കൊച്ചി: അഴിമതിവിരുദ്ധ പ്രതിജ്ഞയുമായി സ്വന്തമായി രൂപകല്പനചെയ്ത സോളാര്‍ കാറില്‍ രാജ്യംമുഴുവന്‍ സഞ്ചരിക്കുന്ന സോളാര്‍ അഹമ്മദിന്റെ യാത്ര കൊച്ചിയിലെത്തി. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ വീട്ടിലെത്തിയ അഹമ്മദ് അഴിമതിവിരുദ്ധയാത്രയ്ക്ക് അദ്ദേഹത്തിന്റെ പിന്തുണയും തേടി.
സ്വന്തമായി രൂപകല്പനചെയ്ത സോളാര്കാറിലാണ് അഹമ്മദിന്റെ യാത്ര. ദിവസം 105 കിലോമീറ്റര്‍വരെ ഈ സോളാര്കാര് സഞ്ചരിക്കും. ഓടിക്കൊണ്ടിരിക്കുമ്പോള്തന്നെ ബാറ്ററിയിലും ചാര്ജ്ചെയ്യപ്പെടുന്നതുകൊണ്ട് സൂര്യപ്രകാശമില്ലാത്ത കാലാവസ്ഥയിലും 30 കി.മീറ്റര്‍വരെ ഈ കാര്‍ ഓടിക്കാം. മണിക്കൂറില്‍ 40 കി.മീറ്റര്‍വരെയാണ് കാറിന്റെ പരമാവധി വേഗം. അഴിമതിവിരുദ്ധ സന്ദേശവുമായി അഹമ്മദ് ഈ സോളാര്കാറില് ഇതുവരെ 2500 കി.മീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞു.
ട്രെയിനിലാണ് അഹമ്മദ് കൊച്ചിയിലെത്തിയത്. എന്നാല്‍ പരിപാടിക്കുശേഷം തിരിച്ച് ബംഗളൂരുവിലേക്ക് കാറോടിച്ചുതന്നെ പോകാനാണ് അഹമ്മദിന്റെ പരിപാടി. ആറുവര്‍ഷം മുന്‍പാണ് അഹമ്മദ് ഈ കാര്‍ രൂപകല്പന ചെയ്തത്. 75000 രൂപയാണ് നിര്‍മാണചെലവ്. ഇതിനുമുന്‍പ് സോളാര്‍ ഓട്ടോറിക്ഷ, സോളാര്‍ സ്കൂട്ടര്‍ എന്നിവയും അഹമ്മദ് നിര്‍മിച്ചിട്ടുണ്ട്.
അഹമ്മദിന്റെ ഈ കണ്ടുപിടിത്തത്തിന് എപിജെ അബ്ദുള്‍കലാം രാഷ്ട്രപതിയായിരുന്നപ്പോള്‍ അനുമോദിച്ച് പ്രശസ്തിപത്രം നല്‍കിയിരുന്നു. കൂടാതെ മികച്ച പരിസ്ഥിതിസൗഹാര്‍ദ്ദ കണ്ടുപിടിത്തത്തിനുള്ള കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡും അഹമ്മദിന് ലഭിച്ചിട്ടുണ്ട്.
അഹമ്മദിന്റെ അഴിമതിപ്രചാരണയാത്രയില് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യാത്രചെയ്ത ഒരു രാഷ്ട്രീയനേതാവ് ഇപ്പോള്‍ ജയിലിലാണ്. സാക്ഷാല്‍ എ. രാജയാണ് ആ നേതാവ്. ഇതെക്കുറിച്ച് അഹമ്മദ് പറഞ്ഞത് അഴിമതി കാണിക്കാന്‍ ഉദ്ദേശ്യമുള്ളവര്‍ ഈ വണ്ടിയില്‍ കയറിയാല്‍ ജയിലിലാകാം എന്നാണ്. ബംഗളൂരുവില്‍ പഴക്കച്ചവടക്കാരനായ അഹമ്മദ് ഇത്തരത്തിലുള്ള യാത്രകള്‍ മുന്‍പും നടത്തിയിട്ടുണ്ട്. കൊച്ചിയില്‍ ഇതുവരെ തന്റെ സോളാര്കാറുമായി അഹമ്മദ് 150 കിലോമീറ്ററോളം യാത്രചെയ്തുകഴിഞ്ഞു. കൊച്ചിയില്‍ ആളുകള്‍ കൂടുന്നിടത്തെല്ലാം തന്റെ കാറില്‍ സഞ്ചരിച്ച് അഴിമതിക്കെതിരായ സന്ദേശവും സോളാര്‍ എനര്‍ജി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെയുംകുറിച്ച് പറയാനുള്ള തയ്യാറെടുപ്പിലാണ് സോളാര്‍ അഹമ്മദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: