കൊച്ചി: ടോള്‍പിരിവ് എന്ന ആശയം മലയാളികള്‍ക്ക് ഇതുവരെ അംഗീകരിക്കാനായിട്ടില്ലെന്നു കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്. ടോള്‍പിരിവിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഗേറ്റ്വേ ഹോട്ടലില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും യൂത്ത് വിംഗായ യംഗ് ഇന്ത്യന്‍സും സംയുക്തമായി ബിസിനസ് സംരംഭകര്‍ക്കും വ്യവസായ വിദ്യാര്‍ഥികള്‍ക്കുമായി സംഘടിപ്പിച്ച ഇന്സ്പിരേഷന് സമ്മിറ്റ് 2012 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ടോള്‍ സംവിധാനം വ്യാപകമായുണ്ട്. മികച്ച നിലവാരത്തിലുള്ള റോഡുകളും പാലങ്ങളും നിര്മിക്കണമെങ്കില് വലിയ മുതല്‍മുടക്ക് ആവശ്യമാണ്. ഇതിനു ജനങ്ങളുടെ സഹകരണം കൂടി ഉണ്ടാകണം.
ലോക ടൂറിസത്തില്‍ കേരളത്തിനു വലിയ സ്ഥാനമാണുള്ളത്. എല്ലാ അവസരങ്ങളും ടൂറിസത്തിനു വിനിയോഗിക്കുന്ന രീതിയാണ് കേരളത്തില്‍ കണ്ടുവരുന്നത്. നാട്ടിലെത്തന്നെ എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നവരാണ് കേരളീയര്‍. തെരഞ്ഞെടുപ്പു പ്രചാരണം പോലും ടൂറിസത്തിന്റെ പ്രോത്സാഹനത്തിനായി വിനിയോഗിക്കുന്നു. കേരളത്തിനകത്തും പുറത്തും നിന്നുള്ള ധാരാളം ആളുകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പിറവം മണ്ഡലത്തിലേക്ക് ഒഴുകിയെത്തുന്നത്.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ഭരണ സംവിധാനങ്ങള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യമാണുള്ളത്. ഇത്തരം സ്വാതന്ത്ര്യം ചിലര്‍ ഇടയ്ക്കെങ്കിലും ദുരുപയോഗം ചെയ്യുന്നതായും കണ്ടുവരുന്നുണ്ട്. വ്യവസായ വളര്‍ച്ചാനിരക്കിലും നമ്മള് ഏറെ മുന്നിലാണ്. 6.5 ശതമാനം വളര്‍ച്ചാനിരക്ക് രാജ്യം ലക്ഷ്യംവയ്ക്കുമ്പോള്‍ മറ്റു പല രാജ്യങ്ങളിലും വളര്‍ച്ചാനിരക്ക് 2.5 ശതമാനത്തില്‍ താഴെയാണ്. ചെറിയ രീതിയില്‍ ആരംഭിച്ച സംരംഭങ്ങളാണ് ഇന്ന് ഇന്ത്യയിലെ മിക്ക വ്യവസായ ശൃംഖലകളെന്നും മന്ത്രി പറഞ്ഞു.
കേരള ഹൈസ്പീഡ് റെയില്‍ കോര്പറേഷന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി. ബാലകൃഷ്ണന്, യംഗ് ഇന്ത്യന്‍സ് കൊച്ചി ചാപ്റ്റര്‍ ചെയര്മാന് ബിജു ഫിലിപ്പോസ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രി (സിഐഐ) ചെയര്മാന് ജോസ് ഡോമിനിക്, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ജി. വിജയരാഘവന്, വിവേക് കൃഷ്ണ ഗോവിന്ദ്, നവീന്‍ ഫിലിപ്പ്, പ്രവീണ്‍ ഹഫീസ്, ഷാഫി മേത്തര്‍, സി. ബാലഗോപാല്‍, പാവന് ജി. അഗര്‍വാള്‍, നമ്രത ഖോന സംര, സിനു പി. തോമസ്, ശ്രീകാന്ത് സൂര്യനാരായണന്, ബി. പ്രമോദ് നായര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസ് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: