പീതഃ ക്രുദ്ധേന താതശ്ചരണ തല ഹതോ വല്ലഭോ യേന രോഷാദ്
ആബാല്യ ദ്വിപ്രവര്യൈഃ സ്വവദനവിവരേ ധാര്യതേ വൈരണീ മേ
ഗേഹം മേ ചേദയന്തി പ്രതിദിവസമുമാ കാന്ത പൂജാ നിമിത്തം
തസ്മാദ് ഖിന്ന സദാഹം ദ്വിജകുലനിലയം നാദ യുക്തം ത്യജാമി
ശ്ലോകാര്‍ത്ഥം : മഹാവിഷ്ണു ഒരിക്കല്‍ മഹാലക്ഷ്മിയോട് ചോദിച്ചു : “ഭവതി എന്തുകൊണ്ട് ബ്രാഹ്മണനെ അനുഗ്രഹിക്കുന്നില്ല?’
മഹാലക്ഷ്മി മറുപടിപറഞ്ഞു : “പ്രഭോ കാരണം പലതാണ്. എന്റെ പിതാവായ സമുദ്രത്തെ അഗസ്ത്യഋഷി പണ്ട് കുടിച്ചുവറ്റിച്ചുവല്ലോ, പിന്നെ എന്റെ പ്രിയതമനായ മഹാവിഷ്ണുവിന്റെ മാറിടത്തില്‍ ഭൃഗു മഹര്‍ഷി തന്റെ പാദം പദിപ്പിക്കുകയുണ്ടായി. കൂടാതെ ഈ ബ്രാഹ്മണര്‍ എന്റെ പ്രതിയോഗിയായ വിദ്യാദേവതയെ സരസ്വതിയെ പൂജിക്കുന്നു. മാത്രമല്ല, അവര്‍ ശിവപൂജയ്ക്ക് എന്റെ പീഠമായി കണക്കാക്കുന്ന താമരപൂവം പൊട്ടിച്ചെടുത്ത് ആരാധിക്കുകയും ചെയ്യുന്നു. ഇത്രയും കൊണ്ട് ഞാന്‍ ബ്രാഹ്മണരെ അനുഗ്രഹിക്കുന്നില്ല.”
ഇത് ഒരു പ്രമാണം എന്ന നിലയിലോ സിദ്ധാന്തം എന്ന നിലയിലോ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മുത്തശ്ശിക്കഥ മാതിരി ഇതും വിവരിക്കപ്പെട്ടിരിക്കുന്നു.
കാലാകാലമായി നമുക്കിടയില്‍ ഒരു വിശ്വാസമുണ്ട്. ലക്ഷ്മിയും സരസ്വതിയും ഒന്നിച്ചുകുടികൊള്ളില്ല. വിദ്യയും ധനവും ഒന്നിച്ച് ഒരാള്‍ക്കും ലഭ്യമല്ല. ധനമുണ്ടെങ്കില്‍ വിദ്യയില്ല. വിദ്യയുണ്ടെങ്കില്‍ ധനവുമില്ല. മഹാലക്ഷ്മിയും സരസ്വതിയും ഒന്നിച്ച് ഒരിടത്തും വിലസാറില്ല. ബ്രാഹ്മണര്‍ക്ക് ദാരിദ്ര്യമുണ്ടെന്ന് പറയുന്നതിലും ഭേദം വിദ്വജ്ജനങ്ങള്‍ ദാരിദ്ര്യമനുഭവിക്കുന്നു എന്നുപറയുന്നതാവും ശരി. എന്നാല്‍ ഇക്കാലത്ത് വിദ്വജ്ജനങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടെന്ന വാദം വിശ്വസിക്കുക എളുപ്പമല്ല.
ഈ വാദത്തിനും ഒരു മറുവശമുണ്ട്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയനുസരിച്ച് ഏറ്റവും ഉയര്ന്നവന് ബ്രാഹ്മണനായിരുന്നു. എങ്കിലും സമൂഹത്തിലെ ഒരു ധനസമ്പാദന ശ്രോതസ്സുകളോടും ബന്ധപ്പെടാതെ ആത്മീയാവിഷ്കാരത്തില് മുഴുകി ഏകാന്ത ജീവിതം നയിക്കുകയാണ് ബ്രാഹ്മണരുടെ പതിവ്. ക്ഷത്രിയന് രാജ്യവും പ്രജകളും അധികാരവുമുണ്ട്. അതും പോരെങ്കില്‍ പ്രജകളെല്ലാം രാജഭോഗം എന്ന പേരില്‍ ആദായത്തിന്റെ എട്ടില്‍ ഒരുഭാഗം രാജസന്നിധിയില്‍ എത്തിക്കാറുമുണ്ടായിരുന്നു. വൈശ്യന്റെ കുലത്തൊഴില്‍ വ്യാപാരം. അത് ഏറ്റവും വലിയ ധനമാര്ഗ്ഗമാണ്. ശൂദ്രനും കഷ്ടപ്പാടൊന്നുമില്ല. കാര്‍ഷിക ഉല്പാദനം മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. ശരിക്കുംപറഞ്ഞാല്‍ ബ്രാഹ്മണന് ഈ വകതൊഴിലുകളൊന്നും അറിയില്ല. ഈശ്വരപൂജക്കിടക്ക് വല്ലപ്പോഴും കിട്ടുന്ന ദക്ഷിണയോ രാജാവിന്റെ സൗമന്യം കൊണ്ട് കിട്ടാനിടയുള്ള സംഭാവനയോ വൈശ്യ-ശൂദ്രന്മാരുടെ സമര്‍പ്പണമോ മാത്രമാണ് സാമ്പത്തിക ആദായം. ഈ നിലയ്ക്ക് മിക്ക ബ്രാഹ്മണര്‍ക്കും ഭിക്ഷയെടുക്കേണ്ടിവന്നിട്ടുണ്ട്. ഇന്നത്തെ ഭിക്ഷക്കാര് ചെയ്യുന്നതുമാതിരി ‘വിശന്നിട്ടു വയ്യേ വല്ലതും തരണേ’ എന്നായിരുന്നില്ല അന്നത്തെ ബ്രാഹ്മണന്റെ ഭിക്ഷാടന ശൈലി. സാമാന്യേന സര്‍വ്വരാലും പൂജിക്കപ്പെട്ടിരുന്നതുകൊണ്ട് ആശിസും അനുഗ്രഹവും വാങ്ങാന്‍വേണ്ടി ആളുകളൊക്കെ അഭിവാദ്യം ചെയ്യുമായിരുന്നു. അഭിവാദ്യവസ്തുപണമാകാം, വസ്ത്രമാകും, ധാന്യമാകാം, എന്തുമാകാം. എന്താണ് കാല്ക്കല് സമര്‍പ്പിച്ചതെന്ന് നോക്കാറേയില്ല. എന്തുകിട്ടിയാലും സന്തോഷം. അതേസമയം ദരിദ്രന്മാരാണെങ്കില് വേദാനുസാരണമുള്ള അചാരാനുഷ്ഠാനങ്ങളില്‍ വിദഗ്ധരായിരുന്നു അവര്‍. മറ്റ് മൂന്നുസമുദായത്തിനും ബ്രാഹ്മണരെക്കൊണ്ട് ആവശ്യവുമുണ്ടായിരുന്നു.
ഒരു ഭിക്ഷാംദേഹിയായ ബ്രാഹ്മണന്റെ ഭാഗം ചാണക്യനും കുട്ടിക്കാലത്ത് അഭിനയിച്ചിട്ടുണ്ട്. തന്റെ സഹോദരന്മാരായ ബ്രാഹ്മണരുടെ ദാരിദ്ര്യാവസ്ഥ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ട്.
– എം.പി. നീലകണ്ഠന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: