അദ്ധ്യാപനം രാഷ്ട്രസേവനം, വിദ്യാഭ്യാസം രാഷ്ട്രപുരോഗതിക്ക് എന്ന സന്ദേശവുമായി കഴിഞ്ഞ 33 വര്‍ഷമായി കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദേശീയ അദ്ധ്യാപക പ്രസ്ഥാനമാണ് ദേശീയ അദ്ധ്യാപകപരിഷത്ത് (എന്‍ടിയു). അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ബി.ആര്.എസ്.എം എന്ന സംഘടനയുടെ കേരളഘടകമായാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സ്കൂള്‍, ഹയര്‍സെക്കന്ററി വൊക്കേഷണല്‍ മേഖലകളിലായി 38 ഓളം അംഗീകൃത സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ 33 വര്‍ഷമായി കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് അദ്ധ്യാപകരുടെ അവകാശപോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും വിദ്യാര്‍ത്ഥികളില്‍, ദേശീയ ബോധവും, മൂല്യബോധവും, മൂല്യാധിഷ്ഠിതവിദ്യാഭ്യാസവും പകര്‍ന്ന് നല്‍കുന്നതിന് പ്രാമുഖ്യം നല്‍കുകയും, വിദ്യാഭ്യാസരംഗത്ത് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, സര്‍ക്കാറിന്റെ വിദ്യാഭ്യാസ, കലാ, ശാസ്ത്ര, സാമൂഹ്യ, ഐടി മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിവരുന്ന പ്രസ്ഥാനവുമായ എന്‍ടിയുവിന് അംഗീകാരം നല്കാന് ഇടതുവലത് സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. കേരളത്തിലെ എല്ലാ ജില്ലകളിലും, വിദ്യാഭ്യാസ, സബ്ജില്ലകളിലും ശക്തമായ സാന്നിദ്ധ്യമുള്ള കേരളത്തിലെ മൂന്നാംശക്തിയായ ഈ ദേശീയ പ്രസ്ഥാനത്തെ വിദ്യാഭ്യാസ യോഗങ്ങളിലും, മേളകളിലും,പങ്കെടുപ്പിക്കാന്‍ തയ്യാറായിരുന്നില്ല. ഈ അവഗണനക്കെതിരെ നിരവധി പ്രക്ഷോഭപരിപാടികള്‍ക്ക് എന്‍ടിയു നേതൃത്വം നല്കി. കലാമേളകളില്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കാത്തതിനെതിരെ കോഴിക്കോട്ടും, മലപ്പുറത്തും, പാലക്കാട്ടും പത്തനംതിട്ടയിലും, തിരുവനന്തപുരത്തും കലാമേളകളിലെ സ്വാഗതസംഘ രൂപീകരണയോഗങ്ങളും, ഉദ്ഘാടന വേദികളും എന്‍ടിയു നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായി സംഘര്‍ഷഭരിതമായി. അധികൃതരുടെ ഭാഗത്തുനിന്നും നീതി ലഭിക്കില്ല എന്നതിനാല്‍ കോടതിയെ സമീപിച്ചു. കോടതി സര്‍ക്കാരിനോട് അദ്ധ്യാപകസംഘടനകളില്‍ ഹിതപരിശോധനനടത്താന് ഉത്തരവിടുകയും അതുവരെ എന്‍ടിയു വിനെ എല്ലാ പരിപാടികളിലും പങ്കെടുപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെ യോഗങ്ങളില്‍ പങ്കെടുപ്പിക്കാന്‍ തുടങ്ങിയെങ്കിലും, മേളകളില്‍ അയിത്തം കല്പ്പിച്ചു മാറ്റി നിര്‍ത്തി. ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കുകയും മറ്റദ്ധ്യാപകസംഘടനകള്ക്ക് നല്കുന്ന എല്ലാ അവകാശങ്ങളും എന്‍ടിയു വിനും നല്‍കണമെന്നും സമയബന്ധിതമായി ഹിതപരിശോധന നടത്തണമെന്നും ഉത്തരവിട്ടു.
പുതിയ യുഡിഎഫ് സര്‍ക്കാര്‍അധികാരത്തില്‍ വന്നതിനുശേഷം അംഗീകാരത്തിന്റെ രേഖകള്‍ സമര്‍പ്പിക്കുകയും, അതിന്റെ തുടര്‍നടപടികള്‍ ആരംഭിക്കുകയും ചെയ്തു.ഈ വര്‍ഷം ജില്ലാ സംസ്ഥാന കല, കായിക, ശാസ്ത്ര മേളകളില്‍ എന്‍ടിയു വിന് കണ്‍വീനര്‍ സ്ഥാനത്തോടെ കമ്മറ്റി ലഭിക്കുകയും ഏറ്റെടുത്ത മുഴുവന്‍ മേഖലകളില്‍ നിറസാന്നിധ്യമായി, പരിപാടി വിജയിപ്പിച്ച് പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.
തൃശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വെല്‍ഫെയര്‍ കമ്മറ്റിയും, പാലക്കാട്ട് നടന്ന സംസ്ഥാന ശാസ്ത്രസാമൂഹ്യ പ്രവൃത്തി പരിചയമേളയില്‍ സുവനീര്‍ കമ്മറ്റിയും, മഞ്ചേരിയില്‍ നടന്ന സ്പെഷ്യല്‍ സ്കൂള്‍ കലോല്‍സവത്തില്‍ ഫിനാന്‍സ് കമ്മറ്റിയും ലഭിച്ചു. സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ ചരിത്രത്തില്‍ ആദ്യമായി സുവനീര്‍ ഇറക്കുന്നത് എന്‍ടിയുവിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ്. മനോഹരമായ ഒരു സുവനീര്‍ തയ്യാറാക്കിക്കഴിഞ്ഞു.
വിദ്യാഭ്യാസരംഗത്ത്അദ്ധ്യാപകരുടെ സേവന, വേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്കരിക്കുക, പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക, പെന്ഷന് പ്രായം 60 ആക്കി ഉയര്‍ത്തുക, വിദ്യാഭ്യാസരംഗത്തെ വര്ഗ്ഗീയവല്ക്കരണവും കച്ചവടവല്‍ക്കരണവും അവസാനിപ്പിക്കുക, അദ്ധ്യാപക പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റിന് മുന്നിലും നടത്തിയ ധര്‍ണ്ണകള്‍ ശ്രദ്ധേയമായിരുന്നു.
ഓണപ്പരീക്ഷയും, ക്രിസ്മസ് പരീക്ഷയും, കൊല്ലപരീക്ഷയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത് എന്‍ടിയു ആണ്. എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ ജനനതീയതി തിരുത്തുന്നതിന് ഹൈസ്ക്കൂള് എച്ച് എമ്മുമാര്‍ക്ക് അധികാരം നല്‍കണം തുടങ്ങി എന്‍ടിയു ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. പരീക്ഷാകമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത എസ്എസ്എല്‍സി പരീക്ഷയുമായിബന്ധപ്പെട്ട യോഗത്തിലും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ എന്‍.ടി.യു മുന്നോട്ട് വച്ചിട്ടുണ്ട്. എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ പരീക്ഷ രാവിലെയാക്കുക, 80 മാര്‍ക്കിന്റെ പരീക്ഷകളായ എസ്എസ് ഇംഗ്ലീഷ് , മാത്സ് പരീക്ഷകള്‍ക്കിടയില്‍ പഠിക്കാന്‍ ഒഴിവ് ദിവസങ്ങള്‍ നല്‍കുക, കഠിനമായ ചൂടില്‍ നിന്നും മോചനം നേടാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക, എസ്എസ്എല്‍സിക്ക് സോഷ്യല്‍ സയന്‍സില്‍ കുട്ടികള്‍ക്ക് അമിതഭാരമായ പാഠങ്ങള്‍ ഒഴിവാക്കുക, അല്ലെങ്കില്‍ ചരിത്രവും ഭൂമിശാസ്ത്രവും വെവ്വേറെ പേപ്പറാക്കുക, മൂല്യനിര്‍ണ്ണയക്യാമ്പില്‍ സൗകര്യമൊരുക്കുക,സൂപ്പര്വിഷന് മൂല്യനിര്‍ണ്ണയ വേതനം പരിഷ്കരിക്കുക തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്.
അദ്ധ്യാപകമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ദോഷകരമായി ബാധിക്കാവുന്ന തീരുമാനങ്ങള്‍ക്കെതിരെ ശക്തമായി ഇടപെടുവാനും അവ മറ്റീവ്പ്പിയ്ക്കുവാനും എന്‍ടിയു വിന് കഴിഞ്ഞിട്ടുണ്ട്. 8,9,10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ വിവരശേഖരണത്തിന് രണ്ട് ദിവസം മാത്രം അനുവദിച്ചത് അദ്ധ്യാപകരെ ദുരിതത്തിലാക്കിയിരുന്നു. ഇതിന്റെ സമയംദീര്ഘിപ്പിക്കാന് എന്‍ടിയു ആവശ്യപ്പെടുകയും അത് സര്‍ക്കാര്‍ അംഗീകരിക്കുകയുംചെയ്തു. ജനുവരി 2 മുതല്‍ ഫെബ്രുവരി 12 വരെ 25000 ാം ഹൈസ്കൂള്‍ അദ്ധ്യാപകരെ ജാതി സെന്‍സസ്സിന് നിയമിച്ചിരുന്നു. പരീക്ഷയ്ക്ക് മുന്‍പുള്ള ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അദ്ധ്യപകര്‍ സെന്സസ്സിനിറങ്ങിയാല് സ്കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റുമെന്നും ഇത് പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാവുമെന്നും അധികൃതരെ ബോധ്യപ്പെടുത്തുകയും ജാതി സെന്‍സസ്സ് ഏപ്രില്‍ മാസത്തേക്ക് മറ്റീവ്ക്കാന്‍ അധികൃതര്‍ തയ്യാറാവുകയും ചെയ്തു. ഇത് എന്‍ടിയു വിന്റെ ഇടപെടല്‍ മൂലമായിരുന്നു സാധിച്ചത്. സംഘടനാരംഗത്തും എന്‍ടിയു വലിയ ഒരു മുന്നേറ്റത്തിന്റെ പാതയിലാണ്. 14 ജില്ലകളിലും പ്രവര്‍ത്തനമുള്ള എന്‍ടിയു 13 ജില്ലകളിലും വിപുലമായ ജില്ലാ സമ്മേളനങ്ങള്‍ നടത്തി വ്യവസ്ഥാപിതജില്ലാകമ്മറ്റികളും വിദ്യാഭ്യാസജില്ലാ, ഉപജില്ലാകമ്മറ്റികളും രൂപീകരിച്ചുകഴിഞ്ഞു. എന്‍ടിയുവിന്റെ മുഖമാസികയായ അദ്ധ്യാപകവാര്ത്ത മുടക്കം കൂടാതെ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.
കേരളത്തില്‍ ഒരു വലിയ മാറ്റത്തിന് ചാലകശക്തിയാവാന്‍, ഒരുപരിവര്ത്തനത്തിന് നാന്ദികുറിക്കുവാന്‍ കേരളത്തിലെ ഏറ്റവും വലിയ ദേശീയ അദ്ധ്യാപകപ്രസ്ഥാനത്തിന്റെ 33-ാം സംസ്ഥാന സമ്മേളനം ലോകത്തിന് തന്നെ വിസ്മയം സൃഷ്ടിച്ച അനന്തപദ്മനാഭന്റെ തിരുസന്നിധിയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്.
വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ (എന്‍ടിയു സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: