കൊച്ചി: മഹാശിവരാത്രി ആഘോഷിക്കുന്നതിനായി ജില്ലയിലെ ശിവക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പിതൃതര്‍പ്പണത്തിനായി ക്ഷേത്രങ്ങളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആലുവ മണപ്പുറം, കാലടി ശിവരാത്രി മണപ്പുറം, കലൂര്‍ പാവക്കുളം മഹാദേവക്ഷേത്രം, വളയന്‍ചിറങ്ങര വിമ്മല മഹാദേവക്ഷേത്രം, തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രം, വൈറ്റില ശിവക്ഷേത്രം, മരട് തിരുഅയിനി ശിവക്ഷേത്രം, പാണ്ടവത്ത് ശിവക്ഷേത്രം, തൃപ്പൂണിത്തുറ ചക്കംകുളങ്ങര ശിവക്ഷേത്രം, കുമ്പളം തൃക്കോവ് ശിവക്ഷേത്രം, ചേപ്പന്‍ കോതേശ്വരം ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ശിവരാത്രിയോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ നടക്കും.
ചരിത്രപ്രസിദ്ധമായ ആലുവ ശിവരാത്രി ആഘോഷത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാടിന്റെ നാനാ ഭാഗത്തുനിന്നുമായി എത്തിച്ചേരുന്ന പതിനായിരങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ശിവരാത്രി ആഘോഷപരിപാടികളുടെ ഭാഗമായി മൂന്നാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വ്യാപാരമേളയും വിനോദപരിപാടികളും മണപ്പുറത്ത് സംഘടിപ്പിച്ചിട്ടുണ്ട്. വ്യാപാരമേളയ്ക്ക് 35 സ്റ്റാളുകള്‍ ഉണ്ടാകും. താല്‍ക്കാലിക മുനിസിപ്പല്‍ ഓഫീസ്, പോലീസ് സ്റ്റേഷന്, ഫയര്‍ സ്റ്റേഷന്, കെഎസ്ഇബി ഓഫീസ്, പോലീസ് സ്റ്റേഷന് എന്നിവ മണപ്പുറത്ത് പ്രവര്‍ത്തിക്കും.
ആലുവ താലൂക്ക് ആശുപത്രിയുടെ പ്രഥമ ശുശ്രൂഷാ യൂണിറ്റ് മണപ്പുറത്ത് ഉണ്ടാകും. കൂടാതെ ഹോമിയോ ചികിത്സാ യൂണിറ്റും ഉണ്ടാകും. കൊട്ടാരക്കടവില്നിന്നും മണപ്പുറത്തേക്ക് താല്‍ക്കാലിക നടപ്പാലം ഇത്തവണയും നിര്‍മിച്ചിട്ടുണ്ട്. 20 അടി വീതിയില്‍ നിര്‍മിച്ചിട്ടുള്ള പാലം കടത്തുവഞ്ചികളെ ആശ്രയിച്ചിരുന്ന ഭക്തജനങ്ങള്‍ക്ക് ആശ്വാസകരമാകും. ഒരുവശത്തേക്ക് അഞ്ച് രൂപയും ഇരുവശങ്ങളിലേക്ക് പത്ത് രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. മണപ്പുറത്ത് ആവശ്യമായ വെളിച്ചം തടസംകൂടാതെ ലഭ്യമാക്കുന്നതിന് ആവശ്യമായ താല്‍ക്കാലിക വൈദ്യുതീകരണം കെഎസ്ഇബി മുഖേന നടപ്പാക്കിയിട്ടുണ്ട്. കുളിക്കടവുകളില്‍ ആവശ്യമായത്ര ഫ്ലഡ് ലൈറ്റുകള്‍ സ്ഥാപിക്കും.
തിരക്കേറിയ ഭാഗങ്ങളില്‍ ജനപ്രവാഹത്തെ നിയന്ത്രിക്കുന്നതിന് ബാരിക്കേഡുകള്‍ കെട്ടും. നേവിയുടെ മുങ്ങല്‍വിദഗ്ധരുടെ സേവനം മണപ്പുറത്ത് ലഭ്യമാക്കും. നഗരസഭ, താലൂക്ക് ആശുപത്രി എന്നിവയുടെ ആംബുലന്‍സുകള്‍ മണപ്പുറത്ത് ഉണ്ടാകും. നഗരത്തിലെ സ്വകാര്യ ആശുപത്രികളുടെ ആംബുലന്‍സുകള്‍ വിവിധ കേന്ദ്രങ്ങളില്‍ സജ്ജീകരിക്കും. ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ പോലീസ് അധികൃതര്‍ സ്വീകരിക്കും. തിരക്ക് കൂടിയ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തുന്നതിന് ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കും. കൂടാതെ രണ്ട് വാച്ച് ടവറുകള്‍ മണപ്പുറത്ത് സ്ഥാപിക്കും. താല്‍ക്കാലിക കെഎസ്ആര്‍ടിസി സ്റ്റാന്റ് വടക്കേ മണപ്പുറത്തായിരിക്കും പ്രവര്‍ത്തിക്കുക.
ശിവരാത്രി ആഘോഷക്കാലത്ത് മണപ്പുറത്ത് താല്‍ക്കാലിക ജലവിതരണത്തിന് ആവശ്യമായ ക്രമീകരണം നടത്തിയിട്ടുണ്ട്. കുളിക്കടവുകളില്‍ ചെളി നീക്കം ചെയ്തു. തോട്ടയ്ക്കാട്ടുകര കവല മുതല്‍ ആല്‍ത്തറവരെ മണപ്പുറം റോഡിലും കൊട്ടാരക്കടവ് റോഡിലും ശിവരാത്രിക്കാലത്ത് വഴിയോരക്കച്ചവടം നിരോധിച്ചിട്ടുണ്ട്. സ്വകാര്യ ബസ്സ്റ്റാന്റില് ശിവരാത്രിനാളില്‍ പ്രത്യേക പോലീസ് എയ്ഡ്പോസ്റ്റ് പ്രവര്‍ത്തിക്കും. തുടര്‍ച്ചയായി 119-ാമത്തെ വര്‍ഷമായ ഇക്കൊല്ലവും ശിവരാത്രി നാളില്‍ ആലുവ എസ്ബിടി ജീവനക്കാരുടെ സപര്യ സോഷ്യല്‍ സര്‍ക്കിള്‍ മണപ്പുറത്ത് സൗജന്യ ചുക്കുകാപ്പി വിതരണം നടത്തും.
നെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ രാവിലെ മുതല്‍ അഖണ്ഡനാമജപം, വൈകിട്ട് വിളക്കുവയ്പ്, ദീപാരാധന, രാത്രി പ്രത്യേക അഭിഷേകം എന്നിവയും നടക്കും. വൈറ്റില ശിവക്ഷേത്രം, കുമ്പളം തൃക്കോവ് ക്ഷേത്രം എന്നിവിടങ്ങളിലും നാമജപവും ശിവരാത്രി പൂജയും ഉണ്ടാവും.
ഒക്കല്‍ മണപ്പുറത്ത് ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ വൈകിട്ട് 4ന് ശിവലിംഗ ഘോഷയാത്ര, 5.30ന് ശിവലിംഗ പ്രതിഷ്ഠ, രാത്രി 8ന് ക്ഷേത്രകലകള്‍, 9ന് സിനിമാറ്റിക് ഡാന്‍സ്, കരോക്കെ ഗാനമേള, രാത്രി 12.30 മുതല്‍ ബലിതര്‍പ്പണം. പുല്ലുവഴി കുറ്റിക്കാട്ട് മഹാദേവ ക്ഷേത്രത്തില്‍ നാളെ രാവിലെ 7 ന് ക്ഷീരധാര, 9.30ന് ശ്രീബലി, വൈകിട്ട് 4ന് കാഴ്ചശ്രീബലി, പഞ്ചവാദ്യം, 7ന് ചലച്ചിത്രതാരം ദേവീചന്ദനയും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടി, രാത്രി 12ന് ശിവരാത്രി വിളക്ക്, വലിയകാണിക്ക. 21ന് രാവിലെ 10ന് ആറാട്ട്.
ഇരിങ്ങോള്‍ ഇരവിച്ചിറ മഹാദേവക്ഷേത്രത്തില്‍ രാവിലെ അഞ്ചിന് ശിവരാത്രി വിശേഷാല്‍ പൂജകള്‍, 1008 കുടം ധാര, ദീപാരാധന, രാത്രി 12 മുതല്‍ ബലിതര്‍പ്പണം, അയ്മുറി ശിവക്ഷേത്രത്തില്‍ രാവിലെ ക്ഷീരധാര, ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 4ന് കാഴ്ചശ്രീബലി, ദീപാരാധന, ശിവരാത്രി വിളക്ക്, പ്രളയക്കാട് മഹാദേവ ക്ഷേത്രത്തില്‍ രാവിലെ വിശേഷാല്‍ പൂജകള്‍, ഉച്ചപൂജ, വിശേഷാല്‍ ദീപാരാധന, പഞ്ചവാദ്യം. ഇരിങ്ങോള്‍ കാളന്‍കുളങ്ങര ക്ഷേത്രത്തില്‍ രാവിലെ വിശേഷാല്‍ അഭിഷേകങ്ങള്‍, ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും.
ക്ഷേത്രസംരക്ഷണസമിതിയുടെ കീഴിലുള്ള കൂടാലപ്പാട് കല്ലറക്കല്‍ മഹാവിഷ്ണു മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ രാവിലെ 6ന് വിശേഷാല്‍ ധാര, മൃത്യുഞ്ജയഹോമം, 8 മുതല്‍ പഞ്ചാക്ഷരീ മന്ത്രജപം, 9ന് നവകം പഞ്ചഗവ്യം അഭിഷേകം, ഉച്ചപൂജ, വൈകിട്ട് 6.15 ന് വിശേഷാല്‍ ദീപാരാധന എന്നിവ നടക്കും. രായമംഗലം കൂട്ടുമഠം പെരയ്ക്കാട് മഹാദേവക്ഷേത്രത്തില്‍ രാവിലെ മൃത്യുഞ്ജയഹോമം, വിശേഷാല്‍ ധാര, വൈകിട്ട് ദീപാരാധന, കരിക്ക് അഭിഷേകം, അത്താഴപൂജ, രാത്രി 12 മുതല്‍ ബലിതര്‍പ്പണം എന്നിവയുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: