വായന മരിക്കുന്നുവെന്ന മുറവിളിയില്‍ വാസ്തവമുണ്ടോയെന്ന് ഇടയ്ക്കിടെ ചിന്തിച്ചുപോവാറുണ്ട്. യുവതലമുറയില്പ്പെട്ടവര്ക്കിടയില്, പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വായന മരിക്കുന്നുവെന്നതില് സത്യമില്ലാതില്ല. വിദ്യാര്‍ത്ഥികളുമായി നിരന്തരം ഇടപഴകുന്ന ഒരു വ്യക്തിയെന്ന നിലയ്ക്ക്, അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട അഭിപ്രായമാണിത്. വായനാശീലമുള്ളവര്ക്കിടയിലും വായന ഒരു സാധനയായി അനുവര്ത്തിച്ചുവന്നവര്ക്കിടയിലും വായനയുടെ മരണമണി മുഴങ്ങിത്തുടങ്ങിയോ എന്നും അടുത്തകാലത്തായി ആശങ്കപ്പെടാറുണ്ട്. അതിനൊരു കാരണം അത്തരക്കാരുമായുള്ള വര്‍ത്തമാനത്തില്‍ പുസ്തകങ്ങള്‍ ഇപ്പോള്‍ കടന്നുവരുന്നില്ലെന്നതാണ്. മറ്റൊരു കാരണം തികച്ചും വ്യക്തിപരമാണ്. വായനയ്ക്ക് വളരെയേറെ സമയം നീക്കിവെച്ചിരുന്ന എന്റെ സ്വഭാവത്തില്‍ ഈയിടെയായി വന്ന മാറ്റമാണത്. പത്രപാരായണമൊഴിച്ചാല് പുസ്തകവായനയ്ക്ക് എന്റെ ദിനചര്യയില്‍ പണ്ട് ഉണ്ടായിരുന്ന മുന്‍ഗണന ഇന്നില്ല. വളരെ വിരളമായി മാത്രമേ വായന ഇന്ന് ദിനചര്യയുടെ ഭാഗമാവുന്നുള്ളൂ. അപൂര്‍വമായി കിട്ടുന്ന ഒഴിവ് ദിവസങ്ങളിലും യാത്രാവേളകളിലുമായി വായന ചുരുക്കാന്‍ ഞാനും നിര്‍ബന്ധിതനാവുന്നു. ആശയവിനിമയ രംഗത്ത് അതിവേഗം ബഹുദൂരം നമ്മെ മുന്നോട്ടുനയിക്കുന്ന വിപ്ലവങ്ങളുടെ ഫലമായി ആയാസവും അധ്വാനവും കുറയുകയും സാവകാശം കൂടുകയും ചെയ്തിട്ടും വായനയ്ക്ക് സമയമില്ലെന്നത് ഒരു വിരോധാഭാസമാണ്.
നാല് മാസം മുമ്പ് പുറത്തിറങ്ങിയ ലഖ്നൗ ബാലന്റെ കഥ (ഘൗരസിീം യീ്യ) വായിച്ചത് ശിവരാത്രി നാളിലാണ്. മാധ്യമവിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു പത്രാധിപരുടെ ആത്മകഥയാണത്. മാധ്യമപ്രവര്‍ത്തകരൊക്കെയും മൗലികമായി മാധ്യമവിദ്യാര്‍ത്ഥികളാണ്. മറ്റേതുരംഗത്തെക്കാളേറെ വേഗത്തില്‍, അനുദിനം, അനുനിമിഷം, മാറിക്കൊണ്ടിരിക്കുന്നതാണ് മാധ്യമരംഗം. ആ മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനും ഉള്ള മാനസികാവസ്ഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടായേ മതിയാവൂ. അതുകൊണ്ട് തന്നെ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, അവര്‍ എത്ര പരിണതപ്രജ്ഞരും പരിചയസമ്പന്നരുമായാലും, നിരന്തര മാധ്യമവിദ്യാഭ്യാസം അവര്‍ക്ക് അത്യന്താപേക്ഷിതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
‘ലഖ്നൗ ബോയ്’ എന്ന തന്റെ പുസ്തകത്തെ ഒരാത്മകഥയെന്നതിനെക്കാളേറെ ഒരു പത്രാധിപരുടെ പരിണാമത്തിന്റെ കഥയെന്ന് വിശേഷിപ്പിക്കാനാണ് പ്രശസ്ത പത്രാധിപര്‍ വിനോദ്മേത്ത ഇഷ്ടപ്പെടുന്നത്. ഒരു പത്രാധിപരുടെ വളര്‍ച്ചയും തളര്‍ച്ചയും, പാളിച്ചകളും പരാജയങ്ങളും സ്വയം തുറന്നുപറയുന്ന മറ്റൊരു ആത്മകഥ അടുത്തകാലത്ത് ഇന്ത്യയിലെ മാധ്യമപ്രവര്ത്തകരില്നിന്നുണ്ടായിട്ടില്ല. ആത്മകഥ വില്പത്രം പോലെയാണെന്ന് വിനോദ് മേത്ത പറയുന്നു. അതില്‍ യാതൊന്നും മറച്ചുവെയ്ക്കാന്‍ പാടില്ല. വെളിപ്പെടുത്താന്‍ മടിക്കുന്ന കാര്യങ്ങള്‍ കൂടി തുറന്നെഴുതുമ്പോള്‍ മാത്രമേ ആത്മകഥയോട് നീതിപുലര്‍ത്താനും അതിന് വിശ്വസനീയത ആര്‍ജിക്കാനും സാധിക്കൂ എന്ന് സമര്‍ത്ഥിക്കാന്‍ വിനോദ് മേത്ത തന്റെ ആരാധനാപാത്രമായ ജോര്‍ജ് ഓര്‍വെല്ലിനെ ഉദ്ധരിക്കുന്നു. ഇംഗ്ലണ്ടില്‍ ചിലവഴിച്ച നാളുകളില്‍ തന്റെ സ്വീഡിഷ് കാമുകിയില്‍ തനിക്ക് ഒരു മകളുണ്ടായി എന്ന പരമരഹസ്യം ‘ലഖ്നൗ ബോയ്’ വിളിച്ചുപറയുന്നു. അന്ന് വിനോദിന് ഇരുപത് വയസ്സ്. ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിച്ചിട്ട് വഴങ്ങാത്ത കാമുകിയോട് വളരെ ക്രൂരമായാണ് താന്‍ പെരുമാറിയതെന്നും അദ്ദേഹം കുമ്പസാരിക്കുന്നു.
രസകരമാണ് മറ്റൊരു സംഭവം. പത്രപ്രവര്ത്തകനാവുന്നതിന് മുമ്പ് മുംബൈയില്‍ പരസ്യ കമ്പനിയില്‍ ‘കോപ്പിറൈറ്റര്‍’ ആയിരിക്കവേ ഒരു തെരുവ് വേശ്യയുടെ ഭര്‍ത്താവായി അവളുമൊപ്പം ഫോട്ടോയ്ക്ക് നിന്നുകൊടുത്ത സംഭവവും അദ്ദേഹം അനുസ്മരിക്കുന്നു. ആ സ്ത്രീയുടെ സഹോദരിയുടെ വിവാഹം നടന്നുകിട്ടുന്നതിന് അത്തരത്തിലൊരു ചിത്രം ആവശ്യമായിരുന്നത്രെ. വേശ്യയുടെ ഭര്‍ത്താവായി അഭിനയിച്ചതിന് അഞ്ഞൂറ് രൂപ അവളില്‍നിന്ന് പ്രതിഫലം പറ്റിയെന്നും അദ്ദേഹം സമ്മതിക്കുന്നു.
പത്രപ്രവര്‍ത്തനജീവിതത്തിലെ ആദ്യനാളുകളില്‍ തന്നോട് സൗഹൃദം പുലര്‍ത്താനും സംസാരിക്കാനും, എന്തിന് ഒരഭിമുഖം അനുവദിക്കാന്‍പോലും കൂട്ടാക്കാതെ പ്രശസ്തരും പ്രമുഖരുമായ പലരും ഒഴിഞ്ഞുമാറിയതിനെപ്പറ്റി വിനോദ്മേത്ത വെളിപ്പെടുത്തുന്നു. ‘ഏറ്റവുമധികം പുറത്താക്കപ്പെട്ട പത്രാധിപര്‍’ (ഠവല ാീെേ മെരസലറ ലറശ്ൃ) എന്നാണ് വിനോദ് മേത്ത സ്വയം വിശേഷിപ്പിക്കുന്നത്. ‘ഇന്ത്യന്പോസ്റ്റി’ ല്‍ നിന്നും ‘ഇന്റിപെന്റന്റി’ല്‍ നിന്നും ‘പയണിയറി’ല്‍ നിന്നും വാഴ്ത്തപ്പെടാതെയും വിലപിക്കപ്പെടാതെയുമാണ് വിനോദ് മേത്ത എന്ന പത്രാധിപര്‍ക്ക് പുറത്തുപോവേണ്ടിവന്നത്. ‘ഇന്റിപെന്റന്റി’ല്‍ തനിക്ക് പറ്റിയ അബദ്ധം അദ്ദേഹം ആത്മകഥയില്‍ തുറന്നെഴുതുന്നുണ്ട്. ഒട്ടേറെ അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു. അവ മിക്കവയും അതിയായ പ്രതിബദ്ധത മൂലമോ അതിസാഹസികത മൂലമോ അദ്ദേഹത്തിന് വിജയകരമായി വിനിയോഗിക്കാനാവാതെയായി. ‘ഡെബണയര്‍’ എന്ന ‘പ്ലേബോയ്’ മാഗസിന്റെ ഇന്ത്യന്‍ പതിപ്പിന്റെ പത്രാധിപര്‍ ഇന്ത്യയിലെ ഏറ്റവും ഗൗരവവും പ്രചാരവും ഉള്ള ‘ഔട്ട്ലുക്ക്’ മാസികയുടെ പത്രാധിപരായി മാറിയത് ഒരു മാധ്യമപ്രവര്‍ത്തകന്റെ മഹത്തായ പരിണാമത്തിന്റെ കഥയാണ്. ഇന്ത്യയിലെ ആദ്യവാരികാ പത്രത്തിന്റെ ജനയിതാവും പത്രാധിപരുമായിരുന്നു വിനോദ് മേത്ത. ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്ത് വേതനനിരക്കുകളില്‍ ഒരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയത് വിനോദ് മേത്തയുടെ പത്രങ്ങളായിരുന്നു. ‘ഇന്ത്യന്‍ പോസ്റ്റ്’ ആയിരുന്നു അതിന് തുടക്കം കുറിച്ചത്. പിന്നെ ‘സണ്ടേ ഒബ്സര്‍വറും’. ഏതു പത്രവും വിനോദ്മേത്തയെന്ന പത്രാധിപര്‍ തന്റെ സാഹസങ്ങള്‍ക്ക് വേദിയാക്കി. ചിലയിടത്ത് അദ്ദേഹത്തിന് പരാജയപ്പെട്ട് പുറത്തുപോവേണ്ടിവന്നു. മറ്റു ചിലയിടത്ത് വിനോദ് മേത്ത വിജയിച്ച് വെന്നിക്കൊടി പാറിച്ചു. വ്യവസായരംഗത്തെ മാത്രമല്ല മാധ്യമരംഗത്തെ വരെ വന്വിഗ്രങ്ങള് തകര്‍ത്ത നീരാ റാഡിയ രേഖകള്‍ ‘ഔട്ട്ലുക്കി’ലൂടെ പുറത്തുകൊണ്ടുവന്നത് ആ പരീക്ഷണങ്ങളില്‍ ഒന്നുമാത്രം. പക്ഷെ, അധികം വൈകാതെ അദ്ദേഹം ‘ഔട്ട്ലുക്കി’ന്റെ പത്രാധിപ പദവിയില്‍ നിന്ന് പടിയിറങ്ങി. ആരും ആവശ്യപ്പെട്ടതോ, പുറത്താക്കിയതോ അല്ല. സ്വരം നന്നായിരിക്കവേ തന്നെ പാട്ട് നിര്‍ത്തിയെന്ന് മാത്രം. അങ്ങനെ സ്വയം പാട്ട് നിര്‍ത്തുന്നവര്‍ മാധ്യമരംഗത്ത് ഇന്ന് അധികമില്ല. പത്രപ്രവര്‍ത്തനത്തെക്കുറിച്ചും പത്രാധിപരെക്കുറിച്ചും വിനോദ് മേത്തയുടെ കാഴ്ചപ്പാടും നിലപാടും പങ്ക് വെയ്ക്കുന്ന പത്രാധിപര്‍മാരും അതിവേഗം അന്യം നില്ക്കുകയാണിന്ന്. ഒരു പത്രാധിപര്‍ സ്വയം തിളങ്ങാന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പലപ്പോഴും അങ്ങനെ ചിലര്‍ തിളങ്ങുന്നത് സഹപ്രവര്‍ത്തകരുടെ ചിലവിലായിരിക്കും. ഒരു ‘ടീം വര്‍ക്കി’ന്റെ ഫലമാണ് ഒരുത്തമ പത്രം. അതുകൊണ്ട് സഹപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതിലാണ് ഒരു പത്രാധിപര്‍ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
പത്രപ്രവര്‍ത്തനരംഗത്തെ ചില അതികായന്മാര്ക്ക് നേരെ ചളിവാരിയെറിയാനും ‘ലഖ്നൗ ബോയ്’ ശ്രമിക്കുന്നുണ്ട്. ഒരു നായയ്ക്ക് മറ്റൊരു നായയെ സഹിക്കാനാവില്ലെന്നതു പോലെ ഒരു മാധ്യമപ്രവര്ത്തകന് മറ്റൊരു മാധ്യമപ്രവര്‍ത്തകനെ അംഗീകരിക്കാന്‍ കൂട്ടാക്കില്ലെന്ന് പറയാറുണ്ട്. തന്റെ സമകാലികരായ അരുണ്‍ ഷൂരിയോടും ദിലീപ് പട്ഗോങ്കറോടും എക്കാലവും പുലര്‍ത്തിയിരുന്ന വിരോധം ആത്മകഥയിലും പകര്‍ത്താന്‍ വിനോദ് മേത്ത മറന്നില്ല. സഹപ്രവര്‍ത്തകരുടെ ചിലവില്‍ തിളങ്ങിയ ഒരു പത്രാധിപരായാണ് ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ നല്കിയ അരുണ്‍ ഷൂരിയെ അദ്ദേഹം അവതരിപ്പിക്കുന്നത്. ദിലീപ് പട്ഗോങ്കറെ വിമര്‍ശിക്കാന്‍ വിനോദ്മേത്തയ്ക്ക് വ്യക്തിപരവും തൊഴില്‍പരവുമായ കാരണങ്ങളേറെയുണ്ട്.
വൈ.ബി.ചവാന് സിഐഎക്കുവേണ്ടി വിടുപണി ചെയ്തുവെന്ന് വെളിപ്പെടുത്തിയ വിനോദ് മേത്തയുടെ പത്രാധിപത്യത്തിലുള്ള ‘ഇന്റിപെന്റന്റി’ല്‍ വന്ന വിവാദ വാര്‍ത്തയ്ക്കെതിരെ, പത്രത്തിന്റെ ഉടമകളായ ടൈംസ് ഗ്രൂപ്പിന്റെ മുഖ്യപത്രമായ ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍, അതിന്റെ പത്രാധിപര്‍ പട്ഗോങ്കര്‍ പ്രചാരണം അഴിച്ചിവിടുന്നത് വിനോദ് മേത്തയ്ക്ക് ഇനിയും പൊറുക്കാനായിട്ടില്ല. അതിനേക്കാളേറെ, ഇന്ത്യന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട പദവി ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രാധിപര്‍ എന്ന നിലയില്‍ താനാണ് വഹിക്കുന്നതെന്ന് വീമ്പിളക്കിയിരുന്ന ദിലീപ് പട്ഗോങ്കര്‍ തന്നെയാണ് ഇന്ത്യന്‍ മാധ്യമരംഗത്ത് പത്രാധിപര്‍ എന്ന പദവിയുടെ നിലയും വിലയും കളഞ്ഞുകുളിച്ചതിന്റെ ഒന്നാംപ്രതിയെന്ന് വിനോദ് മേത്ത ആരോപിക്കുന്നു. മാധ്യമ സ്ഥാപനങ്ങളില്‍ പത്രാധിപ വിഭാഗത്തെക്കാള്‍ പ്രാധാന്യം പരസ്യവിഭാഗത്തിന് നല്കുന്ന പ്രവണതയുടെ ഉത്തരവാദിത്തമാണ് പട്ഗോങ്കറുടെ മേല്‍ ഇവിടെ ആരോപിക്കുന്നത്. പത്രങ്ങളുടെ കച്ചവടവല്‍ക്കരണത്തിനും അതിന്റെ ഫലമായി എഡിറ്ററെക്കാള്‍ മേല്‍ക്കൈ മാനേജര്‍മാര്‍ക്ക് നല്‍കുന്നതിനും എതിരെ വിരല്‍ ചൂണ്ടുകയാണ് വിനോദ് മേത്ത. ഇത് ആത്യന്തികമായി പത്രങ്ങളെ നശിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. ഒരു പത്രം നശിച്ചാല്‍ അത്രയും ജനാധിപത്യം നശിക്കും, അദ്ദേഹം പ്രഖ്യാപിക്കുന്നു.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: