പെരുമ്പാവൂര്‍: സ്കൂളുകള്‍ കേന്ദ്രീകരിച്ച് അധ്യാപകരും മോട്ടോര്‍ വാഹനവകുപ്പും പോലീസും ചേര്‍ന്ന് നടത്തുന്ന ബോധവല്‍ക്കരണവും സെമിനാറുകളും പ്രഹസനമാകുന്നു. വിദ്യാര്‍ത്ഥികള്‍ അശ്രദ്ധമായും അമിതവേഗതയിലും വാഹനങ്ങള്‍ ഓടിച്ച് അപകടത്തില്‍പ്പെടുന്നതും മരണം സംഭവിക്കുന്നതും പെരുമ്പാവൂര്‍ മേഖലയില്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം ഇരിങ്ങോള്‍ ഇരവിച്ചിറ ക്ഷേത്രത്തിന് സമീപം എഎം റോഡിലുണ്ടായ ഇത്തരമൊരപകടത്തിലാണ് എംജിഎം ഹയര്‍ സെക്കന്റി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പാലത്തിങ്കല്‍ വിശ്വനാഥ് (17) മരണമടഞ്ഞത്. ഒപ്പം യാത്ര ചെയ്തിരുന്ന സഹപാഠി കിരണിന് സാരമായി പരിക്കേറ്റു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇതേ സ്കൂളിലെ മൂന്നാമത്തെ വിദ്യാര്‍ത്ഥിയാണ് ബൈക്കപകടത്തില്‍ മരണമടഞ്ഞത്. ഇതിന് മുമ്പ് രണ്ട് പേര് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സിടിച്ച് മരിക്കുകയായിരുന്നു. ഇത്തരത്തില്‍ അപകടം നടന്നതിന് ശേഷം ബോധവല്‍ക്കരണവുമായി അധികൃതര്‍ എത്തുന്നതും പതിവാണ്. എന്നാല്‍ ആഡേംബര ബൈക്കുകളില്‍ അമിതവേഗതയില്‍ ഓടിച്ചുപോകുന്ന വിദ്യാര്‍ത്ഥികളെ തടയാന്‍ അധികൃതരെക്കൊണ്ട് സാധിക്കുന്നില്ല. ചില സ്കൂളുകളിലേക്ക് മോട്ടോര്‍ വാഹനങ്ങള്‍ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ തൊട്ടടുത്ത പേ ആന്റ് പാര്‍ക്കിലോ, വീടുകളിലോ ആണ് വാഹനങ്ങള്‍ സൂക്ഷിക്കുന്നത്. ഹെല്‍മറ്റില്ലാതെ സ്കൂള്‍ യൂണിഫോമില്‍ രണ്ടിലധികം പേരെ കയറ്റി ബൈക്കോടിച്ചാലും പോലീസ് തടയാറുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: