കോഴിക്കോട്: മാര്‍ക്സിസ്റ്റ് ഭീകരതയ്ക്കുമുന്നില്‍ ഒരു ബലിദാനികൂടി. പയ്യോളി പഞ്ചായത്തിലെ കുറിഞ്ഞിത്താരി ചൊറിയഞ്ചാല്‍ താരമ്മല്‍ ആര്യനന്ദയില് മനോജ് (38) ആണ് സിപിഎം അക്രമികളുടെ വെട്ടേറ്റതിനെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മരിച്ചത്.
മനോജ് ബിഎംഎസ് പഞ്ചായത്ത് സെക്രട്ടറിയാണ്. ഞായറാഴ്ച രാത്രി 9.30നാണ് ഇരുപത്തഞ്ചോളം വരുന്ന അക്രമിസംഘം മനോജിന്റെ വീടാക്രമിച്ചത്. ഒരുസംഘം വീടിന് മുന്നില്‍ കാവല്‍ നില്‍ക്കുകയും മറ്റൊരുസംഘം വീടിനുള്ളില്‍ കയറി മനോജിനെ തുരുതുരാവെട്ടുകയുമായിരുന്നു. ഇരുപതോളം വെട്ടുകള്‍ ഏറ്റ ശരീരത്തില്‍ ഒരു വലിയ വെട്ടുകല്ല് ഇട്ട് മരണം ഉറപ്പുവരുത്തുകയായിരുന്നു അക്രമികള്‍.
ഓടിരക്ഷപ്പെടാതിരിക്കാന്‍ വലതുകാല്‍ വെട്ടിപ്പിളര്‍ന്നിരുന്നു. അമ്മയുടെയും ഭാര്യയുടേയും മുന്നിലിട്ടാണ് മനോജിനെ അക്രമികള്‍ മാരകമായി വെട്ടിപ്പരിക്കേല്പിച്ചത്. അടുത്തടുത്ത് വീടുകള്‍ ഉള്ള ഈ പ്രദേശത്ത് അക്രമികളുടെ ശബ്ദം കേട്ട് അയല്‍ വീട്ടുകാര്‍ ഓടിക്കൂടിയെങ്കിലും മാരകായുധങ്ങള്‍ കാണിച്ച് അക്രമികള്‍ ഇവരെ വിരട്ടിയോടിച്ചു. അക്രമികള്‍ സ്ഥലം വിട്ടശേഷമാണ് മനോജിനെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത്.
വീടിനടുത്തുള്ള ചൂളപ്പറമ്പത്ത് കുട്ടിച്ചാത്തന് ക്ഷേത്രകമ്മറ്റി ഖജാന്‍ജിയും ആഘോഷസമിതി സെക്രട്ടറിയുമായ മനോജ് ഉത്സവത്തിന്റെ പണപ്പിരിവ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അക്രമികള്‍ എത്തിയത്.
മനോജ് വീട്ടിലെത്തിയെന്ന വിവരം അറിഞ്ഞതിനെത്തുടര്‍ന്നാണ് മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് അക്രമികള്‍ മാരകായുധങ്ങളുമായി വീട് വളഞ്ഞത്.
കുറച്ചുകാലം ഗള്‍ഫില്‍ ജോലിചെയ്തിരുന്ന മനോജ് തിരിച്ചെത്തി ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. പരേതനായ കണാരന് ആണ് അച്ഛന്. അമ്മ: ലീല. ഭാര്യ: പുഷ്പ. മക്കള്‍: ആര്യ(12), നന്ദ(7).
മനോജ് കൊല്ലപ്പെട്ട വിവരം അറിഞ്ഞ് നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മെഡി.കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഭൗതികദേഹം വിവിധ സംഘടനകളുടെ മുതിര്‍ന്ന നേതാക്കള്‍ ഏറ്റുവാങ്ങി.
രാഷ്ട്രീയസ്വയംസേവകസംഘം പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍, വിഭാഗ് സംഘചാലക് കെ.രാമചന്ദ്രന്മാസ്റ്റര്, വിഭാഗ് സഹകാര്യവാഹ് എന്‍.കെ.ബാലകൃഷ്ണന്‍മാസ്റ്റര്‍, കണ്ണൂര്‍ വിഭാഗ് കാര്യവാഹ് പി.പി.സുരേഷ്ബാബു, ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ.പി.ശ്രീശന്, ദേശീയ നിര്‍വ്വാഹകസമിതി അംഗങ്ങളായ പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഗംഗാധരന്, സംസ്ഥാന സംഘടനാസെക്രട്ടറി പി.എന്‍.ഹരികൃഷ്ണന്, സംസ്ഥാന സെക്രട്ടറി പി.ശശിധരന്, ക്ഷേത്രസംരക്ഷണസമിതി സംഘടനാസെക്രട്ടറി എന്‍.കെ.വിനോദ്, ധര്‍മ്മരാജ്, പ്രേമന്, എം.സി.ശശീന്ദ്രന്, ഗിരീഷ് തേവള്ളി, പി.ജിജേന്ദ്രന്‍, കെ.ഗോപി, എം.പ്രദീപന്, എം.പി.രാജന്, അഡ്വ.കെ.പി.പ്രകാശ്ബാബു, മുസ്ലീംലീഗ് നേതാക്കളായ പി.കെ.കെ.ബാവ, റസാഖ്മാസ്റ്റര്‍, ടി.പി.എം.സാഹിര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: