മുംബൈ: ധനസഹായ പാക്കേജ് തീരുമാനം എങ്ങുമെത്താത്തതിനാല്‍ കിങ്ങ്ഫിഷറിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ പരുങ്ങലിലേക്ക്.
അതിനിടെ, അത്യാവശ്യം സര്‍വ്വീസുകള്‍ മാത്രം നടത്തുന്ന കിങ്ങ്ഫിഷറിന് സഹായം നല്കാന് എസ്ബിഐയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രതിസന്ധിയിലായിരുന്നിട്ടും കമ്പനിക്ക് 1000 കോടിയോളം വായ്പ നല്കാന് എസ്ബിഐ തീരുമാനിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷേ വായ്പ നല്‍കാനായി ബാഹ്യസമ്മര്ദ്ദമുണ്ടായിട്ടില്ലെന്ന് എസ്ബിഐ വ്യക്തമാക്കി.
റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ എസ്ബിഐയുടെ ഓഹരി വിലയും ഇടിഞ്ഞു. ഇതുവഴി കമ്പനിക്ക് രണ്ട് ദിവസങ്ങളിലായി 12,000 കോടിരൂപയാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ചശേഷമാണ് പുതിയ വായ്പ നല്‍കില്ലെന്ന പ്രസ്താവന വന്നത്. എസ്ബിഐയുടെ ഓഹരി വില ഇടിഞ്ഞതോടെ ബാങ്കിലെ ഭൂരിപക്ഷം ഓഹരികളുടെ ഉടമയായ കേന്ദ്രസര്‍ക്കാരിന് നഷ്ടമായത് 7000 കോടിയാണ്.
വിമാനക്കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സര്‍ക്കാര്‍ റവന്യൂവകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായുള്ള വാര്‍ത്ത ധനകാര്യ സെക്രട്ടറി ആര്.എസ്. ഗുജ്റാള്‍ നിഷേധിച്ചു. പാക്കേജ് അനുവദിക്കുന്ന കാര്യം എസ്ബിഐ നയിക്കുന്ന ബാങ്കിങ്ങ് കണ്‍സോര്‍ഷ്യത്തിന്റെ പരിഗണനയിലാണ്. ഇതിനായി എസ്ബിഐയുടെ സബ്സിഡിയറി എസ്ബിഐ ക്യാപ്സ് 2,200 കോടിയുടെ വായ്പാ പാക്കേജ് തയ്യാറാക്കി നല്‍കിയിട്ടുണ്ട്.
കിങ്ങ്ഫിഷറിന് നല്കിയ വായ്പ കിട്ടാക്കടത്തിന്റെ ഗണത്തില്‍ എസ്ബിഐ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം വിജയ് മല്ല്യ ഈട് നല്‍കാത്തതാണ് വായ്പ വൈകാന്‍ കാരണം. പെഴ്സണല്‍ ഗ്യാരന്റിയില്ലാത്ത വായ്പ നല്‍കാനാവില്ലെന്ന് 16 ബാങ്കുകള്‍ അംഗങ്ങളായ കണ്‍സോര്‍ഷ്യം വ്യക്തമാക്കി. ഇതുവരെ 7,057.08 കോടിയാണ് കിങ്ങ്ഫിഷറിന്റെ ബാധ്യത.
വായ്പ നല്‍കുന്നത് സംബന്ധിച്ച് അന്തിമതീരമാനമെടുക്കാന് അടുത്ത ബുധനാഴ്ച യോഗം ചേരുന്നുണ്ട്. അതേസമയം വ്യോമയാന മേഖലയിലെ കിട്ടാക്കടം ആശയങ്കാജനമാണെന്നും എന്നാല്‍ ഇത് പരിഹരിക്കാവുന്ന പ്രശ്നമാണെന്നും റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ കെ.സി. ചക്രവര്‍ത്തിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: