാണ് അര്‍ജന്റീനയിലെ ഇഗാസു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒട്ടാവിയോ ക്വത്റോച്ചി പിടിയിലാവുന്നത്. ബോഫോഴ്സ് കേസില്‍ പിടികിട്ടാപ്പുള്ളിയായ ക്വത്റോച്ചി എവിടെയുണ്ടെന്ന വിവരം അറിയില്ലെന്നായിരുന്നു കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴൊക്കെ സിബിഐ ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. ഈ സാഹചര്യത്തിലാണ് ക്വത്റോച്ചി പിടിയിലായ വിവരം ഇന്റര്‍പോള്‍ സിബിഐയെ അറിയിച്ചത്. പിടികിട്ടാപ്പുള്ളിയെ രാജ്യത്തെത്തിച്ച് വിചാരണ ചെയ്യാനുളള സുവര്‍ണാവസരമാണ് അതോടെ സിബിഐക്ക് കൈവന്നത്. എന്നാല്‍ അര്‍ജന്റീനയില്‍ ക്വത്റോച്ചി അറസ്റ്റിലായ വിവരം രണ്ടാഴ്ചക്കാലം സിബിഐയും കേന്ദ്രസര്‍ക്കാരും ജനങ്ങളില്‍നിന്ന് മറച്ചുപിടിച്ചു. ഒടുവില്‍ വിദേശമന്ത്രാലയത്തിലെ ഒരു ഡിവിഷനില്‍ നിന്ന് ഇക്കാര്യം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടുകയായിരുന്നു. ഇതോടെ കേന്ദ്രസര്‍ക്കാരിന്റെ കള്ളത്തരം വെളിച്ചത്തായി. എന്നിട്ടും പിടികിട്ടാപ്പുള്ളിയെ രാജ്യത്ത് കൊണ്ടുവരുന്നതിനു പകരം വാര്‍ത്ത ചോര്‍ത്തിയത് ആരെന്ന് കണ്ടുപിടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തിടുക്കം കാട്ടിയത്. മൂന്നാഴ്ച കഴിഞ്ഞ് ഫെബ്രുവരി 23 നാണ് ക്വത്റോച്ചി പിടിയിലായ വിവരം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചത്. അര്‍ജന്റീനയില്‍നിന്ന് ലഭിച്ച സ്പാനിഷ് ഭാഷയിലുള്ള രേഖകള്‍ പരിഭാഷപ്പെടുത്തിയെടുക്കേണ്ടിവന്നതാണ് ഈ കാലതാമസത്തിന് കാരണമെന്ന് കള്ളം പറഞ്ഞ് ക്വത്റോച്ചിക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുകയായിരുന്നു.
ഇറ്റലിയില്‍നിന്ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെത്തിയ ക്വത്റോച്ചി അയല്‍രാജ്യമായ ബ്രസീലില്പ്പോയി തിരിച്ചുവരുമ്പോഴാണ് ഇഗാസു വിമാനത്താവളത്തില്‍വച്ച് പിടിയിലായത്. ഫെബ്രുവരി എട്ടിന് തന്നെ ഇക്കാര്യം ഇന്റര്‍പോള്‍ സിബിഐയെ അറിയിച്ചു. എന്നാല്‍ ക്വത്റോച്ചിയുടെ സ്വിസ്ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കിയത് സംബന്ധിച്ച കേസ് ഫെബ്രുവരി 13 ന് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ ക്വത്റോച്ചിയുടെ അറസ്റ്റിന്ക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ മൗനം പാലിച്ചു. ഇന്ത്യ പ്രശ്നത്തില്‍ ഇടപെടാതിരുന്നതിനെത്തുടര്ന്ന് ഫെബ്രുവരി 26 ന് ക്വത്റോച്ചിക്ക് ജാമ്യം ലഭിച്ചു. ക്വത്റോച്ചിയെ ഇന്ത്യയ്ക്ക് കൈമാറുന്നത് സംബന്ധിച്ച കേസിന്റെ രേഖകള്‍ മാര്‍ച്ച് ഏഴിന് സമര്പ്പിക്കേണ്ടിയിരിക്കെ വെറും നാല് ദിവസംമുമ്പ് മാര്‍ച്ച് രണ്ടിന് രണ്ട് സിബിഐ ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ അര്‍ജന്റീനയിലേക്ക് അയച്ചു. എന്നാല്‍ സിബിഐയുടെ ആവശ്യത്തിന് മതിയായ രേഖകളുടെ പിന്‍ബലമില്ലെന്ന് പറഞ്ഞ് അര്‍ജന്റീനയിലെ കീഴ്ക്കോടതി ക്വത്റോച്ചിയെ വിട്ടയച്ചു. അങ്ങനെ സിബിഐയുടെ നീക്കങ്ങള്‍ ഫലം കണ്ടു.
അര്‍ജന്റീനയില്‍ പിടിയിലായ ക്വത്റോച്ചിക്കുവേണ്ടി ഇറ്റലിയുടെ കോണ്‍സല്‍ ജനറല്‍ കോടതിയില്‍ നേരിട്ട് ഹാജരായി വാദിക്കുകയുണ്ടായി. ഇതിന് സമാനമാണ് ഇന്ത്യയിലെ ഇറ്റാലിയന്‍ എംബസി ഉദ്യോഗസ്ഥരും ഇറ്റലിയുടെ ഉപവിദേശകാര്യമന്ത്രിയും കൊലക്കേസില്‍ പ്രതികളായ നാവികര്‍ക്കുവേണ്ടി ഇവിടെ എത്തിയത്. തങ്ങളുടെ നാവികര്‍ കൊലക്കേസില്‍ പ്രതികളായ സംഭവത്തില്‍ ഇന്ത്യന്‍ നിയമവ്യവസ്ഥ സ്വീകാര്യമല്ലെന്ന് ഇറ്റലി ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കുകയുണ്ടായി. ഈ ധാര്‍ഷ്ട്യത്തെ വലിയൊരളവോളം വകവെച്ചുകൊടുക്കുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പെരുമാറിയത്. പ്രത്യക്ഷത്തില്‍ നിയമം അതിന്റെ വഴിക്കുപോകും എന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും നിയമനടപടികളില്‍ പഴുതുകള്‍ നിരവധിയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റ കപ്പലും അതിലെ ആയുധങ്ങളും പരിശോധിക്കാന്‍ കാലതാമസം വരുത്തിയത് ബോധപൂര്‍വമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കപ്പലിലെ വോയേജ് ഡാറ്റ റെക്കോര്‍ഡറിലെ വിവരങ്ങള്‍ മാഞ്ഞുപോകാന്‍ വേണ്ടിയായിരുന്നു ഇതെന്ന സംശയത്തിന് അടിസ്ഥാനമുണ്ട്. സിസ്റ്റം ആക്ടിവേറ്റ് ചെയ്തില്ലെങ്കില്‍ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ നടന്ന കാര്യങ്ങളേ ഇതിലുണ്ടാവൂ. കപ്പല്‍ പരിശോധിക്കാന്‍ ദിവസങ്ങളെടുത്തതിലൂടെ വോയേജ് ഡാറ്റ റെക്കോര്‍ഡറിലെ കൊലപാതകം നടന്ന സമയത്തെ വിവരങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. കൊലപാതകം നടന്ന സമുദ്രാതിര്‍ത്തി സംബന്ധിച്ച് അവ്യക്തതയും ആശയക്കുഴപ്പവും നിലനിര്‍ത്തുന്നതും ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതപ്പെടുന്നു.
അര്‍ജന്റീനയില്‍നിന്ന് ക്വത്റോച്ചിയെ വിട്ടുകിട്ടാന്‍ നിയമപരമായി സാധ്യമായതെല്ലാം ചെയ്യുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ നടിച്ചിരുന്നത്. എന്നാല്‍ ക്വത്റോച്ചിയെ വിട്ടയച്ച അര്‍ജന്റീനയിലെ കീഴ്ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് സിബിഐ തയ്യാറായില്ല. ഇറ്റാലിയന്‍ നാവികര്‍ കൊലക്കേസ് പ്രതികളായ സംഭവത്തിലും നടക്കുന്നത് ‘നിയമപരമായ’ ഇത്തരം ഒരു കളി തന്നെയാണ്. എന്നിട്ടും ഇറ്റലിക്കാരായ പ്രതികള്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അതിന്റെ ബഹുമതി കോടതികള്‍ക്ക് മാത്രമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: