തിരുവനന്തപുരം: പോലീസിന്റെ വര്‍ദ്ധിച്ചുവരുന്ന ഉത്തരവാദിത്വവും സേവനബാഹുല്യവും കണക്കിലെടുത്ത് പോലീസ് സേനയുടെ അംഗബലം വരും വര്‍ഷങ്ങളിലും വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏത് പുരോഗതിയുടെയും അടിസ്ഥാനം സമാധാനമുള്ള സമൂഹമാണ്. സമാധാനം ഉറപ്പുവരുത്തുകയെന്നതാണ് പോലീസിന്റെ ഉത്തരവാദിത്വമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പേരൂര്‍ക്കടയില്‍ സ്പെഷ്യല്‍ ആംഡ് പോലീസിന്റെ പരിശീലനം പൂര്‍ത്തിയാക്കിയ നാലാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ജനാധിപത്യസമൂഹത്തില്‍ ക്രമസമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്തുകയെന്ന ഉത്തരവാദിത്തം പോലീസില്‍ നിക്ഷിപ്തമാണ്. അതില്‍ വീഴ്ചവന്നാല്‍ ബാധിക്കുന്നത് സമൂഹത്തെയാകെ ആയിരിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
പരിശീലനകാലയളവില്‍ മികച്ച പ്രകടനം കാഴ്ചവച്ച സേനാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങളും സമ്മാനിച്ചു. ആര്.ടി.പി.സി.1116 നജീം.എ – മികച്ച ഇന്‍ഡോര്‍, ആര്.ടി.പി.സി1864 രാജീവ് കുമാര്‍.ആര്- മികച്ച ഔട്ട്ഡോര്‍, ആര്.ടി.പി.സി-1161 അനീഷ് കുമാര്‍ – മികച്ച ഷൂട്ടര്‍, ആര്.ടി.പി.സി 1785 അരുണ്‍ – മികച്ച ആള് റൗണ്ടര്‍ എന്നിവരാണ് പുരസ്കാരങ്ങള്ക്കര്ഹരായത്.
373 പേരാണ് പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയത്. ഒന്‍പത് മാസത്തെ പരിശീലന കാലയളവില്‍ ഡൈവിംഗ്, നീന്തല്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയും കായിക പരിശീലനത്തോടൊപ്പം നല്കി. ചടങ്ങില്‍ ഡിജിപി ജേക്കബ് പുന്നൂസ് ഉള്‍പ്പെടെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: