കൊല്ലം: സംസ്ഥാനം ഊര്‍ജ സ്വയംപര്യാപ്തത നേടാന്‍ വിവിധ പദ്ധതികളെ ആശ്രയിക്കാന്‍ ശ്രമിക്കുമ്പോള്‍ വിവാദങ്ങള്‍ ഉയരുമെന്ന് പേടിച്ചിരുന്നാല്‍ സംസ്ഥാനം ഇരുട്ടിലാകുമെന്ന് കേന്ദ്ര ഊര്‍ജവകുപ്പ് സഹമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു. എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ വഴിയും വിദ്യാലയങ്ങള്‍ മുഖേനയും വീടുകളില്‍ ഊര്‍ജസംരക്ഷണ സന്ദേശമെത്തിക്കാന്‍ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി തുടര്‍ന്നു പറഞ്ഞു. ഊര്‍ജ മാനേജ്മെന്റ് സെന്ററും നാഷണല്‍ സര്‍വ്വീസസ് സ്കീം സംസ്ഥാന സെന്ററും സംയുക്തമായി എസ്എന്‍ വനിതാകോളേജില്‍ നടത്തിയ ഊര്‍ജസംരക്ഷണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചടങ്ങില്‍ മന്ത്രി ഷിബുബേബിജോണ്‍ അധ്യക്ഷത വഹിച്ചു. 2016-17 കാലഘട്ടത്തില്‍ സംസ്ഥാനത്ത് 4800 മെഗാ വാട്ട് വൈദ്യുതി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ കേന്ദ്രപൂള്‍ ഉള്‍പ്പെടെ 2700 മെഗാവാട്ടാണ് ലഭിക്കുന്നത്. ഭാവിയില്‍ ഇപ്പോള്‍ ലഭിക്കുന്നതിന്റെ ഇരട്ടി ലഭിച്ചാല്‍ മാത്രമേ പിടിച്ചു നല്ക്കാന് കഴിയൂ. വല്ലാര്‍പാടം മെട്രോ ഉള്‍പ്പെടെ പദ്ധതികള്‍ നടപ്പില്‍ വരുമ്പോള്‍ ഊര്‍ജ ഉപഭോഗം വളരെയേറെ വര്‍ദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചവത്സര പദ്ധതിയില്‍ രാജ്യത്ത് 75000 മെഗാവാട്ടാണ് ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിന് തുടക്കം കുറിച്ചു കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ നിന്നും ഒരു മെഗാ വാട്ടുപോലും ഇതിലേക്ക് നല്കാന് കഴിയുന്നില്ല. പരിസ്ഥിതിവാദികളുടെ തടസങ്ങള്‍ കേട്ടിരുന്നാല്‍ സംസ്ഥാനത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: