ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സംസ്ഥാന സമ്മേളനങ്ങള്‍ ഒരേ സമയത്ത് നടന്നപ്പോള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ സൃഷ്ടിച്ച ധാരണ സിപിഎമ്മിന്റെ കേരളത്തിലെ മുഖ്യശത്രു സിപിഐയും സിപിഐയുടെ മുഖ്യശത്രു സിപിഎമ്മും എന്നാണ്. പാര്‍ട്ടി സമ്മേളനങ്ങളുടെ ‘ഫോക്കസ്’ ആകെ ഇങ്ങനെ മാറ്റിമറിക്കാനിടയാക്കിയത് സി.കെ.ചന്ദ്രപ്പന്റെ ഇടയ്ക്കുള്ള ഒരു കമന്റാണ്. സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുന്നതിന് സിപിഎം ഒരു ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ സഹായം തേടിയെന്നായിരുന്നു സിപിഐ സെക്രട്ടറിയുടെ വിവാദ കമന്റ്. സാധാരണ രീതിയില്‍ അധികം ശ്രദ്ധിക്കപ്പെടാതെയും ചര്‍ച്ചചെയ്യപ്പെടാതെയും പോകുമായിരുന്ന ആ പ്രസ്താവന വിവാദമാക്കിയതും ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള തുറന്ന പോരിനിടയാക്കിയതും പിണറായി വിജയന്റെ ശക്തമായ പ്രതികരണമാണ്.
പല പ്രസ്താവനകളുടേയും പ്രസക്തി അവയോടുള്ള പ്രതികരണങ്ങളിലാണെന്ന് പണ്ടാരോ പറഞ്ഞുവെച്ചിട്ടുണ്ട്. സിപിഎം പോലൊരു രാഷ്ട്രീയ പാര്‍ട്ടി കേരളം പോലൊരു സംസ്ഥാനത്ത് അവരുടെ സമ്മേളനം സംഘടിപ്പിക്കാന്‍ ഒരു ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ സഹായം തേടിയെന്നത് കേട്ടാല്‍ ആരും അതത്ര പെട്ടെന്ന് വിശ്വസിക്കില്ല. പക്ഷെ ഇവിടെ അത് പറഞ്ഞത് അനാവശ്യമായി ഒരു വാചകവും ഉച്ചരിക്കാത്ത സി.കെ.ചന്ദ്രപ്പനാണ്. അതും മാധ്യമപ്രവര്‍ത്തകരോട്. അത്യന്തം പ്രകോപിതരായി സിപിഎം നേതാക്കള്‍ പ്രതികരിക്കുകകൂടി ചെയ്തപ്പോള്‍ സംഗതി അങ്ങനെ അവഗണിക്കാവുന്നതല്ലാതായി. വിജയകുമാറും കടകംപള്ളിയുമൊന്നും പ്രതികരിച്ചത് പോരാഞ്ഞ് സാക്ഷാല്‍ പിണറായിതന്നെ വീറും വാശിയുമായി പ്രശ്നം ഏറ്റെടുത്തതോടെയാണ് രംഗം കൊഴുത്തത്. ചന്ദ്രപ്പനെ അല്‍പ്പനെന്നും മാന്യതയില്ലാത്തവനെന്നുമൊക്കെ പിണറായി വിശേഷിപ്പിച്ചു. ഒടുവില്‍ സിപിഎം സമ്മേളനം സംഘടിപ്പിക്കുന്നതില്‍ സഹായിച്ച ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പേരും മറ്റുവിവരങ്ങളും വരെ ബിനോയ് വിശ്വത്തെക്കൊണ്ട് വിളിച്ചു പറയിപ്പിച്ചു. എന്തിനേറെ പണിക്കൂലിയില്‍ കുറെ തുക കമ്പനിക്ക് പാര്‍ട്ടി കൊടുത്തുകഴിഞ്ഞുവെന്നും ബാക്കി തുക വിവാദത്തെത്തുടര്‍ന്ന് തടഞ്ഞു വച്ചിരിക്കുകയാണെന്നുപോലും ബിനോയ് ചാനല്‍ ചര്‍ച്ചകളില്‍ തുറന്നടിച്ചു.
സന്ദര്‍ഭവശാല്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള പോര് ഒരു നീണ്ട ഇടവേളയ്ക്കുശേഷം പുനരാരംഭിച്ചത് അച്യുതമേനോന്റെ ജന്മശതാബ്ദി വര്‍ഷത്തിലാണ്. അച്യുതമേനോന് സര്‍ക്കാരിന്റെ കാലത്തെ മറക്കാനും പൊറുക്കാനുമാവാത്ത ഓര്‍മ്മകള്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളേയും ഇപ്പോഴും വേട്ടയാടുന്നതായാണ് അവരുടെ സംസ്ഥാന സമ്മേളനങ്ങളോട് അനുബന്ധിച്ചുയര്‍ന്ന ആരോപണ-പ്രത്യാരോപണങ്ങള്‍ സൂചിപ്പിക്കുന്നത്. ഏതാനും ആഴ്ച മുമ്പ് ഈ പംക്തിയില്‍ അച്യുതമേനോനെക്കുറിച്ച് എഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ ആറ് വര്‍ഷത്തിലേറെക്കാലം നീണ്ടുനിന്ന ഭരണം ആത്മാര്‍ത്ഥമായ ചര്‍ച്ചയ്ക്ക് ഇന്ന് വിധേയമായാല്‍, അത് ഇടതുജനാധിപത്യമുന്നണിയില്‍ അസ്വസ്ഥത വിതയ്ക്കുമെന്നും ഇന്ന് മിത്രങ്ങളായിക്കഴിയുന്ന അന്നത്തെ ബദ്ധശത്രുക്കളായിരുന്ന ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു. അച്യുതമേനോന്റെ സ്വഭാവ വിശേഷങ്ങള്‍ ഒട്ടേറെയുള്ള ഒരു സംസ്ഥാന സെക്രട്ടറിയാണ് ഇപ്പോള്‍ സിപിഐക്കുള്ളത്. വെളിയം ഭാര്ഗവനില്നിന്നും പാര്‍ട്ടി നയിക്കുന്ന കാര്യത്തില്‍ തികച്ചും വ്യത്യസ്തനാണ് ചന്ദ്രപ്പനെന്ന് ജയരാജന് ഇടയ്ക്ക് വിളിച്ചു പറഞ്ഞത് വളരെ ശരിയാണ്. അക്കാരണത്താലാണ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ ഏല്‍പ്പിച്ചുവെന്ന് ചന്ദ്രപ്പന് പറയുന്നതിന് വിശ്വാസ്യതയേറുന്നത്.
ആ വിശ്വാസ്യതയാണ് പിണറായിയെയും മറ്റും ഇത്രയേറെ പ്രകോപിപ്പിച്ചത്. ‘മാര്‍ക്സാണ് ശരി’യെന്ന് സമര്‍ത്ഥിക്കാന്‍ ക്രിസ്തുവിനെവരെ സിപിഎം അണിനിരത്തുമ്പോള്‍ സിപിഐ സെക്രട്ടറി പറയുന്നത് “ഇന്ത്യയിലെ ജാതി എന്താണെന്ന് നാരായണഗുരുവും അംബേദ്കറും മനസ്സിലാക്കിയതുപോലെ മാര്‍ക്സ് മനസ്സിലാക്കിയിട്ടുണ്ടാവില്ല” എന്നാണ്. “അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യന്‍ സാഹചര്യങ്ങളെ മനസ്സിലാക്കിയവരെ മനസ്സിലാക്കുന്നതില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വീഴ്ച പറ്റിയിട്ടുണ്ട്” എന്ന് ചന്ദ്രപ്പന് സമ്മതിക്കുന്നു. “കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചില പോസ്റ്ററുകളില്‍ ഗാന്ധിയും ടാഗോറും നാരായണഗുരുവും ചെറുതായെങ്കിലും കടന്നുവരുന്നുണ്ട്. ഇന്ത്യന്‍ പ്രശ്നങ്ങളെ ആഴത്തില്‍ മനസ്സിലാക്കുക വഴി ഇന്ത്യയെ കൂടുതല്‍ അടുത്തറിഞ്ഞവരാണിവര്. ഇവരെ അടുത്തറിയുന്നതും ഇന്ത്യയെ ആഴത്തില്‍ മനസ്സിലാക്കാന്‍ ഉപകരിക്കും; പ്രശ്നങ്ങള്‍ പരിഹരിക്കാനും. മാര്‍ക്സ് ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയും ജാതിയുമൊക്കെ പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ അതൊന്നും പറ്റുന്ന കാര്യമല്ലല്ലോ,” ചന്ദ്രപ്പന് ഒരഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.
പറഞ്ഞുവന്നത് മാര്‍ക്സിനെക്കുറിച്ചോ ക്രിസ്തുവിനെക്കുറിച്ചോ ശ്രീനാരായണനെക്കുറിച്ചോ അല്ല; ഇവന്റ് മാനേജ്മെന്റിനെ കുറിച്ചാണ്. ഒരു ഉത്തരാഗോളീകരണ പദവും പ്രതിഭാസവുമാണ് ഇവന്റ് മാനേജ്മെന്റ് എന്നത്. ആ രണ്ട് വാക്കുകള്‍ ധ്വനിപ്പിക്കുന്നത് തന്നെയാണ് അതിന്റെ അര്‍ത്ഥവും പ്രയോഗവുമൊക്കെ. പക്ഷെ ഒരു സാമൂഹ്യവീക്ഷണത്തില്‍, അതിനെക്കാളേറെ ഒരിടതുപക്ഷ വീക്ഷണത്തില്‍, ഒരു പാര്‍ട്ടി സമ്മേളനം സംഘടിപ്പിക്കുന്നതിന് ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ സഹായം തേടുന്നു എന്നതിന് ഒട്ടേറെ അര്‍ത്ഥങ്ങളുണ്ട്. ഒപ്പം അനര്‍ത്ഥങ്ങളും. അതുകൊണ്ടാണ് സഹോദര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നടപടിയെപ്പറ്റി സിപിഐ സെക്രട്ടറി എടുത്ത് പറഞ്ഞത്. ഇവന്റ് മാനേജ് ചെയ്യുകയെന്ന പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വ്യക്തികളും പാര്‍ട്ടികളും സംഘടനങ്ങളും അതൊക്കെ സ്വയം സംഘടിപ്പിക്കുകയായിരുന്നു പഴയ പതിവ്. പക്ഷെ ആഗോളീകരണത്തിന്റെ വരവോടെ ഇവന്റുകളും കമ്പോളശക്തികള്‍ മറ്റു പലതുമെന്നപോലെ കയ്യടക്കി തുടങ്ങി. ഇവന്റ്മാനേജുമെന്റും ഇവന്റ് മാര്‍ക്കറ്റിംഗും അവരുടെ കുത്തകയാക്കാന്‍ തുടങ്ങി. അറിഞ്ഞോ അറിയാതെയോ ആഗോളീകൃത സമൂഹത്തിലെ വ്യക്തിയും കുടുംബവുമൊക്കെ തങ്ങളുടെ ചെറുതും വലുതുമായ പരിപാടി സംഘടിപ്പിക്കുന്നതിന്റെ ചുമതല ഇവന്റ് മാനേജ്മെന്റില്‍ പ്രാഗത്ഭ്യം നേടിയെന്നവകാശപ്പെടുന്ന സംഘങ്ങളെ ഏല്‍പ്പിക്കാന്‍ തുടങ്ങി. കയ്യും കെട്ടിയിരുന്നാല്‍ മതി കാര്യങ്ങളൊക്കെ അത്തരം കമ്പനികള്‍ നോക്കിക്കൊള്ളും. അവസാനം അവര്‍ ആവശ്യപ്പെടുന്ന പണിക്കൂലി നല്‍കണമെന്നു മാത്രം. വിവാഹവും പിറന്നാളാഘോഷവും ചോറൂണും എന്തിന് മരണാനന്തര പരിപാടികള്‍വരെ ഇവന്റ് മാനേജ്മെന്റുകാരെ ഏല്‍പ്പിക്കുക എന്നത് ഇന്ന് നഗരങ്ങളില്‍ മാത്രമല്ല നാട്ടിന്‍പുറങ്ങളിലും പതിവായിട്ടുണ്ട്. അതിന്റെ ഫലമായി നാട്ടിലും നഗരത്തിലും ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ കൂണ്പോലെ പൊട്ടിമുളച്ചു. നാട്ടില്‍നിന്ന് കാര്യങ്ങള്‍ നടത്താന്‍ സമയവും സാവകാശവുമില്ലാത്ത പ്രവാസികളാണ് ആ പതിവ് ആദ്യം തുടങ്ങിയതെങ്കിലും കാലക്രമേണ തദ്ദേശവാസികള്‍ക്കും അതൊരു സൗകര്യമായി. ഇവന്റ് മാനേജ്മെന്റിന്റെ ഈ ‘സാമൂഹ്യവല്‍ക്കരണ’ത്തിനു മുമ്പ് തന്നെ വലിയ കമ്പനികള്‍ തങ്ങളുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളെ തന്നെയാണ് ആശ്രയിച്ചിരുന്നത്. ആദ്യം സൂചിപ്പിച്ചതുപോലെ ആഗോളീകരണത്തിന്റേയും കമ്പോളീകരണത്തിന്റേയും സംസ്ക്കാരത്തിന്റെ സംഭാവനയാണിത്. അതുകൊണ്ട് തന്നെ അത് ചെറുക്കേണ്ടത് ആഗോളീകരണത്തെയും കച്ചവടവല്‍ക്കരണത്തെയും എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടെ കര്‍ത്തവ്യമാണ്.
ആഗോളീകരണ-കമ്പോളീകരണ വിരുദ്ധ നിലപാടിന്റെ കുത്തക എക്കാലത്തും അവകാശപ്പെടുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ആ സാഹചര്യത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ അതിന്റെ സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിന് ഇവന്റ് മാനേജ്മെന്റ് കമ്പനിയെ നിയോഗിക്കുകയെന്നത് പ്രഖ്യാപിത ആഗോളീകരണ-കമ്പോളീകരണ വിരുദ്ധ സമരത്തിന്റെ ആന്റി ക്ലൈമാക്സ് ആയി മാത്രമേ കാണാനാവൂ. തിരുവനന്തപുരത്ത് കഴിഞ്ഞയാഴ്ച നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് ‘ഐടുഐ’ എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ സഹായം പാര്‍ട്ടി തേടിയെന്നത് വിവാദമാവുന്നത് ഈ പശ്ചാത്തലത്തിലാണ്.
ഇവന്റ് മാനേജ്മെന്റ് വിവാദം ഇനിയും മുന്നോട്ട് കൊണ്ടുപോവുന്നത് ഇടതുമുന്നണിക്ക് പൊതുവേയും സിപിഎമ്മിന് പ്രത്യേകിച്ചും കൂടുതല്‍ ദോഷകരമാവും എന്ന വൈകി ഉദിച്ച വിവേകം മൂലമാവാം സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ ഒരു വെടിനിര്‍ത്തലിന്റെ സൂചന ഏറ്റവുമൊടുവില്‍ ഉണ്ടായിട്ടുള്ളത്. സിപിഐയുമായുള്ള പ്രശ്നങ്ങള്‍ നിസാരമാണെന്നും അവ പരസ്പ്പര ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്നതാണെന്നും അതിന് തയ്യാറാണെന്നുമാണ് കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം പറഞ്ഞത്. തര്‍ക്കവിഷയം സിപിഐയും സിപിഎമ്മും തമ്മില്‍ പറഞ്ഞൊതുക്കിയാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലും ബാധിച്ചിട്ടുള്ള കമ്പോളീകരണത്തിന്റെ അമ്പരപ്പിക്കുന്ന ചിത്രമാണ് അനാവൃതമായിട്ടുള്ളത്. ചന്ദ്രപ്പനെപ്പോലുള്ള കമ്മ്യൂണിസ്റ്റുകള്‍ ആ ചിത്രത്തിനെതിരെ വിരല്‍ ചൂണ്ടുമ്പോള്‍ പിണറായിയെപ്പോലുള്ള സഖാക്കള്‍ അറിഞ്ഞൊ അറിയാതെയോ ആ ചിത്രത്തിന്റെ ഭാഗമായിത്തീരുകയാണ്. ഇങ്ങനെ കമ്പോളീകരണവും കോര്പ്പറേെറ്റെസേഷനും തുടര്‍ന്നാല്‍ പാര്‍ട്ടിയുടെ പ്രചരണവും സമ്മേളനങ്ങളുടെ നടത്തിപ്പും മാത്രമല്ല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും സമരങ്ങള്‍ സംഘടിപ്പിക്കുന്നതുംവരെ പ്രൊഫഷണല്‍ കമ്പനികളെ ഏല്‍പ്പിക്കുന്ന അഥവാ കോര്‍പ്പറേറ്റ് ഭാഷയില്‍ പറഞ്ഞാല്‍ ‘ഔട്ട്സോഴ്സ്’ ചെയ്യുന്ന കാലം കേരള രാഷ്ട്രീയത്തില്‍ അതിവിദൂരമല്ലെന്ന് അനുമാനിക്കേണ്ടിവരും. അതായത് കോര്‍പ്പറേറ്റൈസേഷന്‍ എന്ന ദുര്‍ഭൂതം കമ്മ്യൂണിസത്തേയും ഗ്രസിക്കുന്നുവെന്നര്ത്ഥം.
അതിന്റെ തുടക്കം മാത്രമായിരുന്നു ഫ്ലാറ്റ് സമുച്ചയങ്ങളും വാട്ടര്‍ തീം പാര്‍ക്കുകളും ടൂറിസം കമ്പനികളും മറ്റും പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചത്. ജനകീയ രാഷ്ട്രീയം കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന് വഴിമാറുമ്പോള്‍ ജനനേതാക്കള്‍ അപ്രസക്തരാവും. അത്തരം രാഷ്ട്രീയത്തിന് ആവശ്യം പൊളിറ്റിക്കല്‍ ലീഡേഴ്സല്ല പൊളിറ്റിക്കല്‍ മാനേജേഴ്സാണ്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം ഈ ദിശയിലാണോ നീങ്ങുന്നത് എന്നതാണ് എന്റെ ഭയം.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: