എത്രകണ്ടാലും മതിവരാത്തതാണ് ആന. ആനയുള്ള തറവാട്ടില്‍ പിറന്നതിനാലാണോ ? കേരള രാഷ്ട്രീയത്തില്‍ ആര്. ബാലകൃഷ്ണപിള്ളയും അങ്ങിനെയാണ്. എത്രവേണമെങ്കിലും പിള്ളയെക്കുറിച്ച് പറയാനുണ്ട്. പിള്ളയെ ഒഴിവാക്കി കേരള രാഷ്ട്രീയ ചരിത്രമില്ല. ‘വളരുമ്പോള്‍ പിളരുകയും പിളരുമ്പോള്‍ വളരുകയും ചെയ്യുന്ന പ്രതിഭാസം പോലെ പറഞ്ഞുകൊണ്ടിരിക്കെ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു ബാലകൃഷ്ണപിള്ള. പതിനാലാം വയസ്സില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലും പൊതുരംഗത്തും ഇറങ്ങിയതാണ് പിള്ള. ഇപ്പോള്‍ എഴുപത്തിയാറില്‍ എത്തി നില്ക്കുന്നു. ഇതിനിടയില്‍ ഒപ്പിച്ചുവച്ച ഏടാകൂടങ്ങള് നിരവധിയാണ്. പഞ്ചായത്ത് മെമ്പര്‍ മുതല്‍ പാര്‍ലമെന്റംഗം വരെ, പലതവണ എംഎല്‍എ, മന്ത്രി, ജനാധിപത്യത്തിന്റെ എല്ലാ തലങ്ങളിലും കയറി പയറ്റിത്തെളിഞ്ഞ നേതാവ്. അഴിമതി കേസില്‍ തടവില്‍ കഴിയേണ്ടി വന്ന ഒരേ ഒരു മുന്‍ മന്ത്രിയെന്ന് ഖ്യാതിയുണ്ടാക്കിയ പിള്ള പ്രസ്താവനയുടെ പേരില്‍ വ്യവഹാരത്തില്‍ വട്ടം കറങ്ങുകയും ചെയ്യേണ്ടിവന്നു. പഞ്ചാബ് മോഡല്‍ പ്രക്ഷോഭം മനസ്സില്‍ കണ്ട് നടത്തിയ പ്രസംഗം ഒരു വര്‍ഷത്തോളം വിവാദ കുരുക്കിലാക്കി. 1985 ജൂണ്‍ മുതല്‍ പിറ്റേ വര്‍ഷം മെയ് വരെ അഞ്ജാതവാസം.
ഗ്രാഫൈറ്റ്, ഇടമലയാര്‍ കേസുകള്‍ പിള്ളയുടെ ജീവിതത്തിലെ കറുത്തപുള്ളിയായി എന്നെന്നും നിലനില്ക്കും. അതിനെക്കാള്‍ പ്രകോപനമാണ് ഏറ്റവും ഒടുവിലുണ്ടാക്കിയ വിവാദങ്ങള്‍. അച്ഛനും അമ്മയും പഠിപ്പിച്ച ചിട്ടകളാണ് എന്റെ ജീവിതത്തെയും ശൈലിയേയും രൂപപ്പെടുത്തിയതെന്ന് അവകാശപ്പെടുന്ന പിള്ള, സ്വന്തം മകന് വിത്തുഗുണമില്ലെന്നാണ് പരിതപിക്കുന്നത്. താനൊരു മാടമ്പിയും കിരീടം വയ്ക്കാത്ത രാജാവുമാണെന്ന് പിള്ളയുടെ ചരിത്രം വ്യക്തമാക്കുന്നു ‘……. നന്നായി സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഏഴു ചേച്ചിമാരാണ് എനിക്കുണ്ടായിരുന്നത്. എട്ടാമനായി ഞാന്‍. അമ്മ പത്തു പ്രസവിച്ചെങ്കിലും രണ്ടു പേര് വളരെ ചെറുപ്പത്തിലെ മരിച്ചുപോയിരുന്നു. സമ്പന്നതയുടെ അഹങ്കാരം ഒട്ടും എന്നെ ബാധിക്കാതിരിക്കാന്‍ അച്ഛനും അമ്മയും ഏറെ ശ്രദ്ധിച്ചിരുന്നു എന്നുവേണം പറയാന്‍. കോളേജില്‍ ചേര്‍ന്ന് കഴിഞ്ഞപ്പോഴാണ് വീട്ടില്‍ ഞാന്‍ ഉടുപ്പിട്ടു തുടങ്ങിയത്.
അച്ഛന്റെ സമ്പത്തിന് അച്ഛനുപോലും കണക്കില്ലായിരുന്നു. തിരുവിതാംകൂറിലെ മിക്കവാറും എല്ലാ പട്ടണങ്ങളിലും അച്ഛന് ഭൂമിയുണ്ടായിരുന്നു. ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ഒരുപാട് വിറ്റിട്ടുണ്ട്. എനിക്ക് ഇനിയും ശേഷിക്കുന്ന ഭൂസ്വത്ത് എത്രയെന്ന് ചോദിച്ചാല്‍ ഒറ്റയടിക്ക് പറയാന്‍ ഇന്നും കഴിയില്ല. ഇതൊന്നും പൊങ്ങച്ചം പറഞ്ഞതല്ല. പഴയ ഫ്യൂഡല്‍ വ്യവസ്ഥയുടെ അവശേഷിപ്പുകളായി നിലനിന്ന സംഗതികളാണ്. ഇന്നത്തെ സമ്പന്നത ബാങ്ക്ബാലന്‍സും കാറും ബംഗ്ലാവുമൊക്കെയാണ്. പഴയ സമ്പന്നത ഭൂസ്വത്തായിരുന്നു. എന്റെ കുടുംബത്തിന് നന്നായി ഭൂസ്വത്തുണ്ടായിരുന്നു.
ചെങ്കോട്ടയിലും അംബാസമുദ്രത്തും പുളിയറയിലും തക്കലയിലും വിളവുകോട്ടയിലും തിരുവട്ടാറും മാര്ത്താണ്ഡത്തുമെല്ലാം അച്ഛന് ഭൂസ്വത്തുണ്ടായിരുന്നു. ഇതില്‍ നൂറുകണക്കിന് ഏക്കറുകള്‍ 1957ല്‍ തമിഴ്നാട് സംയോജനത്തിന് ശേഷം അച്ഛന് തന്നെ വിറ്റു……”
രാഷ്ട്രീയത്തിലിറങ്ങിയശേഷം കാശുപോയിട്ടുണ്ട്. ഒന്നും കീശയിലാക്കിയിട്ടില്ലെന്ന് കിട്ടാവുന്ന വേദികളിലെല്ലാം പറയുന്ന നേതാവാണ് പിള്ള. പക്ഷേ രാഷ്ട്രീയത്തിലെ നേരവകാശിയെ നിശ്ചയിച്ചതില്‍ പറ്റിയത് അബദ്ധം. ഇപ്പോള്‍ അതാണ് പിള്ളയുടെ തലവേദന. അതാകട്ടെ നാട്ടിനാകെ നാണക്കോടുണ്ടാക്കുന്ന അവസ്ഥയിലുമായി. വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിനെപ്പോലെ കേരളാകോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെ.എം. മാണി ചതിയനെന്ന് പിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. അതിനെക്കാള്‍ ഭീകരമായി മകന്റെ കിരീടധാരണം.
കെ.എം. ജോര്‍ജ്ജിനൊപ്പം പിള്ള കേരളാകോണ്ഗ്രസ്സുണ്ടാക്കുമ്പോള് കെ.എം. മാണി മീശ മുളയ്ക്കാത്ത പയ്യനായിരുന്നു. ബാലകൃഷ്ണപിള്ളയാകട്ടെ സ്ഥാപക ജനറല്‍ സെക്രട്ടറി. അന്ന് കോട്ടയത്ത് ഓഫീസ് ജീവനക്കാരനായി നിയമിച്ചതാണ് മാണിയെ. വിരുന്നു വന്നവന് ഭരണം പറ്റിയെന്ന് അവസ്ഥയായി പിന്നെ. അതിനെക്കുറിച്ചും പിള്ള രേഖപ്പെടുത്തിയതിങ്ങനെ. “എന്റെ ഈ ദൗര്ഭാഗ്യകാലത്ത് കെ.എം. മാണി എന്നോടുകാട്ടിയത് ക്രൂരതയാണ്. ഞാന്‍ ജയിലില്‍ എത്തിയ ദിവസം ദല്‍ഹിയില്‍ കെ.എം.മാണി എന്റെ കേസിനെയും കൊട്ടാരക്കരയില്‍ ജനങ്ങള്‍ എനിക്ക് നല്കിയ വികാരഭരിതമായ സ്വീകരണത്തെയും സംബന്ധിച്ച് നടത്തിയ പരാമര്‍ശം മാന്യതയുടെയും രാഷ്ട്രീയ സദാചാരത്തിന്റെയും മാനവിക ബന്ധങ്ങളുടെയും സീമകള്‍ അതിലംഘിക്കുന്നതും പഴയ ചരിത്രങ്ങള്‍ പലതും മറന്നുകൊണ്ടുള്ളതുമായി. കെ.എം. മാണി കേരളാ കോണ്‍ഗ്രസില്‍ ഒരു സാധാരണ അംഗംപോലുമല്ലാതിരുന്ന കാലത്ത് കേരളാ കോണ്‍ഗ്രസ് രൂപവല്‍ക്കരിച്ച് അതിന്റെ ഏക ജനറല്‍ സെക്രട്ടറിയായിരുന്ന ആളാണ് ഞാന്‍. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക ചെയര്‍മാനായ കെ.എം. ജോര്‍ജ്ജിന്റെ മരണം വരെയും പാര്‍ട്ടിയിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു ഞാനെന്നതും മാണി മറക്കാന്‍ കാലമായിട്ടില്ല. മോഹന്‍ കുളത്തുങ്കലിന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി മാണി കോണ്‍ഗ്രസില്‍ നിന്ന് ഒരു തെരഞ്ഞെടുപ്പ് കാലത്ത് സീറ്റ് കിട്ടാത നിരാശയില്‍ കേരളാ കോണ്‍ഗ്രസിലെത്തിയതാണ്. എനിക്കോ മാണിക്കോ മറവി രോഗം വന്നിട്ടില്ലാത്തതിനാല്‍ ഇതൊക്കെ മാണി ഇന്നും ഓര്‍ക്കുന്നുണ്ടാവും. മനസ്സില്‍ നിന്നും അത്രവേഗം മാഞ്ഞുപോകില്ലല്ലോ ഇത്തരം കാര്യങ്ങള്‍…….” എന്ന് തുടര്‍ന്ന പിള്ള മുഖ്യമന്ത്രിയാകാന്‍ മാണി കളിച്ച കളിയും ചതി അറിയാമായിരുന്നിട്ടും അദ്ദേഹത്തിനുവേണ്ടി ചെയ്ത കാര്യങ്ങളുമൊക്കെ വിവരിച്ച പിള്ള പക്ഷെ മാണി തിരിച്ച് സഹായിക്കാത്തതിനാലാണ് സങ്കടപ്പെട്ടത്. അത് എത്ര നിസാരമെന്ന് തോന്നിത്തുടങ്ങിയ മുഹൂര്‍ത്തമാണ് പിള്ള ഇപ്പോള്‍ തിരിച്ചറിയുന്നത്. തന്റെ ചോരയായ മകന് ഗണേഷ്കുമാര് തന്നെ ധിക്കരിച്ച് പ്രവര്‍ത്തിക്കുന്നതാണ് പിള്ളയെ വല്ലാതെ പിടിച്ചുലയ്ക്കുന്നത്. ആനക്കമ്പക്കാരായ ഈ കുടുംബത്തിലെ മദപ്പാട് പ്രകടിപ്പിച്ച് പിള്ള നടത്തിക്കൊണ്ടിരിക്കുന്ന കോപ്രായങ്ങള്‍ പൊതു സമൂഹത്തിനാകെ അത്ഭുതവും ആശങ്കയുമാണ് ഉളവാക്കുന്നത്.
മകനോടുള്ള പക മകന്റെ പിഎയോട് തീര്‍ത്ത വാര്‍ത്ത അച്ചടിച്ചതിന്റെ മഷി ഉണങ്ങുംമുമ്പെ അച്ഛന്റെ പിണിയാളുകള്‍ക്ക് മകന്റെ ആള്ക്കാര് പണികൊടുക്കുകയും ചെയ്തു. അച്ഛനും മകനും ചേരി തിരിഞ്ഞുള്ള പോര് പുരാണങ്ങളിലേക്കാണ് മലയാളികളെ കൊണ്ടുപോകുന്നത്. ഹിരണ്യകശിപുവും പ്രഹ്ലാദനും തമ്മിലെ പോര് നരസിംഹാവതാരത്തില്‍ എത്തിയതുപോലെ തര്‍ക്കം തീര്‍ക്കാന്‍ വീണ്ടും ഏതവതാരം വരുമെന്ന് കാത്തിരിക്കുകയാണ് കേരളം.
ഹിരണ്യകശിപുവിന്റെ രാജ്യത്ത് ഹിരണ്യായ നമഃ പറയാന്‍ മകന് പ്രഹ്ലാദന് തയ്യാറാകാത്തതാണ് ഹിരണ്യനെ പ്രകോപിപ്പിച്ചത്. പ്രഹ്ലാദന്റെ ഹരിഭക്തി കുറയ്ക്കാനാണ് ഗുരുകുലവാസത്തിനയച്ചത്. പഠനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പ്രഹ്ലാദന് പഠിച്ചതിന്റെ സാരാംശമാണ് ഹിരണ്യന് ആരാഞ്ഞത്. “സര്‍വ്വലോകത്തിന്റെ അധിപതിയും പരമാത്മാവും സര്‍വ്വ ഭൂതങ്ങളുടെയും ഹൃദയത്തില്‍ വസിക്കുന്നത് സാക്ഷാല്‍ വിഷ്ണുഭഗവാനാണെന്ന” പ്രഹ്ലാദന്റെ പൂര്‍വ്വ വിശ്വാസം ഹിരണ്യനെ കുപിതനാക്കുന്നത് സ്വാഭാവികം. പിന്നെ അവര്‍ തമ്മിലുള്ള പോരായി. പ്രഹ്ലാദനെ ഇല്ലായ്മ ചെയ്യാന്‍ എല്ലാ അടവുകളും ഹിരണ്യന് പയറ്റി. തീയില്‍ എടുത്തിട്ടു, സമുദ്രത്തില്‍ വലിച്ചെറിഞ്ഞു, വിഷം നല്കി ഇല്ലായ്മ ചെയ്യാന്‍ നോക്കി. എല്ലായ്പ്പോഴും വിഷ്ണു സഹായത്തിനെത്തി. സഹികെട്ടപ്പോഴാണ് വിഷ്ണുവിനെ കാട്ടിത്തരാന്‍ പ്രഹ്ലാദനോട് വെല്ലുവിളിച്ചത്. ബ്രഹ്മാവില്‍ നിന്ന് കിട്ടിയ വരപ്രസാദത്താല്‍ തന്നെ വധിക്കാന്‍ കഴിയില്ലെന്ന അഹങ്കാരം ഒടുവില്‍ നരസിംഹാവതാരത്തിന്റെ മുന്നില്‍ കെട്ടടങ്ങി. നരസിംഹാവതാരം ഹിരണ്യന്റെ അന്ത്യം കുറിച്ചു.
ഹിരണ്യകശിപുവിനുശേഷം പ്രഹ്ലാദന് അസുര ചക്രവര്‍ത്തിയായി. ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹത്തിന്റെ സ്വഭാവ മഹിമയും, ജ്ഞാനവും, കഴിവും ലോകത്തിനു ബോധ്യപ്പെട്ടു. പ്രഹ്ലാദന്റെ സിദ്ധികളും, പ്രസിദ്ധിയും ദേവേന്ദ്രനെ ചിന്താകുലനാക്കി. അസുരന്മാരുടെ പ്രഭാവത്തിന് മുന്‍പാകെ തന്റെ പ്രജകള്‍ മങ്ങിപ്പോകുന്നു എന്ന ശങ്ക ഇന്ദ്രന് ഉണ്ടായി. അസ്വസ്ഥനായ അദ്ദേഹം ഗുരുവായ ബ്രിഹസ്പതിയെ സമീപിച്ചു. ബ്രിഹസ്പതി ഇന്ദ്രന് വേണ്ട ഉദ്ബോധനം നല്കി. അസുര ഗുരുവായ ശുക്രാചാര്യരെക്കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം ഇന്ദ്രനെ ഉപദേശിച്ചു.
ഇന്ദ്രന് ശുക്രാചാര്യരെ സമീപിച്ചു. പ്രഹ്ലാദന്റെ ശിഷ്യത്വം സ്വീകരിക്കുക എന്ന ഒറ്റ ഉപദേശം മാത്രമേ ഇന്ദ്രന് ശുക്രാചാര്യരില് നിന്നും ലഭിച്ചുള്ളൂ. ദേവേന്ദ്രന് ശുക്രാചാര്യരുടെ ഉപദേശം സ്വീകരിച്ചു. എന്നാല്‍ സ്വന്തം രൂപം വെടിഞ്ഞ് ബ്രാഹ്മണ വേഷത്തിലാണ് പ്രഹ്ലാദനെ സമീപിച്ചത്.
പ്രഹ്ലാദന് രാജ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ നല്കുന്ന സമയമായിരുന്നു അപ്പോള്‍. ആ സമയത്താണ് ഇന്ദ്രന് അവിടെ എത്തിയത്. തന്റെ ജോലിത്തിരക്കിനെ കുറിച്ച് സൂചിപ്പിച്ച പ്രഹ്ലാദനോടു അവിടുത്തെ സൗകര്യവും സമയവും അനുസരിച്ച് എനിക്ക് വിദ്യ നല്കിയാല് മതി എന്ന് ബ്രാഹ്മണന് വിനയപൂര്‍വ്വം അറിയിച്ചു. ശിഷ്യനാകാന്‍ വന്നു ക്ഷമാപൂര്‍വ്വം കാത്തുനില്ക്കുന്ന ബ്രാഹ്മണനോട് പ്രഹ്ലാദനു വലിയ മതിപ്പ് തോന്നി. അയാളെ ശിഷ്യനായി സ്വീകരിച്ച പ്രഹ്ലാദന് മനസ്സറിഞ്ഞു വിദ്യ പകര്‍ന്നു നല്കി.
വിദ്യാദ്ധ്യയനം പൂര്‍ത്തിയാക്കിയ തന്റെ ശിഷ്യനോട് അദ്ദേഹത്തിന് അളവറ്റ സ്നേഹവും വാത്സല്യവും തോന്നി. തന്നില്‍ നിന്നു ഒരു വരം സ്വീകരിക്കുവാന്‍ പ്രഹ്ലാദന് ബ്രാഹ്മണനോട് ആവശ്യപ്പെട്ടു.
അവിടുന്നു നല്കിയ വിദ്യയാകുന്ന വരപ്രസാദത്തെക്കാള്‍ വലുതായിട്ടൊന്നും തന്നെ അവശേഷിക്കുന്നില്ലായെന്നതു കൊണ്ട് ഇനി വരം ചോദിക്കാന്‍ അടിയന് അശക്തനാണ്. ബ്രാഹ്മണന്റെ ഈ മറുപടിയില്‍ തൃപ്തനായ പ്രഹ്ലാദന് വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍, ബ്രാഹ്മണന് പ്രഹ്ലാദന്റെ ‘ശീലം’ തനിക്കു വരമായി നല്കുവാന് ആവശ്യപ്പെട്ടു. സാധാരണ ബ്രാഹ്മണര്‍ ചോദിക്കാത്ത വരം കേട്ടപ്പോള്‍ പ്രഹ്ലാദന് അത്ഭുതപ്പെട്ടു. എങ്കിലും അദ്ദേഹം തന്റെ വാഗ്ദാനം നിറവേറ്റി.
പ്രഹ്ലാദന്റെ ശരീരത്തില്‍ നിന്നും ഒരു ദിവ്യ പുരുഷന് പുറത്തുവന്നു. അദ്ദേഹം പ്രഹ്ലാദനെ പരിചയപ്പെടുത്തി, ‘ ഞാന്‍ താങ്കളുടെ മനസ്സില്‍ കുടികൊണ്ടിരുന്ന ശീലം അഥവാ സ്വഭാവം ആണ്. ഇനി ബ്രാഹ്മണനോടൊപ്പം കൂടുന്നു.’ തുടര്‍ന്നു പ്രഹ്ലാദന്റെ ഉള്ളില്‍നിന്നും പല വിശിഷ്ട രൂപങ്ങള്‍ പുറത്തുവന്നു. അവരൊക്കെ ബ്രാഹ്മണനൊപ്പം കൂടി. അവ ധര്‍മ്മം, സത്യം, സദാചാരം, ആത്മബലം എന്നിവരായിരുന്നു. ശീലത്തിന്റെ അഭാവത്തില്‍ അവരുടെ പ്രസക്തി നഷ്ടപ്പെട്ടിരുന്നു.
ഏറ്റവും അവസാനം പ്രഹ്ലാദന്റെ ശരീരത്തില്‍നിന്നും ഒരു സുന്ദരി പുറത്തുവന്നു. അവളോടു പ്രഹ്ലാദന് കാര്യം തിരക്കി, അവള് പറഞ്ഞു, ‘ ഞാന്‍ ലക്ഷ്മി എനിക്ക് പിന്തുണ നല്കിയവരെല്ലാം ബ്രാഹ്മണ വേഷത്തില്‍ വന്ന ഇന്ദ്രന് അധീനരാണ്. ശീലത്തെ അനുഗമിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ‘ അങ്ങനെ ശീലം കൈമോശം വന്ന പ്രഹ്ലാദന് ശക്തിഹീനനും ശ്രീഹീനനുമായി.
വിഷ്ണുഭാക്തനായിരുന്നെങ്കിലും പ്രഹ്ലാദനു ദേവന്മാരെ ഇഷ്ടമായിരുന്നില്ല. തന്നെയും തന്റെ പിതാവിനെയും ചതിച്ച ദേവന്മാരെ തരം കിട്ടുമ്പോഴൊക്കെ ഉപദ്രവിക്കാന്‍ അദ്ദേഹം മടിച്ചില്ല. ശീലം നഷ്ടമായപ്പോള്‍ സ്വാഭാവികമായും ശത്രുഭാവം വര്‍ദ്ധിച്ചു.
ഒരു ദിവസം പ്രഹ്ലാദന് നൈമിഷികാരണ്യത്തില്‍ എത്തി. രണ്ടു തപസ്വികളുമായി കലഹിച്ചു. കലഹം യുദ്ധമായി പരിണമിച്ചു. കൊടിയ യുദ്ധം ഏറെ നീണ്ടു നിന്നു.
അവസാനം വിഷ്ണു പ്രഹ്ലാദന്റെ മുന്പില് പ്രത്യക്ഷപ്പെട്ടു. ഈ മഹര്‍ഷിമാര്‍ നര നാരായണന്മാരാണെന്നും തന്റെതന്നെ അംശമായ അവരോടു കലഹിക്കാന്‍ പാടില്ലായെന്നും വിഷ്ണു പറഞ്ഞപ്പോള്‍ പ്രഹ്ലാദന് ഭക്ത്യാദരങ്ങളോടെ അനുസരിച്ചു. മനോനിയന്ത്രണത്തിനുവേണ്ടി പ്രഹ്ലാദന് തപസ്സു ചെയ്യുവാന്‍ തീരുമാനിച്ചു. രാജ പ്ത്രനായ മഹാബലിയെ രാജ്യ ഭാരം ഏല്‍പ്പിച്ച് പ്രഹ്ലാദന് ഗന്ധമാദന പര്‍വ്വതത്തില്‍ തപസ്സുചെയ്യുവാന്‍ പോയി. എന്നാണ് കഥ. ഇന്ന് കേരള രാഷ്ട്രീയത്തില്‍ അച്ഛനും മകനും കൊമ്പുകോര്‍ത്ത് ഒടുവില്‍ ഹിരണ്യനും പ്രഹ്ലാദനും സംഭവിച്ചതാവര്ത്തിക്കുമോ ? സംഭവാമി യുഗേ യുഗേ…..
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: