ഇവിടെ ഇപ്പോള്‍ ഓരോ ജാതിക്കും മതത്തിനും പ്രസ്ഥാനത്തിനും കുറഞ്ഞത് ഓരോ പത്രമെങ്കിലും ഉണ്ട്. മിതവാദത്തിനും അമിതവാദത്തിനും തീവ്രവാദത്തിനും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിനുമൊക്കെ ന്യായീകരണം പറഞ്ഞ് വാദിക്കുവാന്‍ വെവ്വേറെ പത്രങ്ങളുണ്ട്. അക്ഷരാഭ്യാസമുള്ള മലയാളികള്‍ ഇതെല്ലാം ആര്‍ത്തിയോടെ വായിച്ചുവായിച്ച് ആശയപരമായ അജീര്‍ണ്ണം പിടിപെട്ട് ഉദരരോഗികളാകാന് തുടങ്ങിയിട്ട് കാലം ഒരുപാടായി. മേനി പറഞ്ഞാല്‍ ഇവയൊക്കെ വിശുദ്ധ പത്രങ്ങളും മതേതര പത്രങ്ങളുമത്രേ.
ഇതരമായ ഒന്നിനെയുംക്കുറിച്ച് പറയാതെ മതം മാത്രം പറയുന്നതായിരിക്കുന്നു ഇവിടെ മതേതരത്വം. ഏതുരംഗത്തും നമുക്കതു കാണാം. സ്വന്തം മതത്തില്‍പ്പെട്ടവര്‍ ചെയ്യുന്ന ദേശദ്രോഹ കുറ്റകൃത്യങ്ങള്‍ പോലും അന്വേഷിക്കാന്‍ പാടില്ല എന്നാണ് ഒരു മതപത്രവും വാരികയും ഘോരഘോരം വാദിക്കുന്നത്. എന്നുവച്ചാല്‍ നിയമം അവര്‍ക്കുമാത്രം ബാധകമല്ല എന്നര്‍ത്ഥം. അവരൊക്കെ എന്നോ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് അതീതരായിക്കഴിഞ്ഞിരിക്കുന്നു എന്നാണ് ഭാവം!
അഥവാ അന്വേഷിച്ചാലോ? അത് മതപീഡനമായി, ഒരു സമുദായത്തില്‍പ്പെട്ടവരെ മാത്രം തെരഞ്ഞുപിടിച്ച് വേട്ടയാടലായി. പിന്നെ സ്വാധീനമായി. സമ്മര്‍ദ്ദമായി. ഭീഷണിയായി. ഭരണകൂടം വേട്ടക്കാരനായി. അവര്‍ ഇരകളായി. അന്വേഷണം അട്ടിമറിയായി. നിയമം നോക്കുകുത്തിയായി. പ്രാപ്തരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കലായി. മൊത്തത്തിലുള്ള സുരക്ഷയോ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങള്‍ തമ്മില്‍ പരസ്പരം സ്നേഹസഹകരണങ്ങളോടെ ഏകോദര സഹോദരങ്ങളെപ്പോലെ സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും ശാന്തിയിലും ജീവിക്കണം എന്നൊരു ചിന്തയോ ഇല്ലാതായി. സ്വാതന്ത്ര്യലബ്ധിക്കും മുമ്പുള്ള ഒരിരുണ്ടകാലത്തിലേക്കാണോ നമ്മള് മടങ്ങിപ്പോകുന്നത്?
ഒരു വിഭാഗത്തിന് മാത്രം ഏല്ക്കേണ്ടിവരുന്ന ഈ പീഡനത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം പൂര്‍ണ്ണമായും ശരിതന്നെയാണെന്ന് അറിയുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തുള്ള ഉന്നത പദവികളില്‍ ഉപവിഷ്ടരാക്കപ്പെട്ടത് നൂറിനു നൂറും ഒരേ മതവിഭാഗത്തില്‍പ്പെട്ടവര്‍. നിയമരംഗത്ത് അറുപത്താറില്‍ നാല്പതിലധികം പേര് അതേ മതത്തില്‍പ്പെട്ടവര്‍. തദ്ദേശ സ്വയംഭരണ മേധാവികളും നൂറുശതമാനം അവര്‍ തന്നെ. ഇങ്ങനെ പരമപ്രധാനമായ എല്ലാ പദവികളിലും അവരെ മാത്രം നിയമിച്ച് പീഡിപ്പിക്കുന്നത് മഹാകഷ്ടം തന്നെ! ഉടനെ ഈ പീഡനം അവസാനിപ്പിച്ച് മറ്റു മതക്കാരെക്കൂടി ഈ വിധത്തില്‍ പീഡിപ്പിക്കണം. പീഡനത്തിലും വേണ്ടേ മതേതരത്വം? മറ്റു മതസ്ഥരും ഒന്ന് ജീവിച്ചു പൊയ്ക്കോട്ടെ.
അമ്പലപ്പുഴ രാജാവ് കുഞ്ചന്‍ നമ്പ്യാരെ പരീക്ഷിക്കാന്‍ വേണ്ടി ഒരിക്കല്‍ പറഞ്ഞുവത്രേ. ‘നമ്പ്യാരേ, ഈ പാല്‍പ്പായസത്തിന് എന്തൊരു കയ്പ്!’
നമ്പ്യാര്‍ ഉടന്‍ തന്നെ അതിന് ചുട്ട മറുപടിയും കൊടുത്തത്രേ. ‘ശരിയാണ് തമ്പുരാന്. വല്ലാത്ത കയ്പുതന്നെ! പക്ഷേ, ഈ കയ്പ് അടിയന് വളരെവളരെയിഷ്ടമാണ്. അതുകൊണ്ട് പാല്‍പ്പായസം അടിയന് കുറേക്കൂടി വിളമ്പട്ടെ.’
-അതുപോലെ, ഇതാണ് പീഡനമെങ്കില്‍ ഇതേ രീതിയിലുള്ള പീഡനത്തിന് മറ്റുമതക്കാരും തുല്യനിലയില്‍ അര്‍ഹര്‍ തന്നെയല്ലേ?
എല്ലാം പാകത്തിനുവേണം. വേണ്ടാ എന്ന് ഇവിടെ ആരും പറയുന്നില്ല. പക്ഷേ, അളവില്ക്കവിഞ്ഞാല് അമൃതും വിഷം എന്ന ചൊല്ല് ആരും മറന്നുകളയരുത്. ദൈവം വളരെ കഷ്ടപ്പെട്ട് സ്വന്തം മക്കളായ നമ്മള്‍ക്കെല്ലാം സന്തോഷമായിട്ടും സമാധാനമായിട്ടും സഹകരിച്ചു ജീവിക്കാന്‍ സൃഷ്ടിച്ചുതന്ന ഈ നല്ല ഭൂമി നമ്മളായിട്ടുതന്നെ നരകഭൂമിയാക്കരുത്. അതായിരിക്കും ഏറ്റവും വലിയ ദൈവദ്രോഹം! വളരെക്കുറച്ചുപേരുടെ സ്വാര്‍ത്ഥത്തിനും മതഭ്രാന്തിനും തലതിരിഞ്ഞ ചിന്തക്കും കള്ളപ്പണക്കൊഴുപ്പിനും വിധേയമായി ഒരു വലിയ സംസ്കാര പാരമ്പര്യമുള്ള ഒരു വലിയ സഹോദര സമുദായം മൊത്തത്തില്‍ ചീത്തപ്പേരുകേള്ക്കുന്ന അവസ്ഥ ഉണ്ടാകരുത്-അങ്ങനെയുള്ള അവസ്ഥ എക്കാലത്തെയും ദുരവസ്ഥയായി പരിണമിക്കും. പിന്നെ ഒരിക്കല്‍പ്പോലും അത് തിരുത്താനാവില്ല. ഒരു കിനാവു കണ്ടുമാത്രം നേരം വെളുക്കില്ല. സമാധാനം മാത്രം മതി, മറ്റൊന്നും വേണ്ട എന്നാഗ്രഹിക്കുന്ന ലക്ഷോപലക്ഷം മനസ്സുകള്‍ എവിടെയുമുണ്ട്. അവരുടെ നെഞ്ചില്ത്തൊട്ടുള്ള ഈ പ്രാര്‍ത്ഥന കൂടി ദയവായി കേള്‍ക്കുക.
പത്രങ്ങളുടെ കാര്യം പറഞ്ഞാണല്ലോ തുടങ്ങിയത്. ദിവസേന അഞ്ചാറു പത്രങ്ങള്‍ വായിച്ച് നല്ല പ്രഭാതങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടുത്തുന്ന ഒരാളാണ് ഇതെഴുതുന്നത്. വൈലോപ്പിള്ളിയുടെ മനോഹരമായ ഒരു കവിതയുണ്ട്- ‘ഓണക്കിനാവ്.’
അവധിയാകയാല്‍ സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്ന് പ്രഭാതത്തില്‍ വാതില്ക്കല് പത്രം വന്നുവീഴുന്നില്ല. ആ ഒരൊറ്റ ദിവസമാണത്രേ കവിമനസ്സിന് യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടുന്നത്.
‘ലോകത്തിന് കണ്ണീരൊലിവും, ചുടു-
ചോരവമിക്കും പുണ്ണിന് വിളിയു, മു-
ദഗ്രവിശപ്പാല് വരളും തൊണ്ണിന്
തേങ്ങലു, മാശാമധുരാലാപവു-
മാസുരഗര്വ്വിന് തേട്ടലു, മൊട്ടുമ-
ദാലസമായ പരസ്യവു-മെല്ലാം
ചേര്‍ത്തു ചമച്ച കഷായം പ്രാതലി-
നാദ്യമെനിക്കു വിളമ്പും പത്രം
വാതിലില്‍ മുട്ടാനിന്നി, ല്ലിന്നേ
സ്വാതന്ത്ര്യത്തിന് സ്വാദറിവൂ ഞാന്‍!
അല്ലും പകലുമിരമ്പിയ മുദ്രണ-
യന്ത്രം നിദ്ര ഭജിക്കട്ടേ, മുനി-
നാരദര് തന് പ്രിയ പേരക്കുട്ടികള്‍
നാനാലേഖകര് തൂലികമേല് ത്തല-
നന്നായ്ച്ചായ്ച്ചു മയങ്ങട്ടേ സുഖം.
-ഇന്നാണോണമെനിക്കു പുലര്‍ന്നു!”
ഈ വരികള്‍ ശ്രദ്ധിച്ചു വായിക്കുന്നവര്‍ക്ക് ബോധ്യമാവും ഒരു പത്രം എന്നാല്‍ എന്താണെന്ന്. എന്നാല്‍ ഇന്ന് സംഗതി അവിടെ നിന്നും എത്രയെത്രയോ മുമ്പോട്ടുപോയിരിക്കുന്നു.
പത്രലേഖകരെ നാരദര് തന് പ്രിയ പേരക്കുട്ടികള്‍ എന്ന സ്നേഹനര്മ്മത്തോടെയാണ് വൈലോപ്പിള്ളി വിശേഷിപ്പിക്കുന്നത്. (നാരദര് എന്നുപറഞ്ഞാല്‍ അത് ഭൂരിപക്ഷ വര്ഗ്ഗീയതയാവുമോ ആവോ!)
ഇന്ന് ഒരാനയെക്കാണണമെങ്കില് എത്ര പത്രം വായിക്കണം? ഒന്നില്‍ ആന തൂണുപോലെ. ഇനിയൊന്നില്‍ മുറം പോലെ, മൂന്നാം പത്രത്തില്‍ ആന ചൂലുപോലെ! നാലാമത്തേതില്‍ പത്തായം പോലെ. ഒക്കെ ശരിയാണ്. ഒക്കെ തെറ്റുമാണ്. പാവം വായനക്കാരന് ശരിയായ ആനയെ കാണണമെങ്കില്‍ വെള്ളെഴുത്തുകണ്ണടയും കൊണ്ട് തെരുവിലിറങ്ങണം എന്നതാണ് അവസ്ഥ.
ഇപ്പോള്‍ പെയ്ഡ് ന്യൂസും കവര്‍ ന്യൂസും സ്പൈഡ് ന്യൂസും ബാര്‍ അറ്റാച്ച്ഡ് ന്യൂസും ബിരിയാണി ന്യൂസുമൊക്കെയുണ്ടത്രെ. ഓരോ പത്രത്തിലും വാര്‍ത്ത എങ്ങനെ വരണമോ, അങ്ങനെയേ വരൂ. എങ്ങനെ വരരുതോ, അങ്ങനെ വരികയേയില്ല.
സ്ഥലപരിമിതി എന്ന കാരണം പറഞ്ഞ് അന്ധന്മാര് ആനയെക്കണ്ടതുപോലെ, ചിലതൊക്കെ വളച്ചൊടിച്ചും നാമമാത്രമായും തൊട്ടും തൊടാതെയും തമസ്കരിച്ചും പത്രങ്ങള്‍ നമ്മെ അറിയിച്ചും അറിയിക്കാതെയും പോകുന്നു. എങ്കിലും എല്ലാ പത്രലേഖകര്‍ക്കും മുതലാളിമാര്‍ക്കും ഇന്നും ആരാധ്യപുരുഷന് ‘സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള’ തന്നെ. അദ്ദേഹം അകാലത്തില്‍ ക്ഷയരോഗബാധിതനായി 1916 മാര്‍ച്ച് 28ന് മരിച്ചുപോയതും അദ്ദേഹത്തെക്കൊണ്ടൊരു ബുദ്ധിമുട്ട് ഇനിയാര്‍ക്കും ഉണ്ടാവില്ല എന്ന ധൈര്യവുമായിരിക്കുമോ ഈ ആരാധനയുടെ രഹസ്യം?
ഇന്ന് (12.2.2012) വൈകുന്നേരം ടിവിയില്ക്കണ്ട വാര്‍ത്ത ‘മുംബൈ സ്ഫോടനത്തിന്റെ ആസൂത്രണത്തിനായി പണം ഒഴുകിയത് നമ്മുടെ ഈ കേരളം വഴിക്കായിരുന്നുവത്രേ!’ ഇടത്താവളം എന്ന നിലക്ക് അതിനുവേണ്ടിയും ഒരു സ്പെഷ്യല്‍ ബാങ്ക് സ്ഥാപിക്കപ്പെടുമോ എന്ന കാര്യം ഉറപ്പുപറഞ്ഞില്ല.
– ഈ വാര്‍ത്ത ഏതൊക്കെ പത്രത്തില്‍ വരും, ഏതിലൊക്കെ വരില്ല എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടാണ് പറഞ്ഞത്, അവനവന്റെ ആള്‍ക്കാരുടെ തെറ്റുകള്‍ മൂടിവയ്ക്കാനും ന്യായീകരിക്കാനും മാത്രമാണ് ഇവിടെ ഒാരോരുത്തരും പത്രം നടത്തുന്നത്. ഒരു പത്രത്തിലെ ചരമക്കോളത്തില്‍ നിര്യാതരാവുന്ന തൊണ്ണൂറുശതമാനം പേരും ക്രിസ്ത്യാനികളാണെങ്കില്‍ മറ്റൊന്നില്‍ മുസ്ലീങ്ങളായിരിക്കും. ഹിന്ദുക്കളാവട്ടെ ഊഴംവെച്ച് പല പത്രങ്ങളിലായി കുറേശ്ശെ മരിക്കുകയാണ്. അവന് മരിക്കാന്‍ സ്വന്തമായി ഒരു പത്രം പോലും ഇല്ലല്ലോ!
ഇല്ലേ? ഇല്ല എന്നാണ് ചാനലിലെ പത്ര വിശേഷക്കാര് പോലും പറയുന്നത്. പ്രചരിപ്പിക്കാന്‍ ചന്ദ്രികയും മാധ്യമവും തേജസ്സും വരെ മുമ്പില്‍ തൂക്കിയിടുന്ന ആ പെട്ടിക്കടയില്‍ ‘ജന്മഭൂമി’ എന്നൊരു പത്രം കാണാനേയില്ല! ണവീ ശെ മളൃമശറ ീള ഢശൃഴശിശമ ണീീഹള? എന്നു ചോദിച്ചതുപോലെ, ‘ഹിന്ദുവോ? അവനെ ആര്‍ക്കാണ് ഭയം?’ അതുകൊണ്ട് ആര് അധികാരത്തില്‍ വന്നുപോയാലും ‘ഹിന്ദുവിന് കഞ്ഞി കുമ്പിളില്‍ത്തന്നെ!’
എന്തായാലും ജന്മഭൂമി എന്നൊരു പത്രം ഇല്ലേയില്ല. കാരണം അത് ഹിന്ദുവര്‍ഗ്ഗീയതയുടെ പത്രമാണത്രേ. ശരിയാണ് ഇത്രയധികം പരമപരിശുദ്ധ പവിത്ര പുണ്യ-മതേതര പത്രങ്ങള്‍ക്ക് കണ്ണുകിട്ടാതിരിക്കാന് നോക്കുകുത്തിയായി അങ്ങനെയും ഒരെണ്ണം വേണ്ടേ?
എന്നാല്‍ സത്യമെന്താണ്? ‘ജന്മഭൂമി’ ഒരിക്കലും ഒരു ഹിന്ദുപത്രമല്ല. ആണെങ്കില്‍ ഓരോ ഹിന്ദുവും അതു വാങ്ങി വായിക്കില്ലേ? അങ്ങനെ ചെയ്താല്‍ ഒന്നാമത്തെ സര്‍ക്കുലേഷന്‍ നില ജന്മഭൂമിക്കായിരിക്കില്ലേ? പേടിക്കണ്ട. അങ്ങനെ സംഭവിക്കില്ല. ഹിന്ദു മതേതരനാണ്. അവന് മാത്രമേ അതുള്ളൂ എന്ന പൊങ്ങച്ചം കൂടി നാം വകവച്ചുകൊടുക്കണം എന്നുമാത്രം. ലക്ഷക്കണക്കിന് രൂപ വെടിക്കെട്ടിന് പൊട്ടിക്കും, വേണ്ടാത്തതിനൊക്കെ ധൂര്‍ത്തടിച്ചു പ്രതാപം കാണിക്കും. എന്നാലും മാസം നൂറു രൂപ ഭിക്ഷക്കാശ് കൊടുത്ത് ഒരു ‘ജന്മഭൂമി’ വരുത്തില്ല. മതേതരത്വം പൊട്ടിപ്പൊളിഞ്ഞുപോയാലോ!
സര്‍ക്കാരിനേക്കാള്‍ വലിയ ന്യൂനപക്ഷ പ്രീണനത്തിന് മത്സരിക്കുകയാണ് പ്രമുഖ പത്രങ്ങള്‍ പലതും. കച്ചവടമാണല്ലോ മുഖ്യം. തമസ്കരിക്കാന്‍ ഹിന്ദുസമുദായത്തിന്റെ ജീവല്‍ പ്രധാനമായ വാര്‍ത്തകളാവുമ്പോള്‍, ആരും ചോദിക്കാനും വരില്ലല്ലോ.
ഒരു പത്രകുടുംബം ഏതെങ്കിലുമൊരു ഹിന്ദുക്ഷേത്രം വക പത്തോ എണ്ണൂറോ ഏക്കര്‍ കയ്യേറി അനധികൃതമായി കൈവശം വച്ചാല്‍, അത് മറ്റേ പത്രത്തില്‍ വരില്ല. കാരണം, അവരുടെ വകയായി വല്ല കയ്യേറ്റവുമുണ്ടെങ്കില് ഇതിലും വരില്ല, പോരേ? പരസ്പര സഹകരണമില്ലാതെ എങ്ങനെ കഴിഞ്ഞുകൂടും?
പെരുമ്പാവൂരില്‍ നട്ടുച്ചയ്ക്ക് ഒരമ്പലപ്പശുവിനെ അതേ അമ്പലമുറ്റത്തിട്ട് പരസ്യമായ വെല്ലുവിളിയോടെ കഴുത്തറുത്തു കൊന്നത് എന്തിനായിരുന്നു? എന്തുകൊണ്ടാണ് പ്രമുഖ പത്രങ്ങള്‍ ആ വാര്‍ത്ത തമസ്കരിച്ചത്? അത് ഹിന്ദുവിന്റെ പ്രശ്നമായതുകൊണ്ട്.
കാസര്‍കോട് ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭത്തില്‍ അറുത്ത പോത്തിന്റെ തല കയറ്റിവച്ച് അവിടെയും വര്‍ഗ്ഗീയ കലാപത്തിന് കോപ്പുകൂട്ടാന്‍ തുനിഞ്ഞ കിരാതമായ ആഭാസത്തിന്റെ വാര്‍ത്ത എന്തുകൊണ്ടാണ് പ്രമുഖ പത്രങ്ങള്‍ തമസ്കരിച്ചത്? അത് ഹിന്ദുവിന്റെ പ്രശ്നമായതുകൊണ്ട്.
എന്തു തമസ്കരിച്ചാലും എന്തൊക്കെ വളച്ചൊടിച്ചാലും മതേതരന്മാരായ ഹിന്ദുക്കള്‍ കൂടെയുണ്ടാവും എന്ന് പ്രസ്തുത പത്രങ്ങള്ക്കറിയാം. പെന്സിലിന് കുത്തിവയ്ക്കുന്നതിന് മുമ്പ് വല്ല റിയാക്ഷനുമുണ്ടോ എന്നറിയാന്‍ ആദ്യം ഒരു ടെസ്റ്റ് ഡോസ് കൊടുക്കുമത്രേ. അത്തരം ഡോസു കൊടുത്തുനോക്കുകയാണ് പെരുമ്പാവൂരിലും കാസര്‍കോട്ടുമൊക്കെ- റിയാക്ഷനൊന്നും ഇല്ലാത്ത ഒരു സമൂഹമാണെങ്കില്‍ ഇഞ്ചക്ഷന് ധൈര്യമായി എടുക്കാമല്ലോ.
-പേടിക്കണ്ട. റിയാക്ഷനേ ഉണ്ടാവില്ല.
എന്നത്തെയും പോലെ, കഴിഞ്ഞ കുറെ നാളുകളായി തുടരെ ‘ജന്മഭൂമി’യില്‍ മാത്രം വന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ഒരു സമൂഹം എത്ര വലിയ നരകത്തിന്റെ വക്കുവരെ എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന സത്യം ഉള്‍ക്കിടിലത്തോടെയല്ലാതെ വായിക്കാന്‍ കഴിയുന്നില്ല. ഒരു സമാന്തര സൈന്യത്തിന്റെ റൂട്ട് മാര്‍ച്ചും മേറ്റ്വിടെയും കാര്യമായി പരാമര്‍ശിച്ചുകണ്ടില്ല. കോയമ്പത്തൂര്‍ കേന്ദ്രമാക്കി വന്‍തോതില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള കള്ളനോട്ട് കേരളത്തിലേക്കൊഴുകുന്ന വാര്‍ത്തയും മേറ്റ്ങ്ങും കണ്ടില്ല. അടിയന്തരാവസ്ഥയുടെ രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ നശിപ്പിച്ചുകഴിഞ്ഞതും, അതുപോലുള്ള മറ്റസംഖ്യം പക്ഷപാത വാര്‍ത്തകളുമൊക്കെ എന്തിനാണ്, ആരെ പ്രീണിപ്പിക്കുവാനാണ് ഒളിച്ചുവയ്ക്കുന്നത്-സത്യമാണ് പത്രം. സത്യം പറയുന്നിടത്താണ് സ്വത്വം. അതാണ് ധൈര്യം. വരിക്കാരെ പ്രീണിപ്പിച്ച് ഒപ്പം നിര്‍ത്തുക എന്നതുമാത്രമല്ലല്ലോ പത്രധര്‍മ്മം. കുറ്റക്കാരെ കുറ്റവിമുക്തരാക്കുന്ന പത്രം തന്നെയാണ് ഒന്നാമത്തെ കുറ്റവാളി.
-ഇന്നത്തെ നിലയ്ക്ക് നിങ്ങള്‍ക്ക് സത്യം അറിയേണ്ടെങ്കില്‍, സ്വന്തം മുഖം എത്രത്തോളം വികൃതമായിക്കഴിഞ്ഞിരിക്കുന്നു എന്നറിയാന്‍ കണ്ണാടി നോക്കേണ്ടെങ്കില് നിങ്ങള്‍ ഒരിക്കലും ‘ജന്മഭൂമി’ വായിക്കരുത്.
ഒരു വലിയ സമുദായം എത്രത്തോളം വിദഗ്ദ്ധമായി, ആസൂത്രിതമായി, മതപരമായി, സാംസ്കാരികമായി, ധനപരമായി, അധികാര-ആനുകൂല്യ വിവേചനപരമായി ഒതുക്കപ്പെടുന്നു എന്നറിയാനുള്ള ആത്മബോധം അല്പംപോലും നിങ്ങളില്‍ അവശേഷിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ ജന്മഭൂമി വായിക്കരുത്. നിങ്ങളെ കാത്തിരുന്ന് പ്രലോഭിപ്പിക്കുന്ന മരുഭൂമികളിലേക്ക് തന്നെ ചെല്ലുക. നിങ്ങളെ ഈശ്വരന് രക്ഷിക്കട്ടെ!
എസ്.രമേശന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: