കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രികാ സമര്‍പ്പണം ആരംഭിച്ച് മൂന്നാംദിനമായ ഇന്നലെ ആരും പത്രിക സമര്പ്പിക്കാനെത്തിയില്ല. ബിജെപി സ്ഥാനാര്‍ഥി അഡ്വ. കെ.ആര്. രാജഗോപാലും സ്വതന്ത്ര സ്ഥാനാര്‍ഥി പത്മരാജനും മാത്രമാണ് ഇപ്പോള്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. റിട്ടേണിങ് ഓഫീസര്‍ സര്‍വെ ഡപ്യൂട്ടി ഡയറക്ടര്‍ ഇ.ആര്. ശോഭന, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ പാമ്പാക്കുട ബിഡിഒ എം. അരവിന്ദാക്ഷന് നായര്‍ എന്നിവര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച ചെലവ് നിരീക്ഷകന് കെ. വീരഭദ്രറെഢി ഇന്നലെ കളക്ടറേറ്റിലെത്തി ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീതുമായി ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ്. ഷാനവാസ്, റിട്ടേണിങ് ഓഫീസര്‍ ഇ.ആര്. ശോഭന, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എം. അരവിന്ദാക്ഷന് നായര്‍ എന്നിവരുമായും നിരീക്ഷകന് കൂടിക്കാഴ്ച നടത്തി. പിറവം മണ്ഡലത്തിലും വീരഭദ്രറെഡ്ഡി സന്ദര്‍ശനം നടത്തി.
നിരീക്ഷകന്റെ ഓഫീസ് എറണാകുളം ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച പരാതികള്‍ 0484 2350040 എന്ന നമ്പറില്‍ നല്കാന് കഴിയും. പെരുമാറ്റച്ചട്ടലംഘനം പരിശോധിക്കുന്നതിനുള്ള ചുമതല അസിസ്റ്റന്റ് കളക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്വീര്ചന്ദിനാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കേന്ദ്ര നിരീക്ഷകന് രണ്ടു ദിവസത്തിനകം എത്തും.
തെരഞ്ഞെടുപ്പ് ചെലവ്, പെരുമാറ്റച്ചട്ട ലംഘനം എന്നിവ സംബന്ധിച്ച സര്‍വെയ്ലന്‍സ് സ്ക്വാഡുകള്‍ പിറവത്തെ വാട്ടര്‍ അതോറിറ്റി ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഇവര്‍ക്കാവശ്യമായ വാഹനങ്ങള്‍, കമ്പ്യൂട്ടര്‍ – വാര്‍ത്താവിനിമയ സംവിധാനം തുടങ്ങിയവയും ഏര്‍പ്പെടുത്തി. ചട്ടലംഘനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാലുടന്‍ സ്ഥലത്തെത്തി വിവരശേഖരണം നടത്തുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും സ്ക്വാഡുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ്. ഷാനവാസ് പറഞ്ഞു.
പിറവം മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ഹിയറിങ് ഇന്ന് പൂര്‍ത്തിയാകും. 29ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: