നമ്മുടെ മാതൃഭാഷയായ മലയാളം മാനിക്കപ്പെടുന്നുവെന്ന സൂചനകള്‍ സമീപകാലത്ത് ശക്തിപ്രാപിച്ച് വരുന്നു. ദീര്‍ഘകാലത്തെ അവഗണനയ്ക്കും അധിക്ഷേപങ്ങള്‍ക്കുമൊടുവില്‍ സ്വഭാഷാഭിമാനം കേരളത്തില്‍ തെളിഞ്ഞുവരുന്നുവെന്നതില് ഭാഷാസ്നേഹികള്‍ ഏറെ സമാശ്വാസം കൊള്ളുന്നു. എത്രയെത്ര പിഴകള്‍ അടച്ചും പൊതുവേദികളിലും സ്ഥാപനങ്ങളിലും മാധ്യമങ്ങളിലുമൊക്കെ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട മലയാളം അതിന്റെ ആപത്കാലത്തെ അതിജീവിച്ച് അഭിമാനം വീണ്ടെടുക്കാന്‍ തുടങ്ങുന്നുവെന്നതില് ഏറെ ചാരിതാര്‍ത്ഥ്യമുണ്ട്. ഭാഷയെ ക്ലാസിലാക്കാനും ക്ലാസ്സിക്കലാക്കാനുമൊക്കെ അനവരതം പരിശ്രമം നടത്തിയിട്ടുള്ളവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. നിര്‍ബന്ധിത പാഠ്യവിഷയമാക്കാന്‍ നിയമനിര്‍മ്മാണം നടന്നു. അധിക സമയം കണ്ടെത്തി മാതൃഭാഷാ പഠനം കുറ്റമറ്റതാക്കാനുള്ള പരിശ്രമവും വിലമതിക്കുന്നു. ഇതൊന്നും ആരുടെയും ഔദാര്യംകൊണ്ട് വന്നു ഭവിച്ചുവെന്ന് അവകാശപ്പെടാനുള്ളതല്ല. കാരണം മലയാളം നമ്മുടെ നാടിന്റെ പേരായിരുന്നു. അത് പിന്നീട് ഭാഷയുടെ പേരായി. നാടും ഭാഷയും ചേര്‍ന്ന ജീവിതസംസ്കാരം ഒരു ജനവിഭാഗത്തേയും ഭൂപ്രദേശത്തേയും സ്വാധീനിച്ചു. അത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്ന സവിശേഷ സാംസ്കാരിക ചിഹ്നമായ മാതൃഭാഷ ഇനിയെങ്കിലും സ്വാഭിമാനം വീണ്ടെടുക്കണ്ടെ?
ഭാഷയുടെ വൈഭവ പൂര്‍ണ്ണമായ വളര്‍ച്ചയ്ക്കുവേണ്ടി ഒരു സര്‍വ്വകലാശാല നിലവില്‍ വരാന്‍ പോകുന്നു. അധികാര രാഷ്ട്രീയത്തിന്റെ സ്വാര്‍ത്ഥ കുശലത അങ്ങനെയൊരു സങ്കല്പത്തെ സാക്ഷാത്കരിക്കുന്നതില്‍ ആശങ്കകള്‍ വാരി നിറയ്ക്കുന്നു. എവിടെ വേണം സര്‍വ്വകലാശാല. മലബാറും കൊച്ചിയും തിരുവിതാംകൂറുമൊക്കെ ഈ വിഷയത്തില്‍ പ്രമാണിത്തം പ്രകടിപ്പിക്കുന്നു. ഭാഷയ്ക്ക് അടിത്തറ പാകിയവര്‍ ഏതു ദിക്കിലുമുണ്ടാകാം. താന്‍ പോരിമ പറഞ്ഞ് കൈയില്‍ വന്നത് തട്ടിക്കളയാന്‍ തുനിയുന്നത് ബുദ്ധിയല്ല. തുഞ്ചത്താചാര്യന്റെ പേരിലാകണം മലയാള സര്‍വ്വകലാശാലയെന്നതില്‍ ദോഷൈകദൃക്കുകള്‍ക്ക് പോലും അഭിപ്രായവ്യത്യാസമുണ്ടാകുമെന്ന് തോന്നുന്നില്ല. അത്രയും ആശ്വാസം . കവിഗുരുവായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മംകൊണ്ട് പവിത്രമാക്കപ്പെട്ട തിരൂരിലെ തുഞ്ചന്‍ പറമ്പിനെ കേന്ദ്രമാക്കിയല്ലേ സര്‍വ്വകലാശാല ജന്മമെടുക്കേണ്ടത്? സ്വാഭിമാനത്തോടെ മലയാളികള്‍ ഒറ്റക്കെട്ടായി ഇങ്ങനെ പറയാന്‍ മടിക്കുന്നതെന്തിന്? തിരൂര്‍ ഉള്‍പ്പെടുന്ന മലപ്പുറം ജില്ലയില്‍ അറബി യൂണിവേഴ്സിറ്റി നിശ്ചിത സ്ഥലത്ത് വരണമെന്നത് ഒരു സംഘടിത ജനവിഭാഗത്തിന്റെ ജീവിതാഭിലാഷമാണ്. അങ്ങനെയൊരു അഭിലാഷം പൊതുമലയാളി സമൂഹത്തിന് എന്തുകൊണ്ട് വരുന്നില്ല? പാലക്കാട്ടെ ചിറ്റൂരും തിരുവനന്തപുരവുമൊക്കെ മലയാള സര്‍വ്വകലാശാലയ്ക്ക് പിറവിയെടുക്കാന്‍ അയോഗ്യമായ സ്ഥലമെന്നല്ല. ഇവിടെ വിവക്ഷിയ്ക്കുന്നത്. മലയാള സര്‍വ്വകലാശാല തിരൂരില്‍ നിന്ന് നാടുകടത്തപ്പെടാന്‍ കൊണ്ടുപിടിച്ച് ശ്രമം നടത്തുന്നതിന്റെ രാഷ്ട്രീയ അജണ്ട നാം മനസ്സിലാക്കണം. ഒരു ജില്ലയില്‍ രണ്ട് സര്‍വ്വകലാശാല അപ്രായോഗികമെന്ന സാങ്കേതികത്വ മുന്നറിയിപ്പ് അറബിയ്ക്ക് വേണ്ടി മലയാളം സഹിയ്ക്കേണ്ടി വരുന്നു. ഇത് വളരെ ആസൂത്രിതമായ ഒരു നീക്കത്തിന്റെ ഭാഗമാണ്. തലസ്ഥാനത്ത് നിന്ന് അന്വേഷണക്കമ്മീഷന് പുറപ്പെട്ടിരിക്കുന്നു. സ്ഥലപരിമിതികൊണ്ട് തിരൂര്‍ സര്‍വ്വകലാശാലയ്ക്ക് യോഗ്യമല്ല എന്ന വിശദീകരണം ഒരു പക്ഷെ നാളെ നാം കേള്‍ക്കേണ്ടിവരും.
ശ്രമപ്പെട്ടാണെങ്കിലും സാക്ഷാത്കരിക്കപ്പെടുന്ന സര്‍വ്വകലാശാല ഭാഷയ്ക്ക് വേണ്ടി എന്ത് ചെയ്യും?. അല്ലെങ്കില്‍ എന്ത് ചെയ്യണം? കാലങ്ങളായി മലയാളഭാഷയും മലയാളി സമൂഹവും തെറ്റിദ്ധാരണകളിലും ദുര്‍വ്യാഖ്യാനങ്ങളിലും അകപ്പെട്ട് പോയവരാണ്. നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് കേരളമെന്ന സങ്കല്പം 1956 നവംബര്‍ 1 മുതല്ക്കേ ഉണ്ടായിട്ടുള്ളൂ. അതിന് മുമ്പ് ഇവിടെ ഭാഷയും എഴുത്തും ഉണ്ടായിരുന്നില്ലേ? രാഷ്ട്രീയാതിര്ത്തിയില് തളച്ചിടേണ്ടതല്ല ഐക്യകേരളമെന്ന വികാരം. ഫലഭൂയിഷ്ഠമായ കന്യാകുമാരി ജില്ലയിലെ ഗ്രാമങ്ങള്‍ ഇന്നും മലയാളിയ്ക്ക് സ്വന്തമെന്നല്ലേ തോന്നുന്നത്. ഹൃദയംകൊണ്ട് സംവദിയ്ക്കുമ്പോള്‍ ശുചീന്ദ്രവും, കല്‍ക്കുളവും കുളച്ചലുമൊക്കെ മലയാള മണ്ണിന്റെ മണംവിതറുന്നു.
കന്യാകുമാരി ക്ഷിതിയാദിയായ്
ഗോകര്‍ണ്ണാന്തമായ് തെക്കുവടക്കു നീളെ
അന്യോന്യമംബാശിവന് നീട്ടിവിട്ട
കണ്ണോട്ടമേറ്റുണ്ടൊരു നല്ലരാജ്യം.
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വാങ്മയത്തിലെ ഈ നല്ല രാജ്യസങ്കല്പം- ഭാഷയും പരിസ്ഥിതിയും കൃഷിയും ആചാരവും, ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെ സമ്മേളിക്കുന്നതാണ്. ഇത് തന്നെയാണ് നമ്മുടെ പൂര്വ്വികകവികള് വരച്ച് വച്ച മലയാണ്മ. കുടിയേറ്റം, കലഹം, ലഹള, അധികാരം, അധിനിവേശം, നഗരവല്‍ക്കരണം, വ്യവസായവല്‍ക്കരണം, ഉപഭോഗഭ്രാന്ത് ഇവയുടെയൊക്കെ വരവോടെ മലയാണ്മയെന്ന നന്മ ക്ഷയിച്ചുപോയി. ഭാഷ രാസപരിണാമങ്ങള്‍ക്ക് വിധേയമായി. സംവേദനത്തിന്റെ ശൈലികളില്‍ മാറ്റംവന്നു. അസ്ഥിപഞ്ജരമായ ഒരു ഭാഷാക്കൂട് മാത്രമായി നമ്മുടെ മലയാളം.
ഭാഷയുടെ ഹൃദയതാളം നഷ്ടമാക്കി. മഹാത്മജിയുടെ മാതൃഭാഷാഭിമാന പ്രസംഗം വിഖ്യാതമാണ്. നമ്മുടെ കുട്ടികള്‍ മാതൃഭാഷാ മാധ്യമത്തില്‍ക്കൂടി വിദ്യ ആര്‍ജ്ജിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. നമ്മുടെ ഭാഷ നമ്മുടെ സ്വന്തം പ്രതിഫലനമാണ്. നമ്മുടെ ഭാഷകള്‍ നമ്മുടെ ഏറ്റവും ഉത്കൃഷ്ട വിചാരങ്ങളെ പ്രകാശപ്പിക്കാന് കഴിയാത്തവണ്ണം ദരിദ്രങ്ങളാണെന്ന് നിങ്ങള്‍ കരുതുന്ന പക്ഷം എത്രവേഗം നാം ഈ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കപ്പെടുന്നുവോ അത്രയും നന്നെന്ന് ഞാന്‍ കരുതുന്നു. കഴിഞ്ഞ അമ്പത് കൊല്ലക്കാലം നാം പഠിച്ചത് മാതൃഭാഷയിലായിരുന്നെങ്കില് നമ്മുടെ സ്ഥിതി എന്താകുമായിരുന്നു. അവര്‍ നമ്മുടെ രാഷ്ട്രഹൃദയത്തോട് നേരിട്ട് സംവദിക്കുമായിരുന്നു. അമ്പത് കൊല്ലംകൊണ്ട് അവര്‍ നേടിയതെല്ലാം രാഷ്ട്രത്തിന് വലിയ സംഭാവനയാകുമായിരുന്നു.
കവിഗുരുക്കന്മാര് പാടിത്തന്ന പഴങ്കവിതകള് പട്ടിമോങ്ങുന്ന ശൈലിയെന്നു പുതുമുറക്കാര്‍ പരിഹസിച്ചു. ഋതുഭേദപകര്ച്ചകളിലൂടെ ജന്മമെടുക്കുന്ന ഉത്സവങ്ങളും വേലകളും തനിമ നഷ്ടപ്പെട്ട് കമ്പോളവല്‍ക്കരണ പാതയിലകപ്പെട്ടു. വിശ്വോത്തരമായ പരിസ്ഥിതി ഭാവനയുടെ പ്രത്യക്ഷ ഭാവങ്ങളായ കാവും കുളവും ആലും ആല്‍ത്തറയും കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ക്ക് വഴിമാറി. തുലാവര്‍ഷം, വൃശ്ചിക കുളിര്, ധനുമാസക്കാറ്റ്, കുംഭചൂട്, മീന നിലാവ്, കര്‍ക്കിടകപ്പേമാരി ഇവയെല്ലാം എന്നോ അസ്തമിച്ചു. ബൃഹത്തായ ആശയങ്ങളെ ഗര്‍ഭം ധരിയ്ക്കുന്ന മനോഹര ശൈലികള്‍ അന്യമായി. എഴുത്തിനെപ്പോലും ആണും പെണ്ണുമായി വര്‍ഗ്ഗീകരിച്ചു. ബിംബ കല്പനകളെ പേറുന്ന ഉദാത്ത കവിതകള്‍ വിസ്മൃതിയിലാണ്ടു.
ഇങ്ങനെയെല്ലാമുള്ള ദുഷിപ്പുകള്‍ പേറുന്ന ഒരു നാടും ആ നാടിന്റെ സംസ്കാരവാഹിയായ ഭാഷയും എന്താണ് ഭാവിയില്‍ പ്രതീക്ഷിയ്ക്കേണ്ടത്? നഷ്ടമായിപ്പോയ; ഗൃഹാതുരത്വ സ്മരണയുണര്‍ത്തുന്ന മലയാണ്മയുടെ വീണ്ടെടുപ്പ് അനിവാര്യമാകുന്നത് ഇവിടെയാണ്.
ഈ സാഹചര്യത്തില്‍ തര്‍ക്കങ്ങളിലും കോലാഹലങ്ങളിലുംപെട്ട് നാം വഞ്ചിതരാകരുത്. രാഷ്ട്രീയ ലാഭക്കണ്ണും സാമുദായിക സന്തുലനവും നോക്കി പടിവാതിക്കലെത്തിയ സര്‍വകലാശാല അവസാനം നഷ്ടമാക്കരുത്. ഭാഷാഭിമാന പ്രവര്‍ത്തകര്‍ ഒരുമിച്ച് നിന്ന് ഗൗരവത്തോടെ വെല്ലുവിളികളെ നേരിടുകതന്നെ ചെയ്യണം.
പേരെടുത്ത് പറഞ്ഞും പറയാതെയും എത്രയെത്ര മാതൃഭാഷാ പ്രേമികള്‍ സംഘടിതമായും ഒറ്റയ്ക്കും കേരളത്തില്‍ പ്രവര്‍ത്തിയ്ക്കുന്നു. അങ്ങനെയുള്ളവരെ സമന്വയിപ്പിച്ച് ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണമാരംഭിക്കേണ്ടതുണ്ട്. ബാലഗോകുലവും അനുബന്ധപ്രസ്ഥാനങ്ങളും കാലങ്ങളായി ഈ ആശയത്തിന് വേണ്ടി വാദിയ്ക്കുകയാണ്. ഇരുപത്തി അഞ്ച് വര്‍ഷമായി മാതൃഭാഷാമാധ്യമത്തില്‍ ആയിരക്കണക്കിന് പരീക്ഷാര്ത്ഥികളിലൂടെ അമൃതഭാരതി വിദ്യാപീഠം ചെയ്തുകൊണ്ടിരിക്കുന്നത് മലയാണ്മയുടെ പുനര്‍ജ്ജനിയ്ക്ക് വേണ്ടിയാണ്. ലാവണ്യസുന്ദരമായ ഭാഷയുടെ പ്രകൃതിദത്ത പഠനത്തിലൂടെ ബാലഗോകുലം കേരളത്തിലും പുറത്തും ഈ മനോഹരദര്‍ശനം അറിയിച്ചുകൊണ്ടിരിക്കുന്നു. ഒരു മലയാളം സര്‍വ്വകലാശാല തുഞ്ചന്റെ പേരില്‍ തിരൂരില്‍ സ്ഥാപിക്കണമെന്നതും എല്ലാ സര്‍വ്വകലാശാലകളിലും തുഞ്ചന്‍ പീഠത്തിന് അംഗീകാരം കൊടുക്കണമെന്നതും വിദ്യാലയങ്ങളില്‍ മാതൃഭാഷ നിര്ബന്ധിതനിയമത്തിലൂടെ സ്ഥാപിച്ചെടുക്കണമെന്നതും ബാലഗോകുലത്തിന്റെയും അമൃതഭാരതിയുടേയും ആവശ്യങ്ങളായിരുന്നു. ഭാഷ ആശയവിനിമയത്തിനപ്പുറം ഒരു സംസ്കാരം കൂടെയാണെന്ന് ബാലഗോകുലവും അമൃതഭാരതിയും വിശ്വസിക്കുന്നു. ഭാഷാ പഠനത്തിലെ മാതൃകാ സമീപനം അധികൃതരെ ബോദ്ധ്യപ്പെടുത്താനുള്ള ബാദ്ധ്യത കാലങ്ങളായി ഭാഷയ്ക്ക് വേണ്ടി പ്രയത്നിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ അമൃതഭാരതി വിദ്യാപീഠത്തിനുണ്ട്. കേരളത്തിലെ മൂന്ന് നഗര കേന്ദ്രങ്ങളില്‍ അമൃതഭാരതി ചര്‍ച്ചയ്ക്ക് വച്ച സെമിനാര്‍ വിഷയം എഴുത്തുകാരുടെയിടയില്‍ അനുകൂല തരംഗം സൃഷ്ടിച്ചിട്ടുണ്ട്. മലയാളഭാഷയും മലയാള സമൂഹവും എന്ന കാലിക പ്രാധാന്യമുള്ള ആശയത്തിന്റെ പ്രായോഗികാംശത്തെ സംസ്കരിയ്ക്കുന്ന വിധമാകണം സര്‍വ്വകലാശാലാ നടപടികള്‍.
അമൃതഭാരതിയുടെ രജത ജയന്തി വര്‍ഷത്തില്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വച്ച് ഭാഷാചരിത്രപണ്ഡിതന്മാരും ഗുരുനാഥന്മാരും കുട്ടികളും ഒന്ന് ചേര്‍ന്നെടുക്കുന്ന ധീരമായ പ്രതിജ്ഞയും ഒരു ഭാഷാനയവും പുറത്തുവരും.
എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: