കൊല്ലം നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിന്പോയ ബോട്ടിലെ രണ്ട് തൊഴിലാളികളെ ഇറ്റാലിയന്‍ എണ്ണക്കപ്പലായ എന്റിക് ലെക്സിയിലെ സുരക്ഷാ ജീവനക്കാര്‍ വെടിവച്ച് കൊന്നതില്‍ ഇന്ത്യ ഇറ്റാലിയന്‍ അമ്പാസഡറോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ മത്സ്യം പിടിക്കാന്‍ വലയുമായി പോയ പതിനൊന്നംഗ മത്സ്യത്തൊഴിലാളി സംഘത്തില്‍ രണ്ടുപേരെയാണ് കടല്‍ക്കൊള്ളക്കാരാണെന്ന സംശയത്തിന്റെ പേരില്‍ വെടിയുതിര്‍ത്ത് കൊന്നത്. ആയുധധാരികളല്ലാത്ത വലമാത്രം കയ്യിലുണ്ടായിരുന്ന ഇവര്‍ക്കുനേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് ഇറ്റാലിയന്‍ നാവികര്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ വെടിയുതിര്‍ത്തത്. ആദ്യത്തെ ഉണ്ടയില്തന്നെ ബോട്ടോടിച്ചയാള് മരിച്ചിട്ടും തുടരെതുടരെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞത്. ഇറ്റാലിയന്‍ നാവികര്‍ പറയുന്നത് ഇവര്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ത്തത് എന്നാണ്. വലകൊണ്ട് എങ്ങനെ ആക്രമിക്കും? മറ്റൊരു പ്രധാനകാര്യം തങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്ന വിവരം ഇവര്‍ കോസ്റ്റ്ഗാര്‍ഡിനെ അറിയിച്ചിരുന്നില്ല എന്നതാണ്. പ്രത്യക്ഷ നിയമലംഘനം തന്നെയാണ് ഇറ്റാലിയന്‍ കപ്പല്‍ നടത്തിയത്.
ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് പ്രതിരോധമന്ത്രി ആന്റണി പറഞ്ഞുവെങ്കിലും ഇറ്റലിയുടെ സാമന്തരാജ്യമായി മാറിയിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും അവഗണിക്കപ്പെടുന്ന സംസ്ഥാനമായ കേരളത്തിലെ അവശ വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ മേല്‍ നടത്തിയ കടന്നുകയറ്റം മത്സ്യമേഖലയെയും കേരളത്തെയും പ്രകോപിതരാക്കിയിരിക്കുകയാണ്. പോലീസ് ഇവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്ന ഉറച്ച നിലപാട് സ്വീകരിച്ചിരിക്കുകയുമാണ്. പക്ഷേ ഇന്ത്യന്‍ നിയമത്തിന് വഴങ്ങില്ലെന്നും അന്വേഷണവുമായി സഹകരിക്കില്ലെന്നുമാണ് ഇപ്പോള്‍ കൊച്ചി തീരത്തെത്തിച്ചിരിക്കുന്ന എന്ട്രിക്കലെസി എന്ന കപ്പലിലെ ക്യാപ്റ്റന്‍ പറയുന്നത്. ഈ നിലപാട് ഇറ്റാലിയന്‍ എംബസിയും ആവര്‍ത്തിച്ചിരിക്കുന്നു. കപ്പലിലെ ക്യാപ്റ്റനെയും ജീവനക്കാരെയും കൊല്ലം പോലീസിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഇറ്റാലിയന്‍ അംബാസഡറെ വിളിച്ചുവരുത്തി പോലീസിനോടൊപ്പം കപ്പല്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നു. അമ്പാസഡര്‍ അവകാശപ്പെടുന്നത് കപ്പല്‍ ആക്രമിച്ച് കയറാന്‍ ശ്രമിച്ചപ്പോള്‍ മുന്നറിയിപ്പ് നല്കിയ ശേഷമാണ് വെടിവയ്പ്പ് നടന്നതെന്നാണ്. മുന്നറിയിപ്പ് ആകാശത്തേക്ക് വെടിവച്ചാണ്. അത് നടന്നിട്ടില്ല. പക്ഷേ ഇന്ത്യന്‍ നേവിയുടെ പരിശോധനയില്‍ കപ്പലിന് പുറത്ത് വെടിയുതിര്‍ത്ത പാടുകളോ ആക്രമണശ്രമത്തിന്റെ തെളിവുകളോ കണ്ടില്ല. ഇപ്പോള്‍ കൊല്ലം നീണ്ടകര തീരദേശ പോലീസ്സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന നിലപാട് വ്യക്തമാക്കുകയും ചെയ്തുകഴിഞ്ഞു. ആറുപേരുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ അരുംകൊല നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന നിലപാടിലാണ് കൊല്ലം പോലീസ് കമ്മീഷണര്‍. ഇറ്റാലിയന്‍ സ്ഥാനപതി കപ്പല്‍ ജീവനക്കാര്‍ക്ക് എല്ലാവിധ നിയമസഹായവും ഉറപ്പാക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര പ്രശ്നം എന്ന നിലയിലേക്ക് ഈ അനിഷ്ടസംഭവം വളര്‍ന്നുകഴിഞ്ഞു. വെടിവയപ്പില്‍ മരിച്ച രണ്ടുപേരുടെ മൃതദേഹം ഘോഷയാത്രയായി എടുത്ത് അടക്കം ചെയ്തശേഷം പ്രക്ഷുബ്ധരായ മത്സ്യത്തൊഴിലാളികള്‍ നീതി ലഭിച്ചില്ലെങ്കില്‍ സമരഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് അഞ്ചുലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇറ്റാലിയന്‍ അധികൃതരില്‍നിന്ന് നഷ്ടപരിഹാരവും തേടും. ഇന്ത്യന്‍ സമുദ്രതീരത്തിന് പന്ത്രണ്ട് നോട്ടിക്കല്‍ മെയിലിനുള്ളിലാണ് വെടിവയ്പ്പ് നടന്നിട്ടുള്ളതെങ്കില്‍ ഇന്ത്യക്ക് നിയമനടപടി സ്വീകരിക്കാം. കോസ്റ്റ്ഗാര്‍ഡും നേവിയും അവകാശപ്പെടുന്നത് ഇറ്റാലിയന്‍ കപ്പല്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന് തന്നെയാണ്. വെടിവയ്പ്പിന് ശേഷവും ഇന്ത്യന്‍ അധികൃതരെ വിവരമറിയിക്കാതെ ഈജിപ്തിന്റെ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാനാണ് കപ്പല്‍ ശ്രമിച്ചത്. രക്ഷപ്പെട്ട തൊഴിലാളികള്‍ വിവരമറിയിച്ച ശേഷമാണ് ഇന്ത്യന്‍ അധികൃതര്‍ പാഞ്ഞെത്തി കപ്പല്‍ തടഞ്ഞ് കൊച്ചി തീരത്തെത്തിച്ചത്.
ഇപ്പോള്‍ സെക്ഷന്‍ 302 ഐപിസി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കൊല്ലം പോലീസ് അന്വേഷണം തുടരുകയാണ്. യഥാര്‍ത്ഥ കുറ്റവാളികളെ ബോട്ട് ജീവനക്കാര്‍ തിരിച്ചറിഞ്ഞശേഷം കസ്റ്റഡിയിലെടുക്കും. തങ്ങളെ വെടിവച്ചത് മൃഗയാ വിനോദത്തിനിറങ്ങുന്നവര് വെടിവയ്ക്കുന്നപോലെയാണെന്നായിരുന്നു രക്ഷപ്പെട്ട ജീവനക്കാര്‍ പറഞ്ഞത്. ഒഴിഞ്ഞ പുറങ്കടലില്‍ കണ്ട ഏക മത്സ്യബന്ധന ബോട്ടിനുനേരെ കാട്ടില്‍ വേട്ടയ്ക്ക് പോകുന്നവര്‍ മൃഗത്തിനെ കാണുമ്പോള്‍ വെടിയുതിര്ക്കുന്നപോലെ വെടിവച്ചതിനെ മൃഗയാ വിനോദമെന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും. നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭം എന്ന് മത്സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പ് നല്കുമ്പോഴും അന്വേഷണം പൂര്‍ത്തിയാക്കിയശേഷം കപ്പല്‍ വിട്ടുനല്‍കുമെന്നാണ് ധാരണയായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: