മലയാള ഭാഷ പഠന മാധ്യമമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്കു സുപരിചിതമായ വാക്കാണ് ഗണിതശാസ്ത്ര പഠന പുസ്തകത്തിലെ ‘ശിഷ്ടം’ എന്നത്. ശിഷ്ടം എന്നാല്‍ ബാക്കിയെന്നര്ത്ഥം. ഈ ശിഷ്ടത്തെക്കുറിച്ച് മോക്ഷപ്രാപ്തനായ ടി.വി.അനന്തന് (അനന്തേട്ടന്ാമ്രു പ്രഭാഷണ മധ്യേ വിവരിച്ചത് ഇന്നും പ്രസക്തമാണെന്നുള്ള ഉറച്ച വിശ്വാസമുള്ളതിനാലാണ് അനന്തേട്ടന്റെ പ്രഭാഷണത്തിന്റെ രത്നചുരുക്കം പ്രതിപാദ്യവിഷയമാക്കുന്നത്.
എറണാകുളത്തെ സുക്രതീന്ദ്ര കലാമന്ദിര കല്യാണമണ്ഡപത്തില്‍ വെച്ച് രാത്രി 7.30 ന് സമാരംഭിച്ച ചിന്താ ബൈഠക്കില്‍ വെച്ചായിരുന്നു അദ്ദേഹം പ്രഭാഷണം ചെയ്തത്. വ്യാപാരികളെ ഉദ്ദേശിച്ചായിരുന്നു ബൈഠക് രാത്രി ആക്കിയത്. ബാങ്കുദ്യോഗസ്ഥനായിരുന്ന ഇതെഴുതിയവനും ബൈഠക്കില്‍ പങ്കെടുത്തിരുന്നു.
വ്യാപാരികള്‍ പരസ്പ്പരം സഹായിക്കണമെന്ന ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പ്രഭാഷണമധ്യേയാണ് മൂന്നു ശിഷ്ടങ്ങളെക്കുറിച്ച് അനന്തേട്ടന് വിവരിച്ചത്.
വ്യാപാരികള്‍ ‘ശിഷടം’ വെക്കരുതാത്ത ഒന്നാണ് ഋണം എന്നായിരുന്നു അദ്ദേഹം വിവരിച്ചത്. ഋണശിഷ്ടം നിലനിന്നാല്‍ അതിന്റെ കൂടെ പലിശയും കൂടിക്കൂടി ധനബാധ്യതയാല് വിഷമിക്കേണ്ട ഘട്ടമെത്തുമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ആസ്തികളില്ലാതാവുക മാത്രമല്ല, ആത്മഹത്യക്കുവരെ എത്തിക്കുന്ന ഒന്നായി മാറും ഋണശിഷ്ടമെന്നാണ് അദ്ദേഹം വിവരിച്ചത്. ശിഷ്ടം വെക്കരുതാത്ത വേറൊന്ന് ‘അഗ്നിശിഷ്ടം’ ആണെന്നാണ് അദ്ദേഹം അതിനുശേഷം വിവരിച്ചത്. ബാക്കിവെച്ച ഒരു തീക്കനല്‍, കാറ്റിന്റെ സഹായത്താല്‍ വലിയ ഒരു അഗ്നിയായി മാറി വീടുകളും വ്യാപാര (ഭക്ഷണശാലകള്‍ പ്രത്യേകിച്ച്) സ്ഥാപനങ്ങള്‍ ചാമ്പലാക്കാന്‍ പ്രാപ്തിയുള്ളതായി മാറുമെന്നാണദ്ദേഹം പറഞ്ഞിരുന്നത്.
ഭാരതത്തിനെ ഏറ്റവുമധികം ബാധിച്ച ശിഷ്ടത്തെ കുറിച്ചായിരുന്നു അനന്തേട്ടന് ഏറെ ഊന്നല്‍ നല്കി സംസാരിച്ചിരുന്നത്. യാതൊരു കാരണവശാലും ശത്രുശിഷ്ടം വെക്കരുതെന്നായിരുന്നു അദ്ദേഹം ഉദ്ബോധിപ്പിച്ചിരുന്നത്. ശത്രു, ശത്രുവാണെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍ ഒരു രാജ്യവും ആ ശത്രുവിനെ ബാക്കി വെക്കരുത് എന്നദ്ദേഹം, ഭാരതത്തിലെ 1940 കളിലെ ഭരണാധികാരികളുടെ ദൃഢനിശ്ചയമില്ലായ്മ മൂലമുണ്ടായ ശാശ്വതതിന്മയെക്കുറിച്ച് വിശദീകരിച്ചു.
കുറച്ചുദിവസങ്ങള്‍കൂടി നല്കിയാല് പാക്കിസ്ഥാനില്‍നിന്നും കാശ്മീരിനെ സ്വന്തമാക്കാന്‍ ശത്രുസൈന്യത്തെ നാമാവശേഷമാക്കാമെന്നും ശത്രു കയ്യടക്കിയ നമ്മുടെ ഭൂപ്രദേശം തിരിച്ചുപിടിക്കാമെന്നും ഭാരത സൈന്യാധിപന്റെ ആവശ്യം അന്നത്തെ ഭാരത ഭരണാധികാരി നിരാകരിച്ചു. സമാധാനം വിലക്കുവാങ്ങാമെന്നദ്ദേഹം കരുതി. ശത്രുശിഷ്ടം പാടില്ലായെന്ന ഉറച്ച നിലപാടെടുത്തിരുന്ന സൈന്യാധിപന്റെ തീരുമാനം അംഗീകരിച്ചിരുന്നുവെങ്കില്‍ പൂര്‍ണ്ണ കാശ്മീര്‍ ഭാരതത്തില്‍ തന്നെ നിലനിര്‍ത്താമായിരുന്നു. അതിനുശേഷം കൊല്ലപ്പെട്ട അസംഖ്യം തദ്ദേശീയരുടേയും ധീരജവാന്മാരുടേയും ജീവന് നഷ്ടപ്പെടുകയില്ലായിരുന്നു. കാശ്മീര്‍ താഴ്വരയില്‍നിന്നും ഹിന്ദുക്കള്‍ പലായനം ചെയ്യേണ്ടിവരുമായിരുന്നില്ല. ശത്രുശിഷ്ടം ഇല്ലാതാക്കാത്തതിന്റെ ദുരന്തഫലം ഇന്നും ദേശസ്നേഹികളും നിഷ്കളങ്കരുമായ ഭാരതീയര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് അനന്തേട്ടന്റെ പ്രഭാഷണത്തിന്റെ പ്രസക്തി ഇന്നും തുടരുന്നുവെന്നെഴുതാന് പ്രേരിപ്പിച്ചത്.
വാ.ലക്ഷ്മണ പ്രഭു
പ്രതികരിക്കാൻ ഇവിടെ എഴുതുക: