മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു പറഞ്ഞ നേതാവ് മാത്രമാണ് ശരിയെങ്കില്‍ പിന്നെ മതത്തിന്റെ കാര്യത്തില്‍ താല്പര്യമെടുക്കുന്നത് എന്തിന്? ഇടപെടുന്നതെന്തിന്? ചോദ്യം പ്രിയപ്പെട്ട വായനക്കാരോടല്ല, പ്രതിഷേധിക്കുകയും വേണ്ട. മതത്തില്‍ പണ്ഡിതരുണ്ട്, വിവരമുള്ളവരുണ്ട്. മറ്റുള്ളവര്‍ വെറുതെ സമയം കളയണ്ട. ഒരു മതത്തിന്റെ ഉള്ളിലെ കാര്യം ആ മതത്തിലുള്ളവര്‍ മാത്രം നോക്കിയാല്‍ മതിയെന്നും പറഞ്ഞുവെച്ചിട്ടുണ്ട്. ആരാണെന്നല്ലേ? നമ്മുടെ കാന്തപുരം മുസലിയാര്‍ തന്നെ. ഇക്കഥ കേരളത്തിലങ്ങോളമിങ്ങോളം അലയടിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അതിനായി അടുത്തുതന്നെ ഒരു കേരള മഹായാത്രയും ആവിഷ്കരിച്ചിരിക്കുന്നു.
വിശ്വാസികളുടെ ആരാധ്യനായ കാന്തപുരത്തിന്റെ യാത്രയല്ല വിഷയം, അതെന്തോ ആകട്ടെ. സിപിഎം സംസ്ഥാന സെക്രട്ടറി അടുത്തിടെ നടത്തിയ ഒരു പരാമര്‍ശത്തെ കീറിമുറിക്കാന്‍ കാന്തപുരം തയ്യാറായതിന്റെ ഉള്പ്പിരിവിലേക്കാണ് നമുക്കു പോകാനുള്ളത്. പ്രവാചകന്റെ വൈകാരികഭാവം ഉള്‍ക്കൊള്ളുന്ന തിരുകേശം സൂക്ഷിക്കാനും അത് വിശ്വാസികള്‍ക്ക് കണ്ട് ആരാധിക്കാനും ലോകത്തിലേക്ക് വെച്ച് ഏറ്റവും വലിയ ഒരാരാധനാലയം പണിയാന്‍ പോകുന്നു. അതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദീകരണ വിശേഷങ്ങള്‍ വരുംനാളുകളില്‍ കേരള യാത്രാസമയത്ത് കിട്ടും. ഇമ്മാതിരിയൊരു ഏര്‍പ്പാടിന്റെ യുക്തിയെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചെറുതായൊന്ന് തോണ്ടിയത്. അതിന് കണക്കിന് കിട്ടി. രാഷ്ട്രീയക്കാര്‍ അവര്‍ക്ക് നീക്കിവെച്ചിട്ടുള്ള കളത്തില്‍ കയറി കളിച്ചാല്‍ മതിയെന്നാണ് കാന്തപുരത്തിന്റെ അഭിപ്രായം. അദ്ദേഹം കാസര്‍കോട്ട് പറഞ്ഞത് ഇങ്ങനെയാണെന്ന് മാതൃഭൂമി (ഫെബ്രു. 22) എഴുതുന്നു: തിരുകേശം സൂര്യപ്രകാശത്തെപ്പോലെ വ്യക്തമാണ്. ഇക്കാര്യത്തെപ്പറ്റി അഭിപ്രായം പറയാന്‍ മതത്തില്‍പ്പെട്ട പണ്ഡിതന്മാര്ക്കേ അവകാശമുള്ളൂ. തിരുകേശത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ അന്യമതക്കാര്‍ക്ക് അവകാശമില്ല. പാര്‍ട്ടി കോണ്‍ഗ്രസ്സാണ്, പിറവം തെരഞ്ഞെടുപ്പാണ് എന്നൊക്കെപ്പറഞ്ഞ് വേണ്ടാത്ത കാര്യത്തിലേക്ക് പോയാല്‍ കാര്യം പോക്കാണെന്ന് വ്യക്തമാക്കിക്കൊടുക്കുന്നു കാന്തപുരം. നരേന്ദ്രമോദിക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും നേരെ കുരച്ചുചാടി ശീലിച്ചുപോയ വിദ്വാന്മാര്ക്ക് കാന്തപുരം തന്നെ മരുന്ന്. വോട്ട് വേറെ, വേട്ട വേറെ എന്ന് കൃത്യമായി പറഞ്ഞുകൊടുക്കാന്‍ ഇമ്മാതിരിയുള്ളവര് തന്നെ വേണം. ആയതിനാല്‍ ക്രിസ്തുവിനെ സ്നേഹിച്ചുകൊല്ലാനുള്ള ഏര്‍പ്പാട് ഞമ്മടടുത്ത് വിലപ്പോവില്ലാന്ന്. സംസ്ഥാന സെക്രട്ടറിക്ക് കരുത്ത് പകരാന്‍ വി.എസ് എത്തിയാലും ക്ലച്ച് പിടിക്കില്ല എന്നു തന്നെയാണ് അണിയറ വര്‍ത്തമാനം.
മാര്‍ക്സില്‍ നിന്ന് യേശുവിലേക്കായാലും തിരിച്ചായാലും ഒരു കാര്യത്തില്‍ തീര്പ്പുകിട്ടിയാല് ഓകെ. അത് വോട്ടാണ്. നെഞ്ചിടിപ്പോടെ കാത്തുകെട്ടിക്കിടന്ന് ഒടുവില്‍ അമ്പരപ്പിന്റെ വെടിക്കെട്ടാവുന്ന വോട്ട്. ഈ വോട്ടൊന്നുമല്ല മാര്‍ക്സിസ്റ്റുകാരെ യേശുവിലേക്കടുപ്പിച്ചത് എന്നു പറയുന്നു നമ്മുടെ മഹാനായ വിജു വി നായര്‍. ഇ-മെയില്‍ പുലിയെ നാട്ടിലിറക്കി ഭരണകൂടത്തിന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ച ടിയാന് മാധ്യമം ആഴ്ചപ്പതിപ്പില്‍ (ഫെബ്രു. 27) കാച്ചിയ ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ: ആര്‍ക്കാണ് കര്‍ത്താവിന്റെ പേറ്റന്റ്. ക്രിസ്തുവിനെ ക്രിസ്ത്യാനിയില്‍ ഒതുക്കിയതില്‍ അമര്‍ഷംകൊള്ളുന്ന വിജു വി നായര്‍, മാര്‍ക്സിസ്റ്റുകള്‍ക്ക് യേശുവിനെ ദഹിച്ചെങ്കില്‍ അതില്‍ പ്രതിഷേധിക്കുന്നതെന്തിന് എന്നാണ് ചോദ്യം. മാര്‍ക്സിസ്റ്റ് ശരീരഭാഷ അങ്ങനെ തന്നെ ലേഖനത്തിലേക്ക് പറിച്ചുനട്ടിരിക്കുന്നു എന്ന് പറഞ്ഞാല്‍ അധികപ്പറ്റാവില്ല. പിന്നെ ഒരു കാര്യം, ഇത് മുഴുവന്‍ വായിച്ചു കഴിഞ്ഞാല്‍ ടിയാന് എന്ത്, ആര്‍ക്കുവേണ്ടി എഴുതി എന്ന സംശയം ബാക്കിയാവും. പാണ്ഡ്യത്യപ്രകടനത്തിന് മേറ്റ്ന്തൊക്കെ വഴിയുണ്ട് സഹോദരാ എന്നു ചോദിച്ചുപോവും.
വിജുവിന്റെ കസര്ത്തിനേക്കാള് എത്രയോ മെച്ചമുള്ളതാണ് ടി. മുഹമ്മദ് വേളം എഴുതിയ യേശുവും മാര്‍ക്സിസവും തമ്മില്‍ എന്ന ലേഖനം. വിശ്വാസിക്ക് കമ്മ്യൂണിസത്തെ വിലയിരുത്താന്‍ അവകാശമുള്ളതുപോലെത്തന്നെ കമ്മ്യൂണിസ്റ്റുകള്‍ക്ക് മതത്തെ (യേശുവിനെ) വിലയിരുത്താനും അവകാശമുണ്ട്. അതിന് തടയിടുന്നതില്‍ അര്‍ഥമില്ല. അരുവിപ്പുറത്തെ പ്രതിഷ്ഠ നടക്കുമ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ മുറിപ്പത്തലുമായി വന്നവരോട് ഗുരുദേവന് പറഞ്ഞത് ഇവിടെയും പ്രസക്തമാണ് എന്ന് ചുരുക്കം. മുഹമ്മദ് പറയുന്നു: മനുഷ്യവിമോചനമെന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാഷ്ട്രീയ വിഷയമായിരിക്കും. വിമോചന മതധാരകളെ സംബന്ധിച്ചിടത്തോളം അവര്‍ക്കത് മതവിഷയം കൂടിയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പിണറായി വിജയനും യേശുവിന്റെ കാര്യത്തില്‍ ഇടപെടുന്നതിലൂടെ അവര്‍ സമ്മതിക്കുന്നത് മതവും രാഷ്ട്രീയവും അങ്ങനെ വെള്ളം ചോരാത്ത കള്ളികളായി വേര്‍തിരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണെന്നാണ്. വെള്ളം ചോരുന്ന കള്ളികളിലൂടെയേ വോട്ടും ചോരൂ എന്ന് കമ്മ്യൂണിസ്റ്റുകളെ ആരും പഠിപ്പിക്കേണ്ട.
പീഡകവീരന്മാര്‍ എങ്ങനെയാണ് നായാട്ടു നടത്തുക എന്ന് അറിയണമെന്നുണ്ടെങ്കില്‍ കലാകൗമുദി (ഫെബ്രു. 26)യിലെ സൂര്യനെല്ലി പെണ്‍കുട്ടി വീണ്ടും ബലിയാട് വായിക്കുക. അതിനുശേഷം രാമായണം, മഹാഭാരതം, ഭഗവത്ഗീത ഇവയൊക്കെ മനനം ചെയ്ത് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നു ജപിച്ചിരിക്കുക. കെ.എസ്. ദിലീപ്കുമാറിന്റെ റിപ്പോര്‍ട്ടാണ് ബലിയാട് ജീവിതം. കശക്കിയെറിയപ്പെട്ട ജീവിതത്തില്‍ നിന്ന് നിയമത്തിന്റെ കൈത്താങ്ങിലൂടെ (പൂര്‍ണമായും അങ്ങനെയല്ലെന്നറിയുക) അല്പാല്പം ജീവിതത്തിന്റെ പച്ചപ്പിലൂടെ നടക്കാന്‍ തുനിഞ്ഞ അവളെ ഇപ്പോള്‍ വേട്ടനായ്ക്കള്‍ കടിച്ചകീറുകയാണ്.
വാണിജ്യനികുതി ഓഫീസില്‍ പ്യൂണായ പെണ്‍കുട്ടിയെ പണാപഹരണത്തിന്റെ വലയിലാണ് കുടുക്കിയിരിക്കുന്നത്. ആര്‍ക്കൊക്കെയോ കണ്ണിലെ കരടായിരുന്നു അവള്. അതിനാല്‍ തന്നെ എങ്ങനെയും കുടുക്കാന്‍ അവസരം പാര്‍ത്തിരിക്കുകയായിരുന്നു. ഒടുവില്‍ അവരുടെ അജണ്ട നടപ്പാക്കപ്പെട്ടു.
ദിലീപ്കുമാറിന്റെ റിപ്പോര്‍ട്ടിലേക്ക്: പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ശക്തമായിട്ടുണ്ട്. സൂര്യനെല്ലി കേസ് സുപ്രീംകോടതിയുടെ ഹിയറിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയെ തട്ടിപ്പുകാരിയായി വരുത്തിത്തീര്‍ക്കാനുള്ള ശ്രമം കൂടി അറസ്റ്റിന് പിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്. ഉത്തരവാദപ്പെട്ട മേലുദ്യോഗസ്ഥരുള്ളപ്പോള് പെണ്‍കുട്ടി ഒന്നാം പ്രതിയായതിന്റെ ഔചിത്യമാണ് ആസൂത്രിതമായ നീക്കങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്. എന്ത് വിരല്ചൂണ്ടിയിട്ടെന്തുകാര്യം. സ്ത്രീശാക്തീകരണമെന്ന പൊങ്ങച്ചക്കൊട്ടാരമുണ്ടല്ലോ നമുക്ക് ആഹ്ലാദിക്കാന്‍.
പവിത്രമോതിരത്തിന്റെ നാട്ടില്‍നിന്ന് അതേ സംസ്കാരത്തോടെ പുറത്തിറങ്ങുന്ന മാസികയാണ് പവിത്രഭൂമി. പേര് അന്വര്‍ഥമാകുന്ന തരത്തിലാണ് ഇതിലെ വിഭവങ്ങള്‍. ഫെബ്രുവരി ലക്കത്തിന്റെ കവര്‍പേജ് തന്നെ അതിമനോഹരം. മഹാശില്പിയുടെ മനസ്സിലൂടെ… എന്ന ലേഖനത്തെ സൂചിപ്പിച്ചുകൊണ്ട് കാനായി കുഞ്ഞിരാമന്റെ ജീവസ്സുറ്റ ചിത്രം തന്നെ കൊടുത്തിരിക്കുന്നു. ദാമോദരന്‍ വെള്ളോറയാണ് ആ മഹാശില്പ്പിയുടെ കലാഹൃദയത്തിലൂടെ തീര്‍ഥയാത്ര നടത്തുന്നത്. എല്ലാ കലാകാരന്മാരും കലാകാരന്മാരെ വിലയിരുത്തുന്നവരും ശ്രദ്ധിച്ച് ചെവിയോര്‍ക്കേണ്ട ഒരുത്തരമുണ്ട് കാനായിയുടേതായി. കലയുടെ ലഹരി എന്താണ് എന്ന ചോദ്യത്തിന് കാനായിയുടെ മറുപടി: ആത്മീയമായ ലഹരിയാണ് കലയുടെ ലഹരി. കലയുടെ ലഹരി ഇല്ലാത്തവരാണ് മദ്യത്തിന്റെ പിറകേ പോകുന്നത്. കവിതയെഴുതാനും ചിത്രം വരയ്ക്കാനും മദ്യമാവശ്യമില്ല. ആത്മലഹരിയിലൂന്നിയ കലയ്ക്കേ നിലനില്‍പ്പുള്ളൂ. ആ കല പവിത്രഭൂമിയ്ക്ക് എന്നുമുണ്ടാവട്ടെ എന്ന് ആശംസിക്കാതിരിക്കുന്നതെങ്ങനെ?
തൊട്ടുകൂട്ടാന്‍
വീട്ടിലേക്കുവരാത്തവന്
എവിടെയോ ഇരുന്ന്
ജീവിതവും മരണവും
പ്രണയത്തെക്കുറിച്ച് പാടുന്നത് എഴുതി
എടുക്കുകയായിരിക്കും.
-രോഷ്ണി സ്വപ്ന
കവിത: കാണാത്ത ഒരിടത്തെ വീട്
മാതൃകാന്വേഷി മാസിക,
ചെന്നൈ (ഫെബ്രു.)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: