കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങള്‍ പഴയകാലത്തൊക്കെ ശ്രദ്ധേയമായിത്തീര്ന്നിരുന്നത് അവരെടുക്കുന്ന രാഷ്ട്രീയ നിലപാടുകളുടേയും പാസാക്കുന്ന പ്രമേയങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ഇത്തവണ സിപിഎം-സിപിഐ സംസ്ഥാന സമ്മേളനങ്ങള്‍ മാധ്യമ ശ്രദ്ധപിടിച്ചുപറ്റിയത് ചെളിവാരിയെറിയിലും വിഴുപ്പലക്കലും അധികാരത്തിനുവേണ്ടിയുള്ള കിടമത്സരങ്ങളും കുടിപ്പകയും കത്തിപ്പടര്ന്നതുകൊണ്ടായിരുന്നു. അപചയത്തിന്റെ അഗാധഗര്‍ത്തങ്ങളിലേക്കു ആണ്ടുപോയ അരാജകത്വമാണ് ഇരുപാര്‍ട്ടികളുടെയും അരങ്ങില്പോലും ദൃശ്യമായത്. പാര്‍ട്ടി സ്ഥാനങ്ങളിലേക്ക് വരുന്നവരുടെ പേരിലുള്ള വിവാദങ്ങളാണ് സമ്മേളനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. പണ്ടൊക്കെ ആര് നേതൃനിരയില്‍ വരികയെന്നത് വലിയ വാര്‍ത്തകളായിരുന്നില്ല.
സഖാവെന്ന വാക്ക് കമ്യൂണിസ്റ്റ് നിഘണ്ടുവില്‍ നിന്നും നീക്കപ്പെട്ടു എന്നത് സഹപ്രവര്‍ത്തകര്‍ക്കെതിരെ അന്യോന്യം പ്രയോഗിച്ച വാക്ശരങ്ങള്‍ തെളിയിക്കുന്നു.
മനുഷ്യനെ മയക്കുന്ന കറുപ്പായി മതത്തെ ഇത്രയുംകാലം ചിത്രീകരിച്ച കമ്യൂണിസ്റ്റുകാര്‍ വഴിവിട്ടും മതത്തെ ആലിംഗനം ചെയ്യാന്‍ ഏത് താണതലം വരെയുംപോകാന് തയ്യാറാണെന്ന് തിരുവനന്തപുരം സമ്മേളനം പ്രഖ്യാപിച്ചു.കമ്യൂണിസ്റ്റ് ഒടുക്കത്തിന്റെ തുടക്കമായി ഇത് കണക്കാക്കാവുന്നതാണ്. മാര്‍ക്സിസവും ആത്മീയതയും തമ്മില്‍ സമരസപ്പെടാനുള്ള ആത്മാര്‍ത്ഥ ശ്രമമായി സിപിഎം നീക്കത്തെ കാണുന്നതിലര്‍ത്ഥമില്ല. സമീപകാലത്ത് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പുകളിലുണ്ടായ പരാജയത്തില്‍നിന്നും കരകയറാന്‍ കുറുക്കുവഴി എന്ന നിലയിലാണ് ഈശ്വരചിന്തയെ ഇക്കൂട്ടര്‍ കൂട്ടുപിടിച്ചിട്ടുള്ളത്.
ഭാരതത്തിന്റെ ആത്മീയത നാടിന്റെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തിന്റെ ഉല്‍കൃഷ്ട സംഭാവനയാണെന്ന സത്യം ഒരിക്കല്‍പോലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അംഗീകരിച്ചിട്ടില്ല. അരനൂറ്റാണ്ടായി ഇവര്‍ തള്ളിപ്പറയുകയും ഇടിച്ച് വീഴ്ത്തുകയും ചെയ്ത ആത്മീയതയെ ഇപ്പോള്‍ കമ്പോളവല്‍ക്കരിച്ച് ലാഭം കൊയ്യാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. ശ്രീനാരായണ ഗുരുദേവനേയും വിവേകാനന്ദനെയും തള്ളിപ്പറഞ്ഞവരിപ്പോള് തങ്ങളുടെ പ്രചരണ ബോര്‍ഡുകളില്‍ ഈ മഹാത്മാക്കളുടെ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. കന്യാകുമാരി വിവേകാനന്ദ സ്മാരക നിര്‍മ്മാണത്തെ കുത്തിമലര്‍ത്താന്‍ ശ്രമിച്ച ഇന്ത്യയിലെ ഏക ഭരണകൂടം 1967ലെ ഇഎംഎസ് മന്ത്രിസഭയായിരുന്നു. ഇപ്പോള്‍തന്നെ വിവേകാനന്ദനും ഗുരുദേവനുമൊക്കെ തിരുക്കൊച്ചി പ്രദേശത്തെ ബോര്ഡുകളിലുണ്ടെങ്കിലും മലബാറില്‍ അങ്ങനെയില്ല. നാണംകെട്ട ഇരട്ടത്താപ്പാണ് സിപിഎമ്മിന്റേത്. വടക്കന്‍ കേരളത്തിലെ ബോര്‍ഡുകളില്‍ സദ്ദാംഹുസൈനും യാസ്സര്‍ അറാഫാത്തിനുമൊക്കെയാണ് മാര്‍ക്കറ്റ്. ആത്മാവിനെ വിറ്റ് കാശാക്കിക്കൊണ്ടുള്ള സിപിഎം കപട രാഷ്ട്രീയം നാടിനാപത്താണ്.
കാറല്‍മാര്‍ക്സ് കമ്യൂണിസം ആവിഷ്ക്കരിക്കുമ്പോഴും സ്റ്റാലിനും മാവോയും അത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുമ്പോഴും തെരഞ്ഞെടുപ്പു മത്സരം അവര്‍ക്കു മുന്നിലുണ്ടായിരുന്നില്ല. സ്വതന്ത്ര ഇന്ത്യയില്‍ സ്വതന്ത്ര പാര്‍ട്ടിയെ ഒഴിച്ചുനിര്‍ത്തിയാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളോളം ജനപിന്തുണ നഷ്ടപ്പെട്ട മറ്റ് കക്ഷികളൊന്നുമില്ല. മൂന്ന് പതിറ്റാണ്ടുകാലം ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായിരിക്കാന്‍ അവസരം ലഭിച്ച കക്ഷിയാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇപ്പോഴത്തെ സിപിഎമ്മും. 1980കള്‍ക്കുശേഷം പാര്‍ലമെന്റില്‍ അംഗബലംകൊണ്ട് മൂന്നാം സ്ഥാനം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സിപിഎമ്മിന് സീറ്റുകളുടെ എണ്ണംകൊണ്ട് ഇപ്പോള്‍ ഏഴാം സ്ഥാനമാണുള്ളത്. അതിദയനീയമായി താഴോട്ട് പോകുന്ന സിപിഎം ഗ്രാഫ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി തന്നെ ദേശീയ രാഷ്ട്രീയത്തില്‍ നഷ്ടപ്പെടുത്തിയിരിക്കുകയാണ്.
1957ല്‍ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ഇഎംഎസിന്റെ നേതൃത്വത്തില്‍ കേരളത്തിലധികാരത്തിലെത്തിയപ്പോള് ‘നെഹ്റു കെ ബാദ് നമ്പൂതിരിപ്പാട്’ എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. അന്ന് എകെജി എഴുതിയ ‘കേരളത്തിലെ വിജയം ഒറ്റപ്പെട്ടതല്ല. ബംഗാളില്‍ പ്രധാന പ്രതിപക്ഷമായിത്തീര്ന്നിരിക്കുന്നു’ രാജ്യത്ത് ഒറ്റയ്ക്ക് 8-9 സംസ്ഥാനങ്ങളില്‍ ജയിക്കാന്‍ കഴിയുന്ന പാര്‍ട്ടിയായി മാറിയതില്‍ എകെജി ആഹ്ലാദം കൊള്ളുകയായിരുന്നു.1964ലെ പിളര്‍പ്പിനുശേഷവും 1978 വരെ സിപിഎം ഗ്രാഫ് മേലോട്ടായിരുന്നു. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 10 ശതമാനം വരെ സിപിഎമ്മിന് ലഭിക്കുന്ന സ്ഥിതി രാജ്യത്തുണ്ടായിരുന്നു.
എന്നാല്‍ 1980 മുതല്‍ ജനപിന്തുണ കുറഞ്ഞുവന്ന് ബിജെപി ഭരണഘട്ടത്തില്‍ ദേശീയ പാര്‍ട്ടിയെന്ന അംഗീകാരംപോലും നഷ്ടപ്പെടുമെന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തിയിരുന്നു. വാജ്പേയി സര്‍ക്കാര്‍ സംരക്ഷിച്ചതുകൊണ്ട് അത് നഷ്ടപ്പെട്ടില്ലെന്നു മാത്രം! അനവസരത്തിലുള്ള കോണ്‍ഗ്രസ് ബന്ധവും അന്ധമായ ബിജെപി വിരുദ്ധ രാഷ്ട്രീയവുമൊക്കെ സിപിഎം തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടഘടകങ്ങളാണ്. ഇപ്പോള്‍ ഈശ്വരവിശ്വാസത്തിന്റെ മറവില്‍ നഗ്നമായ ന്യൂനപക്ഷപ്രീണനത്തിനാണ് സിപിഎം ഇറങ്ങിത്തിരിച്ചിട്ടുള്ളത്. മതേതരത്വമെന്നാല്‍ മതനിരാസമെന്ന് വ്യാഖ്യാനിച്ച ഇഎംഎസ്സിന്റെ അനുയായികളിപ്പോള് മതമേലദ്ധ്യക്ഷന്മാരുടെ അരമനപ്പടിക്കല്‍ കാവല്‍ കിടക്കുകയും മതം മനുഷ്യനന്മയ്ക്കെന്ന് പാടി നടക്കുകയും ചെയ്യുന്ന ഗതികേടിലാണുള്ളത്.
കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആത്മീയ വിശ്വാസങ്ങള്‍ക്കെതിരേയുള്ള നിലപാട് പാര്‍ട്ടി അംഗങ്ങള്‍ക്കായി നിഷ്ക്കര്ഷിച്ചിട്ടുള്ളതാണ്. കേരളത്തില്‍ മതന്യൂനപക്ഷങ്ങളെ കൂടെകൂട്ടാനുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങള്‍ ഒരു വ്യാഴവട്ടക്കാലം പയറ്റി അമ്പേ പരാജയപ്പെട്ടതാണ്. മലപ്പുറം ചുവപ്പിക്കാന്‍ പാടുപെട്ടവര്‍ക്ക് തിരിച്ചടിയാണ് കിട്ടിയതെന്നും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് അവലോകനം വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പ് ഹൗസുകളില്പോയി സ്തുതിപറയുകയും കൈമുത്തുകയും ചെയ്തിട്ടും കേരളത്തിലെ ക്രിസ്ത്യാനികളായ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം ജനസംഖ്യാനുപാതികമായില്ലെന്ന് മാത്രമല്ല കാര്യമായി കുറയുകയും ചെയ്തു.
തിരുവിതാംകൂര്‍ കൊച്ചി പ്രദേശങ്ങളില്‍ ഹിന്ദു വികാരം മുതലാക്കിക്കൊണ്ടാണ് ഇടതുപക്ഷത്തിന് ഇത്തവണ നിയമസഭാ തെരെഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാനായത്. ഇപ്പോള്‍ സിപിഎം ഇതെല്ലാം സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണ്. കരുത്ത് അല്ലെങ്കില്‍ ബലമാണ് നേര് അഥവാ ന്യായം(ാശഴവേ ശെ ൃശഴവി) എന്ന ഭൗതികവാദികളുടെ വാദം കമ്യൂണിസ്റ്റ് സിപിഎമ്മിന് തള്ളിക്കളയാനാകുമോ? ആത്മീയവാദികളുടെ കാഴ്ചപ്പാട് ‘നേര് അഥവാ ന്യായമാണ് കരുത്ത് അല്ലെങ്കില്‍ ബലം (ൃശഴവേ ശെ ാശഴവി) ഇതില്‍ ഏതാണ് സിപിഎമ്മിന് സ്വീകരിക്കാനാകുക?
ആത്മീയ ജീവിതം അടിസ്ഥാനപരമായി ദൈവഭയവും കടമകള്‍ നിറവേറ്റാന്‍ വ്യക്തിയെ പ്രാപ്തമാക്കുന്നതുമാണ്. കമ്യൂണിസം അവകാശങ്ങള്‍ക്കുവേണ്ടി പൊരുതാന്‍ മനുഷ്യന് ആഹ്വാനം ചെയ്യുന്ന ഒന്നാണ്. പരിത്യാഗത്തിന്റെ പാഠങ്ങള്‍ കമ്യൂണിസത്തിന് അണികളെ പഠിപ്പിക്കാനാവില്ല. ധര്‍മ്മരാജ്യ സങ്കല്പവും അതിലധിഷ്ഠിതമായ നീതിയും കമ്യൂണിസ്റ്റ് കാഴ്ചപ്പാടിന്റെ നേരെ എതിര്‍ദിശയിലുള്ളതാണ്. ഭൗതികതയും ആത്മീയതയും സംയോജിപ്പിച്ച് മനുഷ്യന് പൂര്‍ണ്ണനാക്കി സമാജസൃഷ്ടി നടത്തുകയെന്ന ഭാരതീയ കാഴ്ചപ്പാട് കമ്യൂണിസത്തിന് എന്നും അന്യമാണ്. ആത്മീയതയെ സ്വാംശീകരിക്കാന്‍ സിപിഎം ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ സ്വയം ഭാരതവല്ക്കരണത്തിന്റെ വഴിതേടുകയാണ് വേണ്ടത്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: