പിറവത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കാര്‍ഷികമേഖലയ്ക്ക് മുന്‍ഗണന നല്‍കും എന്ന് പറയുമ്പോള്‍ തന്നെ നികത്തിയ പാടശേഖരങ്ങള്‍ കരഭൂമിയായി പ്രഖ്യാപിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രഖ്യാപിച്ചിരിക്കുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം 2008 പ്രകാരം തണ്ടപ്പേര് രജിസ്റ്ററില്‍ പാടമെന്ന് രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ പാടശേഖരമായി നിലനിര്‍ത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ റവന്യൂ വിഭാഗത്തിന്റെ അശ്രദ്ധയും കെടുകാര്യസ്ഥതയും അഴിമതിയും കാരണം കേരളത്തില്‍ നിയമം നിലവില്‍ വന്നതിനുശേഷവും വ്യാപകമായ പാടം നികത്തല്‍ തുടര്‍ന്നുവന്നു. തെരഞ്ഞെടുപ്പു വാഗ്ദാനമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കും എന്നു പറയുക!
പന്ത്രണ്ടാം പദ്ധതിയിലും ബജറ്റിലും കാര്‍ഷികരംഗത്തിന് പ്രാധാന്യം നല്‍കും എന്ന് ധനമന്ത്രി, എന്നാല്‍ സര്‍ക്കാര്‍ കാര്‍ഷിക മേഖല തകര്‍ക്കുവാനുള്ള നിയമത്തില്‍ അയവു നല്കുന്ന നടപടികളുമായി മുന്നോട്ടുപോകുക ജനങ്ങളെ കബളിപ്പിക്കുകയല്ലേ ഇത്. വാഗ്ദാനങ്ങള്‍ക്ക് ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത തെരഞ്ഞെടുപ്പ് രാഷ്ട്രീയം. കേന്ദ്രസര്‍ക്കാര്‍ 2011 ല്‍ ശക്തമായ തണ്ണീര്ത്തടനിയമമാണ് കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ ഇതിന് വിപരീതമായി കേരളം നിയമത്തില്‍ വെള്ളം ചേര്‍ത്ത് നിയമത്തിന്റെ അന്തഃസത്ത നശിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുമെന്ന് നാഴികക്ക് നാല്‍പ്പതുവട്ടം പറയുന്ന സര്‍ക്കാര്‍ പക്ഷെ നെല്‍വയല്‍ നികത്തി കരഭൂമിയാക്കുന്നതിന് കൂട്ടുനില്‍ക്കുകയാണ്. പലഘട്ടങ്ങളായി നികത്തിയ പാടശേഖരങ്ങള്‍ക്ക് നിയമസാധുത നല്‍കാതെ റവന്യൂമന്ത്രിക്ക് ഉറക്കം വരില്ലെന്ന അവസ്ഥയാണ്.
പിഴ ഒടുക്കിയാല്‍ നികത്തിയ ഭൂമി റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന അവസ്ഥ വരുന്നു. സംസ്ഥാനത്ത് പരിസ്ഥിതി തകര്‍ക്കുന്ന രീതിയില്‍ വ്യാപകമായി നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തുന്നതില്‍ ഹൈക്കോടതി ആശങ്കപ്പെടുത്തുമ്പോഴാണ് നികത്തിയ പാടശേഖരങ്ങള്‍ക്ക് നിയമപരിരക്ഷ നല്കുവാനുള്ള നീക്കവുമായി റവന്യൂമന്ത്രി മുന്നോട്ടു പോകുന്നത്. തണ്ണീര്‍ത്തടങ്ങളും പാടശേഖരങ്ങളും നികത്തുമ്പോള്‍ കൃഷി മാത്രമല്ല നശിക്കുന്നത്. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാവുമെന്ന് കോടതി നിരീക്ഷിച്ചു കഴിഞ്ഞു. ഭൂവിനിയോഗ നിയമങ്ങളും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും ഉണ്ടെങ്കിലും വ്യാപകമായി പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കപ്പെടുകയാണ് കേരളത്തില്‍.
നിയമം 2008 ല്‍ നിലവില്‍ വന്നെങ്കിലും റവന്യൂ വകുപ്പ് നെല്‍വയലുകളുടെ ഡാറ്റാബാങ്ക് തയ്യാറാക്കുവാന്‍ മൂന്ന് വര്‍ഷത്തോളമെടുത്തു എന്നതാണ് സത്യം. ഈ കാലയളവില്‍ റിയല്‍ എസ്റ്റേറ്റ് ലോബിക്കായി പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തുവാനുള്ള ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നു ചില ഉദ്യോഗസ്ഥര്‍. നിയമംകൊണ്ടുവന്നത് എല്‍ഡിഎഫ് ആണെങ്കിലും അത് നടപ്പാക്കുവാന്‍ അവര്‍ പരാജയപ്പെട്ടു. ഈ അവസരമാണ് യുഡിഎഫ് മുതലാക്കുവാന്‍ ശ്രമിക്കുന്നത്. ഒരു തീയതി നിശ്ചയിച്ച് അതിനുമുമ്പ് നികത്തപ്പെട്ട ഭൂമിയ്ക്ക് നിയമസാധുത നല്‍കാനുള്ള യുഡിഎഫ് നീക്കം അപലപനീയവും കേരളത്തിലെ ജനങ്ങളെ മടയന്മാരാക്കുന്നതിന് തുല്യമാണ്. നെല്‍വയല്‍-തണ്ണീര്‍ത്തടം നിയമം നടപ്പാക്കുവാന്‍ കാലതാമസം വരുത്തിയതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികളാണ് സ്വീകരിക്കേണ്ടത്. യുഡിഎഫ് സര്‍ക്കാര്‍ ഒരു തീയതി നിശ്ചയിച്ചാല്‍ പാടം നികത്തിയത് ഈ തീയതിക്ക് മുമ്പാണോ ശേഷമാണോ എന്ന് തീരുമാനിക്കുക ഉദ്യോഗസ്ഥരായിരിക്കും. ഇത് വന്‍ അഴിമതിയിലേക്കായിരിക്കും നയിക്കുക. ഒടുവില്‍ കൃഷി നശിക്കുകയും അഴിമതി കൃഷി വളരുകയും ചെയ്യും. നികത്തിയ കൃഷിഭൂമിയ്ക്ക് നിയമസാധുത നല്കാന് സര്‍ക്കാര്‍ ഒരുങ്ങിയാല്‍ കേരളത്തില്‍ പാടശേഖരങ്ങളോ തണ്ണീര്‍ത്തടങ്ങളോ കുന്നുകളോ അവശേഷിക്കില്ലെന്നതാണ് സത്യം.
ദീര്‍ഘവീക്ഷണമില്ലാത്തതും ക്രമതീതവുമായ ഉപയോഗത്തിലൂടെ മണ്ണ് നശിക്കുന്നത് കാലാവസ്ഥയെയും ഭക്ഷ്യ ഉല്‍പ്പാദനത്തേയും ജലലഭ്യതയേയും പ്രതികൂലമായി ബാധിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ യുഎന്‍ഇപിയുടെ 2012 ലെ ഇയര്‍ ബുക്കില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇതൊന്നും കേരളത്തിലെ ഭരണനേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണ്. നെല്‍വയല്‍ നികത്തുവാന്‍ ഒരുവശത്ത് മൗനാനുവാദവും കൃഷി പ്രോത്സാഹിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് രാഷ്ട്രീയവും കളിക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂഷണമല്ല. 1950 ല്‍ സംസ്ഥാന രൂപീകരണസമയത്ത് 25 ലക്ഷം ഏക്കറില്‍ നെല്‍കൃഷി നടത്തിയിരുന്ന കേരളത്തിലെ നെല്‍പ്പാടങ്ങള്‍ 1970 കളില്‍ തന്നെ യഥാര്‍ത്ഥത്തില്‍ കൃഷി ചെയ്യുന്ന സ്ഥലം 18 ലക്ഷം ഏക്കറായി കുറഞ്ഞു. നെല്‍പ്പാടങ്ങള്‍ തരിശിടുന്നതിനെതിരെ 1967ല്‍ നിയമം കൊണ്ടുവന്നതാണ് എന്നാല്‍ പലപല കാരണങ്ങളെക്കൊണ്ടും നിയമം നടപ്പായില്ലെന്നതാണ് വാസ്തവം.
ഒരുകാലത്ത് സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 27 ശതമാനത്തോളം കാര്‍ഷിക മേഖലയില്‍ നിന്നായിരുന്നു. എന്നാല്‍ 2004-05 കാലഘട്ടത്തില്‍ അത് 12 ശതമാനവും തുടര്‍ന്നങ്ങോട്ട് കുറഞ്ഞുകുറഞ്ഞുവരികയുമാണ് ഉണ്ടായത്. 2007 ല്‍ പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ പാടം നികത്താന്‍ അനുവാദം നല്‍കരുതെന്ന് ജില്ലാ കളക്ടര്‍മാര്‍ക്കും ആര്‍ഡിഒ മാര്‍ക്കും സര്‍ക്കാര്‍ ഉത്തരവുപ്രകാരം നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ യാതൊരുവിധ അപേക്ഷയോ അനുമതിയോ ലഭിക്കാതെയാണ് സംസ്ഥാനമൊട്ടുക്ക് റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കായി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയെടുക്കുന്നത്. ജില്ലാ കളക്ടര്‍മാര്‍ പാടം നികത്തലിനെതിരെ നടപടി സ്വീകരിച്ചിരുന്നതിനാലാണ് അല്‍പ്പമെങ്കിലും നികത്തലിന് വേഗത കുറഞ്ഞത്. എന്നാല്‍ റവന്യൂ മന്ത്രിയുടെ പ്രസ്താവനയോടെ സംസ്ഥാനത്തെ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമലംഘനത്തിന് ആക്കംകൂട്ടുമെന്നത് തീര്‍ച്ചയാണ്. നികത്തലിന് നിയമപരിരക്ഷ നല്‍കേണ്ട തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തകൃതിയായി വയല്‍ നികത്തല്‍ നടക്കും.
ലോകം അതിരൂക്ഷമായ വേനല്‍ നേരിടുവാന്‍ പോകുന്നുവെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് റവന്യൂ മന്ത്രിയുടെ വയല്‍ നികത്തലിന് ഉത്തേജക പാക്കേജ്. നെല്‍വയലുകളുടെ ശരാശരി ജലവിതാനം ഒരടിപരന്ന് കണക്കാക്കിയാല്‍ ഒരേക്കര്‍ പാടത്ത് 1200 ഘനമീറ്റര്‍ ജലസംഭരണത്തിന് കഴിയുമെന്ന് അനുമാനിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ നെല്‍വയലുകളുടെ നഷ്ടം പരമ്പരാഗത ജലസ്രോതസ്സുകളുടെ നഷ്ടത്തിലാണെത്തുക. അതുവഴി ഭൂഗര്‍ഭജല റീചാര്ജിംഗിനെയും ഭക്ഷ്യസുരക്ഷയേയും പ്രതികൂലമായി ബാധിക്കും. ഇതുകൂടാതെ വയലുകള്‍ അപ്രത്യക്ഷമാകുമ്പോള്‍ സംസ്ഥാനത്തിനുണ്ടാകുന്ന പ്രധാനപ്രശ്നം പ്രാദേശിക കാലാവസ്ഥാ വ്യതിയാനവും ഔഷധ സസ്യലഭ്യതയും സംസ്ഥാനത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയ പച്ചപ്പ് നഷ്ടവുമാണ്. സത്യത്തില്‍ യുഡിഎഫ് സര്‍ക്കാരിന് കാര്യമായ കാര്‍ഷിക നയവും ജലനയവും ഭക്ഷ്യനയവും ഭൂമി സംരക്ഷണനയവും ഇല്ലെന്നത് വെളിച്ചത്താവുകയാണ് റവന്യൂ മന്ത്രിയുടെ പ്രസ്താവനയിലൂടെ മനസ്സിലാകുന്നത്. വ്യക്തമായ കാര്‍ഷിക നയമുണ്ടായിരുന്നെങ്കില് ഫൈനടച്ച് നികത്തിയ പാടശേഖരം കരഭൂമിയാക്കുന്ന നടപടിയുമായി മുന്നോട്ടുപോകുമായിരുന്നില്ല.
തണ്ണീര്‍ത്തടങ്ങള്‍ പാടശേഖരങ്ങള്‍ എന്നിവ നികത്തണമെങ്കില്‍ ലക്ഷക്കണക്കിന് ടണ്‍ മണ്ണാണാവശ്യം അതുകൊണ്ട് സര്‍ക്കാരിന്റെ ഈ നയവ്യതിയാനം കുന്നുംമലയും ഇടിച്ചില്ലാതാക്കുന്നതിന് വേഗതകൂട്ടും. നെല്‍കൃഷി, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ കൃഷിയെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന്റെ ഭേദഗതി പ്രതികൂലമായി ബാധിക്കും. ജലമാനേജ്മെന്റ് നടത്തി ജലലഭ്യത ഉറപ്പാക്കുവാനുള്ള നടപടി സ്വീകരിക്കാതെ പ്രകൃതിയുടെ സ്വന്തം ജലസ്രോതസ്സുകള്‍ നികത്തി ഇല്ലാക്കുന്നത് കുടിവെള്ളക്ഷാമം രൂക്ഷമാക്കും. നിലവിലുള്ള ജലസ്രോതസ്സുകള്‍ ഇതോടെ സ്വകാര്യവല്‍ക്കരിക്കപ്പെടും. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം സ്വാഭാവിക ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിന് തുല്യമാണ്. ഏതൊരു സര്‍ക്കാരും ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുവാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ നികത്തിയ പാടശേഖരങ്ങള്‍ കരഭൂമിയായി പ്രഖ്യാപിക്കുമ്പോള്‍ നിലവിലുള്ള കാര്‍ഷിക മേഖലയാണ് സംസ്ഥാനത്തിന് നഷ്ടപ്പെടുക. ഇത് ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കും.
നെല്‍വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, ചതപ്പുകള്‍, കാവുകള്‍, പുഴകള്‍, കായലുകള്‍, മറ്റു ജലാശയങ്ങള്‍ മുതലായവ നികത്തുന്നതും കുഴിക്കുന്നതും നശിപ്പിക്കുന്നതും രൂപമാറ്റം വരുത്തുന്നതും കര്‍ശനമായി നിരോധിക്കാതിരിക്കുകയും ലംഘനം കുറ്റകൃത്യമായി കണക്കാക്കാതിരിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഭൂസംരക്ഷണ നിയമത്തിന്റെ അപാകതയാണ്. പാടശേഖരങ്ങള്‍ എന്ന പേര് മാറ്റി കരഭൂമിയാക്കി നല്‍കുന്നത് വരുംതലമുറയോടു ചെയ്യുന്ന അനീതിയാണ്. 2008 ലെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ ആക്ടിലെ ഏറ്റവുംപ്രധാനപ്പെട്ട വ്യവസ്ഥയാണ് നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള വിലക്ക്. ഇതിനാണ് യുഡിഎഫ് സര്‍ക്കാര്‍ ഇളവുനല്കാനുദ്ദേശിക്കുന്നത്. ഈ ആക്ടിന്റെ പീഠികയില്‍ സൂചിപ്പിക്കുന്ന സംസ്ഥാനത്തെ കാര്‍ഷിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, പരിസ്ഥിതിക വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കുക എന്നതാണ് പൊതുതാല്‍പ്പര്യാര്‍ത്ഥം ഈ ആക്ട് കൊണ്ട് വിവക്ഷിക്കുന്നതെന്ന പൊതുതത്വത്തിനാണ് നിയമഭേദഗതിയിലൂടെ മാറ്റം വരിക. അതോടെ നിയമം ഉപയോഗശൂന്യമാകും.
ആക്ടിലെ മറ്റൊരു പ്രധാന വ്യവസ്ഥ സംസ്ഥാനത്തെ നെല്ലുല്പ്പാദനം വര്‍ധിപ്പിക്കുന്നതിന് കര്‍ഷകരെ സഹായിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നതാണ്. നികത്തിയ പാടശേഖരങ്ങള്‍ക്ക് കരഭൂമി പദവി നല്കുമ്പോള് യുഡിഎഫ് സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുന്നതിന് തുല്യമായിരിക്കും. അതുകൊണ്ട് തന്നെ 2008 ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ അയവുവരുത്തിയും പിഴ ഈടാക്കിയും തണ്ടപ്പേരില്‍ ചേര്‍ത്തിട്ടുള്ള കൃഷിഭൂമിയെന്നോ പാടശേഖരമെന്നോ യഥാര്‍ത്ഥത്തില്‍ എഴുതിച്ചേര്ത്തിട്ടുള്ളതിന് മാറ്റം വരുത്തുവാന്‍ നിയമം നിര്‍മിക്കുവാനുള്ള ഉദ്യമത്തില്‍നിന്നും യുഡിഎഫ് സര്‍ക്കാര്‍ പിന്മാറണം. കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ കാര്‍ഷിക രംഗത്തെ പുരോഗതിക്ക് പകരം അധോഗതിയാണ് കേരളത്തിന് സമ്മാനിച്ചത്. അത് കൂടുതല്‍ ആഴത്തിലേക്ക് പോകാതിരിക്കുവാന്‍ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം കര്‍ശനമായി നടപ്പാക്കണം.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: