പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഓര്ണ്ണയില് വച്ച് ഇന്ത്യന്‍ ദളിത് ഫെഡറേഷന് കുന്നത്തുനാട് താലൂക്ക് സെക്രട്ടറി ടി.ആര്. രാജീവിനെ തോട്ടിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ദളിത് ഫെഡറേഷന് എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് 4ന് ഓര്ണ്ണയില് പ്രതിഷേധയോഗം നടക്കും. കഴിഞ്ഞ ഒമ്പതിനാണ് സംഭവമുണ്ടായത്.
അമ്പതിലധികം വരുന്ന അക്രമി സംഘം രാജീവിനെ വഴിയില്‍ തടഞ്ഞ് ക്രൂരമായി മര്‍ദ്ദിക്കുകയും വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചെന്നും രാജീവിന്റെ മാതാവ് കുഞ്ഞുമോളുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തതായും ഐഡിഎഫ് നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ ഈ മേഖലയില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമാകാതെ പിരിഞ്ഞതിനാലാണ് പ്രതിഷേധയോഗം ചേരുന്നത്. കഴിഞ്ഞ രണ്ട് മാസം മുമ്പ് ഒരു മുസ്ലീം പെണ്‍കുട്ടിയെ ദളിത് യുവാവ് വിവാഹം കഴിച്ചതുമുതല്‍ ഒരു സംഘം ആളുകള്‍ ദളിത് വീടുകളില്‍ കയറി ഭീഷണിപ്പെടുത്തി വരുന്നതായും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ഇറച്ചിവെട്ടുന്ന കത്തികൊണ്ട് തലക്ക് വെട്ടേറ്റ മുരുകന് എന്നയാളെ കേസില്പ്പെടുത്തിയിരിക്കുകയാണ്.
ഓര്‍ണ്ണ പ്രദേശത്തെ അക്രമികളുടെ തേര്‍വാഴ്ച അവസാനിപ്പിക്കുന്നതിനും ദളിതരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി നടത്തുന്ന യോഗത്തില്‍ വിവിധ നേതാക്കള്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് തങ്കപ്പന് വടുതല, സെക്രട്ടറി സി.ആര്. ജിജോ തുടങ്ങിയവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: