കൊച്ചി: ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് മണപ്പുറത്ത് നടന്നുവരുന്ന വ്യാപാരമേള ആലുവ മഹാദേവ ക്ഷേത്രദേവസ്വം ഏറ്റെടുത്ത് നടത്തണമെന്നും മണപ്പുറത്ത് നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാവിധ അനധികൃത കൈയേറ്റങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്നും ഹിന്ദുഐക്യവേദി എറണാകുളം ജില്ലാസമിതി ആവശ്യപ്പെട്ടു. ആലുവ മണപ്പുറത്ത് നഗരസഭയ്ക്ക് യാതൊരു അവകാശവുമില്ലെന്നാണ് താലൂക്ക്-വില്ലേജ് രേഖകള്‍ വ്യക്തമാക്കുന്നത്. നഗരസഭ കഴിഞ്ഞവര്‍ഷം നടത്തിയ വ്യാപാരമേളയില്നിന്നും മിച്ചം ലഭിച്ച 17 ലക്ഷത്തിലേറെ രൂപ ആലുവ പട്ടണത്തില്‍ നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്സിനുവേണ്ടി ചെലവാക്കുകയായിരുന്നു. ഭക്തജനങ്ങള്‍ക്ക് യാതൊരു സഹായവും നഗരസഭയുടെ വകയായി നാളിതുവരെ ലഭിച്ചിട്ടില്ല.
ശിവരാത്രി നാളില്‍ താല്‍ക്കാലിക പാലത്തിലൂടെ ഭക്തജനങ്ങള്‍ക്ക് സൗജന്യയാത്ര അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം ശിവരാത്രി നാളില്‍ ഭക്തജനങ്ങളില്‍നിന്നും പകുതി നിരക്ക് മാത്രമാണ് ഈടാക്കിയിരുന്നത്. നഗര ആസൂത്രണവകുപ്പ് അനുവദിച്ചതായി പറയപ്പെടുന്ന തിരിച്ചടയ്ക്കേണ്ടാത്ത 20 ലക്ഷം രൂപയെക്കുറിച്ച് അധികൃതര്‍ മൗനം നടിക്കുന്നത് ദുരൂഹമാണ്. കൊള്ളലാഭം കൊയ്യാനുള്ള കരാറുകാരുടെയും നഗരസഭാ ചെയര്‍മാന്റേയും ഒത്തുകളിയാണിത്. ഭക്തജനങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യം മുഴുവനായും കൈക്കലാക്കാനുള്ള ഗൂഢപദ്ധതിയാണിതെന്നും യോഗം ആരോപിച്ചു.
ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എം.പി.അപ്പു, കെ.പി.സുരേഷ്, കെ.പി.ആനന്ദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: