കൊച്ചി: സംസ്ഥാനത്തെ പ്രമുഖ വാണിജ്യ വ്യവസായ മണ്ഡലമായ കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി എറണാകുളം മറൈന്‍ഡ്രൈവില്‍ നിര്‍മിക്കുന്ന കേരള ട്രേഡ് സെന്റര്‍ ഈ വര്‍ഷം പ്രവര്‍ത്തനസജ്ജമാകുമെന്ന് ചേംബര്‍ ചെയര്മാന് കെ.എന്‍. മര്‍സൂഖ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചേംബറിന്റെ പുതിയ ചെയര്‍മാനായി ചുമതലയേറ്റ ശേഷം ആദ്യത്തെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.എന്‍. മര്‍സൂഖ്.
ലോകനഗരങ്ങളിലെ ട്രേഡ് സെന്ററുകള്‍ക്കൊപ്പം നില്ക്കുന്ന സൗകര്യങ്ങളോടെയാണ് മറൈന്‍ഡ്രൈവിലെ കേരള ട്രേഡ് സെന്റര്‍ ഒരുങ്ങുന്നത്. കേരള ചേംബറിന്റെ സുവര്‍ണജൂബിലി സ്മാരകമായി 2000ല്‍ വിഭാവനം ചെയ്ത ട്രേഡ് സെന്ററിന്റെ നിര്‍മാണം 2006ലാണ് ആരംഭിച്ചത്. 100 കോടി രൂപയിലേറെ ചെലവില്‍ നിര്‍മിക്കുന്ന ട്രേഡ് സെന്ററിന് 1.25 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീര്‍ണം.
തുറമുഖ നഗരമായ കൊച്ചിയില്‍ കയറ്റുമതി കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളെ ഏകോപിപ്പിക്കുന്ന സമുച്ചയമായാണ് കേരള ട്രേഡ് സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന ട്രേഡ് സെന്ററില്‍ വിദേശ നയതന്ത്ര സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിക്കാന്‍ താല്പര്യം അറിയിച്ചിട്ടുണ്ടെന്ന് മര്‍സൂഖ് പറഞ്ഞു. ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് സെന്റര്‍, ട്രേഡ് ഇന്‍ഫര്‍മേഷന്‍ ആന്റ് റിസോഴ്സ് സെന്റര്‍, ഷോപ്പിങ് ആര്‍ക്കേഡ്, അത്യാധുനിക ബിസിനസ് സെന്റര്‍, പ്രദര്‍ശന കേന്ദ്രം, ടെസ്റ്റിങ് ലാബറട്ടറി, ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്റര്‍ തുടങ്ങിയവ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ സംഗമിക്കുന്ന ഇത്തരമൊരു സംരംഭം കേരളത്തില്‍ ആദ്യത്തേതാണ്.
വാളയാറിന് പിന്നാലെ അമരവിള (തിരുവനന്തപുരം), വഴിക്കടവ് (നിലമ്പൂര്‍), മുത്തങ്ങ (വയനാട്) എന്നിവിടങ്ങളിലും ചേംബറിന്റെ ഹെല്‍പ്പ് സെന്ററുകള്‍ അടുത്ത മാസത്തോടെ നിലവില്‍ വരും. ചെക്ക് പോസ്റ്റുകളിലെ പരിശോധനകള്‍ നീണ്ടുപോകുന്നതും ചരക്കുകള്‍ കെട്ടിക്കിടക്കുന്നതും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച വാളയാര്‍ ഹെല്‍പ്പ് സെന്ററിന്റെ വിജയമാണ് ഈ മാതൃക മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ചേംബറിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി വാളയാറില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചെക്ക്പോസ്റ്റ് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കം ഏറെ സുഗമമാക്കുന്നു. ഇ ഫയലിങ് ആരംഭിച്ചതോടെ നിരവധി വ്യാപാരികള്‍ ഹെല്‍പ്പ് സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഡിപി വേള്‍ഡ്, ഐടിസി, ഫെഡക്സ് തുടങ്ങിയ വന്‍ കമ്പനികളും ഹെല്‍പ്പ് സെന്ററിന്റെ സേവനം തേടുന്നുണ്ടെന്ന് ചെയര്മാന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കൂടി നിര്‍ദേശം മാനിച്ചാണ് മറ്റ് ചെക്ക് പോസ്റ്റുകളിലും ചേംബര്‍ ഹെല്‍പ്പ് സെന്ററുകള്‍ സ്ഥാപിക്കുന്നത്.
വെല്ലിങ്ങ്ടണ്‍ ഐലന്‍ഡില്‍ കയറ്റിറക്കുമതി വ്യവസായികള്‍ക്ക് സഹായം നല്‍കുന്നതിന് എക്സ്പോര്‍ട്ട് – ഇംപോര്‍ട്ട് ഹെല്‍പ്പ് സെന്ററും ചേംബറിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നു.
എറണാകുളം ടൗണ്‍ഹാളിന്റെ നവീകരണവും അറ്റകുറ്റപ്പണികളും ഏറ്റെടുക്കാന്‍ കേരള ചേംബര്‍ സന്നദ്ധമാണ്. ഉചിതമായ സ്ഥലം നല്കിയാല് സ്ഥിരം പ്രദര്‍ശനകേന്ദ്രം സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കും. ഗോശ്രീ പാലത്തിന് സമീപം മറൈന്‍ഡ്രൈവില്‍ സ്ഥലം നല്കിയാല് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മിച്ച് നല്‍കാനും ചേംബര്‍ തയാറാണ്. സുഭാഷ് ചന്ദ്ര ബോസ് പാര്‍ക്കിന്റെ നവീകരണവും നടത്തിപ്പുമാണ് ചേംബറിന് താല്പര്യമുള്ള മറ്റൊരു നഗരസൗന്ദര്യവല്‍ക്കരണ പദ്ധതിയെന്നും ചെയര്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: