കേരളം രാഷ്ട്രീയ വാഗ്ദാനങ്ങളുടെ ശവപ്പറമ്പായി മാറുമ്പോള്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അവിരാമം തുടരുകയും അവര്‍ക്ക് രാഷ്ട്രീയത്തിലും രാഷ്ട്രീയനേതാക്കളിലും പാര്‍ട്ടികളിലും വിശ്വാസം നഷ്ടപ്പെട്ട് അരാഷ്ട്രീയതയിലേക്കും അരാജകത്വത്തിലേക്കും നീങ്ങുകയും ചെയ്യും. ഈ പ്രക്രിയയുടെ വിവിധ ദൃശ്യങ്ങളാണ് ഇന്ന് കേരളത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കോടതിവിധികള്‍ പോലും നടപ്പാക്കാതെ, കോടതികള്‍ പോലും അപ്രായോഗിക വിധികള്‍ പ്രസ്താവിച്ച് ജനപീഡനത്തില് പങ്കുചേരുന്നു. ഇന്ന് കേരളം അങ്ങോളമിങ്ങോളം ഒരു മാലിന്യക്കൂമ്പാരമായി മാറിക്കഴിഞ്ഞിട്ടും മാലിന്യനിക്ഷേപ സ്ഥലങ്ങളില്‍ കുടിവെള്ളവും അന്തരീക്ഷവും മലിനമായി ജനങ്ങള്‍ രോഗാതുരരായി മാറി സ്വയം സമരരംഗത്തിറങ്ങിയിട്ടും അവര്‍ക്ക് ലഭിക്കുന്നത് പരിഹാരമല്ല, വെറും അപ്രായോഗിക വാഗ്ദാനങ്ങള്‍ മാത്രം. ഇത് തലസ്ഥാനത്തെ വിളപ്പില്‍ശാലയുടെ മാത്രം കാര്യമല്ല. വിളപ്പില്‍ശാലയില്‍ ജനം ഒറ്റക്കെട്ടായി സമരരംഗത്ത് നില്‍ക്കുന്നതിനിടെ തൃശൂരില്‍ 28 വര്‍ഷം പഴക്കമുള്ള ലാലൂര്‍ സമരം വീണ്ടും ശക്തമാക്കി നക്സലൈറ്റ് നേതാവായിരുന്ന കെ. വേണു അനിശ്ചിതകാല നിരാഹാരത്തിലാണ്. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെതന്നെ പ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രമായ ഗുരുവായൂരില്‍ ചക്കംകണ്ടം എന്ന മാലിന്യനിക്ഷേപ ഖാനി തീര്‍ത്ഥാടനത്തിന്റെ പുണ്യം പോലും പങ്കിലമാക്കുകയാണ്.
നൂറ്റിയമ്പത് ഹോട്ടലുകള്‍, നിരവധി ലോഡ്ജുകള്‍, എല്ലാമുള്ള ഇവിടുത്തെ മലവിസര്ജനംവരെ ചക്കംകണ്ടം കായലില്‍ തള്ളിയതോടെ മീന്‍പിടിച്ചും കക്ക വാരിയും ഉപജീവനം കഴിക്കുന്നവരുടെ ജീവിതം വഴിമുട്ടി. കൊല്ലത്തെ കുറ്റിപ്പുഴയെ കണ്ണീര്പുഴയാക്കി മാലിന്യം മാറ്റിയെങ്കില്‍ കണ്ണൂരിലെ ചേലോറയില്‍ സ്ഥിതി വ്യത്യസ്തമല്ല. ശുചിത്വ കേരള വാഗ്ദാനം എത്തിനില്‍ക്കുന്നത് മലിനീകൃത കേരളത്തിലാണ്. എറണാകുളത്തിന്റെ ശാപം ബ്രഹ്മപുരമാണ്. 1950 മുതല്‍ നഗരമാലിന്യം ബ്രഹ്മപുരത്ത് നിക്ഷേപിക്കുന്നു. തങ്ങള്‍ക്ക് നഗരമാലിന്യം ചുമക്കേണ്ട ബാധ്യതയില്ലെന്നും ബ്രഹ്മപുരമടക്കം ഗ്രാമവാസികള്‍ ഒന്നടങ്കം ഒരേ സ്വരത്തില്‍ പറയുന്നു. എന്നിട്ടും കോടതി നിര്‍ദ്ദേശിച്ചത് നഗരമാലിന്യം ബ്രഹ്മപുരത്ത് നിക്ഷേപിക്കാനാണ്. റോഡിലിറങ്ങി പ്രതിഷേധിച്ച ഗ്രാമവാസികള്‍ക്ക് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും ഏറ്റുവാങ്ങേണ്ടിവന്നു. ഇവിടെ കടമ്പ്രയാര്‍ മലിനമായി അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ ഈച്ച വ്യാപിച്ച് ദുര്‍ഗന്ധപൂരിതമായിരിക്കുന്നു. ഗ്രാമത്തില്‍ സ്ഥാപിക്കുന്ന ഓരോ മലിനീകരണ സംസ്കരണ പ്ലാന്റിനും ബന്ധപ്പെട്ട കോര്പ്പറേഷന് അധികാരികളും രാഷ്ട്രീയക്കാരും കോഴ വാങ്ങിയിട്ടുണ്ടെന്നത് പൊതു അറിവ്. ഇടതുപക്ഷം കൊണ്ടുവന്ന വിളപ്പില്‍ശാലയും വ്യത്യസ്തമല്ല. 12 വര്‍ഷം മുമ്പ് നഗരമാലിന്യ നിക്ഷേപം തുടങ്ങി, ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അന്നത്തെ മാലിന്യം സംസ്കരിക്കപ്പെടുകയോ മാലിന്യത്തില്‍നിന്നും ഊറിവരുന്ന ജലം സംസ്കരിക്കാന്‍ സംവിധാനം ഏര്‍പ്പാടാക്കുകയോ ചെയ്യാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം.
പ്രതിദിനം 90 ടണ്‍ മാലിന്യം ഉള്‍ക്കൊള്ളാവുന്ന വിളപ്പില്‍ശാലയില്‍ തള്ളുന്നത് 300 ടണ്‍ ആണ്. മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ മാലിന്യസംസ്കരണം ഉറപ്പാക്കുമെന്നും ക്ഷേമപദ്ധതി നടപ്പാക്കുമെന്നും പ്രസ്താവിച്ചിട്ടും നടപ്പാകാതിരുന്ന സാഹചര്യത്തിലാണ് ജനം ഒറ്റക്കെട്ടായി ഫാക്ടറി പൂട്ടിയതും നഗരവാസികള്‍ അസംസ്കൃത മാലിന്യത്തിന്റെ വിപത്ത് തിരിച്ചറിഞ്ഞതും കോര്പ്പറേഷന് കോടതിയെ സമീപിച്ച് പോലീസ് എസ്കോര്‍ട്ടില്‍ മാലിന്യം കൊണ്ടുവന്നതും സ്ത്രീകളും കുട്ടികളുമടങ്ങിയ ജനകീയസമിതി ഒറ്റക്കെട്ടായി പ്രതിരോധിക്കുകയായിരുന്നു. പോലീസ് എത്ര ദയാശൂന്യമായാണ് ഇവരെ കൈകാര്യം ചെയ്തതെന്നും കേരളം കണ്ടു. സമരം ചെയ്ത ജനങ്ങളെ ലാത്തിവീശിയും കണ്ണീര്‍വാതകം പ്രയോഗിച്ചും പീഡിപ്പിച്ചതിനെതിരെ കോണ്‍ഗ്രസും മറ്റും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പോലും ജനം സഹകരിക്കാതെ കടകള്‍ തുറന്നതുതന്നെ തരുന്ന സന്ദേശം രാഷ്ട്രീയപാര്‍ട്ടികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നു എന്നാണ്. കേരള നിവാസികളുടെ ദുഃസ്വഭാവത്തിന്റെയുംകൂടി അനന്തരഫലമാണിതെന്ന് പറയാതെ വയ്യ. സ്വന്തം ഗാര്‍ഹികമാലിന്യം അന്യന്റെ പറമ്പിലോ വഴിയോരത്തോ ജലസ്രോതസ്സുകളിലോ വലിച്ചെറിയുന്നതാണ് മലയാളികളുടെ ശീലം. കക്കൂസ് മാലിന്യം കുടിവെള്ളത്തില്‍ തള്ളപ്പെടുമ്പോള്‍ കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുന്നു. കേരളം രോഗാതുരമാകുന്നു.
മാലിന്യനിര്‍മാര്‍ജനം ഒരു ആഗോള പ്രശ്നമാണെന്ന് അംഗീകരിക്കുമ്പോഴും അല്‍പ്പം ശ്രദ്ധയും പ്രതിബദ്ധതയും ഉണ്ടെങ്കില്‍ ഇതില്‍നിന്ന് മോചനം മാത്രമല്ല ഇതൊരു വരുമാനമാര്‍ഗംകൂടിയായി മാറ്റാം. കേരളം ഒറ്റ നഗരമായി വികസിച്ച് ഫ്ലാറ്റുകളും ഷോപ്പുകളും മാളുകളും പെരുകുമ്പോള്‍ മാലിന്യം ഉല്പാദിപ്പിക്കുന്നിടത്തുതന്നെ തരംതിരിച്ച് സംസ്ക്കരിക്കുമ്പോള്, ജൈവമാലിന്യങ്ങളില്‍നിന്ന് വളവും മറ്റു മാലിന്യങ്ങളില്‍നിന്ന് ഗാര്‍ഹിക ഉപയോഗത്തിനുള്ള ഗ്യാസും ഊര്‍ജവും ഇഷ്ടികയുമെല്ലാം ഉണ്ടാക്കാം. മാലിന്യ സംസ്ക്കരണത്തിന് നിരവധി ടെക്നോളജികള്‍ ഉണ്ട്. വീടുകളില്‍ തന്നെ മാലിന്യം തരംതിരിച്ച് ശേഖരിക്കാമെന്നതിന് വ്യാപകമായ ബോധവല്‍ക്കരണം ആവശ്യമാണ്. ഇതിനായി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ശാസ്ത്രീയമായ പ്രോജക്ട് തയ്യാറാക്കി പ്ലാന്റിനായി മുന്നോട്ടുവരുന്ന കമ്പനികളുടെ വിശ്വാസ്യത ഉറപ്പിച്ച് അനുമതി കൊടുക്കുക മാത്രമല്ല, സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം.
ഉല്‍പ്പാദിപ്പിക്കുന്ന സ്ഥലത്ത് വികേന്ദ്രീകൃത സംസ്കരണം എന്ന അടിസ്ഥാനതത്വത്തില്‍ ഊന്നി ഇതൊരു ജനകീയ മുന്നേറ്റമായി രൂപപ്പെടുത്താനുള്ള രാഷ്ട്രീയ ഇഛാശക്തി ഉണരേണ്ട സമയമായിരിക്കുകയാണ്. ഇങ്ങനെ ക്രിയാത്മകമായ നടപടികളാണ്, പൊള്ളയായ രാഷ്ട്രീയ വാഗ്ദാനങ്ങളല്ല മാലിന്യപ്രശ്നത്തിന് പ്രതിവിധി. അല്ലെങ്കില്‍ വാഗ്ദാന സംസ്കരണ സംവിധാനത്തിനുകൂടി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തയ്യാറെടുക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: