പ്രണയദിനത്തില്‍ എന്റെ മനസ്സില്‍ ഉയരുന്നത് പ്രണയവിരുദ്ധ ചിന്തകള്‍ മാത്രം. പ്രണയം എന്ന മൂന്നക്ഷരം മൂല്യരഹിതമായി മാറിയ, പ്രണയം വെറും ടൈംപാസ് ആണെന്ന് ക്യാമ്പസ് വാലന്റിനോകള് പ്രഖ്യാപിക്കുന്ന ഇക്കാലത്ത് പെണ്‍കുട്ടികള്‍ വെറും ചരക്ക്. എത്ര നിരര്‍ത്ഥകമാണ് ഈ പ്രണയദിനാഘോഷം.
സുരക്ഷ എന്ന മൂന്നക്ഷരം അറിയാത്ത കേരളത്തിലെ യുവതികള്‍ ഈ പ്രണയദിനാഘോഷത്തില് പങ്കെടുക്കുന്നതില്‍ എന്തര്‍ത്ഥം? മഹാരാജാസ് കോളേജ് പ്രണയത്തിന്റെ സ്വന്തം കോളേജായിട്ടാണ് ‘മഹാരാജകീയ’ത്തില്‍ പോലും ചിത്രീകരിക്കപ്പെട്ടത.് ആ കോളേജിലെ യാഥാര്‍ത്ഥ്യബോധമുള്ള ഒരു പെണ്‍കുട്ടി ആണ്‍കുട്ടികളുടെ നടുവില്‍നിന്ന് ടിവി ക്യാമറയില്‍ പറഞ്ഞത് “ഇവിടെ പ്രണയങ്ങള്‍ ഉണ്ടെന്നത് സത്യം, പക്ഷെ അത് ശരിയായ പ്രണയങ്ങളല്ല” എന്നാണ്. ഈ തിരിച്ചറിവ് കേരളത്തിലെ മൊബെയില്‍ സോഷ്യല്‍ നെറ്റ്വര്ക്കില് കുടുങ്ങി ജീവിതം പാളിപ്പോകുന്ന എത്ര പെണ്‍കുട്ടികള്‍ക്കുണ്ട്?
കേരളം എന്താണിങ്ങനെ? എന്തുകൊണ്ടാണ് പെണ്മലയാളമായിരുന്ന കേരളം പെണ്മനസ്സുകളുടെ ശവപ്പറമ്പായി മാറുന്നത്. ഡോ. പി. ഗീത എന്ന എഴുത്തുകാരി തന്റെ ‘അന്യായങ്ങള്‍’ എന്ന പുസ്തകത്തില്‍ ആരുടെ നാടാണ് കേരളം എന്ന് ചോദിച്ച് ഉത്തരം പറയുന്നത് മാതാവിന്റെ കഴുത്തറുത്ത വെണ്മഴുകൊണ്ട് പരശുരാമന് അളന്നെടുത്തത് എന്നാണ്. അതാണോ കേരള സ്ത്രീകള്‍ക്ക് ഇന്നും മഴുമുനയില് നില്ക്കേണ്ടിവരുന്നത്?
കേരളത്തില്‍ സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുമ്പോള്‍ യാത്രയിലും ഷോപ്പിംഗ് വേളയിലും ഹോട്ടല്‍ ബാത്ത്റൂമുകളിലും ഷോപ്പിംഗ് മാളുകളിലും ട്രെയിനുകളിലും അവള് പീഡിപ്പിക്കപ്പെടുന്നു. സൗമ്യ വധക്കേസില്‍ വിധി വന്നപ്പോഴും കിളിരൂര്‍ കേസില്‍ വിധി വന്നപ്പോഴും ഇവ കേരളീയ സ്ത്രീ സമൂഹത്തിന് ലഭിച്ച നീതിയായി ചിലരെങ്കിലും കണ്ടു. പക്ഷെ ഇനിയും കഥ തുടരും എന്ന പൂര്‍ണ വിശ്വാസം എനിക്കുണ്ടായിരുന്നു. ഒരു ഗോവിന്ദച്ചാമിയെ തുറുങ്കിലടച്ചാല്‍ പിന്നെയും ഗോവിന്ദച്ചാമിമാര്‍ അവതരിക്കുമെന്ന് തെളിയിച്ച് എറണാകുളം-കോട്ടയം പാസഞ്ചറിലെ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ കുറുപ്പന്തറയില്വച്ച് അതിക്രമിച്ച് കയറിയ സദാനന്ദന് എന്ന മഹാരാഷ്ട്രക്കാരന് ഐടിഐ വിദ്യാര്‍ത്ഥിനികളായ അഞ്ച് പെണ്‍കുട്ടികളെ കയറിപ്പിടിക്കാനും ട്രെയിനില്‍നിന്ന് തള്ളിയിടാനും ശ്രമിച്ചു. അതിനുശേഷം കേട്ട വാര്‍ത്ത തിരുവനന്തപുരം-ഗോവ ട്രെയിനില്‍ ഒരു പാലക്കാട്ടുകാരന് ഒരു ജര്‍മന്‍ വനിതയെ ആക്രമിച്ചു എന്നാണ്. സൗമ്യ വധക്കേസ് വിധി കഴിഞ്ഞ്, ഏറ്റുമാനൂര്‍ സംഭവത്തിനുശേഷം ട്രെയിനില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണെന്ന് പറഞ്ഞ് കൈകഴുകിയെങ്കിലും പാലക്കാട്ടുകാരനെ അറസ്റ്റ് ചെയ്തു. ഏറ്റവും ഒടുവില്‍ ഇതാ മറ്റൊരു ഒറ്റക്കയ്യന്‍ ചെങ്ങന്നൂരില്‍ മറ്റൊരു ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ കയറി ആക്രമണത്തിന് മുതിര്‍ന്നിരിക്കുന്നു!
താത്രിക്കുട്ടി പീഡിതയായത് 1905 ലായിരുന്നല്ലോ. അന്നത്തെ സ്മാര്‍ത്തവിചാരത്തില്‍ തന്നെ പീഡിപ്പിച്ച സ്വന്തം അഛനും അനുജനും അമ്മാവനും ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവും ഗുരുനാഥനും ഉള്‍പ്പെടെ 64 ആളുകളുടെ പേരാണ് താത്രിക്കുട്ടി പറഞ്ഞത്. ഇന്നും കേരളം താത്രിക്കുട്ടിമാരുടെ നാടായി തുടരുന്നു എന്ന് അച്ഛന് പീഡിപ്പിച്ച പറവൂര്‍ പെണ്‍കുട്ടിയടക്കം ഗുരുനാഥന് പീഡിപ്പിച്ച 20 കുട്ടികള്‍ വരെ തെളിയിക്കുന്നു. ആഗോള ഗ്രാമമായി ചുരുങ്ങിയ ലോകത്ത് കേരളം മാത്രം എന്തേ താത്രിക്കുട്ടിമാരുടെ നാടാകുന്നത്? പക്ഷെ ഒരു വ്യത്യസ്തത സമ്മതിക്കാതെ വയ്യ.
സൂര്യനെല്ലി, വിതുര, തോപ്പുംപടി, കിളിരൂര്‍ പെണ്‍വാണിഭങ്ങളില്‍ സൂര്യനെല്ലി പെണ്‍കുട്ടി പറഞ്ഞ 42 പേരില്‍, വിതുര കുട്ടി പറഞ്ഞ പേരുകളില്‍, കിളിരൂരില്‍ പറയാതെ പറഞ്ഞ പേരുകളിലെയെല്ലാം പ്രമുഖര്‍ രാഷ്ട്രീയ നേതൃസ്ഥാനത്തുള്ളവരാണ്. രാഷ്ട്രീയ അവബോധം വളര്‍ന്ന കേരളത്തില്‍ പക്ഷെ സദാചാര ബോധം അലിഞ്ഞില്ലാതായത് അധികാരത്തിന്റെ ചൂടേറ്റാണ്. ഈ പേരുകള്‍ പുറത്തുവന്നിട്ടും സൂര്യനെല്ലി കുട്ടിക്ക് രക്ഷപ്പെടാമായിരുന്നു എന്നാണ് ബഹുമാനപ്പെട്ട കോടതി പറഞ്ഞത്! കിളിരൂര്‍ കേസിലെ വിഐപി എന്നാല്‍ സിബിഐക്ക് ആ പേരിലുള്ള സ്യൂട്ട്കേസാണ്. മുഖ്യമന്ത്രിയായിരിക്കെ അച്യുതാനന്ദന് പോലും കിളിരൂര്‍ കേസില്‍ തനിക്കറിയാവുന്ന പേരുകള്‍ വിഴുങ്ങിയത് അധികാരക്കസേരയുടെ മതിഭ്രമത്തിലാണ്. അതാണല്ലോ ഇപ്പോള്‍ സൂര്യനെല്ലി കേസ് സുപ്രീംകോടതിയില്‍ എത്താറായ സമയത്തുതന്നെ അതില്‍ ഇരയായ പെണ്‍കുട്ടിയെ കള്ളക്കേസില്‍ കുടുക്കിയിരിക്കുന്നത് തെളിയിക്കുന്നതും.
സമൂഹത്തില്‍ സ്ത്രീക്ക് ബൗദ്ധിക-രാഷ്ട്രീയ ഇടം മാത്രമല്ല നിഷേധിക്കപ്പെട്ടിരിക്കുന്നത്, പുറത്തിറങ്ങാന്‍ സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. സ്ത്രീക്ക് ഇന്ന് തന്റെ ഇടവും ഇല്ല, പൊതുഇടവും ഇല്ലാത്ത നാടായി കേരളം മാറി. യാത്രകള്‍, ബസ്സുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജോലിസ്ഥലങ്ങള്‍. സ്ത്രീക്ക് സുരക്ഷിതത്വം എവിടെ? കുടുംബം സ്ത്രീകള്‍ക്ക് സുരക്ഷിതം എന്നത് ഒരു മിഥ്യാധാരണയാണെന്ന് തെളിഞ്ഞുകഴിഞ്ഞു. പുരുഷന്മാര് സ്വന്തം ഇരകളായി മാത്രം കരുതുന്ന സ്ത്രീ “നല്ല ചരക്കാടാ” എന്ന കമന്റ് പോലും ഇതാണ് തെളിയിക്കുന്നതെന്നും ഞാന്‍ കാലങ്ങളായി എഴുതുന്നതാണ്. ഇപ്പോള്‍ അവള് കാമഭ്രാന്തടക്കാനുള്ള വെറും അവയവമായി അധഃപതിക്കുമ്പോള്‍ ഇരുട്ടിന്റെ മറ പോലും ആവശ്യമില്ലാത്ത, പ്രഭാതം, ത്രിസന്ധ്യ, നട്ടുച്ച, രാത്രി എന്ന വിവേചനമില്ലാതെ ആക്രമിക്കപ്പെടുകയും ബലാല്‍സംഗം ചെയ്യപ്പെടുകയും തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും സെക്സ് കമ്പോളത്തിലെ രാഷ്ട്രീയമാന്യന്മാര് വരെ തേടിവരുന്ന ചരക്കായി മാറുകയും ചെയ്യുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. എങ്ങനെ സ്ത്രീക്ക് ആത്മനിന്ദ തോന്നാതിരിക്കും?
ഇത് വിദേശ സദാചാര സങ്കല്‍പ്പങ്ങളുടെ വേലിയേറ്റത്തിന്റെ അനന്തരഫലമാണെന്ന് വ്യാഖ്യാനിക്കുമ്പോഴും മദ്യപാനത്തിന് പണം കിട്ടാന്‍ വേണ്ടി സ്വന്തം അമ്മയെ കൂട്ടബലാല്‍സംഗം ചെയ്യാന്‍ സൗകര്യമൊരുക്കുന്ന മകനെ, മദ്യപിച്ച് സ്വന്തം അമ്മയെ ബലാല്‍സംഗം ചെയ്യുന്ന മകനെ എങ്ങനെയാണ് വിശേഷിപ്പിക്കുക?
കേരളത്തിലെ സ്ത്രീ ഭയചകിതയാണ്. പ്രതികരിക്കൂ എന്ന് സ്ത്രീ വിമോചകര്‍ ആഹ്വാനംചെയ്യുമ്പോഴും കായികശേഷി കുറവായ സ്ത്രീ എങ്ങനെ മേല്‍പ്പറഞ്ഞ ആക്രമണങ്ങളെ പ്രതിരോധിക്കും? ഇനി റേഷന്‍ കാര്‍ഡ് വഴി സ്ത്രീകള്‍ക്ക് മുളക്-കുരുമുളക് സ്പ്രേ കൂടി ആദായനിരക്കില്‍ തരാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കിയാല്‍ മാത്രമേ അവര്‍ക്ക് ചെറുത്തുനില്ക്കാന് പറ്റൂ. ആയുധധാരിണിയായാലും കുറ്റാരോപിതയാകാമല്ലോ! സ്ത്രീയെ ഗ്രസിച്ചിരിക്കുന്ന ഭയാശങ്കകള്‍, ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന ഭീതി, ഏകാന്ത വഴികളില്‍ക്കൂടി പകല്‍ പോലും നടക്കാനുള്ള പരിഭ്രമം ഇതെല്ലാം എത്ര മാനസിക പിരിമുറുക്കം സൃഷ്ടിക്കുമെന്ന് കേരളത്തിലെ മനഃശാസ്ത്ര വിദഗ്ധര്‍ വിശകലനം ചെയ്യുന്നത് നന്നായിരിക്കും. ഇവിടെ 44 ശതമാനം ബലാല്‍സംഗ ഇരകളും 18 വയസില്‍ താഴെയാണ്. 80 ശതമാനം മുപ്പത് വയസിന് മുകളിലും. മൂന്നില്‍ രണ്ട് ശതമാനം പീഡനവും അറിയുന്നവരില്നിന്നാണ്.
സ്ത്രീകളെ പഴി പറയാറ് ഇതവര് ക്ഷണിച്ചുവരുത്തുന്നത് ഉപഭോഗ സംസ്കാര ഭ്രമത്തില്‍ സ്വര്‍ണം വാങ്ങിക്കൂട്ടി മോഷ്ടാക്കളെ ആകര്ഷിക്കുന്നതിനാലാണെന്നാണ്. ഇവിടെ വികസിച്ചുവരുന്ന അശ്ലീല റാക്കറ്റുകളും പരസ്യങ്ങളും സ്ത്രീവിരുദ്ധമാണ്.
സ്ത്രീക്ക് ശാക്തീകരണം മുഖ്യധാരാ പ്രവേശനമാണെന്ന് ചൂണ്ടിക്കാണിക്കാറുണ്ട്. പക്ഷെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീവിരുദ്ധരാണെന്ന് അടിവരയിടുന്ന സംഭവമാണ് സിപിഎം സംസ്ഥാന കമ്മറ്റിയില്‍നിന്നുള്ള സരോജിനി ബാലാനന്ദന്റെ പുറത്താക്കല്‍. അവര്‍ക്ക് പ്രായമായി, രോഗിണിയായി എന്ന സിപിഎം സെക്രട്ടറിയുടെ വാദം വിലപ്പോകാത്തത് അവരേക്കാള്‍ പ്രായവും രോഗങ്ങളുമുള്ള പുരുഷന്മാര് കമ്മറ്റികളില്‍ തുടരുന്നു എന്ന വസ്തുത അറിയുമ്പോഴാണ്. “എനിക്ക് പ്രമേഹം പോലുമില്ല” എന്നാണ് സരോജിനി വിശദീകരിച്ചത്. 84 അംഗ സിപിഎം കമ്മറ്റിയില്‍ 10 പേര് മാത്രമാണ് വനിതകള്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി 50 ശതമാനം സംവരണം അനുവദിച്ച സിപിഎം നിയമസഭയിലെത്തിച്ചത് വെറും ഒന്‍പത് സ്ത്രീകളെയാണല്ലോ. സ്ത്രീകളെ ഒഴിവാക്കുന്നതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും വ്യത്യസ്തമല്ല. യുഡിഎഫും നിയമസഭയില്‍ എത്തിച്ചത് ഏഴ് സ്ത്രീകളെയാണ്. 20 അംഗ മന്ത്രിസഭയില്‍ വനിതാ അംഗം ഒന്നുമാത്രം.
പുറംലോകം അല്ലെങ്കില്‍ പൊതു ഇടം എങ്ങനെ സ്ത്രീക്ക് പ്രാപ്യമാകും? പൊതു ഇടം ആണ്കോയ്മയുടേത് മാത്രമാണ്. ലോകത്തെ പകുതി വരുന്ന ജനസംഖ്യയില്‍ സ്ത്രീകള്‍ക്ക് അവകാശബോധമോ നിയമാവബോധമോ ഇല്ലാത്തവരാക്കാതെ സ്വതന്ത്രചിന്താഗതിയുള്ള വ്യക്തികളായി വളരാനുള്ള ഒരു ഇടമെങ്കിലും സ്ത്രീക്ക് നല്കേണ്ടതല്ലേ? കണ്ണീരല്ല, തന്റേടമാണ്, ആത്മവിശ്വാസമാണ് സ്ത്രീയുടെ മുഖമുദ്രയാകേണ്ടത്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: