ആലപ്പുഴ: കയര്‍ മേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് കേന്ദ്രഗ്രാമവികസന മന്ത്രി ജയറാം രമേശ്. തൊഴിലുറപ്പ് തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയിലെ വളരെ പിന്നോക്ക സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് തൊഴിലുറപ്പ് പദ്ധതിയുടെ ചട്ടങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ മുന്നോക്ക സംസ്ഥാനമായ കേരളത്തിന്റെ പല ആവശ്യങ്ങളും ന്യായമാണെങ്കിലും നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് ദിനങ്ങള്‍ 100ല്‍ നിന്നും 200 ദിവസങ്ങളായി വര്‍ധിപ്പിക്കണമെന്ന ആവശ്യവും പരിഗണിക്കാനാവില്ല. 100 ദിനങ്ങള്‍ പണിയെടുത്ത തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ട യുവതിയുവാക്കള്‍ക്ക് എന്ആര്സിഎല്എമ്മില് നിന്നും വിദഗ്ധ പരിശീലനം നല്കാന് കഴിയും.
തൊഴിലുറപ്പ് തൊഴിലാളികളുടെ മക്കള്‍ ഉന്നത വിദ്യാഭ്യാസം നേടണം. കേരളത്തിലെ സാഹചര്യം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ തൊഴിലുറപ്പ് പദ്ധതിയിലെ ചട്ടങ്ങളില്‍ ഇളവ് നല്കുന്ന കാര്യം പരിഗണിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ വെറും നാല് മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കുറഞ്ഞ വേതനത്തിന് 9 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയില്‍ കയര്‍ ജിയോടെക്സ്റ്റെയില്സിന് പ്രാധാന്യം നല്‍കും. ഇത് കയര്‍ മേഖലയ്ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: