തൃശൂര്‍: അമിതമായ ടോള്‍ ചാര്‍ജ്ജ് അവസാനിപ്പിക്കണമെന്നും സര്‍വീസ് റോഡുകളുടെ പണി പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ഇന്ന് വൈകീട്ട് നാല് മണിക്ക് പാലിയേക്കര ടോള്‍ പ്ലാസയിലേക്ക് ജനകീയ മാര്‍ച്ച് നടത്തും. ആമ്പല്ലൂരില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിക്കുക. മാര്‍ച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എ.നാഗേഷ് അറിയിച്ചു.
ഇതിനിടയില്‍ പാലിയേക്കര ടോള്‍ വിരുദ്ധസമരം ശക്തിപ്പെടുത്താനും മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചതായി ടോള്‍ വിരുദ്ധ സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് സത്യഗ്രഹപ്പന്തലില്‍ പൊതുവഴിയിലെ ചുങ്കം പിരിവിനെതിരെ കവിസംഗമം നടത്തും. കേരളത്തിലെ പ്രമുഖ കവികള്‍ പങ്കെടുക്കും. മാര്‍ച്ച് 2ന് പിറവം മണ്ഡലത്തില്‍ ഉപവാസം സംഘടിപ്പിക്കും.
പിറവം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും മുന്നണികളും ടോള്‍ റോഡിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് പിറവത്ത് ഉപവാസം നടത്തുന്നത്. ഈ മാസം 29ന് സമരസഹായസമിതി രൂപീകരണ കണ്വന്ഷന് തൃശൂരില്‍ നടക്കും. മാര്‍ച്ച് 4ന് സമരപ്പന്തലില്‍ നടക്കുന്ന ജീവന് രക്ഷാസംഗമം മേധാപട്ക്കര്‍ ഉദ്ഘാടനം ചെയ്യും. സംയുക്തസമരസമിതി ചെയര്മാന് സി.ജെ.ജനാര്ദ്ദനന്, കണ്‍വീനര്‍ പി.ജെ.മോന്‍സി, ബി.ജെ.പി ജില്ലാ സെക്രട്ടറി എ.നാഗേഷ്, എ.ഐ.വൈ.എഫ് നേതാവ് വി.എസ്.ജോഷി, ജോയ് കൈതാരത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: