കാലടി: ആദിശങ്കര എന്‍ജിനീയറിങ്ങ് കോളേജില്‍ ദേശിയതല സാങ്കേതിക സാംസ്കാരിക മേള ബ്രഹ്മ 2012 ന് ഇന്നു തുടക്കം. മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള 160 ഏന്ജിനീയറിങ്ങ് കോളേജുകളിലെ 1400 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ.എസ്.ജി.അയ്യരും കോളേജ് യൂണിയന് ചെയര്മാന് വി.ശരത്തും പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് രാവിലെ 9ന് പഞ്ചരത്ന കീര്‍ത്തനാലാപനത്തോടെ ബ്രഹ്മ ഫെസ്റ്റിവലിന് തുടക്കം കുറിക്കും. സംഗീതജ്ഞരായ എന്‍.പി.രാമസ്വാമി, മാലിനി ഹരിഹരന്, കുമാരകേരളവര്‍മ, മാതംഗി സത്യമൂര്‍ത്തി തുടങ്ങിയവര്‍ സംഗീതാരാധനയ്ക്ക് നേതൃത്വം നല്‍കും. ശ്രീശങ്കര കോളേജ്, ശ്രീശാരദാ വിദ്യാലയം, ആദിശങ്കര ട്രെയിനിങ് കോളേജ്, എന്‍ജിനീയറിങ് കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള 200 വിദ്യാര്‍ത്ഥികളും സംഗീതാരാധനയില്‍ പങ്കെടുക്കും. സംഗീതജ്ഞ മൈസൂര്‍ നാഗമണിയെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് മൈസൂര്‍ നാഗമണിയുടെ സംഗീതക്കച്ചേരിയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 2.30ന് വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന ശാസ്ത്രീയ നൃത്ത സംഗീത മത്സരങ്ങള്‍ നടക്കും. 5.30ന് ചലച്ചിത്രതാരം ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം.
നാളെ രാവിലെ 9.30ന് കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫാര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വി.എന്‍.രാജശേഖരന്‍പിള്ള ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഐഐടി മുംബൈയില്‍ നിന്നുള്ള വിദഗ്ധര്‍ നയിക്കുന്ന റോബോട്ടിക് ശില്പശാല ആരംഭിക്കും. ചലച്ചിത്ര നിര്‍മാണം, ഫോട്ടോഗ്രാഫി, വെബ്സൈറ്റ് നിര്‍മാണം തുടങ്ങി വ്യത്യസ്ത ഇനങ്ങളില്‍ മത്സരം ഉണ്ടാകും. സമാപനദിവസം സംഗീതവിരുന്നും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തില്‍ കമ്പ്യൂട്ടര്‍ വിഭാഗം മേധാവി പ്രൊഫ.ആര്.രാജാറാം, കോളേജ് യൂണിയന് ജനറല്‍ സെക്രട്ടറി വിഷ്ണുമോഹന്, കണ്‍വീനര്‍മാരായ എ.വി.ശേഷാദ്രി, സന്ധ്യ മല്യ, എസ്.ശ്രീപ്രിയ, സി.എസ്.മധു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: