പള്ളുരുത്തി: തോപ്പുംപടി കൊച്ചുപള്ളിക്ക് സമീപം കായല്‍ കയ്യേറി അനധികൃതമായി കെട്ടിടം നിര്‍മിച്ചത് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിനെത്തുടര്‍ന്ന് പൊളിച്ചുനീക്കി. കൊച്ചി കായലിലെ പോര്‍ട്ട്ട്രസ്റ്റ് അധീനതയിലുള്ള സ്ഥലത്ത് ഇരുനില കെട്ടിടവും ഫിഷിംഗ് ജെട്ടിയും സ്ഥാപിച്ചുവെന്ന് കാട്ടി സൗദി പൊള്ളയില് വി.ജെ.സി.അന്തപ്പനെതിരെ തോപ്പുംപടി നിയോ കോട്ടേജില്‍ ജോസ് ആന്റണി ലിവേരോ അഡ്വ. പി.കെ.ഇബ്രാഹിം മുഖേന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് ഉത്തരവ്.
വെള്ളിയാഴ്ച പോലീസിന്റെയും സിഐഎസ്എഫിന്റെയും നേതൃത്വത്തില്‍ കൊച്ചിന് പോര്‍ട്ട്ട്രസ്റ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു കയ്യേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചത്. ജെസിബി ഉപയോഗിച്ച് നടത്തിയ പൊളിച്ചുനീക്കല്‍ ആരംഭിച്ചപ്പോള്‍ നൂറുകണക്കിന് ആളുകള്‍ പ്രദേശത്ത് തടിച്ചുകൂടി. ആദ്യം ബോട്ടുജെട്ടിയും പിന്നീട് ഇരുനില കെട്ടിടവും ഇടിച്ച്നികത്തുകയായിരുന്നു.
കൊച്ചി കായല്‍ തീരത്ത് നൂറുകണക്കിന് അനധികൃത കയ്യേറ്റങ്ങളുണ്ടെന്ന് കേസ് വിചാരണ വേളയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പ്രദേശത്തെ സീഫുഡ് കമ്പനികളും ആരാധനാലയങ്ങളും കായല്‍ കയ്യേറി അനധികൃത നിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്. പോര്‍ട്ട്ട്രസ്റ്റ് ഭൂമിയില്‍ അനധികൃത കയ്യേറ്റങ്ങള്‍ നിരവധിയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പോര്‍ട്ട്ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു. ഇത് തുറമുഖ അധികൃതര്‍ പരിശോധിച്ച് വരികയാണ്. കൊച്ചിന് പോര്‍ട്ട് ജനറല്‍ അഡ്മിനിസ്ട്രേഷന് ഡിവിഷന് ഹെഡ് ജയന്തന്, എസ്റ്റേറ്റ് മാനേജര്‍ വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: