തിരുവനന്തപുരം: പിറവത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചാല്‍ മന്ത്രിയാക്കാമെന്ന് മന്ത്രി ആര്യാടന് മുഹമ്മദിന്റെ പ്രസ്താവന വിവാദമാകുന്നു. ഇത് നഗ്നമായ പ്രീണനമാണെന്നും തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സിപിഎം സെക്രട്ടറി പിണറായി വിജയനും വ്യക്തമാക്കി. പ്രസ്താവനയ്ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുമെന്നും ഇരുവരും പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കരുതലോടെയാണ് ഇതിനോട് പ്രതികരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജയിച്ചാല്‍ മന്ത്രിയാക്കുമെന്നും ടി.എം.ജേക്കബിന്റെ വകുപ്പു തന്നെ നല്‍കുമെന്നുമായിരുന്നു ആര്യാടന് പറഞ്ഞത്.
വോട്ടര്‍മാരെ സ്വാധീനിക്കാനാണ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തത് എന്നാണ് പ്രതിപക്ഷ ആരോപണം. തെരഞ്ഞെടുപ്പു കാലത്ത് ഏതു തരത്തില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും തെരഞ്ഞെടുപ്പു ചട്ടലംഘനമായിട്ടാണ് കണക്കാക്കുന്നത്. സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളും പരിപാടികളും മാറ്റിവയ്ക്കുന്നതും ഇതു കൊണ്ടാണ്. ഈ സാഹചര്യത്തില്‍ ആര്യാടന് മുഹമ്മദിന്റെ പ്രസ്താവന തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനത്തില്‍ വരും.
മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയായതിനാല്‍ ആര്യാടന്റെ പ്രസ്താവന ചട്ടലംഘനമാകില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മാത്രമല്ല അനൂപിനെ വേണമെങ്കില്‍ മന്ത്രിയായി നിയമിച്ചശേഷം തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാമായിരുന്നു. അതുകൊണ്ടു തന്നെ മന്ത്രിയാക്കാം എന്നു പറഞ്ഞതില്‍ തെറ്റില്ല.
തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനവുമല്ല എന്നതാണ് യുഡിഎഫ് നിലപാട്. എന്തായാലും പ്രതിപക്ഷം തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: