നമ്മുടെ നാട്ടില്‍ ദശാബ്ദങ്ങളായി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന ഉത്സവങ്ങള്‍ ധാരാളമായി അരങ്ങേറുന്നുണ്ട്. കൂടുതലും പുതിയ തലമുറകളായ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് നടക്കുന്നത്. ലക്ഷക്കണക്കിന് പുതിയ മരച്ചെടികള്‍ എല്ലാവര്ക്കും വിതരണം നടത്തിവരുന്നുണ്ട്. മത്സരമനോഭാവത്തോടെ പത്രങ്ങളും മറ്റും പാരിസ്ഥിതിക സാമൂഹ്യ സംഘടനകളും ഇതില്‍ ഭാഗഭാക്കുകളാകുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഡയറി വരെ കൊടുത്ത് അവരോട് ചെടികളുടെ വളര്‍ച്ച രേഖപ്പെടുത്തുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചെടികള്‍ കൊണ്ടുപോകുന്നവരില്‍ 70 ശതമാനത്തിനും എന്തു വൃക്ഷച്ചെടിയാണ് കൊണ്ടുപോകുന്നതെന്നുപോലും അറിയില്ല എന്നതാണ് പരമാര്‍ത്ഥം. നമ്മുടെ നാടിന്റെ ആവശ്യത്തിന് ഏതെല്ലാം മരച്ചെടികള്‍ എവിടെയെല്ലാം നടണം.
ഓരോന്നിന്റേയും ഗുണഗണങ്ങള്‍ എന്തെല്ലാം എന്ന വിശദീകരണം ആരും നല്‍കുന്നില്ല. ആരും ആവശ്യപ്പെടുന്നുമില്ല. ഇങ്ങനെ വര്‍ഷങ്ങളായി നല്കിയ മരച്ചെടികളില്‍ എത്ര വളര്‍ന്നു. എത്ര എണ്ണം ഉപയോഗപ്പെടുത്തി എന്നതിന്റെ ആഡിറ്റ് ആരും നോക്കിയിട്ടില്ല. സര്‍ക്കാരിന് എത്രകോടി രൂപ ചെലവായി എന്നും വ്യക്തമല്ല.
സാധാരണ എല്ലാവരും പറയുന്നത് ഒരു വലിയ മരം വെട്ടിമാറ്റിയാല്‍ 10 മരച്ചെടികള്വയ്ക്കാം. അല്ലെങ്കില്‍ വനം നശിപ്പിക്കുന്ന പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ പകരം മരങ്ങള്‍ നട്ട് വനവല്‍ക്കരണം നടത്താം. ഒരു വലിയ ആരോഗ്യമുള്ള മരം ചെയ്യുന്ന സേവനം ഉടനെ നടന്നു. 100 ചെറിയ ചെടികള്‍ എങ്ങനെ ചെയ്യും. ഇത് ആരും ആലോചിക്കുന്നില്ല. ഒരു ചെടി നട്ട് ചുരുങ്ങിയത് 15 വര്‍ഷം കഴിഞ്ഞാലേ മരത്തിന്റെ ഏകദേശം സേവനം ചെയ്യാന്‍ കഴിയുകയുള്ളൂ. ഈ സത്യം ആരും മനസ്സിലാക്കുന്നില്ല. ഇവിടെ വികസനത്തിനുവേണ്ടി മരം വെട്ടണമെങ്കില് വെട്ടിയ മരങ്ങള്‍ക്കു പകരം നില്ക്കുന്നവ വളര്‍ന്ന ശേഷം മാത്രം മതിയെന്ന് തീരുമാനിക്കേണ്ടിവരും. പല ഹൈവേകളും നിര്‍മിക്കാന്‍ ആവശ്യമുള്ളതും ഇല്ലാത്തുമായി പതിനായിരക്കണക്കിന് മരങ്ങള്‍ വെട്ടിയിട്ടുണ്ട്. ഇതുവരെയും ഒരു മരവും ഇതിനുവേണ്ടി നട്ടുവളര്‍ത്തിയതായി അറിവില്ല.
മരങ്ങള്‍ നടുന്നതു തന്നെ വളരെ ആലോചിച്ചു ചെയ്യേണ്ടതാണ്. അത് റോഡിലാണെങ്കില് അതിനു പറ്റിയ തണല്‍മരങ്ങള്‍ തെരഞ്ഞെടുക്കണം. വഴിയരുകില്‍ മാവ്, പ്ലാവ്, പുളി, വേപ്പ്, മഴമരം, ഞാവല്‍, പെല്ട്ടാ ഫാറം, മരോട്ടി തുടങ്ങിയവ നടാം. ഇലയ്ക്ക് വലിപ്പവും ഘടനയുള്ളതും നടാതിരിക്കുന്നത് നല്ലതാണ്. ഇലകള്‍ പൊടിപൊടി ചെറുതായിരിക്കുന്നത് മരം വലുതാകുമ്പോള്‍ വായുമലിനീകരണം തുടങ്ങിയവ ശബ്ദമലിനീകരണം തടയുന്നതിന് സഹായിക്കും.
നടുന്ന ചെടിയ്ക്ക് അനുസൃതമായി കുഴികള്‍ നിര്‍മിക്കണം. ചുരുങ്ങിയത് ഒന്നര അടി ക്യൂബ് ആയിരുന്നാല്‍ നന്നായിരിക്കും. വേരുകള്‍ കീഴോട്ട് ഇറങ്ങുന്നതിന് സൗകര്യം നോക്കണം. നട്ട മരങ്ങള്‍ക്ക് പുറമെ നിന്നും ശല്യമില്ലാതിരിക്കുവാന് ട്രീ ഗാര്‍ഡുകള്‍ വച്ചിരിക്കണം. നടുന്ന മണ്ണില്‍ അല്‍പ്പം ജൈവവളം നല്‍കുന്നത് വളര്‍ച്ചയെ സഹായിക്കും. പിടിപ്പിച്ചെടുത്ത തൈകളാണ് കൂടുതല്‍ നല്ലത്. നട്ടമരങ്ങളെ പിന്നീട് മറന്നുപോകരുത്. അവയെ യഥാര്‍ത്ഥ സമയങ്ങളില്‍ ചുറ്റുമുള്ള വസ്തുക്കളേയും പുല്ലും മാറ്റി മണ്ണ് ഇട്ട് ചെറിയ രീതിയില്‍ വളം നല്കി ഒരു വര്‍ഷംവരെ ശുശ്രൂഷിക്കണം. റോഡരികില്‍ തണല്‍ മരങ്ങള്‍ നടുമ്പോള്‍ തീരെ ചെറിയ നാമ്പുകളേക്കാള് ഒരുവര്‍ഷമെങ്കിലും വലിയ പാക്കറ്റുകളില്‍ നട്ടു വലുതാക്കിയായിരിക്കും നല്ലത്.
വീട്ടുവളപ്പിലും പൊതുസ്ഥലങ്ങളിലും മരച്ചെടികള്‍ നടുന്നതിന് മുമ്പ് സ്ഥലപരിശോധന നന്നായിരിക്കും. മറ്റുമരങ്ങളുടെ ചോലകളില്‍ വെയില് ലഭിക്കാത്ത സ്ഥലത്ത് ചെടികള്‍ നടുന്നത് അഭികാമ്യമല്ല. തുറന്ന സ്ഥലത്ത് ഒന്നരമീറ്റര്‍ അകലത്തില്‍ മരച്ചെടികള്‍ വിവിധ തരത്തിലുള്ളത് നടുന്നത്-ഇടതൂര്‍ന്ന് വനഭംഗി തരുന്നതായിരിക്കും. മരച്ചെടികള്ക്ക് ശുശ്രൂഷ അനിവാര്യമാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍-അവര്‍ക്ക് ലഭിക്കുന്ന ചെറിയ ചെടികള്‍-വീടുകളില്‍ കൊണ്ടുപോയി എവിടെയെങ്കിലും ഇട്ട് ഉണക്കി കളയരുത്. അവയെ സംരക്ഷിച്ചു സമയ സൗകര്യം ഉണ്ടാക്കി വൃത്തിയായി നട്ട് സംരക്ഷിച്ചു അവയുടെ വളര്‍ച്ച പഠിക്കണം.
വൃക്ഷതൈകള്‍ നഴ്സറി സഞ്ചികളിലാക്കി നമുക്ക് എത്തിച്ചു തരുന്നതിന് ഒരു തൈയ്ക്ക് ചുരുങ്ങിയത് 5 മുതല്‍ 10 രൂപവരെ ചെലവ് സര്‍ക്കാരിന് വരുന്നുണ്ട്. വൃക്ഷതൈകള്‍ വെറുതെ കിട്ടുന്നു. എന്തുവേണമെങ്കിലും ചെയ്യാം എന്ന മനോഭാവം കൈവെടിഞ്ഞു അവ വിലയുള്ളതാണ്. നട്ടു സംരക്ഷിച്ച് തലമുറയ്ക്ക് ഗുണം ചെയ്യുമെന്ന ആശയം എല്ലാവരും ഉള്‍ക്കൊള്ളണം.
നാം കാണുന്ന വിവിധയിനം മരങ്ങള്‍ക്ക് ആയുര്‍ദൈര്‍ഘ്യം പലതരത്തിലാണ്. സാധാരണയായി നടുന്ന ഫലവൃക്ഷങ്ങള്‍, തണല്‍ മരങ്ങള്‍, ഘന മരങ്ങള്‍ 50 മുതല്‍ 400 വര്‍ഷങ്ങള്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ വരും ഉദാഹരണത്തിന് മഹാഗണി 400 വര്‍ഷം പഴക്കമുള്ളത് നമ്മുടെ നാട്ടില്‍ കാണാവുന്നതാണ്. അതുപോലെ നമ്മുടെ റോഡ് സൈഡില്‍ കാണുന്ന മുണ്ടിഞ്ചിയ കരിബോറ (കാക്കപ്പഴം-ചെറി) ആറ് വര്‍ഷം മാത്രമേ നില്‍ക്കുന്നുള്ളൂ.
ഒരു വലിയമരം വെട്ടിയശേഷം പത്ത് ചെറിയ ചെടികള്‍ നടാം എന്ന സാധാരണ പറച്ചില് അത്ര ശരിയല്ല. കാരണം ഒരു വലിയ മരം നല്കുന്ന ഓക്സിജന്‍, തണല്‍, ജല സംരക്ഷണം, ആവാസ വ്യവസ്ഥ എന്നിവ ഒന്നിനുപകരം ആയിരം എണ്ണം നട്ടാലും പകരമാവുകയില്ല. അതിനാല്‍ വലിയ മരങ്ങള്‍ ഏതെങ്കിലും നിവര്‍ത്തിയുണ്ടെങ്കില്‍ സംരക്ഷിച്ചു നിര്‍ത്തണം.
ലോകത്ത് എല്ലായിടത്തും മരങ്ങള്‍ നഗരങ്ങളില്‍ ഗ്രീന്‍ ബെല്ട്ടായി നട്ടുവളര്‍ത്തുന്നുണ്ട്. ജനങ്ങളെല്ലാം മരങ്ങളെ സംരക്ഷിക്കുന്നുണ്ട്. സ്നേഹിക്കുന്നുമുണ്ട്. എന്നാല്‍ നമ്മുടെ കേരളത്തില്‍ മാത്രം ഇലക്ട്രിസിറ്റി ബോര്‍ഡ് മരങ്ങളോട് ക്രൂരമായി പെരുമാറുന്നു. ഇന്ത്യയിലെ മറ്റു നഗരങ്ങളില്‍ ഇലക്ട്രിക് ലൈന്‍ പോകുന്ന സ്ഥലത്ത് മരങ്ങള്‍ ഉണ്ടെങ്കില്‍ ആ ഭാഗം സ്ലീവ് കൊടുത്ത് ഇന്‍സുലേറ്റ് ചെയ്ത് മരങ്ങളേയും ഇലക്ട്രിക് ലൈനേയും സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ള കേരളത്തില്‍ ബോര്‍ഡിന്റെ കോണ്‍ട്രാക്ടര്‍മാര്‍ നിര്‍ദ്ദയം തണലും പ്രാണവായുവും നല്കുന്ന മരങ്ങളെ വെട്ടിനശിപ്പിക്കുന്നു. ഇത് ശരിയാണോ, ജനങ്ങളും സര്‍ക്കാരും ആലോചിക്കുക.
റോഡ് വികസനത്തിനും വ്യവസായത്തിനും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനത്തിനുമായി ക്രമാതീതമായി അശാസ്ത്രീയമായി മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നത് നാം കാണുന്നുണ്ടല്ലോ. ഓരോ മരവും വെട്ടുമ്പോള്‍ പകരം മരങ്ങള്‍ വെച്ചുപിടിപ്പിച്ചു വളര്‍ത്തണം എന്ന നിയമം ആരും അന്വേഷിക്കാറില്ല. ചെയ്യാറുമില്ല. എല്ലാവരും വികസനത്തിന്റെ ഒരു വശം മാത്രമേ കാണുന്നുള്ളൂ. ശുദ്ധവായു ശ്വസിക്കുന്നതിനും ജലസംരക്ഷണത്തിനും മലിനീകരണം തടയുന്നതിനും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുമായി നില്ക്കുന്ന മരങ്ങള്‍ നശിപ്പിച്ചു കളയുന്നത് വികസനമല്ല എന്നുകൂടി ജനങ്ങള്‍ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വികസനത്തോടൊപ്പം ജനങ്ങളുടെ ആരോഗ്യം കൂടിയുണ്ട് എന്ന സത്യം മനസ്സിലാക്കുന്ന ഒരു രാഷ്ട്രീയ ഇച്ഛാശക്തി വളരേണ്ടിയിരിക്കുന്നു.
മരങ്ങളുടെ പള്‍പ്പു ഉപയോഗിച്ചാണ് കടലാസ് നിര്‍മിക്കുന്നത്. അതിനാല്‍ കടലാസ്സ് ഉപയോഗിക്കുന്നത് ബുദ്ധിപൂര്‍വം ആയി പ്രകൃതിയെ സ്നേഹിച്ചു ചെയ്യുകയാണെങ്കില്‍ കോടിക്കണക്കിന് മരങ്ങളെ രക്ഷിയ്ക്കാം. ഇതിനുവേണ്ടി കടലാസ്സിന്റെ ധൂര്‍ത്ത് അവസാനിപ്പിക്കുക. രണ്ടുവശവും എഴുതുക. നോട്ടീസുകളില്‍ ഒരുവശം-ഫ്രീ ആണെങ്കില്‍ ആ വശം ഉപയോഗിക്കുക. ഫോട്ടോസ്റ്റാറ്റ് രണ്ടു വശത്തും എടുക്കുക എന്നിവ വിദ്യാര്‍ത്ഥികള്‍ മുതല്‍ വലിയവര്‍വരെ ഒരു ശീലമാക്കണം.
ഇപ്പോള്‍ എഴുതിയതും അച്ചടിച്ചതുമായ എല്ലാ കടലാസുകളേയും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു ഡി ഇങ്ക് ചെയ്ത് പള്പാക്കി വീണ്ടും കടലാസ്സ് നിര്‍മിക്കാം. അതിനാല്‍ വിദ്യാര്‍ത്ഥികളും മറ്റുള്ളവരും ഒരു ചെറിയ തുണ്ടു കടലാസുപോലും കളയരുത്, കത്തിയ്ക്കരുത്, സൂക്ഷിച്ച് വച്ച് വില്‍ക്കാം. ഒരു കിലോ പള്പ്പുണ്ടാക്കുമ്പോള് നമുക്ക് 15 രൂപയുടെ വൈദ്യുതി ലാഭിക്കാം. ഇങ്ങനെ ആയിരക്കണക്കിന് മരങ്ങള്‍ രക്ഷിക്കാം. വായുവിലെ കാര്‍ ബണ്ഡൈയോക്സൈഡ് കുറയ്ക്കാം. ഖരമാലിന്യം കുറയ്ക്കാം. ഇതും വികസനമാണെന്ന് ഓര്‍ക്കുക. സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഈ പ്രവര്‍ത്തനം ഒരു മാതൃകയാക്കി നാടിനെ രക്ഷിക്കാന്‍ അണിചേരുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മരങ്ങളുടെ സംരക്ഷണത്തിന് ഒരു പ്രത്യേക സംവിധാനവും പ്രത്യേക കമ്മറ്റിയും ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. മരങ്ങളുടെ സംരക്ഷണത്തിനുള്ള ബോധവല്‍ക്കരണം അവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപരിസ്ഥിതി സംഘടനകളുമായി ചേര്‍ന്ന് നടത്താം. സ്കൂള്‍ വിദ്യാര്‍ത്ഥികളിലും മരസംരക്ഷണം ഒരു ശീലമാക്കി മാറ്റി നാടിനേയും ഭാവിതലമുറയേയും രക്ഷിക്കുവാന്‍ നാം തയ്യാറായാല്‍ പ്രകൃതി ശോഭനമാകും ഫലം ജനങ്ങള്‍ക്കും.
ഡോ.എസ്.സീതാരാമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: