വാഷിംഗ്ടണ്‍: ഒസാമ ബിന്ലാദന് അവസാന നാല് വര്‍ഷം ചെലവഴിച്ച പുരയിടത്തില്‍ ഐഎസ്ഐ നിശ്ചയിച്ച ഏജന്റ് ഉണ്ടായിരുന്നതായി സൂചന. ഇസ്ലാമബാദിനടുത്ത് അബോട്ടബാദിലായിരുന്നു കൊല്ലപ്പെടുന്നതുവരെ ലാദന് താമസിച്ചത്. കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് സ്ഥിരമായി ലഷ്കര്‍-ഇ-തൊയ്ബയുമായി ബന്ധപ്പെട്ടതായും വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഡേവിഡ് ഇഗ്നേഷ്യസ് തന്റെ കോളത്തില്‍ എഴുതി.
പാക്കിസ്ഥാന് മിലിട്ടറി അക്കാദമിയോട് ചേര്‍ന്ന വരേണ്യവര്‍ഗ്ഗം മാത്രം താമസിച്ചിരുന്ന സ്ഥലത്തിന്റെ യഥാര്‍ത്ഥ രേഖകള്‍ അപ്രത്യക്ഷമായെങ്കിലും ഐഎസ്ഐ നിശ്ചയിച്ച ആര്‍കിടെക് സ്ഥിരമായി അവിടെ ജോലി ചെയ്തതായും അറിയുന്നു. ഉയര്‍ന്ന നിലയിലുള്ള ഒരു വിഐപിയാണ് ഈ പുരയിടത്തില്‍ താമസിക്കാനെത്തുന്നതെന്നാണ് ആര്‍കിടെക് പറഞ്ഞത്.
ലാദന്റെ പുരയിടത്തില്‍ നടത്തിയ പരിശോധനയില്‍ പാക്കിസ്ഥാനി ഔദ്യോഗിക വിഭാഗവുമായി ലാദന് ബന്ധമുള്ളതായി തെളിവ് കിട്ടിയിട്ടില്ല. എന്നാല്‍ അഫ്ഗാന് താലിബാന് നേതാവ് മുല്ല മുഹമ്മദ് ഒമറുമായും ലഷ്ക്കറെ തൊയ്ബയുമായി ലാദന് ബന്ധപ്പെട്ടിരുന്നതായി അമേരിക്കയ്ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്.
ഇരുവിഭാഗവുമായി ബന്ധപ്പെടുത്താമെന്നതായിരുന്നു ഐഎസ്ഐയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ രഹസ്യം ചോരുകയായിരുന്നു. ലാദന്റെ സാന്നിദ്ധ്യം പാക്കിസ്ഥാന് ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. എങ്ങനെയാണ് ലാദന് പാക്കിസ്ഥാനിലെത്തിയത്, ഏതെല്ലാം പാക്കിസ്ഥാനി ഉദ്യോഗസ്ഥന്മാര്ക്കായിരുന്നു ഇതെപ്പറ്റി അറിവുണ്ടായിരുന്നത്.
ഇപ്പോഴത്തെ മിലിട്ടറി ചീഫ് പര്‍വേസ് കയാനി ആയിരുന്നു അന്ന് ഐഎസ്ഐ ചീഫ്. എന്നാല്‍ സ്വാധീനമുള്ള വ്യക്തി പ്രസിഡന്റ് പര്‍വേസ് മുഷറഫ് ആയിരുന്നു. 2006 മുതല്‍ പാക്കിസ്ഥാന് മിലിട്ടറിയുടെ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ നദീം താജ് ആയിരുന്നു. കയാനിയെ പിന്തുടര്ന്ന് 2007 അദ്ദേഹം ഐഎസ്ഐ തലവനായി.
അബോട്ടാബാദ് പ്രദേശം ഇന്റലിജന്‍സ് ബ്യൂറോ ആണ് ഉപയോഗിച്ചിരുന്നത്. മുന്‍ ഐഎസ്ഐ തലവന്‍ ജനറല്‍ സിയാവുദ്ദീന് ഭട്ട് പറയുന്നു ലാദന് അബോട്ടാബാദില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തത് 2004-08 കാലത്ത് ഇന്റലിജന്‍സ് തലവനായിരുന്ന ബ്രിജ് ഇജാസ് ഷാ ആയിരുന്നു.
ബിന്‍ ലാദന് കിഡ്നി സംബന്ധമായ അസുഖമുണ്ടായിരുന്നതായും മുഷാറഫിന്റെ അറിവോടെ ഡയാലിസിസിന് വിധേയനായതായും ഊഹാപോഹമുണ്ടായിരുന്നു. എന്നാല്‍ ഡയാലിസിസ് ഉപകരണങ്ങളൊന്നും തന്നെ അബോട്ടാബാദില്നിന്നും കിട്ടിയില്ലെന്നാണ് സിഐഎ പറഞ്ഞത്.
ലാദനെ കുറിച്ച് ചില തെറ്റായ വാര്‍ത്തകളും പ്രചരിച്ചിരുന്നു. 2001 നവംബര്‍ മാസം ഹമീദ് മിര്‍ എന്ന പാക്കിസ്ഥാനി പത്രപ്രവര്ത്തകന് നല്കിയ അഭിമുഖത്തില്‍ ആണവ-രാസായുധ ശേഖരം ഉള്ളതായി ലാദന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്ത പാക്കിസ്ഥാന്റെ അറിവോടെ ബിന്‍ലാദനെ ഉയര്‍ത്തിക്കാണിക്കാന്‍ കെട്ടിച്ചമച്ചതാണെന്ന് സംശയമുണ്ട്.
ബിന്‍ ലാദന് പാക്കിസ്ഥാനിലുണ്ടെന്ന് തങ്ങള്‍ക്കറിയാമെന്ന വാദം പാക്കിസ്ഥാന് ഭരണകൂടം നിഷേധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇപ്പോള്‍ ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാക്കിസ്ഥാന് സൈന്യത്തിന്റെ സഹായമില്ലാതെ പട്ടാളകാവലുള്ള അബോട്ടാബാദ് പോലുള്ള പ്രദേശത്ത് ദീര്‍ഘകാലം താമസിക്കാന്‍ കഴിയില്ലെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായം. എന്നാല്‍ കയാനിയോ മറ്റ് ഉയര്‍ന്ന പാക്കിസ്ഥാന് ഉദ്യോഗസ്ഥരോ ലാദന് അബോട്ടാബാദിലുണ്ടായതായി അറിയാമായിരുന്നുവെന്നതിനു തെളിവില്ലെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലാദന്റെ താമസസ്ഥലത്ത് നിന്നും ലഭിച്ച തെളിവുകളുടേയും കയാനിയുടേയും മറ്റ് പാക്കിസ്ഥാനി ഉദ്യോഗസ്ഥരുടേയും പ്രതികരണത്തില്‍നിന്നാണ് ഒരു നിഗമനത്തിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: