കാസര്‍കോട് കാറഡുക്ക തെക്കേകരയിലെ ബ്രാഹ്മണ കുടുംബമായ ബാലസുബ്രഹ്മണ്യ ഭട്ടിന്റെ ജീവിതകഥ, സമകാലിക കേരളത്തിലെ ഉച്ചനീചത്വങ്ങള്‍ക്കിടയില്‍ ഹോമിക്കപ്പെടുന്ന ഒരു ജീവിതത്തിന്റെ നേര്‍സാക്ഷ്യപത്രം കൂടിയാണ്. എന്‍ഡോസള്‍ഫാന്‍ എന്ന ദുര്‍ഭൂതത്തെ കുടത്തിലാക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് സുപരിചിതമാണ് ആ കുടുംബത്തിന്റെ കഥ. ചെറിയ ഉടലും വളര്‍ന്നുകൊണ്ടിരിക്കുന്ന തലയുമായി കിടക്കപ്പായയില്‍ വീണുപോയ ബാലസുബ്രഹ്മണ്യഭട്ടിന്റെയും ശ്രീദേവിയുടെയും മകന് അഭിയുടെ ദുരവസ്ഥയാണ് ആ കുടുംബത്തിന്റെ നൊമ്പരം. ദുര്‍വിധിക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്നവര്‍ക്ക് നാടുവാഴുന്നവര്‍ അത്താണിയാകുമെന്നതാണ് നമ്മുടെ പാരമ്പര്യം. അതവരുടെ ചുമതലയും ബാധ്യതയുമാണ്. പക്ഷെ, ആ കുടുംബത്തിന് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയും അതിന് കാരണമായി അവരുടെ ജാതിപരിഗണിക്കപ്പെടുകയും ചെയ്യുന്നു. അവര്‍ ഒരു സവര്‍ണ സമുദായമാണെന്നതത്രെ അവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള പ്രതിബന്ധം. ഈ നാട് ഭരിക്കുന്ന മന്ത്രിസഭയില്‍ ഭൂരിപക്ഷവും ന്യൂനപക്ഷ സമുദായങ്ങളാണെന്നിരിക്കെ, ഈ നാട്ടിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മിക്കതും ന്യൂനപക്ഷാംഗങ്ങള്‍ ഭരിക്കുന്നുവെന്നിരിക്കെ, ഈ നാട്ടിലെ ആസൂത്രണസമിതികള്‍ ന്യൂനപക്ഷങ്ങളുടെ കൈപ്പിടിയിലാണെന്നിരിക്കെ ഇവിടെ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണെന്ന് പുരപ്പുറത്തുകയറിനിന്ന് അലമുറയിടുന്നവരുടെ കൂടെക്കൂടി കരയാനുള്ള തിരക്കിനിടയില്‍ ജനാധിപത്യത്തിന്റെ നാലാംതൂണുകള്‍ ഈ കുടുംബത്തിന്റെ ദൈന്യത കാണാതെപോയതാകുമോ?
ഈ ഭൂമിയില്‍ എല്ലാവരും തുല്യരാണെന്നിരിക്കെ എല്ലാവര്ക്കും തുല്യത ഭരണഘടന ഉറപ്പുനല്കുന്നുവെന്നിരിക്കെ മതത്തിന്റെ പേരില്ചിലര് കൂടുതല്‍ തുല്യരാകുന്നതിന്റെ യുക്തിയെന്താണ്? ജീവിതം വഴിമുട്ടുന്ന ദൈന്യതകളിലായാലും മറ്റുള്ളവരെപ്പോലെ കഷ്ടപ്പെട്ട് പഠിച്ചുപാസ്സായി ജോലി ചോദിക്കുന്ന സമയത്തായാലും മതവും ജാതിയും തിരക്കുന്ന രീതി നമ്മുടെ രാജ്യത്തുമാത്രമേയുള്ളു. സാധാരണജീവിതം നയിക്കാന്‍ മതം ഒരു തടസ്സമാകുന്നത് ഒരു പരിഷ്കൃതരാജ്യത്ത് ഒട്ടും അനുവദിച്ചുകൂടാത്തതാണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും മാറിമാറിവരുന്ന ഗവണ്മെന്റുകളുമെല്ലാം തുടരുന്ന ന്യൂനപക്ഷ ലാളന മറ്റു സമുദായങ്ങളോടുള്ള പീഡനമായി മാറിക്കൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ സിപിഎം സംസ്ഥാനസമ്മേളനത്തിന്റെ മുഖ്യചിന്താവിഷയങ്ങളിലൊന്ന് ന്യൂനപക്ഷങ്ങളെ എങ്ങനെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കാം എന്നതായിരുന്നു. അതിനവര്‍ കണ്ടെത്തിയ ഉത്തരമാകട്ടെ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയും അതുവഴി അവരെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കുകയും ചെയ്യാം എന്നതത്രെ. സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയെന്നതല്ല, ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുക എന്നുപറയുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന വിപത്സൂചനകള്‍ കാണാതിരുന്നുകൂടാ.
ഇതിനടുത്ത ദിവസമാണ് ‘തന്നെ തൂക്കിക്കൊന്നാലും ശരി താന്‍ മുസ്ലീം സംവരണം നടപ്പാക്കു’മെന്ന് കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദ് ആക്രോശിച്ചത്. നീതിന്യായ വ്യവസ്ഥയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും നിസ്സാരമാക്കിത്തള്ളി തന്റെ ഭാര്യയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തനിനിറം പുറത്തുകാണിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവന തെളിയിക്കുന്നത് വോട്ടിനുവേണ്ടിയുള്ള ആസക്തി മതമല്ല, രാഷ്ട്രീയക്കാരന്റെ പൊതുബോധം മതബോധമായി മാറിയിരിക്കുന്നു എന്നതുകൂടിയാണ്. ന്യൂനപക്ഷാവകാശങ്ങളെ തങ്ങളുടെ താല്‍ക്കാലിക അധികാര വാണിജ്യതാല്പ്പര്യങ്ങള്ക്കായി മാറ്റിമറിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുകൂടി ഓര്‍ക്കേണ്ടതുണ്ട്. ഇതിനിടയിലാണ് കേരളത്തിലെ ഒരു ന്യൂനപക്ഷ സമുദായാംഗമായ കോണ്‍ഗ്രസ് നേതാവ് കേരളത്തില്‍ മുസ്ലീങ്ങളെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവഗണിക്കുകയാണ് എന്ന വെടിപൊട്ടിച്ചത്. അവനവനെമാത്രം സ്നേഹിക്കുന്നവര്‍ക്കുമാത്രമേ തങ്ങളെ ആരും സ്നേഹിക്കുന്നില്ലെന്നും തങ്ങള്‍ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കയാണെന്നും പരാതിപ്പെട്ടുകൊണ്ടേയിരിക്കാന് കഴിയൂ എന്നതാണ് പരമാര്‍ത്ഥം.
ന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന അമിതലാളന, ഫലത്തില്‍ മറ്റുള്ളവരുടെ സ്വൈരജീവിതം തകര്‍ക്കുകയും ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്ക് ഭീഷണിയാകുംവിധം സാമുദായിക സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ ശക്തിപ്പെടാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നുണ്ടെന്ന് മറന്നുകൂടാ. സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് ജനസംഖ്യാനിയന്ത്രണം ആവശ്യമാണെന്നിരിക്കെ അതിനായി അവതരിപ്പിക്കപ്പെട്ട വിമന്‍സ് കോഡ്ബില്ലിനെ അട്ടിമറിച്ചതുമുതല്‍ വ്യാജ ഇ-മെയില്‍ ബോംബ് പൊട്ടിച്ച് തീവ്രവാദാന്വേഷണങ്ങള് തടസ്സപ്പെടുന്നിടംവരെ വിജയിച്ച സാമുദായിക സമ്മര്‍ദ്ദ ഗ്രൂപ്പുകളുടെ ഗൂഢപ്രവര്‍ത്തനങ്ങള്‍ ഫലത്തില്‍ അപകടത്തിലാക്കുന്നത് വരുംതലമുറയുടെ സ്വൈരമായി ജീവിക്കാനുള്ള അവകാശങ്ങളെത്തന്നെയാണ്. കാരണം വരുംതലമുറയുടെ ജീവിതത്തെ ദുസ്സഹമാക്കുക വായു മലിനീകരണമോ ജലദൗര്‍ലഭ്യമോ മാരകരോഗങ്ങളോ മാത്രമല്ല, മൗലികമാനത്തിന്റെ കൊടുംവിഷാണുക്കളെ സമൂഹത്തില്‍ വിതറി ആ രക്തപ്പുഴകള്ക്കുമീതെ കൊട്ടാരംപണിയാമെന്ന് കരുതുന്നവരുടെ കുടിലതകള്കൂടിയാകും.
ദൈവത്തെയോര്‍ത്ത് പൊറുത്തുകൊടുക്കാവുന്ന ഒരു തെറ്റിന്റെ പേരില്‍ വിറകുകൊള്ളി വെട്ടുംപോലെ അന്നദാതാവായ വലംകൈ വെട്ടിയെടുത്ത് രാക്ഷസീയത കാട്ടിയവരുടെ കൊലവിളികളുടെ പ്രകമ്പനങ്ങള്‍ അടങ്ങുംമുന്‍പാണ് മുക്കത്ത് സദാചാരപോലീസ് സംഘം ഒരു യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നത്. സുഹൃത്തിന്റെ സഹോദരിയോട് സംസാരിച്ചതിന്റെപേരില്‍ കാസര്‍കോട് ഒരു യുവാവിനെ അടിച്ചവശനാക്കിയതിന്റെ പിറ്റേന്നാണ് ക്ഷേത്രമുറ്റത്തിട്ട് ഗര്‍ഭിണിയായ പശുവിനെ ഒരുസംഘം കശാപ്പുചെയ്തത്. അതിനടുത്ത ദിവസമാണ് തങ്ങളുടെ സമുദായത്തെ പോലീസ് വേട്ടയാടുന്നുവെന്നാരോപിച്ച്ഒരു വര്‍ഗീയ മാധ്യമം ഇ-മെയില്‍ ചോര്‍ത്തല്‍ എന്നപച്ചക്കള്ളം പ്രചരിപ്പിച്ച് നാടിന്റെ സമാധാനാന്തരീക്ഷത്തിനുമുകളില് നൃശംസതയുടെ നുണബോംബ് പൊട്ടിച്ചത്.
അത്തരമൊരു വ്യാജവാര്‍ത്തയുടെ പേരില്‍ ചില മനസ്സുകളിലേക്കെങ്കിലും തീപടര്ത്താമെന്നും ആ തീയില്‍ തങ്ങളുടെ പരിപ്പ് വേവിച്ചെടുക്കാമെന്നും കരുതിയവര്തന്നെയാണ് പണ്ട് ‘മുസ്ലീം വൃക്ക ആവശ്യമുണ്ട്’ എന്ന് പരസ്യംനല്‍കി തങ്ങള്‍ മധ്യയുഗത്തിലെ മതഭ്രാന്തന്മാരുടെ പിന്മുറക്കാരാണെന്ന് തെളിയിച്ചത്. ഈ വക തെമ്മാടിത്തരങ്ങളില്‍നിന്ന് സമൂഹത്തെ ധാര്‍മികതയുടെ മതിലുയര്‍ത്തി സംരക്ഷിക്കാന്‍ ബാധ്യതയുള്ള മുഖ്യധാരാ മാധ്യമങ്ങളാകട്ടെ, പൈങ്കിളി ചാനലിലൂടെ തങ്ങളുടെ വാണിജ്യ താല്പര്യങ്ങള് മഴവില്ലായി വിടരുന്നതും കാത്തിരിക്കുകയാണ്. കൊള്ളയടിക്കാന്‍ വന്നവര്‍ക്കും മതം പ്രചരിപ്പിക്കാന്‍ വന്നവര്‍ക്കും നാടുകാണാന്‍ വന്നവര്‍ക്കും സ്വാഗതമോതിയ ഒരു പൈതൃകമാണ് ഈ നാടിന്റെ ഹൃദയതാളം. സഹിഷ്ണുതയെ കീഴടങ്ങലായി തെറ്റിധരിച്ചതുകൊണ്ടാണ് ആ പൈതൃകത്തിന്റെ പിന്മുറക്കാരുടെ ജീവിക്കാനുള്ള അവകാശത്തെ ജാതിയും മതവും പറഞ്ഞ് നിഷേധിക്കാമെന്നും അങ്ങനെ ഗതികിട്ടാത്തവരാക്കി നശിപ്പിക്കാമെന്നും രാഷ്ട്രീയക്കാര്‍ക്ക് തോന്നുന്നത്. ലോകത്തെല്ലാ ദര്‍ശനങ്ങളും മതങ്ങളും ഈ നാട്ടില്‍നിന്ന് ഊര്‍ജം സ്വീകരിച്ചിട്ടേയുള്ളു. രാഷ്ട്രീയ വൈതാളികരില്നിന്ന് തങ്ങളുടെ ജീവിതത്തെ തിരിച്ചുചോദിക്കാനുള്ള ആര്‍ജവമാണ് അതിന്റെ പിന്മുറക്കാര് കാട്ടേണ്ടത്.
മധു ഇളയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: