സ്ത്രീക്ക് തുല്യതാവകാശം ഭരണഘടനയില്‍ മാത്രം ഒതുങ്ങുന്നു എന്ന് തെളിയിച്ചാണ് ലൈംഗിക മനോരോഗികളായി മാറുന്ന കേരള പുരുഷസമൂഹം സ്ത്രീകളെ പ്രായഭേദമെന്യേ സ്ഥലകാലഭേദമെന്യേ വേട്ടയാടുന്നത്. സൗമ്യ എന്ന പെണ്‍കുട്ടി ഷൊര്‍ണൂര്‍ പാസഞ്ചറില്‍ വനിതാ കമ്പാര്‍ട്ട്മെന്റില്‍വച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട്, പുറത്തേക്ക് തള്ളിയിട്ട് ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടപ്പോള്‍ ഗോവിന്ദച്ചാമി എന്ന ഒറ്റക്കയ്യന്‍ ഭിക്ഷാടകന് കോടതി വധശിക്ഷ വിധിച്ചപ്പോള്‍ ഇത് ഇത്തരം കുറ്റവാളികള്‍ക്ക് മുന്നറിയിപ്പാണെന്ന് ആശ്വാസം കൊണ്ട കേരള സ്ത്രീ സമൂഹം ഇപ്പോള്‍ തിരിച്ചറിയുന്നത് തങ്ങളുടെ സുരക്ഷ സര്‍ക്കാരിനോ റെയില്‍വേയുടെ നിയന്ത്രണമുള്ള കേന്ദ്രത്തിനോ ഒരു വിഷയമേ അല്ല എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ട്രെയിനുകളില്‍ ഗോവിന്ദച്ചാമിമാര്‍ സുലഭമാണെന്ന് എറണാകുളം പാസഞ്ചറില്‍ കുറുപ്പംതറയില്‍ മഹാരാഷ്ട്രക്കാരനാല് പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ട സംഭവം തെളിയിച്ചു. അതിനുശേഷം മറ്റൊരു ഒറ്റക്കയ്യന്‍ ഭിക്ഷാടകന് വനിതാ കമ്പാര്‍ട്ട്മെന്റിലെ ഒരു കുട്ടിയെ ട്രെയിനില്‍നിന്ന് പിടിച്ചുവലിച്ച് താഴെയിടാന്‍ ശ്രമിച്ചു. മഹാരാഷ്ട്രക്കാരനെ മനോരോഗിയാക്കി. ഒറ്റക്കയ്യന്‍ ശിക്ഷ 50 ദിവസം മാത്രം. പക്ഷേ ഒറ്റക്കയ്യന്‍ പിടിക്കപ്പെട്ടപ്പോള്‍ തെളിഞ്ഞത് അയാളുടെ ഭിക്ഷാടനത്തില്‍ നിന്നുള്ള പ്രതിദിന വരുമാനം 2000 രൂപയാണെന്നാണ്.
കമ്പാര്‍ട്ട്മെന്റുകളില്‍ ഭിക്ഷാടനം പൂര്‍ണമായി നിരോധിക്കണമെന്നും ഭിക്ഷാടക സംഘമാണ് സ്ത്രീകളുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നവരില്‍ അധികം എന്നും ചൂണ്ടിക്കാണിച്ചിട്ടും ട്രെയിനില്‍ ഭിക്ഷാടകരെ നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്ത റെയില്‍വേ യഥേഷ്ടം ഭിക്ഷാടകര്‍ ട്രെയിനില്‍ കയറുന്നത് തടയുന്നില്ല. സ്ത്രീ സുരക്ഷയ്ക്ക് വനിതാ കമ്പാര്‍ട്ട്മെന്റില്‍ റെയില്‍വേ പോലീസിനെ നിയോഗിക്കുമെന്ന റെയില്‍വേ വാഗ്ദാനവും സംസ്ഥാന പോലീസിനെ നിയോഗിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനവും ജലരേഖയായി. ഇപ്പോള്‍ തീവണ്ടിയാത്രക്കാരികള് അനുഭവിക്കുന്ന ബഹുമുഖ പീഡനങ്ങള്‍ അനാവൃതമാകുമ്പോള്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പോലും തീവണ്ടി യാത്രക്കാരികളെ പലവിധത്തില്‍ ദ്രോഹിക്കുന്നു എന്നവാര്ത്തകളാണ് പുറത്തുവരുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും ഉദ്യോഗസ്ഥകളാണ്. ഇവര്‍ റെയില്‍വേ ഉദ്യോഗസ്ഥരില്‍നിന്നും അനുഭവിക്കേണ്ടിവരുന്ന പീഡനത്തിന്റെ അനുഭവസാക്ഷ്യം അനാവരണം ചെയ്തത് ആസൂത്രണബോര്‍ഡിലെ ഓഫീസറായ എം.ആര്. ജയഗീതയാണ്. വളരെ ഗുരുതരമായ ആരോപണങ്ങളാണ് ജയഗീത ടിക്കറ്റ് പരിശോധകര്‍ക്ക് നേരെ ഉയര്‍ത്തിയിട്ടുള്ളത്. ടിക്കറ്റ് പരിശോധകന് സ്ത്രീ യാത്രക്കാരോട് അപമര്യാദയായും ആഭാസകരമായും പെരുമാറിയിട്ടുള്ള സംഭവങ്ങളുടെ പൊരുളും ഇതോടൊപ്പം അറിയുമ്പോള്‍ ജയഗീതാ സംഭവത്തില്‍ ആരോപണവിധേയനായ ജാഫര്‍ ഹുസൈന് എന്ന ടിടിആറിന്റെ തനിനിറം തെളിയുന്നു. ഇയാള്‍ ഇതിന് മുമ്പും ആരോപണവിധേയനായിട്ടുണ്ട്. ടിടിആര്‍മാര്‍ മദ്യപിച്ച് അപമര്യാദയായി പെരുമാറുക, യാത്രക്കാരോടൊപ്പം ചേര്‍ന്ന് ട്രെയിനില്‍ മദ്യപിക്കുക, കൈക്കൂലി വാങ്ങി ബെര്‍ത്തുകള്‍ നല്‍കുക മുതലായവ സാധാരണ ഉയരുന്ന പരാതികളാണ്. സ്വാഭാവികമായും വനിതാ യാത്രക്കാരികള്‍ ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ പീഡിതരാകുന്നു.
ടിക്കറ്റ് പരിശോധകര് ദുരുദ്ദേശപരമായി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുന്നു എന്നാണ് ജയഗീത പരാതിപ്പെടുന്നത്. യാത്രക്കാരികളുടെ പീഡനങ്ങള്‍ വനിതാ കമ്പാര്‍ട്ട്മെന്റില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും പീഡകര്‍ അതിക്രമിച്ച് കയറുന്ന ഭിക്ഷാടകരും കള്ളന്മാരും മാത്രമല്ലെന്നും വെളിവാക്കി പീഡനത്തിനെതിരെ യാത്രക്കാരികളുടെ സഹായത്തിനെത്തേണ്ട ടിക്കറ്റ് പരിശോധകര്വരെ ഇപ്പോള്‍ സ്ത്രീകളെ ഇരകളായി കാണുന്നു എന്നതാണ് ജയഗീതാ സംഭവം തെളിയിക്കുന്നത്. ഒന്നാം ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ സീസണ് ടിക്കറ്റില്‍ യാത്രചെയ്ത ഇവരോട് സപ്ലിമെന്ററി ടിക്കറ്റും വേണമെന്ന് നിര്‍ദ്ദേശിച്ച ടിടിഐ പിറ്റേദിവസം അത് കാണിച്ചിട്ടും അധിക്ഷേപിക്കുകയാണുണ്ടായത്. നിരന്തരം അവഹേളനം അനുഭവിക്കേണ്ടിവരുന്ന ജയഗീതയുടെ പരാതിയില്‍ ജാഫര്‍ ഹുസൈന്, പ്രവീണ്‍ എന്നിവരെ സസ്പെന്റ് ചെയ്തിരിക്കുകയാണ്. ജയഗീത വനിതാ കമ്മീഷനിലും പരാതി നല്‍കിക്കഴിഞ്ഞു. ട്രെയിനില്‍ ഈവിധ പീഡനം തുടരുന്നത് യാത്രക്കാരികള്‍ റെയില്‍ അലര്‍ട്ട് സര്വീസിനോടോ ആര്പിഎഫിനോടോ പരാതിപ്പെടാത്തതാണ്. ജയഗീതയുടെ നടപടി ശ്ലാഘനീയമാണ്.
ഇരുട്ടിലേക്ക് വീണ്ടും
കേരളം ലോഡ് ഷെഡ്ഡിംഗിന്റെ നിഴലിലാണ്. മുല്ലപ്പെരിയാര്‍ തകരുമെന്ന ഭീതിയില്‍ ഞെട്ടിവിറച്ച് സുരക്ഷയ്ക്ക് വേണ്ടി ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറച്ച കേരളം ഇപ്പോള്‍ ഇരുട്ടിന്റെ നിഴലിലാണ്. ഇടുക്കിയില്‍ ഇനി 80 ദിവസത്തേക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ജലം മാത്രമേ അവശേഷിക്കുന്നുള്ളൂ. കാലവര്‍ഷത്തിന്റെ കുറവും വേനല്‍മഴയുടെ ലഭ്യതക്കുറവും അണക്കെട്ടുകളില്‍ ജലനിരപ്പ് താഴാന്‍ ഇടയാക്കി. ഇപ്പോള്‍ ഇടുക്കിയിലെ ജലനിരപ്പ് സംഭരണ ശേഷിയുടെ 52 ശതമാനം മാത്രം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 അടി കുറവ്. ഇനി വരുന്നത് കടുത്ത വേനല്‍ മാത്രമല്ല, കുട്ടികളുടെ പരീക്ഷാക്കാലവും കൂടിയാണ്. മേയ് മാസം പത്താംതീയതിവരെ ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഡാമിലുള്ളൂ. പ്രതിദിന ഉപഭോഗം 58 ദശലക്ഷം യൂണിറ്റ് കവിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചത്തെ ഉപഭോഗം 57.85 ദശലക്ഷം യൂണിറ്റായിരുന്നു.
അടുത്ത കാലവര്‍ഷംവരെ കഴിയാന്‍ കേരളത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയോ അല്ലെങ്കില്‍ കായംകുളം താപനിലയത്തില്‍നിന്ന് യൂണിറ്റിന് 10 രൂപ നല്കി പ്രതിദിനം 150 വാട്ട് വൈദ്യുതി വാങ്ങുകയോ മാത്രമാണ് പോംവഴി. പക്ഷെ ബോര്‍ഡിന്റെ പ്രതിമാസച്ചെലവ് 550 കോടിരൂപയാണ്. ശമ്പളം മുതലായവകളില്‍ 150 കോടിരൂപ ചെലവ് വഹിക്കേണ്ടിവരുന്നു. പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ മാത്രം 450 കോടിരൂപ വേണ്ടിവരുമത്രെ. പ്രതിദിനം 700 മെഗാവാട്ട് വൈദ്യുതി കുറവാണ് ഇപ്പോഴുള്ളത്. കേന്ദ്രവിഹിതം 1135 മെഗാവാട്ട് ആണെങ്കിലും ലഭിക്കുന്നത് 1000 മെഗാവാട്ട് മാത്രം. കായംകുളം നിലയത്തില്‍നിന്ന് വൈദ്യുതി വാങ്ങേണ്ടിവന്നാല്‍ ഇപ്പോള്‍ നല്‍കിവരുന്ന 25 പൈസ പര് യൂണിറ്റ് സര്‍ച്ചാര്‍ജ് തുടരേണ്ടിവരും. പത്തുവര്‍ഷത്തിനിടയില്‍ കേരളം നേരിടുന്ന ഏറ്റവും കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് ഇത്. ഒന്നുകില്‍ ലോഡ് ഷെഡ്ഡിംഗ് അല്ലെങ്കില്‍ ചാര്‍ജ് വര്‍ധന എന്ന രണ്ട് ഓപ്ഷന് മാത്രമുള്ള കേരളം ചെകുത്താനും കടലിനും നടുവിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: