കൊച്ചി: മാര്‍ച്ച് 18-ന് നടക്കുന്ന പിറവം ഉപതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങി. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസാനഘട്ടത്തില്‍ ലഭിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കുന്നതിനായി മൂവാറ്റുപുഴ താലൂക്ക് ഓഫീസ് ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ ഇലക്ഷന് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് അറിയിച്ചു. ഫെബ്രുവരി 21-ന് രാവിലെ 11-ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ വീഡിയോ കോണ്‍ഫറന്‍സിലൂടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. കളക്ടറും ഇലക്ഷന് ഡപ്യൂട്ടി കളക്ടറും വരണാധികാരിയും ഉപവരണാധികാരിയുമുള്പ്പെടെയുളള ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് പോലീസ് ഓഫീസര്‍മാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗവും നാലിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും ചേര്‍ന്ന് ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുമെന്ന് കളക്ടര്‍ പറഞ്ഞു.
ഫെബ്രുവരി 16-ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാര്‍ച്ച് 22 വരെ സ്ഥലമാറ്റങ്ങളും നിയമനങ്ങളും മരവിപ്പിച്ചതായി കളക്ടര്‍ വ്യക്തമാക്കി. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഇലക്ഷന് കമ്മീഷന്റെ അനുമതിയോടെ മാത്രമേ ഇവ അനുവദിക്കൂ. എല്ലാ വകുപ്പു മേധാവികളും ഈ കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇലക്ഷന് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്നവരുടെ ലിസ്റ്റും വിവിധ ഓഫീസുകളില്‍ നിന്നും ശേഖരിച്ചുവരികയാണ്. സ്കൂള്‍ യൂണിവേഴ്സിറ്റി പരീക്ഷകള്‍ കണക്കിലെടുത്ത് അധ്യാപകരെ ഒഴിവാക്കേണ്ടിവന്നാല്‍ ആവശ്യത്തിന് സ്റ്റാഫിനെ ലഭിക്കുംവിധമാണ് ലിസ്റ്റ് ശേഖരിക്കുന്നത്.
പിറവം നിയോജകമണ്ഡലത്തിന്റെ വരണാധികാരി എറണാകുളം സര്‍വെ വിഭാഗം ഡപ്യൂട്ടി ഡയറക്ടറാണ്. ഒഴിഞ്ഞു കിടന്ന ഈ തസ്തികയില്‍ തൃശൂരില്‍ നിന്നുളള ഇ.ആര്. ശോഭനയെ നിയമിച്ചു. ഉപവരണാധികാരിയായ പാമ്പാക്കുട ബിഡിഒ ആയി എം. അരവിന്ദാക്ഷന് നായരെയും നിയമിച്ചിട്ടുണ്ട്. ഇലക്ഷന് വിഭാഗം ഡപ്യൂട്ടി കളക്ടര്‍ കെ.എന്‍. രാജി എറണാകുളം ജില്ലയില്‍ തന്നെയുളള ഉദ്യോഗസ്ഥയായതുകൊണ്ട് മാറ്റം വേണ്ടിവരും. എല്‍.എ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ കെ.പി.മോഹന്‍ദാസ് പിളളയെയും രാജിയെയും പരസ്പരം മാറ്റി ഉത്തരവുണ്ടാകുമെന്നാണ് സൂചന. വരണാധികാരിയുടെ ഓഫീസിലേക്ക് പ്രത്യേക ടെലിഫോണും വാഹനവും ഉടനെ അനുവദിക്കും. കളക്ട്രേറ്റിലെ ഇലക്ഷന് വിഭാഗത്തില്‍ നിന്നും ആവശ്യമായ സ്റ്റാറ്റ്യൂട്ടറി ഫോമുകള്‍ ശേഖരിച്ചതായി വരണാധികാരി ഇ.ആര്.ശോഭന പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിറവം മണ്ഡലത്തിലെ അന്തിമ വോട്ടര്‍ പട്ടിക 29ന് തയാറാകും. ഇതിന് മുന്നോടിയായി അപേക്ഷകളുടെ പരിശോധനയും വിചാരണയും 25-നകം പൂര്‍ത്തീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി. മാര്‍ച്ച് മൂന്ന്, ഒമ്പത്, 17 തീയതികളില്‍ നിശ്ചയിച്ചിരുന്ന വിചാരണയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ 25നകം നടത്തുന്നത്. 3500ലേറെ അപേക്ഷകളിലാണ് അന്തിമതീരുമാനമെടുക്കേണ്ടത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവത്ത് മൊത്തം 175995 വോട്ടര്‍മാരായിരുന്നു. 87326 പുരുഷന്മാരും 88669 സ്ത്രീകളും. അതിനുശേഷം 434 പേര് കൂടി പട്ടികയില്‍ പേരു ചേര്‍ത്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ മൊത്തം വോട്ടര്‍മാരുടെ എണ്ണം 176429 ആയിരുന്നു. ഇതില്‍ നിന്നും സ്ഥലത്തില്ലാത്തതും മരണപ്പെട്ടതുമായ 4948 പേരുകള്‍ നീക്കുകയും 2648 പേര് ചേര്‍ക്കുകയും ചെയ്തു. അതോടെ 2012 ജനുവരി ഒന്നിനെ ആധാരമാക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ സമ്മതിദായകരുടെ എണ്ണം 178869 ആയി. ഇപ്പോള്‍ നടക്കുന്ന സൂക്ഷമ പരിശോധനകൂടി പൂര്‍ത്തിയാകുമ്പോള്‍ വോട്ടര്‍മാരുടെ എണ്ണം ഏകദേശം 1.80 ലക്ഷം കവിയും.
തിരുവാങ്കുളം, കണയന്നൂര്‍, മുളന്തുരുത്തി, ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍, കൈപ്പട്ടൂര്‍, മണീട്, പിറവം, രാമമംഗലം, മേമുറി, ഓണക്കൂര്‍, തിരുമാറാടി, ഇലഞ്ഞി, കൂത്താട്ടുകുളം വില്ലേജുകളാണ് മണ്ഡലത്തിലുളളത്. 81 കേന്ദ്രങ്ങളിലായി മൊത്തം 134 പോളിംഗ് സ്റ്റേഷനുണ്ട്. ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ പിറവത്തും (15), കുറവ് രാമമംഗലം, ഓണക്കൂര്‍ വില്ലേജുകളിലുമാണ്-ആറു വീതം. കണയന്നൂര്‍ താലൂക്കിലെ ചില വില്ലേജുകള്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും പതിവുപോലെ മൂവാറ്റുപുഴ തഹസില്‍ദാര്‍ക്കാണ്‍് പിറവം നിയോജകമണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറുടെ ചുമതല.
സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി അസി. ചെലവു നിരീക്ഷകര്‍, അക്കൗണ്ടിങ് ടീം, വീഡിയോ സര്‍വൈലന്‍സ് ടീം, വീഡിയോ വ്യൂവിങ് ടീം, പെരുമാറ്റച്ചട്ടലംഘനം നിരീക്ഷിക്കുന്നതിനുള്ള സംഘം, പൊതുസ്ഥലങ്ങളില്‍ പതിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികള്‍ നീക്കം ചെയ്യുന്നതിനുള്ള ഡീഫേസ്മെന്റ് സ്ക്വാഡ്, മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിറ്ററിങ് ടീം, ഫ്ലയിങ് സ്ക്വാഡ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, പോളിങ് ഓഫീസര്‍മാരുടെ മേല്നോട്ടത്തിനായുളള നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവുകളും പുറപ്പെടുവിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: