കൊച്ചി: പാലക്കാട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലുമായി സഹകരിച്ച് കേരള ലളിതകലാ അക്കാദമി ഒരു കരിങ്കല്‍ ശില്പകലാ ക്യാമ്പ് നാളെ മുതല്‍ മാര്‍ച്ച് 11 വരെ പാലക്കാട് കോട്ടമൈതാനിയിലെ ഡിടിപിസി ഓഫീസ് പരിസരത്ത് ഒരുക്കുന്നു. ക്യാമ്പില്‍ സൃഷ്ടിക്കപ്പെടുന്ന ശില്പങ്ങള് ഡിടിപിസി ഓഫീസിന് സമീപത്ത് നിര്‍മിക്കപ്പെടുന്ന പാര്‍ക്കില്‍ സ്ഥാപിക്കും. ഇത്തരത്തില്‍ ഒരു കരിങ്കല്‍ ശില്പകലാ പാര്‍ക്ക് ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നിര്‍മിക്കപ്പെടുന്നത്. ഈ ‘റോക്ക് സ്റ്റാര്‍ പാര്‍ക്ക്’ മാര്‍ച്ച് 25 ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് അക്കാദമി ചെയര്മാന് കെ.എ. ഫ്രാന്‍സിസും സെക്രട്ടറി ശ്രീമൂലനഗരം മോഹനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചരിത്രാതീതകാലം മുതല്ക്കേ കരിങ്കല്ല് ഭാരതീയ കലാകാരന്മാര്ക്ക് ഏറെ പ്രിയങ്കരമായ ഒരു മാധ്യമമായിരുന്നു. ഭാരതത്തിലെ ഏകശിലാ ക്ഷേത്രങ്ങളും ഗുപ്ത-ജൈന കാലഘട്ടങ്ങളിലെ വിഹാരങ്ങളും ക്ഷേത്രങ്ങളും ഇതിന് ദൃഷ്ടാന്തമാണ്. കലാചരിത്രം പരിശോധിക്കുമ്പോള്‍ ശില്പനിര്മാണ രീതിയില്‍ അനുക്രമമായ മാറ്റങ്ങള്‍ ദര്‍ശിക്കാം. സാഞ്ചി ശില്പം (സ്തൂപം), ശ്രാവണബലഗോളയിലെ ശില്പം എന്നിവ കലാചരിത്രത്തിലെ വിസ്മയങ്ങളാണ്. അക്കാലത്ത് ലിഖിതങ്ങള്‍ പോലും ശിലയില്‍ കൊത്തിവെക്കപ്പെടുകയാണുണ്ടായത്. ഇന്ത്യയുടെ ചിഹ്നമായ അശോകസ്തംഭം പോലും ശിലയിലാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ആധുനിക കാലഘട്ടത്തില്‍ ഭാരതീയ ശില്പികള്ക്ക് മാധ്യമങ്ങള്‍ വിവിധങ്ങളായി. വളരെ ഉറപ്പുള്ളതും നിലനില്ക്കുന്നതുമായ കരിങ്കല്ല് പുതുയുഗത്തില്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ ഏറെ പരീക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കരിങ്കല്ല് പ്രധാന മാധ്യമമാക്കി ശില്പങ്ങള് സൃഷ്ടിക്കുന്ന ചുരുക്കം ചില കലാകാരന്മാര് ഇന്ത്യയില്‍ ഇന്നുണ്ട്. കാലപഴക്കത്തിനനുസരിച്ച് കരിങ്കല്‍ ശില്പത്തിന് മിഴിവേകുന്നു എന്നത് ഒരു പ്രത്യേകതയാണ്.
സമകാലീന ഭാരതീയ ശില്പികളില് ശ്രദ്ധേയരായവരാണ് ഈ ശില്പകലാ ക്യാമ്പില്‍ പങ്കെടുക്കുന്നത്. കരിങ്കല്ല് പ്രധാന മാധ്യമമായി ഉപയോഗിക്കുന്ന അന്താരാഷ്ട്ര പ്രശസ്തനായ ശില്പി വി.കെ. രാജനാണ് ക്യാമ്പ് ഡയറക്ടര്‍. എം.കെ. വഞ്ചാരി, രാജശേഖരന്‍നായര്‍, രഘുനാഥന്, കെ.എം.ജെ. ഈനാസ്, ഭൂപേഷ് കവാഡിയ, റോബിന് ഡേവിഡ്, അനില ജേക്കബ് എന്നീ ശില്പികളാണ് ക്യാമ്പില്‍ ശില്പങ്ങള് നിര്‍മിക്കുന്നത്.
ക്യാമ്പിന്റെ ഉദ്ഘാടനം പാലക്കാട് കോട്ട മൈതാനം ഡിടിപിസി ഓഫീസ് അങ്കണത്തില്‍ മേതില്‍ ദേവിക നിര്‍വഹിക്കും. ചെയര്മാന് കെ.എ. ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഷാഫി പറമ്പില്‍ എംഎല്‍എ, നഗരസഭാ ചെയര്മാന് അബ്ദുള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍, ശ്രീമൂലനഗരം മോഹന്‍, പി. മധു എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: